This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഴുത്തച്ഛന്‍, കെ.എന്‍. (1911 - 81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എഴുത്തച്ഛന്‍, കെ.എന്‍. (1911 - 81)

കെ.എന്‍. എഴുത്തച്ഛന്‍

ഭാഷാശാസ്‌ത്ര ഗവേഷകനും വിമര്‍ശകനും. അധ്യാപകന്‍, കവി, കഥാകൃത്ത്‌, വിവര്‍ത്തകന്‍ എന്നീ നിലകളിലും മഹത്തായ സംഭാവനകള്‍ ഇദ്ദേഹം നല്‌കിയിട്ടുണ്ട്‌. കുടിയിരിക്കല്‍ നാരായണനെഴുത്തച്ഛന്‍ എന്നാണ്‌ പൂര്‍ണമായ പേര്‌. കുടിയിരിക്കല്‍ കൃഷ്‌ണനെഴുത്തച്ഛന്റെയും കുറുവാന്തൊടി ലക്ഷ്‌മയമ്മയുടെയും പുത്രനായി 1911 മേയ്‌ 21-ന്‌ ചെര്‍പ്പുളശ്ശേരിയില്‍ ജനിച്ചു. പിതാവ്‌ സംസ്‌കൃതപണ്ഡിതനായിരുന്നതുകൊണ്ട്‌ ചെറുപ്പത്തിലേ സംസ്‌കൃതം അഭ്യസിക്കാന്‍ കഴിഞ്ഞു. 1927-ല്‍ ചെര്‍പ്പുളശ്ശേരി ഹൈസ്‌കൂളില്‍നിന്നും എസ്‌.എസ്‌.എല്‍.സി. പാസ്സായശേഷം അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടു. 1932-34 കാലത്ത്‌ സെക്കണ്ടറി ട്രയിനിങ്‌ കഴിഞ്ഞു. 1934 മുതല്‍ 39 വരെ എലിമെന്ററി സ്‌കൂള്‍ ടീച്ചറായി സേവനമനുഷ്‌ഠിച്ചു. 1937-ല്‍ വിദ്വാന്‍ പരീക്ഷ പാസായി. 1940 മുതല്‍ 44 വരെ പട്ടാമ്പി ഹൈസ്‌കൂളില്‍ അധ്യാപകനായി. 1944-ല്‍ ബി.എ. പ്രവറ്റായി പാസായി. പിന്നീട്‌ കുറച്ചുകാലം മുംബൈയില്‍ ഗുമസ്‌തപ്പണിയിലേര്‍പ്പെട്ടു. 1947-ല്‍ നാഗപ്പൂരില്‍നിന്നും സംസ്‌കൃതം എം.എ. കരസ്ഥമാക്കി. 1953-ല്‍ മദ്രാസ്‌ സര്‍വകലാശാലയില്‍ മലയാളം ലക്‌ചറര്‍ ആയി നിയമിതനായി. 1954-ല്‍ മലയാളം എം.എ. പാസായി. 1964-ല്‍ ഇംഗ്ലീഷ്‌ എം.എ.യും 1962-ല്‍ ഭാഷാകൗടിലീയത്തിലെ ഭാഷാപരമായ സവിശേഷതകളെപ്പറ്റി തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിന്‌ മദ്രാസ്‌ സര്‍വകലാശാലയില്‍നിന്നും പിഎച്ച്‌.ഡി. ബിരുദവും ലഭിച്ചു.

ഹിന്ദി, മറാഠി, ബംഗാളി, തമിഴ്‌ തുടങ്ങിയ ഭാഷകളില്‍ ഇദ്ദേഹം സാമാന്യജ്ഞാനം സമ്പാദിച്ചിരുന്നു. സംഘം സാഹിത്യത്തിലെ പല കൃതികളും തര്‍ജുമ ചെയ്‌തിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ ആദ്യ കവിത 16-ാം വയസ്സില്‍ കൈരളിയില്‍ പ്രസിദ്ധപ്പെടുത്തി. 1924 മുതല്‍ മാതൃഭൂമിയില്‍ എഴുതാന്‍ തുടങ്ങി. ആദ്യകാലങ്ങളില്‍ കാല്‌പനിക കവിതകള്‍ എഴുതുമായിരുന്നു. മഹാകവി ഉള്ളൂരിന്റെ അവതാരികയോടെ പ്രസിദ്ധീകരിക്കപ്പെട്ട കുസുമാഞ്‌ജലി ഇതിനുദാഹരണമാണ്‌. ഈ കാലഘട്ടത്തില്‍ ധാരാളം കഥകളും എഴുതിക്കൊണ്ടിരിക്കുന്നു. ഇദ്ദേഹം വിജ്ഞാനപ്രദങ്ങളായ പല ഉപന്യാസങ്ങളും രചിച്ചിട്ടുണ്ട്‌. വേദത്തിലെ ഇന്ദ്രന്‍, പുരാതന ഭാരതത്തിലെ സര്‍വകലാശാലകള്‍ മുതലായവ ഉദാഹരണങ്ങളാണ്‌. പ്രധാന കൃതികള്‍: ഈശ്വരചന്ദ്ര വിദ്യാസാഗര്‍, കുസുമോപഹാരം, പ്രതിജ്ഞ, പ്രതീക്ഷ, കഥാഭൂഷണം, കഥാസൗധം, കഥാമഞ്‌ജുഷ, കതിര്‍ക്കുല, കിരണങ്ങള്‍, ഇലയും വേരും, ഉഴുതനിലങ്ങള്‍, ഏഴിലംപാല, കാലടിപ്പാതകള്‍, എഴുത്തച്ഛന്റെ അധ്യാത്മരാമായണം മുതലായവയാണ്‌. വീരാഹുതി, സാര്‍ഥവാഹന്‍, ലീലാതിലകം, തൊല്‍കാപ്പിയം എന്നിവ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌.

1972-ല്‍ മദ്രാസ്‌ സര്‍വകലാശാലയില്‍നിന്നും എഴുത്തച്ഛന്‍ റിട്ടയര്‍ ചെയ്‌തു. അതിനുശേഷം ഒരുവര്‍ഷക്കാലം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീനിയര്‍ റിസര്‍ച്ച്‌ ഓഫീസറായി ജോലി നോക്കി. 1973-ല്‍ തിരുപ്പതി വെങ്കിടേശ്വര യൂണിവേഴ്‌സ്റ്റിയില്‍ ദ്രാവിഡഭാഷാ ശാസ്‌ത്രവിഭാഗത്തിന്റെ മലയാള സീനിയര്‍ റിസര്‍ച്ച്‌ ഫെലോ ആയി സ്ഥാനമേറ്റു. അക്കാലത്ത്‌ പ്രസിദ്ധീകരിച്ചതാണ്‌ ഹിസ്റ്ററി ഒഫ്‌ ദ്‌ ഗ്രമാറ്റിക്കല്‍ തിയറീസ്‌ ഇന്‍ മലയാളം. അതിനുശേഷം കോഴിക്കോട്‌ സര്‍വകലാശാലയുടെ മലയാളവിഭാഗത്തില്‍ യു.ജി.സി. ധനസഹായത്തോടെ ഉദേ്യാഗാനന്തര ഗവേഷകനായും തുടര്‍ന്ന്‌ വിസിറ്റിങ്‌ പ്രാഫസര്‍ ആയും സേവനമനുഷ്‌ഠിച്ചു.

എഴുത്തച്ഛന്റെ മുത്തും പവിഴവും എന്ന കൃതിക്ക്‌ കേരള സാഹിത്യഅക്കാദമിയുടെ അവാര്‍ഡും കേരളോദയം എന്ന മഹാകാവ്യത്തിനു സംസ്‌കൃതത്തിലെ മികച്ച ഗ്രന്ഥത്തിനുള്ള കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡും ലഭിച്ചു. 1981 ഒ. 28-ന്‌ കോഴിക്കോട്ട്‌ എഴുത്തച്ഛന്‍ നിര്യാതനായി.

(ഡോ. വി. മഹിളമ്മ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍