This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എല്‌സ്‌വർത്ത്‌, ഒലിവർ (1745 - 1807)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എല്‌സ്‌വര്‍ത്ത്‌, ഒലിവര്‍ (1745 - 1807)

Ellsworth, Oliver

യു.എസ്സിലെ പ്രശസ്‌ത രാഷ്‌ട്രീയ നേതാവും നിയമപണ്ഡിതനും. കണക്‌റ്റിക്കട്ടിലെ വിന്‍സറില്‍ 1745 ഏ. 29-ന്‌ ജനിച്ചു. യേല്‍ കോളജ്‌, കോളജ്‌ ഒഫ്‌ ന്യൂ ജഴ്‌സി (പ്രിന്‍സ്‌ടണ്‍) എന്നിവിടങ്ങളില്‍നിന്നും വിദ്യാഭ്യാസം നേടിയശേഷം ഒരു വര്‍ഷം മനഃശാസ്‌ത്രം അഭ്യസിച്ചു. 1766-ല്‍ ബിരുദധാരിയായി. അമേരിക്കന്‍ സ്വാതന്ത്യ്രസമരം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ (1775) ഇദ്ദേഹം കണക്‌റ്റിക്കട്ട്‌ നഗരസഭാപ്രതിനിധിയായിരുന്നു. ഹാര്‍ട്ട്‌ഫോര്‍ഡില്‍ അഭിഭാഷകവൃത്തി ആരംഭിച്ച ഇദ്ദേഹം അചിരേണ ആ രംഗത്ത്‌ ലബ്‌ധപ്രതിഷ്‌ഠനായിത്തീര്‍ന്നു. 1777-ല്‍ ഇദ്ദേഹം സ്റ്റേറ്റ്‌ അറ്റോര്‍ണിജനറലായി. കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്‌, കണക്‌റ്റിക്കട്ട്‌ ഗവര്‍ണേഴ്‌സ്‌ കൗണ്‍സില്‍, സ്റ്റേറ്റ്‌ സുപ്പീരിയര്‍ കോര്‍ട്ട്‌ എന്നിവയില്‍ സേവനമനുഷ്‌ഠിച്ചു. 1787-ലെ ഫിലഡല്‍ഫിയ കോണ്‍സ്റ്റിറ്റ്യൂഷണല്‍ കണ്‍വെന്‍ഷനിലെ മൂന്നംഗങ്ങളില്‍ ഒരാളായിരുന്നു ഇദ്ദേഹം. കണക്‌റ്റിക്കട്ട്‌ സാമാധാനക്കരാറി(1787)ന്റെ ശില്‌പികളിലൊരാളായ എല്‌സ്‌വര്‍ത്ത്‌ (മറ്റേയാള്‍ റോഗര്‍ഷെര്‍മാന്‍) ആണ്‌, 1789-ലെ യു.എസ്‌. ഫെഡറല്‍ കോര്‍ട്ട്‌ രീതിക്ക്‌ രൂപം നല്‌കിയത്‌. 1789-ല്‍ കണക്‌റ്റിക്കട്ടിലെ ആദ്യത്തെ രണ്ട്‌ സെനറ്റംഗങ്ങളില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1796 വരെ സെനറ്റിലെ ഫെഡറലിസ്റ്റ്‌ നേതാവും കൂടിയായിരുന്നു. യു.എസ്സിലെ ചീഫ്‌ ജസ്റ്റിസായി 1796 മാ. 4-ന്‌ വാഷിങ്‌ടണ്‍ ഇദ്ദേഹത്തെ നിയമിച്ചു. കണക്‌റ്റിക്കട്ടിലെ യു.എസ്‌. സര്‍ക്യൂട്ട്‌ കോടതിയില്‍ യു.എസ്‌. വാദിയായും ഐസക്‌വില്യംസ്‌ പ്രതിയായും വന്ന കേസിന്റെ (1799) വിധിതീര്‍പ്പ്‌ എല്‌സ്‌വര്‍ത്തിനെ പ്രഖ്യാതനാക്കി. ഒരു യു.എസ്‌. പൗരന്‌ ഗവണ്‍മെന്റിന്റെ അനുമതി കൂടാതെ രാജ്യത്തിലെ പൗരാവകാശം സ്വയം റദ്ദുചെയ്യുവാന്‍ അവകാശമില്ലെന്ന്‌ വിധിച്ചത്‌ ഈ കേസിലാണ്‌. 1800-ല്‍ അനാരോഗ്യംമൂലം ചീഫ്‌ ജസ്റ്റിസ്‌ പദവി ഇദ്ദേഹം രാജിവച്ചു. ഗവണ്‍മെന്റ്‌ കൗണ്‍സില്‍ ഒഫ്‌ കണക്‌റ്റിക്കട്ടില്‍ 1803-ല്‍ അംഗമായിരുന്നു. അന്തരിക്കുന്നതിന്‌ അല്‌പംമുന്‍പ്‌ ഇദ്ദേഹത്തിന്റെ സ്‌തുത്യര്‍ഹമായ സേവനങ്ങളെ പുരസ്‌കരിച്ച്‌ സ്വന്തം സ്റ്റേറ്റില്‍ ചീഫ്‌ ജസ്റ്റിസായി നിയമിക്കുകയുണ്ടായി. 1807 ന. 26-ന്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍