This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എറിത്രോമൈസിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എറിത്രോമൈസിന്‍
Erythromycine
സ്റ്റ്രപ്‌റ്റൊമൈസസ് എറിത്രിയസ് എന്ന അണുജീവിയുടെ അരിപ്പില്‍ (strain) നിന്ന് ലഭ്യമാക്കാവുന്ന ആന്റിബയോട്ടിക്. 1952-ല്‍ മാക് ഗ്വിറിയും കൂട്ടുകാരും ചേര്‍ന്ന് ഇത് വേര്‍തിരിച്ചെടുത്തു. 1957-ല്‍ വൈലി(Wiley)ഇതിന്റെ രാസരചനയും 1965-ല്‍ ക്ലെമര്‍ ഇതിന്റെ ത്രിവിമ-രസതന്ത്രവും(stereochemistry) വിശദമാക്കി. തന്മാത്രാഫോര്‍മുല: C37 H67 NO13. എറിത്രിയസ് അരിപ്പില്‍ നിന്ന് എറിത്രോമൈസിന്‍ എ-യോടു ഏറെസാദൃശ്യമുള്ള വേറെ രണ്ട് യൗഗികങ്ങള്‍കൂടി വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്: എറിത്രോമൈസിന്‍ ബി, എറിത്രോമൈസിന്‍ സി. ഇവയില്‍ എ. യൗഗികമാണ് പ്രായേണ ചികിത്സാരംഗത്ത് മുഖ്യമായി ഉപയോഗിക്കുന്നത്.
എറിത്രോമൈസിന്‍ എ വെളുത്ത, (ചിലപ്പോള്‍ വെളുപ്പുകലര്‍ന്ന മഞ്ഞനിറമുള്ള) ക്രിസ്റ്റലീയ പദാര്‍ഥമാണ്. കയ്‌പുരുചിയുണ്ടായിരിക്കും. ജലത്തില്‍ അല്‌പലേയം. ആല്‍ ക്കഹോള്‍ മുതലായ ഓര്‍ഗാനിക് ലായകങ്ങളില്‍ നല്ലപോലെ ലയിക്കുന്നു. ബേസിക സ്വഭാവമാണുള്ളത്. അമ്ലമാധ്യത്തില്‍ സ്ഥിരതയില്ല. ആകയാല്‍ ടാബ്‌ലറ്റായി നല്‌കപ്പെടുന്നതിന് എറിത്രോമൈസിന്‍ അതേരൂപത്തില്‍ ഉപയോഗിക്കുന്നത് ആശാസ്യമല്ല; ആമാശയ രസത്തില്‍ അമ്ലാംശമുള്ളതുകൊണ്ട് ഇത് എളുപ്പം വിഘടിക്കും. സക്‌സിനേറ്റ്, പ്രാപിയൊണേറ്റ് മുതലായ ഏതെങ്കിലും ഒരു വ്യുത്‌പന്ന(derivative)ത്തിന്റെ രൂപത്തിലാണ് ഈ ഔഷധം സാധാരണയായി രോഗികള്‍ക്കു നല്‌കപ്പെടുന്നത്. ടാബ്‌ലറ്റിന് ആവരണവും (coating)ഉണ്ടായിരിക്കും. സ്റ്റഫൈലൊകോക്കസ്, ന്യൂമോകോക്കസ്, സ്റ്റ്രപ്‌റ്റൊകോക്കസ് എന്നീ ബാക്‌റ്റീരിയകളുടെ ബാധമൂലമുണ്ടാകുന്ന വൈഷമ്യങ്ങള്‍ക്കു പ്രതിവിധിയായി ഈ ആന്റിബയോട്ടിക്കിന് ചികിത്സാരംഗത്ത് അതിവേഗം പ്രചാരം ലഭിച്ചു. പെനിസിലിന്‍, സ്റ്റ്രപ്‌റ്റൊമൈസിന്‍, ടെറ്റ്രാസൈക്ലിനുകള്‍ എന്നീ ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധശേഷിയുള്ള രോഗാണുക്കളെ നേരിടുന്നതിന് എറിത്രോമൈസിനു പ്രത്യേകമായ കഴിവുണ്ട്. സാധാരണഗതിയില്‍ ടാബ്‌ലറ്റുകളായി വായില്‍ ക്കൂടിയായിട്ടാണ് ഈ ഔഷധം നല്‌കപ്പെടുന്നതെങ്കിലും രോഗം തീക്ഷ്‌ണമോ കൃച്ഛ്രസാധ്യമോ ആണെങ്കില്‍ അന്തഃസിരാകമായും (intravenous); അെന്തഃപേശീയമായും(intramuscular) കുത്തിവയ്‌ക്കുകയും ചെയ്യാം. ഛര്‍ദി, വയറിളക്കം, മഞ്ഞപ്പിത്തം എന്നിങ്ങനെ ചില ദോഷഫലങ്ങള്‍ ഉളവാക്കാന്‍ ഇടയുള്ള ഈ പദാര്‍ഥം വിദഗ്‌ധ വൈദ്യോപദേശമനുസരിച്ചേ ചികിത്സക്കായി ഉപയോഗിക്കാറുള്ളൂ. നോ. ആന്റിബയോട്ടിക്കുകള്‍