This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എലിഫെന്റാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എലിഫെന്റാ

Eliphanta

എലിഫെന്റാ ഗുഹാക്ഷേത്രം

ബോംബെ തുറമുഖത്തിനു സമീപത്ത്‌ അറബിക്കടലില്‍ കിടക്കുന്ന ഒരു ചെറിയദ്വീപില്‍ സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രം. ഇത്‌ ഇന്ന്‌ അന്താരാഷ്‌ട്ര പ്രസിദ്ധി നേടിക്കഴിഞ്ഞിരിക്കുന്നു. ഈ ഗുഹാക്ഷേത്രം പ്രാചീനകാലത്ത്‌ ഗര്‍ഭപുരി എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. രാഷ്‌ട്രകൂട വംശജരുടെ കാലഘട്ടത്തില്‍ പണികഴിപ്പിക്കപ്പെട്ട ഈ കലാശില്‌പത്തിന്റെ നിര്‍മാണകാലം എ.ഡി. ഏഴാം നൂറ്റാണ്ടാണെന്നും എട്ടാം നൂറ്റാണ്ടാണെന്നും ഭിന്നാഭിപ്രായമുണ്ട്‌.

ഇവിടെ സ്ഥാപിച്ചിട്ടുള്ള ഭീമാകാരമായ ആനയുടെ ശില്‌പമാതൃകയെ ആസ്‌പദമാക്കി പോര്‍ച്ചുഗീസുകാരാണ്‌ ഈ സ്ഥലത്തിന്‌ എലിഫെന്റാ എന്ന പേര്‍ നല്‌കിയത്‌. ഒരു പോര്‍ച്ചുഗീസ്‌ കമാന്‍ഡര്‍ ഒരിക്കല്‍ വിനോദാര്‍ഥം എലിഫെന്റാ ക്ഷേത്രത്തിലെ വിഗ്രഹങ്ങളെല്ലാം ഇടിച്ചുനിരത്തിയെന്നും പിന്നീട്‌ അനേകം വര്‍ഷങ്ങള്‍ക്കുശേഷം പുതുക്കിപ്പണികഴിപ്പിച്ചിട്ടുള്ളവയാണ്‌ ഇപ്പോള്‍ അവിടെ കാണുന്നതെന്നുമുള്ള ജനശ്രുതി ഇന്നും പ്രചാരത്തിലിരിക്കുന്നു.

ബോംബെ നഗരത്തിലെ "ഗേയ്‌റ്റ്‌ വേ ഒഫ്‌ ഇന്ത്യ'യില്‍നിന്നും സമുദ്രമാര്‍ഗം ഏകദേശം പത്തു കി.മീ. ദൂരം സഞ്ചരിച്ചാല്‍ എലിഫെന്റായില്‍ എത്തിച്ചേരാന്‍ സാധിക്കും. ഇന്ന്‌ ബോംബെ നഗരവാസികളുടെ മാത്രമല്ല, മറ്റു ഭാരതീയരുടെയും വിദേശികളുടെയും വിനോദസഞ്ചാരകേന്ദ്രംകൂടിയാണിത്‌. നാനാമതസ്ഥരുടെതീര്‍ഥാടനകേന്ദ്രമായും എലിഫെന്റാ ഇന്ന്‌ വിഖ്യാതി നേടിയിരിക്കുന്നു. നാല്‌, നാലരമൈല്‍ ദൈര്‍ഘ്യമുള്ള രണ്ടു പര്‍വതശൃംഖലകളുടെ മധ്യത്തിലാണ്‌ ഹൈന്ദവശില്‌പശൈലിയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. എ.ഡി. ഏഴും എട്ടും ശതകങ്ങളോടടുപ്പിച്ച്‌ പണികഴിപ്പിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന എലിഫെന്റാ ക്ഷേത്രത്തിന്‌ എല്ലോറ, അജന്ത എന്നീ ഗുഹാക്ഷേത്രങ്ങളോളം പ്രാചീനത്വം അവകാശപ്പെടാനില്ലെങ്കിലും ശില്‌പവൈശിഷ്‌ട്യത്തിലും രചനാസംവിധാനത്തിലും ഇത്‌ തത്തുല്യമായിത്തന്നെ വര്‍ത്തിക്കുന്നു.

എലിഫെന്റാ ഗുഹാക്ഷേത്രത്തിലെ ഒരു ശില്‌പം

27.4 മീ. പൊക്കമുള്ള നിരവധി കല്‍ത്തൂണുകള്‍ ആറു നിരകളായി സജ്ജീകരിച്ചിട്ടുള്ള വിശാല മണ്ഡപത്തിലാണ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. എലിഫെന്റാ ക്ഷേത്രത്തിന്റെ ശില്‌പസംവിധാനത്തില്‍ അഹമ്മദാബാദിലെ ലാധ്‌ഖാന്‍ (Ladhkhan) ഗുഹാക്ഷേത്രത്തിന്റെ സ്വാധീനത തെളിഞ്ഞുകാണുന്നുണ്ട്‌. പാര്‍വതീപരമേശ്വരന്മാരെ സംബന്ധിക്കുന്ന പുരാണകഥകളെ ആധാരമാക്കി രചിച്ചിട്ടുള്ളവയാണ്‌ ഇവിടത്തെ ചിത്രങ്ങളും ശില്‌പങ്ങളും. വര്‍ണശബളവും ആകര്‍ഷകവുമായ പത്തോളം റിലീഫ്‌ ചിത്രങ്ങളും ഇവിടെയുണ്ട്‌.

സാധാരണ ക്ഷേത്രങ്ങള്‍പോലെ സമതലത്തിലല്ലാ എലിഫന്റാ ക്ഷേത്രം പണിതിട്ടുള്ളത്‌. ഭീമാകാരമായ പാറതുരന്നുണ്ടാക്കിയ ഗുഹകളിലാണ്‌ ക്ഷേത്രം നിര്‍മിക്കപ്പെട്ടിരിക്കുന്നത്‌. ശില്‌പവൈദഗ്‌ധ്യത്തിന്റെ ഉദാത്തോദാഹരണമാണ്‌ ഇവ. ഈ ക്ഷേത്രത്തിലെ 39.58 മീ. നീളവും 5.49 മീ. ഉയരവും 18.28 മീ. വീതിയുമുള്ള പ്രധാനകവാടം "ഗണേശ്‌' എന്ന പേരിലറിയപ്പെടുന്നു. പാറയില്‍ കൊത്തിയുണ്ടാക്കിയിട്ടുള്ള കല്‍ത്തൂണുകളിലാണ്‌ ക്ഷേത്രത്തിന്റെ മേല്‍ക്കൂര ഉറപ്പിച്ചിരിക്കുന്നത്‌. തട്ടുതട്ടായി വേര്‍തിരിച്ച മേല്‍ക്കൂര ടെറസ്സിന്റെ പ്രതീതി ഉളവാക്കുന്നു.

ശ്രീപരമേശ്വരനോടുള്ള ഭക്തിസൂചകമായി പണികഴിപ്പിച്ചിട്ടുള്ള എലിെഫന്റാ ശില്‌പങ്ങളെല്ലാം വാസ്‌തുകലയുടെയും ശില്‌പകലയുടെയും ചിത്രകലയുടെയും മഹത്ത്വത്തിന്‌ മകുടോദാഹരണങ്ങളാണ്‌. കലാഭംഗി നിറഞ്ഞ മിക്ക ശില്‌പങ്ങളും ഗുഹയുടെ ഉള്ളില്‍ തെക്കുവശത്തായിട്ടാണ്‌ കൊത്തിവയ്‌ക്കപ്പെട്ടിട്ടുള്ളത്‌. ക്ഷേത്രത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന സൃഷ്‌ടിസ്ഥിതി സംഹാരഭാവം സ്‌ഫുരിക്കുന്ന മഹിഷമൂര്‍ത്തിയുടെ വിഗ്രഹം അന്യൂനമായ കലാശില്‌പം തന്നെയാണ്‌. അഘോരം, സത്‌പുരുഷം, ഉമാദേവി എന്നീ മൂന്നുഭാവങ്ങളുടെ സമ്മിളിതരൂപമായിട്ടാണ്‌ ഇവിടെ ശ്രീപരമേശ്വരനെ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. വിഗ്രഹത്തിന്റെ വാമഭാഗത്തു കാണപ്പെടുന്ന ഉഗ്രമായ മുഖം കാലഭൈരവന്റെ സംഹാരരുദ്രതയെ ദ്യോതിപ്പിക്കുന്നു. ഭൈരവവിഗ്രഹത്തിന്റെ തൃതീയനേത്രം കാഴ്‌ചക്കാരില്‍ ഭയവും ഭക്തിയും ഉളവാക്കുവാന്‍ പര്യാപ്‌തമാണ്‌. വളഞ്ഞുനീണ്ടു താഴോട്ടു കിടക്കുന്ന മീശയും, ഭുജങ്ങളില്‍ ചേര്‍ന്നുകാണുന്ന ചിറകുകളും ഈ ശില്‌പത്തിന്റെ ഭീകരത വര്‍ധിപ്പിക്കുന്നു. സൗമ്യഭീകരഭാവങ്ങളുടെ മധ്യത്തില്‍ നിഷ്‌കന്മഷവും നിര്‍ഗുണവും പ്രാശാന്തഗംഭീരവും സത്ത്വഗുണപ്രദീപ്‌തവുമായ ബ്രഹ്മസ്വരൂപം ശോഭിക്കുന്നതായി കാണാം. ബ്രഹ്മസ്വരൂപത്തിന്റെ വാമഭാഗത്തു കാണപ്പെടുന്ന ഉമാദേവിയുടെ ശാലീനസുന്ദരമായ മുഖം, ആഭരണഭൂഷിതമായ കര്‍ണം, മന്ദഹാസമുതിരുന്ന അധരങ്ങള്‍, സുന്ദരനാസിക ഇവയെല്ലാം കുലീന സ്‌ത്രീരൂപത്തിന്റെ വിശുദ്ധിയും വൈശിഷ്‌ട്യവും പ്രകടമാക്കുന്നു. പരസ്‌പരഭിന്നങ്ങളായ സത്ത്വരജസ്‌ തമോഭാവങ്ങളെ കഠോരമായ ശിലയുടെ മാധ്യമത്തില്‍ക്കൂടി വൈചിത്യ്രവും വൈശിഷ്‌ട്യവും കലര്‍ന്നരീതിയില്‍ അവതരിപ്പിച്ചിട്ടുള്ള ഈ കലാവിരുത്‌ പ്രശംസാര്‍ഹം തന്നെയാണ്‌.

എലിഫെന്റായുടെ അന്തര്‍ഭാഗത്ത്‌ പ്രതിഷ്‌ഠിക്കപ്പെട്ടിട്ടുള്ള ശിവവിഗ്രഹം ശില്‌പികളുടെ നിസ്‌തുലമായ സര്‍ഗശക്തിയെ വിളംബരം ചെയ്യുന്നു. പാര്‍വതീപരമേശ്വര പരിണയം ചിത്രീകരിച്ചിരിക്കുന്ന ശില്‌പങ്ങളും ആകര്‍ഷകംതന്നെയാണ്‌. അപ്രധാനങ്ങളായ വേറെയും നിരവധി ശില്‌പങ്ങള്‍ എലിഫന്റായുടെ കലാസമ്പത്തിനു മാറ്റു കൂട്ടുന്നവയായുണ്ട്‌.

എലിഫെന്റാ ശില്‌പങ്ങളുടെ നിര്‍മിതിക്ക്‌ തവിട്ടുനിറത്തിലുള്ള മിനുമിനുത്ത ശിലകളാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. സാധാരണ ഹിന്ദുക്ഷേത്രങ്ങളില്‍ കണ്ടുവരുന്ന കിരീടങ്ങളോട്‌ സാദൃശ്യമുള്ളതും ചുരയ്‌ക്കയുടെ ആകൃതിയില്‍ നിര്‍മിച്ചിട്ടുള്ളതുമായ ശില്‌പസ്‌തൂപങ്ങള്‍ എലിഫന്റാ ശില്‌പങ്ങളില്‍ കാണാനുണ്ട്‌. എലിഫെന്റായിലെ ശില്‌പനിര്‍മിതിയില്‍ രാഷ്‌ട്രകൂടശൈലിയും, ചാലൂക്യശൈലിയും സ്വാധീനത ചെലുത്തിയിട്ടുള്ളതായി കലാവിദഗ്‌ധന്മാര്‍ അഭിപ്രായപ്പെടുന്നു. പോര്‍ച്ചുഗീസുകാരുടെ ആക്രമണഫലമായി എലിഫെന്റായിലെ പല ശില്‌പങ്ങളും വികൃതമായിപ്പോയെങ്കിലും പലതിന്റെയും കേടുപാടുകള്‍ തീര്‍ത്ത്‌ ബോംബെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

1970-കളില്‍ എലിഫെന്റാ ഗുഹകള്‍ നവീകരിക്കപ്പെട്ടു. 1987-ല്‍ യുണെസ്‌കോ വേള്‍ഡ്‌ ഹെറിറ്റേജില്‍ ഉള്‍പ്പെടുത്തി സംരക്ഷണം നല്‌കി. ഇപ്പോള്‍ ആര്‍ക്കിയോജിക്കല്‍ സര്‍വേ ഒഫ്‌ ഇന്ത്യയുടെ മേല്‍നോട്ടത്തിലാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍