This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഴുത്തച്ഛന്‍, കെ.എസ്‌. (1897 - 1952)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എഴുത്തച്ഛന്‍, കെ.എസ്‌. (1897 - 1952)

കെ.എസ്‌. എഴുത്തച്ഛന്‍

കേരളീയ കവിയും നിരൂപകനും. മുഴുവന്‍പേര്‌ കുറുവാന്തൊടി ശങ്കരനെഴുത്തച്ഛന്‍. പാലക്കാട്‌ ജില്ലയില്‍ രായിരനല്ലൂര്‍ കുറുവാന്‍തൊടി രാമനെഴുത്തച്ഛന്റെയും അമ്മുവമ്മയുടെയും പുത്രനായി 1897-ല്‍ ജനിച്ചു. 1919-ല്‍ പട്ടാമ്പി സംസ്‌കൃത കോളജില്‍നിന്ന്‌ സംസ്‌കൃതവിദ്വാന്‍ പരീക്ഷ ജയിച്ചതിനുശേഷം ഇദ്ദേഹം അധ്യാപകവൃത്തിയിലാണ്‌ ആജീവനാന്തം ഏര്‍പ്പെട്ടിരുന്നത്‌. 1929-ല്‍ മലബാര്‍ ഡിസ്‌ട്രിക്‌റ്റ്‌ ബോര്‍ഡ്‌ സര്‍വീസില്‍ പ്രവേശിച്ച്‌ ആ പ്രദേശത്തെ പല സ്‌കൂളുകളിലും അധ്യാപകനായി സേവനമനുഷ്‌ഠിച്ച എഴുത്തച്ഛന്‍ 1952-ല്‍ പെരിന്തല്‍മണ്ണ ഹൈസ്‌കൂളില്‍വച്ച്‌ ഹൃദയസ്‌തംഭനംമൂലം അന്തരിച്ചു.

പഴയ തലമുറയിലെ നല്ലൊരു ഗദ്യകൃത്തും കവിയുമായിരുന്നു എഴുത്തച്ഛന്‍. പഠിക്കുന്ന കാലത്തുതന്നെ ഇദ്ദേഹം പൈങ്കിളി എന്നൊരു മാസികനടത്തിയിരുന്നു. തുഞ്ചത്തെഴുത്തച്ഛന്‍, കുഞ്ചന്‍നമ്പ്യാര്‍ എന്നീ രണ്ട്‌ ജീവചരിത്രകൃതികളും വിഹഗവീക്ഷണം, ഉപന്യാസമഞ്‌ജരി, സാഹിത്യദീപിക, സാഹിത്യാസ്വാദനം എന്നീ നിരൂപണസമാഹാരങ്ങളുമാണ്‌ ഇദ്ദേഹത്തിന്റെ മുഖ്യഗദ്യ സാഹിത്യസംഭാവനകള്‍. കുസുമാഞ്‌ജലി (മൂന്ന്‌ ഭാഗങ്ങള്‍), പ്രസന്നപൗര്‍ണമി, ദുര്‍ഗാദാസന്‍ (ഖണ്ഡകാവ്യം), അജവിലാപം (വിവര്‍ത്തനം) എന്നിവ ഇദ്ദേഹത്തിന്റെ കവിതകളാണ്‌. രണ്ട്‌ ചെറുകഥാസാമാഹാരങ്ങള്‍കൂടി എഴുത്തച്ഛന്റെ വകയായുണ്ട്‌-ചിത്രഹര്‍മ്യവും ടോള്‍സ്റ്റോയ്‌ കഥകളുടെ പരിഭാഷയായി വെളിച്ചത്തിലേക്ക്‌ എന്ന കൃതിയും. ഇവയ്‌ക്കുപുറമേ മുന്‍തലമുറയിലെ ഗണനീയനായ ഒരു സാഹിത്യകാരനായ കെ.വി. അവിനാശി എഴുത്തച്ഛന്റെ (1864-1909) കൃതികള്‍ അവതാരികയോടുകൂടി ഇദ്ദേഹം പ്രസാധനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍