This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എരവാലന്മാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എരവാലന്മാര്‍

പാലക്കാട്‌ ജില്ലയിലെ ഒരു ഗിരിവര്‍ഗം. ചിറ്റൂര്‍ താലൂക്കില്‍ മൂലത്തറ വില്ലേജിലെ മലയടിവാരത്തിലുള്ള സര്‍ക്കാര്‍ കോളനിയിലെ അന്തേവാസികളായിക്കഴിയുന്ന ഇക്കൂട്ടര്‍ പണ്ട്‌ നാടോടികളായിരുന്നു. കോയമ്പത്തൂര്‍ ജില്ലയിലും ഈ ഗിരിവര്‍ഗക്കാരെ കാണാം. കേരളത്തിലെ എരവാലന്മാര്‍ 1901-ലാണ്‌ ആദ്യമായി ഔദ്യോഗികശ്രദ്ധയില്‍പ്പെട്ടത്‌. എരവാലന്മാര്‍ പണ്ട്‌ വില്ലുവേടന്മാര്‍ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. സ്‌ത്രീകളെ ഇപ്പോഴും വേടത്തികള്‍ എന്നുതന്നെയാണ്‌ വിളിച്ചുപോരുന്നത്‌. പുരുഷന്മാരെ മൂത്താന്മാര്‍ എന്നു വിളിക്കുന്നു. എരവാലന്മാര്‍ എന്നത്‌ ഇരവന്മാര്‍ അഥവാ എരവന്മാര്‍ (ഇരന്നുകഴിയുന്നവര്‍) എന്നതിന്റെ ദൂഷിതരൂപമാണെന്ന്‌ ഒരു അഭിപ്രായഗതിയുണ്ട്‌. ഈ ഗിരിവര്‍ഗക്കാരില്‍ പലരും മുമ്പ്‌ ഭിക്ഷയാചിച്ച്‌ ഉപജീവനം നടത്തിയിരുന്നു. എരവന്‍ എന്നതിന്‌ ആദിദ്രാവിഡഭാഷകളില്‍ കാര്‍ഷിക അടിയാളര്‍(serf) എന്നായിരുന്നു അര്‍ഥം. ഒരു കാലത്ത്‌ കൃഷിഭൂമിയുമായി ബന്ധം വിച്ഛേദിക്കപ്പെട്ടപ്പോള്‍ കാടുകളില്‍ അഭയം തേടിയതാവാം. കറുത്ത നിറവും ദൃഢപേശിയോടുകൂടിയ ഉടലും മലര്‍ന്ന ചുണ്ടുകളും ചുരുണ്ട മുടിയുമാണ്‌ ഇവരുടെ പ്രത്യേകതകള്‍. സ്‌ത്രീകളെപ്പോലെ പുരുഷന്മാരും മുടി വളര്‍ത്തുകയും തലയുടെ പിന്‍ഭാഗത്ത്‌ കെട്ടിവയ്‌ക്കുകയും ചെയ്യുന്നു. മേല്‍മീശ വയ്‌ക്കുന്നതില്‍ പുരുഷന്മാര്‍ പ്രത്യേകതാത്‌പര്യം കാണിക്കുന്നു. വേടത്തികള്‍ ചേലകള്‍, കര്‍ണാഭരണങ്ങള്‍, മൂക്കുത്തി, വള, കല്ലുമാല, മോതിരം എന്നിവ ധരിക്കുന്നു. മാംസഭുക്കുകളാണെങ്കിലും ഇക്കൂട്ടര്‍ മാട്ടിറച്ചി ഭക്ഷിക്കാറില്ല. പ്രാകൃതമായ തമിഴിലാണ്‌ ഇവര്‍ ആശയവിനിമയം നടത്തുന്നത്‌. ചിലര്‍ക്ക്‌ മലയാളവും അറിയാം.

ഈശ്വരാവതാരങ്ങളുടെ സന്തതിപരമ്പരകളാണ്‌ തങ്ങളെന്ന്‌ എരവാലന്മാര്‍ വിശ്വസിക്കുന്നു. പണ്ടുകാലത്ത്‌ അവര്‍ക്കിടയില്‍ കുലങ്ങളും ഉണ്ടായിരുന്നതായി നരവംശശാസ്‌ത്രജ്ഞന്മാര്‍ ഊഹിക്കുന്നു. പല നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ കേരളത്തില്‍ എത്തിച്ചേര്‍ന്ന അപരിഷ്‌കൃതരായ ദ്രാവിഡരാണിവര്‍. ഇവരുടെ സദാചാരബോധം എക്കാലത്തും മികച്ചതായിരുന്നു. അസന്മാര്‍ഗികളായ സ്‌ത്രീകള്‍ക്ക്‌ വധശിക്ഷ നല്‌കപ്പെട്ടിരുന്ന പൂര്‍വപാരമ്പര്യത്തില്‍ ഇപ്പോഴും അവര്‍ ഊറ്റംകൊള്ളുന്നു. ശിക്ഷാക്രമം ഇപ്പോള്‍ സാമൂഹിക ബഹിഷ്‌കരണമാണ്‌. ബഹിഷ്‌കൃതകളായ വേടത്തികള്‍ ഹരിജനങ്ങളുടെ ഭാര്യമാരോ വെപ്പാട്ടികളോ ആയിത്തീരുന്നു.

കുടുംബനാഥന്‍ പിതാവാണ്‌. കുട്ടികളുടെ സംരക്ഷണം അയാളുടെ കര്‍ത്തവ്യമാണ്‌. പുത്രന്മാര്‍ക്ക്‌ കൃഷിയിലും മറ്റു തൊഴിലുകളിലും പരിശീലനം നല്‌കുന്നു. സ്‌ത്രീപുരുഷ സമത്വം സമൂഹത്തിലെ ഒരു യാഥാര്‍ഥ്യമാണ്‌. അവര്‍ ഒരുമിച്ച്‌ അധ്വാനിക്കുന്നു. എന്നാല്‍ മതകര്‍മങ്ങള്‍ അനുഷ്‌ഠിക്കാന്‍ സ്‌ത്രീകളെ അനുവദിക്കുന്നില്ല. വിവാഹത്തിനുശേഷം ഭാര്യയുടെ സ്വത്ത്‌ ഭര്‍ത്താവിന്റേതായിത്തീരുന്നു. എന്നാല്‍ ജംഗമസാധനങ്ങളുടെയും കന്നുകാലികളുടെയും അര്‍ധാവകാശം ഭാര്യയില്‍ത്തന്നെ നിക്ഷിപ്‌തമാണ്‌. വിവാഹമോചനത്തിനു ഭര്‍ത്താവാണ്‌ മുന്‍കൈ എടുക്കുന്നതെങ്കില്‍ ഭാര്യയുടെ സ്വത്തുക്കള്‍ തിരിച്ചുനല്‌കണം. ഭാര്യയുടെ നിര്‍ബന്ധംമൂലമാണ്‌ വിവാഹമോചനമെങ്കില്‍ ഭര്‍ത്താവിന്‌ പെണ്‍പണം തിരിച്ചുകൊടുക്കണം.

എരവാലന്മാര്‍ ചാളകളില്‍ താമസിക്കുന്നു. മുളകൊണ്ടുണ്ടാക്കിയ ചാളകള്‍ പനയോലകൊണ്ടു മേയുന്നു. ഒരു കുടിലിന്‌ ശരാശരി 5 മീ. നീളവും 2 മീ. വീതിയുംകാണും. അടുക്കളയും കിടപ്പുമുറിയും, ചില കുടിലുകളോടു ചേര്‍ന്ന്‌ ചായ്‌പുകളുമുണ്ടായിരിക്കും. കന്നുകാലിത്തൊഴുത്തായി ഈ ചായ്‌പുകള്‍ ഉപയോഗിക്കുന്നു. മിക്കവാറും കുടുംബങ്ങള്‍ക്ക്‌ "മറ്റു ചാളകള്‍' ഉണ്ട്‌. അശുദ്ധകാലങ്ങളില്‍ സ്‌ത്രീകളെ മാറ്റിപ്പാര്‍പ്പിക്കുവാനുള്ള കുടിലുകളാണിവ. ആധുനിക എരവാലന്മാര്‍ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളുമാണ്‌. ചിലര്‍ക്കെല്ലാം സ്വന്തമായി കൃഷിഭൂമുയുണ്ട്‌. വേട്ടയാടല്‍ മിക്കവാറും അവസാനപ്പിച്ചതായി കരുതേണ്ടിയിരിക്കുന്നു.

ജഡാത്മവാദം എരവാലന്മാര്‍ക്കിടയില്‍ ഇന്നും നിലനില്‌ക്കുന്നു. ഗണദേവതകളായി വൃക്ഷങ്ങള്‍, മൃഗങ്ങള്‍, ശിലകള്‍ എന്നിവയെ ആരാധിക്കുന്നു. പരിസരമാകെ ഭൂതപ്രതങ്ങള്‍ നിറഞ്ഞതാണെന്ന വിശ്വാസം പുലര്‍ത്തിപ്പോരുന്നുണ്ട്‌. തന്നിമിത്തം മന്ത്രവാദം, ജ്യോതിഷം എന്നിവയില്‍ അവര്‍ക്കു കടുത്ത വിശ്വാസമാണ്‌. ഹിന്ദുക്കളായി കണക്കാക്കപ്പെടാന്‍ ഇവര്‍ ആഗ്രഹിക്കുന്നു; ഹിന്ദുനാമങ്ങളാണ്‌ ഇവരുടേത്‌.

കാളി, കറുപ്പുരായന്‍, കന്നിമാര്‍, വല്യമൂര്‍ത്തി (സുബ്രഹ്മണ്യന്‍), മുനി എന്നീ ദൈവങ്ങളെ ആരാധിക്കുന്നു. ആത്മാവ്‌ മരണാനന്തരവും നിലനില്‌ക്കുന്നതായി വിശ്വസിക്കുന്നു. അതിനാല്‍ പരേതാന്മാവിനു വേണ്ടി അവര്‍ ക്രിയകള്‍ നടത്തുക പതിവാണ്‌. ഓണം, വിഷു, മാട്ടുപ്പൊങ്കല്‍ എന്നീ ഉത്സവങ്ങള്‍ ആഘോഷിക്കുന്നു. സ്വന്തമായ നാടന്‍പാട്ടുകള്‍ ഇവര്‍ക്കുണ്ട്‌.

മൂപ്പന്‍ സമ്പ്രദായം ഇപ്പോഴില്ല. മൂപ്പന്റെ സ്ഥാനം ഇപ്പോള്‍ പൂജാരിക്കാണ്‌. മിക്ക ചേരികളിലും പൂജാരിമാരുണ്ട്‌. പൂജാരിയെ എല്ലാവരും ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നു.

ഋതുവായതിനുശേഷമാണ്‌ വിവാഹം എന്നതാണ്‌ പൊതുതത്ത്വം. വധൂഗൃഹത്തില്‍വച്ചാണ്‌ വിവാഹം നടത്തുക. വിവാഹം വധൂവരന്മാരുടെ മാതാപിതാക്കള്‍ ആലോചിച്ചുറപ്പിക്കുകയാണ്‌ പതിവ്‌. മുറപ്പെണ്ണിനെ കല്യാണം കഴിക്കുകയെന്നത്‌ നിഷിദ്ധമാണ്‌. വധുവിനെ വിലയ്‌ക്കുവാങ്ങുന്ന സമ്പ്രദായത്തിനും പ്രചാരമുണ്ട്‌. വധൂവരന്മാര്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുക, പരസ്‌പരം വാരിക്കൊടുക്കുക, വെറ്റിലപാക്കു കൈമാറുക എന്നിവയാണ്‌ പ്രധാനചടങ്ങുകള്‍. താലികെട്ട്‌ പതിവില്ല. ഋതുവാകുന്നതിനുമുമ്പും വിവാഹം അനുവദനീയമാണ്‌. എന്നാല്‍ വധു പ്രായമാകുന്നതുവരെ ഭര്‍ത്താവിന്റെ കൂടെ താമസിക്കുവാന്‍ പാടില്ല. ബഹുഭാര്യാത്വം അങ്ങിങ്ങായി നിലവിലുണ്ട്‌. എന്നാല്‍ ബഹുഭര്‍ത്തൃത്വം ഇല്ലതന്നെ. ഭര്‍ത്താവിനു യുക്തമെന്നു തോന്നുമ്പോള്‍ വിവാഹമോചനം നടത്താം. പുനര്‍വിവാഹം അനുവദനീയമാണ്‌. എന്നാല്‍ വിധവയ്‌ക്ക്‌ വിഭാര്യനെയും വിഭാര്യന്‌ വിധവയെയും മാത്രമേ വിവാഹം ചെയ്യുവാന്‍ പാടുള്ളു. വിധവയെ വിവാഹം കഴിക്കുന്നവര്‍ ആദ്യസന്താനങ്ങളെ സംരക്ഷിച്ചുകൊള്ളാമെന്ന്‌ പരസ്യമായി സത്യപ്രതിജ്ഞ ചെയ്യണം. ആദ്യം ഋതുവാകുമ്പോഴും പ്രസവകാലത്തും 15 ദിവസത്തെ പുല ആചരിക്കും.

മരണത്തിനു പരമാവധി പ്രാധാന്യം നല്‌കുന്നു. ശവം കുളിപ്പിച്ച്‌, തൈലലേപനം ചെയ്‌ത്‌, കോടി വസ്‌ത്രത്തില്‍ പൊതിഞ്ഞ്‌, ശ്‌മശാനത്തിലേക്കു വിലാപയാത്രയായി കൊണ്ടുപോകുന്നു. ശവത്തിന്റെ തല തെക്കോട്ടായിരിക്കത്തക്ക രീതിയില്‍ മറവുചെയ്യുന്നു. 5 ദിവസത്തെ പുല ആചരിക്കുന്നു. 5-ാം ദിവസം പുലകുളിയും സദ്യയും നടത്തുന്നു. ആണ്ടുബലി സാധാരണയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍