This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എല്ലെ കുടുംബം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എല്ലെ കുടുംബം

16-ാം ശതകത്തില്‍ ബെല്‍ജിയത്തില്‍നിന്നു പാരിസില്‍ കുടിയേറിപ്പാര്‍ത്ത ചിത്രകാരന്മാരുടേതും ശില്‌പികളുടേതുമായ ഒരു കുടുംബം. ഈ കുടുംബത്തില്‍പ്പെട്ട ഫെര്‍ഡിനന്‍ഡ്‌ ലൂയി ദി എല്‍ഡര്‍, ലൂയി ദി യങ്ങര്‍ എന്നിവര്‍ പ്രശസ്‌ത കലാകാരന്മാരായിരുന്നു.

ഫെര്‍ഡിനന്‍ഡ്‌ (1580-1637). ഇദ്ദേഹം 1580-ല്‍ മെക്‌ലിന്‍ എന്ന സ്ഥലത്ത്‌ ജനിച്ചു. ബാല്യത്തില്‍ത്തന്നെ ചിത്രകലയില്‍ താത്‌പര്യം തോന്നിയ ഫെര്‍ഡിനന്‍ഡ്‌ ഒരു ചിത്രകാരനായി ജീവിതം ആരംഭിച്ചു. കാലക്രമത്തില്‍ ലൂയി 13-ാമന്റെ കൊട്ടാരത്തില്‍ ആസ്ഥാനചിത്രകാരനായി നിയമിക്കപ്പെട്ടു. "പൗസ്സില്‍ മാസ്റ്റേഴ്‌സ്‌' എന്നറിയപ്പെടുന്ന കലാകാരന്മാരില്‍ അഗ്രഗണ്യനായിരുന്നു ഫെര്‍ഡിനന്‍ഡ്‌. അനേകം ചിത്രങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ടെങ്കിലും "ലോറൈന്‍ ഹെന്‌റി കക-ന്റെ ചിത്രമല്ലാതെ മറ്റൊന്നും ഇന്ന്‌ ലഭ്യമല്ല.

ലൂയി ദി എല്‍ഡര്‍ (1612-89). ഫെര്‍ഡിനന്‍ഡിന്റെ പുത്രനായ ലൂയി ദി എല്‍ഡര്‍ 1612-ല്‍ പാരിസില്‍ ജനിച്ചു. അക്കാദമി റോയല്‍ ദെ പെയിന്‍ത്യൂര്‍ എ ദെ സ്‌കള്‍പ്‌റ്റ്യൂര്‍ (Academic Royal de peinture et de Sculpture)ന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്നു ഇദ്ദേഹം. 1657-ല്‍ അക്കാദമിയില്‍ അധ്യാപകനായി നിയമിക്കപ്പെട്ടുവെങ്കിലും 1681-ല്‍ ഇദ്ദേഹത്തെ ജോലിയില്‍നിന്നു പിരിച്ചുവിടുകയുണ്ടായി. ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പലതും പ്രശസ്‌തങ്ങളായിരുന്നു. അവയില്‍ ഫ്രാന്‍സ്വാ ദെപിനെ സെയ്‌ന്റ്‌ ലൂക്‌ (Francois d' Epinay St. Luc); തോമസ്‌ റെഗ്‌നൗഡിന്‍ (Thomas Regnaudin)തുടങ്ങിയ ചില ചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ.

ലൂയി ദി യങ്ങര്‍ (1648-1717). ലൂയി ദി എല്‍ഡറിന്റെ പുത്രനും ചിത്രകാരനുമായ ലൂയി ദി യങ്ങര്‍ 1648-ല്‍ പാരിസില്‍ ജനിച്ചു. അക്കാദമിയില്‍ നിയമനം ലഭിക്കുന്നതിനുവേണ്ടി "സാമുവല്‍ ബെര്‍നാഡി'ന്റെ ഒരു ഹ്രസ്വകായചിത്രം വരയ്‌ക്കുകയുണ്ടായി. പിതാവിനെപ്പോലെതന്നെ ഇദ്ദേഹവും അക്കാദമിയില്‍നിന്നു പിരിച്ചുവിടപ്പെട്ടു. എന്നാല്‍ 1685-ല്‍ പിതാവിനോടൊപ്പം വീണ്ടും അക്കാദമിയില്‍ അധ്യാപനവൃത്തിയില്‍ പ്രവേശിക്കുകയും ചിത്രരചന തുടരുകയും ചെയ്‌തു. ഇദ്ദേഹത്തിന്റെ പ്രസന്റേഷന്‍ ഒഫ്‌ ദ്‌ വെര്‍ജിന്‍ എന്ന ചിത്രം പാരിസിലെ റെന്‍ (Rennes)മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍