This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എല്വാർ, പോള്‍ (1895 - 1952)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എല്വാര്‍, പോള്‍ (1895 - 1952)

Eluard, Paul

പോള്‍ എല്വാര്‍

ഫ്രഞ്ച്‌ കവി. യഥാര്‍ഥനാമം യൂജീന്‍ ഗ്രിന്‍ഡള്‍ എന്നാണ്‌. ഇദ്ദേഹം 1895 ഡി. 14-ന്‌ പാരീസിലെ സെയ്‌ന്റ്‌ ഡെനിയില്‍ ജനിച്ചു. ആദ്യകാലത്ത്‌ ദാദായിസ്റ്റ്‌-സര്‍ റീയലിസ്റ്റ്‌ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു കാവ്യരചന നടത്തി. വൈയക്തികങ്ങളല്ലാത്ത ശുദ്ധബിംബങ്ങളിലൂടെ ബാഹ്യലോകത്തെ അവതരിപ്പിക്കാനാണ്‌ എല്വാര്‍ ശ്രമിച്ചത്‌. സ്വയം മുദ്രിതമാകുന്ന സ്വപ്‌നങ്ങളുടെ "സജീവ യാഥാര്‍ഥ്യങ്ങള്‍' നിറഞ്ഞ കവിതകളില്‍ ലോകത്തിന്റെയും കവിയുടെതന്നെയും സംവേദനക്ഷമതയ്‌ക്കെതിരായ ഒരു സമരോന്മുഖത ദൃശ്യമാണ്‌.

ഈ പ്രതേ്യകതകള്‍ പില്‌ക്കാല കവിതകളില്‍ തീരെ അപ്രത്യക്ഷമായി എന്നു പറഞ്ഞുകൂടാ; എന്നാല്‍ പുതിയൊരു രീതി പിന്നീട്‌ കവി അവലംബിച്ചതായി കാണാം. പരാജിതമായ ഹൃദയത്തിന്റെ തുടിപ്പുകള്‍ ഇവിടെ പ്രതിധ്വനിക്കുന്നു. എല്ലാ സ്‌നേഹഭാവങ്ങളിലും കവി കണ്ടെത്തുന്നത്‌ ഒരേ ആത്മാവിന്റെ പ്രതിഫലനമാണ്‌. എല്ലാ സ്‌ത്രീകളിലും ഒരേ സ്‌ത്രീയെ അദ്ദേഹം ദര്‍ശിക്കുന്നു. ഈ സ്‌ത്രീയാകട്ടെ ഭൂമിയുടെ രുചിയും ഗന്ധവും സ്വര്‍ഗത്തിന്റെ പ്രകാശവും പ്രസരിപ്പിക്കുന്നു. അവള്‍ കവിയെ നോക്കുന്നു എന്നതുകൊണ്ടാണ്‌ അദ്ദേഹം ജീവിക്കുന്നത്‌. അവള്‍ കണ്ണടച്ചാല്‍ പ്രപഞ്ചം തന്നെ ഇല്ലാതാകുന്നു. തന്റെ സ്‌നേഹഭാജനമായ സ്‌ത്രീ ഒടുവില്‍ മാനുഷികരൂപം നഷ്‌ടപ്പെട്ട്‌ പ്രപഞ്ചത്തില്‍ വിലയിക്കുമ്പോള്‍ കവി ഉദാത്തമായ ഏകാന്തതാദുഃഖത്തില്‍ ആഴ്‌ന്നുപോകുന്നു. ബോദ്‌ലയറും ലാമര്‍ടുയിനും മറ്റും ഏകാന്തതയുടെ ദുഃഖം പേറിയ കവികളായിരുന്നു. അവരുടെ ഏകാന്തത ലൗകികമായിരുന്നു. എന്നാല്‍ എല്വാറിന്റെ ഏകാന്തത പ്രപഞ്ചത്തോളം ഉദാത്തഗംഭീരമാണ്‌. ഈ ഉദാത്തമായ ഏകാന്തതാബോധമാണ്‌ കവിയുടെ ജീവിതദര്‍ശനമെന്നു പറയാം.

എന്നിരുന്നാലും എല്വാറിന്റെ കാവ്യസപര്യ തന്റെ കാലഘട്ടത്തിലെ ജീവിതയാഥാര്‍ഥ്യത്തെ അവഗണിച്ചിരുന്നില്ല. രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലും ഇദ്ദേഹം തത്‌പരനായിരുന്നു. സര്‍റിയലിസത്തിന്റെ പ്രണേതാവായ ഈ കവി ഉപബോധതലത്തിന്റെ നിഗൂഢതകളിലേക്ക്‌ അനേ്വഷണബുദ്ധിയോടെ ആഞ്ഞിറങ്ങുവാന്‍ ശ്രമിച്ചു. ആന്ദ്രബ്രട്ടനുമായി ചേര്‍ന്ന്‌ ഇദ്ദേഹം രചിച്ച നിരവധി കവിതകള്‍ ഇതു തെളിയിക്കുന്നു. ജീവിതത്തിന്റെ ദുഃഖാനുഭവങ്ങളോട്‌ കവി നടത്തിയ പ്രതിചേഷ്‌ടകളാണ്‌ ഇവിടെ ദൃശ്യമാകുന്നത്‌. രണ്ടാം ലോകയുദ്ധത്തില്‍ നാസിസത്തോടുള്ള ഫ്രഞ്ച്‌ എതിര്‍പ്പിന്റെ ശബ്‌ദം ഇദ്ദേഹത്തിന്റെ പ്രധാന കവിതകളില്‍ മുഴങ്ങിക്കേള്‍ക്കാം. 1942-ല്‍ ഇദ്ദേഹം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നു. കാപ്പിറ്റല്‍ ദ്‌ ലാ ദൂലര്‍ (1926), ലാറോസ്‌ പുപ്‌ളിഖ്‌ (1934), ലാ യൂ ഫര്‍ട്ടീല്‍ (1936), പോയസീ ഏവെറിറ്റേ (1942), അ റെത്തേവൂ ആല്‍മാങ്‌ (1944), ഡീന്‍ ദെ വീവ്‌റ്‌(1944) എന്നിവയാണ്‌ എല്വാറിന്റെ പ്രമുഖ കൃതികള്‍. 1952 ന. 18-ന്‌ ഇദ്ദേഹം ഷാരെങ്‌തോങ്‌-ല്‌-പോങ്ങില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍