This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എലപ്പുള്ളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എലപ്പുള്ളി

കേരളത്തില്‍ പാലക്കാട്‌ ജില്ലയിലെ മലമ്പുഴ ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമം. എലപ്പുള്ളി ഒന്ന്‌ എലപ്പുള്ളി രണ്ട്‌ എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്നു. വടക്ക്‌ പുതുശ്ശേരി പഞ്ചായത്തും കിഴക്ക്‌ കൊഴിഞ്ഞാമ്പാറ വടകരപ്പതി പഞ്ചായത്തും തെക്കുഭാഗത്ത്‌ കൊടുമ്പ്‌, പൊല്‍പ്പുള്ളി, (നല്ലേപ്പിള്ള) പഞ്ചായത്തും പടിഞ്ഞാറ്‌ പുതുശ്ശേരി, മരുതറോഡ്‌ പഞ്ചായത്തുകളുമാണ്‌. 1939-ല്‍ "മദ്രാസ്‌ സംസ്ഥാന'ത്തിന്റെ ഭാഗമായിരുന്നപ്പോള്‍ത്തന്നെ പഞ്ചായത്തു പദവി ലഭിച്ച എലപ്പുള്ളി, പാലക്കാട്‌ ജില്ലയില്‍ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഏറ്റവും കൂടുതല്‍ പ്രശസ്‌തി നേടിയിട്ടുള്ള സ്ഥലമാണ്‌. 1953-ല്‍ ഇത്‌ ഒന്നാം കിട പഞ്ചായത്തായി; 1955-ല്‍ നല്ല പഞ്ചായത്തിനുള്ള പ്രധാനമന്ത്രിയുടെ യോഗ്യതാസര്‍ട്ടിഫിക്കറ്റ്‌ കരസ്ഥമാക്കി. എലപ്പുള്ളി, തേനാരി, വേങ്ങോടി, പള്ളത്തേരി എന്നീ നാല്‌ അംശങ്ങള്‍ ചേര്‍ന്ന എലപ്പുള്ളി പഞ്ചായത്തിന്റെ വീസ്‌തീര്‍ണം 47 ച.കി.മീ. 1 ആണ്‌. ജനസംഖ്യ 41511 (2001). കൊല്ലങ്കോടു വികസന ബ്ലോക്കില്‍പ്പെട്ട എലപ്പുള്ളി വാളയാര്‍ പദ്ധതിയുടെ ഭാഗമായ കനാലുകളിലൂടെ ജലസിക്തമാക്കപ്പെട്ടിരിക്കുന്നു. പാലക്കാട്‌-പൊള്ളാച്ചി റോഡ്‌ ഈ പഞ്ചായത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. കാര്‍ഷികമേഖലയായ എലപ്പുള്ളിയിലെ മുഖ്യ ഉപജീവനമാര്‍ഗവും സമ്പാദ്യോപാധിയും നെല്‍ക്കൃഷിയാണ്‌. പുളി, മാവ്‌, പ്ലാവ്‌ തുടങ്ങിയ ഫലവൃക്ഷങ്ങള്‍ ഇവിടെ സമൃദ്ധമാണ്‌. വേനല്‍ക്കാലത്ത്‌ കഠിനമായ വരള്‍ച്ച അനുഭവപ്പെടുന്ന ഈ പ്രദേശത്തെ മേടുകളില്‍ കരിമ്പനക്കൂട്ടങ്ങള്‍ ധാരാളമായിക്കാണാം. തരിശുനിലങ്ങള്‍ കുറവാണ്‌. വിസ്‌തൃതമായ നെല്‍പ്പാടങ്ങള്‍ സാധാരണ കാഴ്‌ചയാണ്‌. ജലസേചനസൗകര്യങ്ങള്‍ വര്‍ധിച്ചതോടെ ഇവിടെയുള്ള ഒരുപ്പൂനിലങ്ങളില്‍ രണ്ടും മൂന്നും തവണ കൃഷിയിറക്കാനുള്ള സൗകര്യങ്ങളുണ്ടായിട്ടുണ്ട്‌. മേല്‍ത്തരം വിത്തുകളും രാസവളങ്ങളും ഉപയോഗിച്ചുള്ള പരിഷ്‌കൃതമായ കൃഷി സമ്പ്രദായങ്ങളില്‍ കര്‍ഷകര്‍ ആകൃഷ്‌ടരായതോടെ ഈ പ്രദേശത്ത്‌ വിളവ്‌ ഗണ്യമായി വര്‍ധിച്ചിരിക്കുന്നു. നെല്ലുകുത്തുമില്ലുകളാണ്‌ പ്രധാന വ്യവസായ സ്ഥാപനങ്ങള്‍. നെയ്‌ത്ത്‌, എണ്ണയാട്ട്‌, പനചെത്ത്‌ തുടങ്ങിയ കുടില്‍ വ്യവസായങ്ങളും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌.

എലപ്പുള്ളിയിലെ ജനസംഖ്യയില്‍ മൂന്നിലൊന്നോളം തമിഴരാണ്‌. തെക്കേ ഇന്ത്യയില്‍ പഴയ കാലത്തു നിലവിലിരുന്ന ഗ്രാമഭരണസമ്പ്രദായത്തിന്റെ അവശിഷ്‌ടങ്ങള്‍ എലപ്പുള്ളിയില്‍ ഇന്നും കണ്ടെത്താനുണ്ട്‌. എലപ്പുള്ളിത്തറ, ആണ്ടിത്തറ, ചക്കാന്തറ, കുമ്മാന്തറ, ചെറുമക്കത്തറ, ഗ്രാമം (ബ്രാഹ്മണരുടെ വാസസ്ഥാനം) എന്നിങ്ങനെ നാനാജാതിക്കാരുടേതായ വാസകേന്ദ്രങ്ങള്‍ മുന്‍കാലത്ത്‌ കേരളത്തില്‍ ഗ്രാമഭരണം നിര്‍വഹിച്ചിരുന്ന "തറ'കളുടെയും "കൂട്ട'ങ്ങളുടെയും സൂചകങ്ങളാണ്‌.

എലപ്പുള്ളിയിലെ വിവിധ ഭാഗങ്ങളിലായിക്കാണുന്ന ഹൈന്ദവക്ഷേത്രങ്ങളില്‍ മിക്കതിലും ശിവപ്രതിഷ്‌ഠയാണുള്ളത്‌. ഈ ക്ഷേത്രങ്ങളില്‍ പലതും ജീര്‍ണിച്ചു തുടങ്ങിയിരിക്കുന്നു. ഭഗ്നാവസ്ഥയില്‍ കിടക്കുന്ന മധ്യാരണ്യക്ഷേത്രവും കോട്ടമതിലും പ്രാക്കാലാവസ്ഥയുടെ വിസ്‌മൃത സ്‌മാരകമാണെന്നു പറയാം. 1700-ാമാണ്ടടുപ്പിച്ച്‌ ടിപ്പുവിന്റെ പടയോട്ടം ഈ ഗ്രാമപ്രദേശത്ത്‌ വലുതായ നാശനഷ്‌ടങ്ങളുണ്ടാക്കി; ഇത്‌ സാമ്പത്തികസാമൂഹിക ഭദ്രതയ്‌ക്കും സാംസ്‌കാരികപാരമ്പര്യങ്ങള്‍ക്കും ഉലച്ചിലുളവാക്കി. എലപ്പുള്ളിയിലെ തറകളുടെ ഭരണപരമായ കെട്ടുറപ്പ്‌ ഇല്ലാതായത്‌ ഈ ആക്രണമത്തെത്തുടര്‍ന്നാണ്‌.

ഇവിടെയുള്ള "തേനാരിതീര്‍ഥ'ത്തെ സംബന്ധിച്ച ഒരു ഐതിഹ്യം ഇന്നും പ്രചാരത്തിലിരിക്കുന്നു. രാമായണ കാലത്ത്‌ സീതയെ വീണ്ടെടുക്കുവാന്‍ ലങ്കയിലേക്കു പോയ ശ്രീരാമനും അനുചരന്മാരും ഈ പ്രദേശത്ത്‌ വിശ്രമാര്‍ഥം തങ്ങുകയുണ്ടായി. ഏതോ കാരണത്താല്‍ ശാപഗ്രസ്‌തമായിരുന്ന ഈ സ്ഥലത്തുവച്ച്‌ ഭ്രാതൃഭക്തനായ ലക്ഷ്‌മണന്‍ ജ്യേഷ്‌ഠന്റെ ആജ്ഞയെ ധിക്കരിച്ച്‌ പെരുമാറുവാന്‍ തുടങ്ങുകയും അതേത്തുടര്‍ന്ന്‌ ഗംഗാസ്‌നാനം കൊണ്ടല്ലാതെ ലക്ഷ്‌മണന്റെ നേര്‍സ്വഭാവം വീണ്ടെടുക്കുവാനാവില്ലെന്ന്‌ അശരീരി ഉണ്ടാവുകയും ചെയ്‌തു. ഗംഗാതീരത്തേക്ക്‌ തത്സമയം മടങ്ങുവാനാവില്ലെന്ന്‌ തീര്‍ച്ചയുണ്ടായിരുന്ന ശ്രീരാമന്‍ അമ്പെയ്‌ത്‌ ഭൂമിക്കടിയിലൂടെ ഗംഗയോളം എത്തുന്ന ഒരു വിലം സൃഷ്‌ടിച്ചുവെന്നും ബാണം പിന്‍വലിച്ചതോടെ ഗംഗാജലം "തേനാരിതീര്‍ഥ'ത്തിലേക്ക്‌ ഒഴുകാന്‍ തുടങ്ങിയെന്നുമാണ്‌ ഐതിഹ്യം. ഇക്കാരണത്താല്‍ തേനാരിതീര്‍ഥത്തില്‍ കുളിക്കുന്നത്‌ ഗംഗാസ്‌നാനത്തിനു തുല്യം മോക്ഷപ്രദമാണെന്ന വിശ്വാസം നിലവിലിരിക്കുന്നു. രാമതീര്‍ഥം എന്നും ഈ പരിശുദ്ധ-ഉറവയ്‌ക്കു പേരുണ്ട്‌. എലപ്പുള്ളി പഞ്ചായത്താഫീസിന്‌ രണ്ട്‌ കിലോമീറ്ററോളം അകലെ നെല്‍പ്പാടങ്ങളുടെ മധ്യത്തായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ഇന്ന്‌ ഏതാണ്ട്‌ ഇടിഞ്ഞുപൊളിഞ്ഞ അവസ്ഥയിലാണ്‌. ക്ഷേത്രത്തിന്റെ വായുകോണിലായി കാണുന്ന 4 മീ. സമചതുരത്തിലുള്ള ഒരു കൊച്ചു കുളമാണ്‌ തേനാരി തീര്‍ഥം. ഈ കുളത്തിന്റെ ബഹിര്‍ധാരയായ "കാളവാ'യിലൂടെ എല്ലാക്കാലത്തും ഏതാണ്ട്‌ തുമ്പിക്കൈ വണ്ണത്തില്‍ നിര്‍മലമായ ജലം ഒഴുകിക്കൊണ്ടിരിക്കുന്നു.

പരിക്കഞ്ചേരി ക്ഷേത്രം, മാമ്പുള്ളിക്കാവ്‌ ഭഗവതിക്ഷേത്രം എറാഞ്ചേരിപള്ളി, മോഹന്‍പാളയം, ക്രിസ്‌ത്യന്‍പള്ളി എന്നിവയാണ്‌ പുരാതനവും പ്രശസ്‌തവുമായ ദേവാലയങ്ങള്‍. മാര്‍ക്കണ്ഡേയനാടകം, ഹരിശ്ചന്ദ്രനാടകം, ആര്യമാലക്കളി, പൊറാട്ടു നാടകം, പാവകളി എന്നിവയ്‌ക്കു പേരുകേട്ടതായിരുന്നു ഇവിടം. ദൂരദര്‍ശന്‍ സംഘടിപ്പിച്ച ഗ്രീന്‍കേരള എക്‌സ്‌പ്രസ്‌ മത്സരത്തില്‍ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള ഒരു കോടിരൂപ എലപ്പുള്ളി പഞ്ചായത്തിനു ലഭിച്ചു (2010).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍