This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എലക്‌ട്രാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എലക്‌ട്രാ

Electra

യവനേതിഹാസനാടകങ്ങളിലെ ഒന്നിലധികം സ്‌ത്രീകഥാപാത്രങ്ങള്‍ ഈ പേരില്‍ പ്രസിദ്ധിനേടിയിട്ടുണ്ട്‌.

1. സോഫോക്ലീസും യൂറിപ്പിഡിസും എസ്‌കിലീസും തങ്ങളുടെ നാടകങ്ങളില്‍ രൂപം നല്‌കിയിട്ടുള്ള എലക്‌ട്രായാണ്‌ ഇക്കൂട്ടത്തില്‍ ഏറ്റവും പ്രാമുഖ്യം വഹിക്കുന്നത്‌. ഹോമര്‍ ഇങ്ങനെയൊരു കഥാപാത്രത്തെക്കുറിച്ച്‌ സൂചിപ്പിക്കുന്നതേയില്ല; എന്നാല്‍ സ്റ്റെഡിഖോറസ്‌, സാന്തസാ തുടങ്ങിയ ചില പ്രാചീനകവികളുടെ രചനകളില്‍ ഈ പാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്‌. അഗമെമ്‌നോന്റെയും ക്ലൈടേമ്‌നെസ്‌റ്രയുടെയും പുത്രിയായ എലക്‌ട്രാ തന്റെ പിതാവിന്റെ വധത്തിന്‌ പ്രതികാരം ചെയ്യാന്‍ സഹോദരനായ ഓറസ്റ്റീസ്‌ എന്ന ശിശുവിനെ ഒരു വൃദ്ധഭൃത്യന്റെ കൈയിലേല്‌പിച്ച്‌ ഫോസിസ്സില്‍ അയച്ച്‌ വളര്‍ത്തുന്നതായി സോഫോക്ലിസ്‌ പറയുന്നു. പലവിധത്തിലുള്ള പീഡനങ്ങളും സഹിച്ച്‌ അവള്‍ അമ്മയോടൊത്ത്‌ നാള്‍കഴിച്ചു വരവേ പ്രായപൂര്‍ത്തിയായ ഓറസ്റ്റീസ്‌ തിരിച്ചെത്തുകയും അവര്‍ രണ്ടാളും ചേര്‍ന്ന്‌ ഗൂഢോപായങ്ങള്‍ സംഘടിപ്പിച്ച്‌ മാതാവിനെയും മാതൃജാരനായ ഏജിസ്‌തസ്സിനെയും വധിക്കുകയും ചെയ്‌തു. അതിനുശേഷമാണ്‌ പൈലേഡ്‌സ്‌ എലക്‌ട്രായെ വിവാഹം കഴിക്കുന്നത്‌. ഇവര്‍ക്ക്‌ സ്‌ട്രാഫിയഡ്‌ എന്നും മേഡോണ്‍ എന്നും രണ്ട്‌ സന്തതികളുണ്ടായി. പ്രതികാരദാഹത്തിന്റെയും ദുസ്സഹമായ വേദനയുടെയും പ്രതീകമായ ഈ പുരാണനായിക നിരവധി സാഹിത്യകലാസൃഷ്‌ടികള്‍ക്ക്‌ പ്രാചീനകാലം മുതല്‍ ഇന്നുവരെ വിഷയമായിട്ടുണ്ട്‌. ഏസ്‌കിലീസ്സിന്റെ തീര്‍ഥവാഹകര്‍ (The Libation Bearers) െഎന്ന നാടകത്തിലാണ്‌ എലക്‌ട്രാ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്‌. എന്നാല്‍ എലക്‌ട്രാ എന്നു പേരുള്ള ദുരന്തനാടകത്തില്‍ സോഫോക്ലിസ്‌ തന്റെ കഥാനായികയെ സകല കഥാസംഭവങ്ങളുടെയും കേന്ദ്രബിന്ദുവാക്കിത്തീര്‍ത്തിരിക്കുന്നു. യൂറിപ്പിഡിസ്സിന്റെ ഇതേപേരിലുള്ള ദുരന്തനാടകം പശ്ചാത്താപവിവശരായ സഹോദരിയും സഹോദരനും നിശിതമായ മാനസികാപഗ്രഥനത്തിന്‌ വിധേയരായിത്തീരുന്ന ഒരു ഉദാത്ത കലാസൃഷ്‌ടിയാണ്‌.

എലക്‌ട്രാകഥയുടെ ആധുനിക പുനഃസൃഷ്‌ടികളില്‍ ഫ്രഞ്ച്‌ നാടകകൃത്തായ പ്രാസ്‌പര്‍ ക്രബില്ലന്റെയും (1674-1762) സ്‌പാനിഷ്‌ സാഹിത്യകാരനായ വെറെസ്‌ ഗാല്‍ഡോസിന്റെയും (1843-1920) ആസ്‌ട്രിയന്‍ സാഹിത്യകാരനായ ഹ്യൂറോ ഫൊണ്‍, ഹോഫ്‌മാന്‍സ്ഥാളിന്റെയും (1874-1929) നാടകങ്ങളും റിച്ചോര്‍ഡ്‌ സ്‌ട്രാസ്‌ (1864-1949) എന്ന പ്രസിദ്ധ ഗാനരചയിതാവിന്റെ ഒരു ഓപ്പറയും പ്രാധാന്യം വഹിക്കുന്നു. അമേരിക്കന്‍ നാടകകൃത്തായ യൂജിന്‍ "ഒ' നീലിന്റെ (1888-1953) വിലാപം എലക്‌ട്രയായിത്തീരുന്നു (Mourning Becomes Electra, 1931)എന്ന പ്രസിദ്ധ നാടകം ഈ ദുരന്തനായികയെ ജീവശാസ്‌ത്രപരവും മനഃശാസ്‌ത്രപരവുമായ കാര്യകാരണ ബന്ധങ്ങളുടെ വെളിച്ചത്തില്‍ പുനരവതരിപ്പിക്കാനുള്ള ഒരു ധീരസംരംഭമാണ്‌. സോഫോക്ലിസിന്റെ എലക്‌ട്രാ കെ.എം. പണിക്കര്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്‌ത്‌ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌ (1957).

2. ബി.സി. എട്ടാം ശതകത്തില്‍ ജീവിച്ചിരുന്ന ഹെസിയോഡ്‌ എന്ന ഗ്രീക്ക്‌കവി രചിച്ച തിയോഗനി എന്ന കൃതി അനുസരിച്ച്‌ തൗമസ്സിന്റെയും ഓഷ്യാനസ്സിന്റെയും പുത്രിയായ ഒരു സമുദ്ര കന്യകയാണ്‌ എലക്‌ട്രാ. ആറ്റ്‌ലസ്‌ ഇവളെ വിവാഹം കഴിച്ചുവെങ്കിലും ഇവള്‍ പ്രസവിച്ച ഡാര്‍ഡനസ്‌ എന്ന ശിശുവിന്റെ പിതാവ്‌ സിയൂസ്‌ ദേവനായിരുന്നു എന്നാണ്‌ വിശ്വസിച്ചുപോരുന്നത്‌.

3. യവനപുരാണപ്രകാരം സപ്‌തര്‍ഷിമണ്ഡലത്തില്‍പ്പെട്ട ഒരു താരം. ഈ നക്ഷത്രകന്യകയുടെ ആസ്ഥാനം സാമോത്രസ്‌ എന്ന പ്രദേശമായിരുന്നു. ഡെമറ്റര്‍ ദേവിയുടെ കാമുകനായ തുയാസിയോണ്‍, സിയൂസിന്‌ ഇവളില്‍ ഉണ്ടായ പുത്രനാണെന്ന്‌ ചില പരാമര്‍ശങ്ങളും കാണാനുണ്ട്‌. ട്രായിനഗരത്തിലെ പല്ലേഡിയം എന്ന ദേവാലയകേന്ദ്രത്തില്‍ സിയൂസിന്റെ കാമുകിയായ എലക്‌ട്രാ ചെന്നപ്പോള്‍ അതില്‍ കുപിതയായ അഥീനാ ദേവി അവിടം നശിപ്പിച്ചുവെന്നും അതുകൊണ്ട്‌ ദുഃഖാധിക്യത്താല്‍ അവള്‍ തന്റെ തലമുടി വലിച്ചുപറിച്ചെറിയുകയും ഉടന്‍ അവള്‍ ഒരു ധൂമകേതുവായിത്തീരുകയും ചെയ്‌തുവെന്നും പ്രതിപാദിക്കുന്ന പല കഥകളും പ്രചരിച്ചുവരുന്നു. തീബ്‌സ്‌ നഗരത്തിന്റെ ഗോപുര ദ്വാരത്തിന്‌ എലക്‌ട്രാ എന്നും സമീപത്തുള്ള ഒരു സാങ്കല്‌പിക ദ്വീപിന്‌ എലക്‌ട്രിസ്‌ എന്നും പേരുവന്നത്‌ ഈ പുരാണ നായികയോടുള്ള ബഹുമാനം മൂലമായിട്ടാണെന്ന്‌ ബി.സി. അഞ്ചാം ശതകത്തിലെ ഒരു ഗ്രീക്ക്‌ സാഹിത്യകാരനായ അപോളോഡോറസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

4. യു.എസ്സില്‍ ടെക്‌സാസിലുള്ള ഒരു പട്ടണം എലക്‌ട്രാ എന്ന പേരില്‍ അറിയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍