This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എല്യൂത്തെറോസോവ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എല്യൂത്തെറോസോവ

ഹോളോത്തുറോയ്‌ഡ്‌
ഓഫിയൂറോയ്‌ഡ്‌

നക്ഷത്രമത്സ്യങ്ങളടങ്ങുന്ന എക്കൈനോഡെര്‍മാറ്റ ജന്തുഫൈലത്തിലെ രണ്ട്‌ ഉപഫൈലങ്ങളില്‍ ഒന്ന്‌. ഇന്ന്‌ ജീവിച്ചിരിക്കുന്നവയില്‍ ഭൂരിഭാഗം എക്കൈനോഡേമുകളും എല്യൂത്തെറോസോവ ഉപഫൈലത്തില്‍ ഉള്‍പ്പെടുന്നവയാകുന്നു. പെല്‍മാറ്റസോവ ഉപഫൈലത്തിലെ അംഗങ്ങളില്‍ (ഇവയില്‍ കൂടുതലും നാമാവശേഷമായി കഴിഞ്ഞ നക്ഷത്രമത്സ്യങ്ങളാണ്‌) നിന്നു വ്യത്യസ്‌തമായി, എല്യുത്തെറോസോവകളുടെ ജീവിതചക്രത്തില്‍ "തണ്ട്‌' (stalk) പോലെയുള്ള ഒരു ഭാഗത്താല്‍ ശരീരം ഭൗമോപരിതലവുമായി ബന്ധിതമാകുന്നത്‌ വളരെ അപൂര്‍വമാണ്‌. ഹോളോത്തുറോയ്‌ഡുകള്‍ (ഉദാ. കടല്‍വെള്ളരി) ഒഴികെയുള്ള എല്ലാ എല്യൂത്തെറോസോവകളും മുഖം താഴോട്ടാക്കി നീന്തി നടന്ന്‌ സ്വതന്ത്രജീവിതം നയിക്കുന്നവയാണ്‌; ഹോളോത്തുറോയ്‌ഡുകള്‍ ശരീരത്തിന്റെ ഒരു വശം ഉപയോഗിച്ച്‌ ഇഴഞ്ഞു ജീവിക്കുന്നു. ആസ്റ്ററോയ്‌ഡുകളിലും ഓഫിയൂറോയ്‌ഡുകളിലും (ഉദാ. കടല്‍പ്പൊട്ടി തുടങ്ങിയ നക്ഷത്രാകാരമുള്ള ജീവികള്‍) പഞ്ച-ആരീയ സമമിതി ഏതാണ്ട്‌ പരിപൂര്‍ണമാണെന്നുതന്നെ പറയാം. ഇവയുടെ ആംബ്യുലെക്രല്‍ സിസ്റ്റം പെല്‍മാറ്റസോവകളിലെപ്പോലെ തന്നെയാകുന്നു. എന്നാല്‍ ഈ ജീവികള്‍ ആംബ്യുലെക്രല്‍ ഗ്രൂവുകള്‍ ഭക്ഷണശേഖരത്തിനുപയോഗിക്കുന്നില്ല. നാളപാദങ്ങള്‍ പ്രധാനമായി ചലനസഹായികള്‍ മാത്രമാകുന്നു. ആന്തരാസ്ഥികള്‍ (endoskeleton) വ്യതിരിക്തമാകാതെ, തുടര്‍ച്ചയായി കാണപ്പെടുന്നത്‌ എക്കൈനോയ്‌ഡുകളില്‍ മാത്രമാണ്‌; മറ്റെല്ലാ വര്‍ഗങ്ങളിലും വ്യതിരിക്തങ്ങളായ അസ്ഥിക(ossicle)കള്‍ ആയാണ്‌ ഇവ പ്രത്യക്ഷപ്പെടുന്നത്‌; ഹോളോത്തുറോയ്‌ഡുകളില്‍ ഈ അസ്ഥികകള്‍ അതിസൂക്ഷ്‌മങ്ങളായിരിക്കുകയും ചെയ്യും. അപമുഖനാഡീവ്യൂഹം പലപ്പോഴും ഉണ്ടായിരിക്കില്ല; അഥവാ ഉണ്ടെങ്കില്‍ത്തന്നെ വളരെ ശുഷ്‌കമായിരിക്കുകയും ചെയ്യും. മുഖവശത്തെ നാഡീവ്യൂഹമാണ്‌ (oral nervous system)പ്രധാന കര്‍ത്തവ്യങ്ങളെല്ലാം നിര്‍വഹിക്കുന്നത്‌. എക്കൈനോയ്‌ഡുകളിലും ഹോളോത്തുറോയ്‌ഡുകളിലും പചനവ്യൂഹം വളഞ്ഞുപുളഞ്ഞ്‌, ദൈര്‍ഘ്യമേറിയ നാളികളുള്‍ക്കൊള്ളുന്നതാണ്‌. ആസ്റ്ററോയ്‌ഡുകളിലും ഓഫിയൂറോയ്‌ഡുകളിലും ആകട്ടെ ഇത്‌ കുറുകി ഋജുവായിരിക്കുന്നു. ഇവയില്‍ ആമാശയം വലുപ്പമേറിയതാണ്‌. ഓഫിയൂറോയ്‌ഡുകളിലും ചില ആസ്റ്ററോയ്‌ഡുകളിലും ഒഴിച്ച്‌ മറ്റെല്ലാറ്റിലും ഗുദദ്വാരം വായുടെ എതിര്‍ഭാഗത്തായുള്ള അപമുഖ(aboral)വശത്താണ്‌ കാണപ്പെടുന്നത്‌. എന്നാല്‍ ക്രമമായ ഒരാകൃതി ഇല്ലാത്ത എക്കൈനോയ്‌ഡുകളില്‍ ഇത്‌ മുഖവശത്താകാനുള്ള പ്രവണത കാണിക്കുന്നു. ഹോളോത്തുറോയ്‌ഡുകളില്‍ ഉത്‌പാദനാവയവം ഒറ്റയായാണ്‌ വര്‍ത്തിക്കുന്നത്‌. എന്നാല്‍ മറ്റ്‌ മൂന്ന്‌ വര്‍ഗങ്ങളിലും ഇത്‌ പഞ്ച-ആരീയമാണ്‌. എല്യുത്തെറോസോവ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്നാമത്തെ വിഭാഗത്തില്‍ ഹോളോത്തുറോയ്‌ഡിയവര്‍ഗം മാത്രമേയുള്ളൂ. മറ്റേതിലാകട്ടെ, ആസ്റ്ററോയ്‌ഡിയ, എക്കൈനോയ്‌ഡിയ, ഓഫിയൂറോയ്‌ഡിയ എന്നിങ്ങനെ മൂന്ന്‌ വര്‍ഗങ്ങളുണ്ട്‌. നോ. ആസ്റ്ററോയ്‌ഡിയ; എക്കൈനോയ്‌ഡിയ; എക്കൈനോഡെര്‍മാറ്റ; ഓഫിയൂറോയ്‌ഡിയ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍