This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എല്ലന്‍ബറോ, എഡേ്വഡ്‌ ലാ (1790 - 1871)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എല്ലന്‍ബറോ, എഡേ്വഡ്‌ ലാ (1790 - 1871)

Ellenborough, Edward Law

എഡ്വേഡ്‌ ലാ എല്ലന്‍ബറോ

1841 മുതൽ 44 വരെ ഇന്ത്യ ഭരിച്ച ബ്രിട്ടീഷ്‌ ഗവര്‍ണര്‍ ജനറൽ. ഇംഗ്ലണ്ടിലെ ചീഫ്‌ ജസ്റ്റിസായിരുന്ന എഡേ്വഡ്‌ എല്ലന്‍ബറോയുടെ പുത്രനായി 1790 സെപ്‌. 8-ന്‌ ജനിച്ചു. ഈറ്റണിലും കേംബ്രിജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1813-ൽ സെന്റ്‌ മൈക്കേലിൽനിന്ന്‌ ജനസഭ(House of Commons)യിലെ അംഗമായി. 1818-ൽ ഇദ്ദേഹം പ്രഭുസഭയിലെ അംഗമായി. 1828-ൽ ലോര്‍ഡ്‌ പ്രിവി സീൽ (Lord privy seal) ആയി നിയമിക്കപ്പെട്ടു. ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ബോര്‍ഡ്‌ ഒഫ്‌ കണ്‍ട്രാള്‍ പ്രസിഡന്റായി നാലുതവണ സേവനം അനുഷ്‌ഠിച്ചു.

ഇന്ത്യയെ അസംസ്‌കൃത സാധനങ്ങളുടെ ഉറവിടവും സംസ്‌കൃതസാധനങ്ങളുടെ കമ്പോളവും ആക്കാമെന്നും സിന്ധുനദിയിലൂടെ വാണിജ്യഗതാഗതം നടത്താമെന്നും അങ്ങനെ റഷ്യയുടെ സാമ്രാജ്യവികസനത്തെ നിയന്ത്രിക്കാമെന്നും ഇദ്ദേഹം മനസ്സിലാക്കി. ഇന്ത്യാഭരണത്തിലെ ദുര്‍വ്യയം ഒഴിവാക്കാനും ബെന്റിക്‌പ്രഭുവിന്റെ കൗണ്‍സിലിൽ ഒരു സാമ്പത്തിക കാര്യവിദഗ്‌ധനെ നിയമിക്കാനും നിര്‍ദേശിച്ചത്‌ ഇദ്ദേഹമായിരുന്നു. പാശ്ചാത്യവിദ്യാഭ്യാസം നേടിയ ഭാരതീയരെ ഗവണ്‍മെന്റ്‌ ഉദ്യോഗങ്ങളിൽ നിയമിക്കുന്നതിലും ഇദ്ദേഹം തത്‌പരനായിരുന്നു.

1841 ഒ. 8-ന്‌ എല്ലന്‍ബറോ ഇന്ത്യയിലെ ഗവര്‍ണര്‍ ജനറലായി നിയമിതനായി. ഒന്നാം അഫ്‌ഗാന്‍ യുദ്ധത്തിന്റെ പരാജയത്തോടെയാണ്‌ അദ്ദേഹം ഇന്ത്യയിലെത്തിയത്‌. തുടക്കത്തിൽ യുദ്ധത്തെ എതിര്‍ത്തിരുന്ന എല്ലന്‍ബറോ, ബ്രിട്ടീഷ്‌ പരാജയത്തെത്തുടര്‍ന്ന്‌ തിരിച്ചടി നല്‌കുവാനാണ്‌ തീരുമാനിച്ചത്‌. എന്നാൽ ചില സ്ഥലങ്ങളിൽവച്ച്‌ ബ്രിട്ടീഷ്‌സേനയ്‌ക്കു നേരിട്ട പരാജയംമൂലം അദ്ദേഹം തന്റെ തീരുമാനം മാറ്റി. അഫ്‌ഗാനിസ്‌താനിൽനിന്ന്‌ എല്ലാ ബ്രിട്ടീഷ്‌ സേനാവിഭാങ്ങളെയും അടിയന്തരമായി മടക്കിവിളിക്കുന്നതിന്‌ അദ്ദേഹം കല്‌പനകൊടുത്തു. കാബൂള്‍വഴി കൈബര്‍ചുരം കടന്ന്‌ തിരിച്ചുപോരുന്നതിനുള്ള അധികാരം സൈന്യാധിപന്മാര്‍ക്കുവിട്ടുകൊടുക്കുകയും ചെയ്‌തു. സൈന്യാധിപന്മാരായ ജോര്‍ജ്‌ പോളോക്കും വില്യം നോട്ടും മടക്കയാത്രയിൽ കാബൂള്‍ പിടിച്ചടക്കി. അവര്‍ 11-ാം ശതകത്തിൽ മുഹമ്മദുഗസ്‌നി അപഹരിച്ചുകൊണ്ടുപോയ സോമനാഥക്ഷേത്രത്തിന്റെ പടിവാതിലുകള്‍ എല്ലന്‍ബറോയുടെ നിര്‍ദേശാനുസരണം കൈവശപ്പെടുത്തി തിരിച്ചുകൊണ്ടുവന്നു. വിജയികളായി തിരിച്ചുവന്ന ബ്രിട്ടീഷിന്ത്യന്‍ പട്ടാളത്തിന്‌ ഫിറോസ്‌പൂരിൽവച്ച്‌ അദ്ദേഹം വീരോചിതമായ സ്വീകരണം നല്‌കി ബഹുമാനിച്ചു. ഈ കൃത്യം ഇന്ത്യയിലും ഇംഗ്ലണ്ടിലും വിമര്‍ശനവിധേയമായി.

വാണിജ്യവികസനത്തിനുവേണ്ടി ശ്രമം നടത്തിയ പുതിയ ഗവര്‍ണര്‍ ജനറൽ, സിന്‍ഡ്‌, ബഹാവൽപൂര്‍, ചെന്നൈ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലെ തീരുവ, ചുങ്കം മുതലായവ ഇളവു ചെയ്‌തുകൊടുക്കുത്തു. ചാള്‍സ്‌ നേപ്പിയറുടെ നേതൃത്വത്തിൽ 1843 ഫെബ്രുവരിയിലെ മിയാനി യുദ്ധത്തിലൂടെ സിന്‍ഡിലെ അമീര്‍മാരെ തോല്‌പിച്ച്‌ ആ പ്രദേശം ബ്രിട്ടീഷിന്ത്യയോടു ചേര്‍ത്തു. ഈ പ്രവൃത്തി ഈസ്റ്റ്‌ ഇന്ത്യാ കമ്പനി ഡയറക്‌ടര്‍മാരുടെ അഭിപ്രായത്തിനും ബ്രിട്ടീഷിന്ത്യന്‍ പൊതുജനാഭിപ്രായത്തിനും എതിരായിരുന്നു.

1843-ൽ ഗ്വാളിയറിലെ ജാന്‍കോജിറാവു സിന്ധ്യ അന്തരിച്ചപ്പോള്‍ ദത്തുപുത്രനായ ജയാജിറാവുവിന്‌ പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നു. ആ സന്ദര്‍ഭത്തിൽ ആഭ്യന്തരത്തര്‍ക്കമുണ്ടായി. എല്ലന്‍ബറോ ആ രാജ്യം ആക്രമിക്കാന്‍ ഉത്തരവു നല്‌കി. 1843-ൽ മഹാരാജ്‌പൂര്‍, പണ്യാര്‍ യുദ്ധങ്ങളിലൂടെ ഗ്വാളിയറിനെ ഒരു ബ്രിട്ടീഷ്‌ സംരക്ഷിതപ്രദേശമാക്കിത്തീര്‍ത്തു. യുദ്ധച്ചെലവുകള്‍ വികസനപദ്ധതികളെ മരവിപ്പിച്ചതിൽ അമര്‍ഷം തോന്നിയ ഈസ്റ്റിന്ത്യാ കമ്പനി ഡയറക്‌ടര്‍മാര്‍, ബ്രിട്ടീഷ്‌ മന്ത്രിസഭയുടെ പ്രതിഷേധത്തെ വിഗണിച്ചുകൊണ്ട്‌ എല്ലന്‍ബറോയെ മടക്കിവിളിച്ചു (1844 ജൂണ്‍).

ഇംഗ്ലണ്ടിൽ തിരിച്ചെത്തിയ ഇദ്ദേഹത്തിന്‌ റോബര്‍ട്ട്‌ പീലിന്റെ മന്ത്രിസഭയിലെ 1846-ൽ ഫസ്റ്റ്‌ അഡ്‌മിറൽറ്റി ലോര്‍ഡ്‌ ആയി നിയമനം ലഭിച്ചു. ഡര്‍ബിപ്രഭുവിന്റെ കീഴിൽ ബോര്‍ഡ്‌ ഒഫ്‌ കണ്‍ട്രാളിൽ സേവനം ചെയ്‌ത ഇദ്ദേഹം 1858-ൽ ഇന്ത്യാഭരണത്തിന്‌ ഒരു പുതിയ രൂപരേഖ തയ്യാറാക്കി; ഒന്നാമത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരമാണ്‌ അത്തരത്തിലൊരു സംരംഭത്തിന്‌ വഴിയൊരുക്കിയത്‌. കാനിങ്‌ പ്രഭുവിന്റെ അവധ്‌ പ്രഖ്യാപനത്തിന്‌ വിലക്കു കല്‌പിക്കുവാന്‍ ശ്രമിച്ചതിൽ ഇദ്ദേഹത്തിന്‌ ബോര്‍ഡിൽ വമ്പിച്ച എതിര്‍പ്പുകളെ നേരിടേണ്ടിവന്നു. തുടര്‍ന്ന്‌ ഇദ്ദേഹം ബോര്‍ഡിൽനിന്നു രാജിവച്ചു. ഇന്ത്യയിൽ ഈസ്റ്റ്‌ ഇന്ത്യാക്കമ്പനിയുടെ ഭരണം അവസാനിപ്പിക്കാന്‍ ഒരു കാരണക്കാരന്‍ എല്ലന്‍ബറോ ആയിരുന്നുവെന്ന്‌ കരുതപ്പെടുന്നു. 1871 ഡി. 22-ന്‌ ഗ്ലസ്റ്റര്‍ഷയറിൽ എല്ലന്‍ബറോ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍