This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എരണ്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എരണ്ട

Teal

അന്‍സരിഫോര്‍മിസ്‌ വര്‍ഗത്തിലെ ആന്‍സരിഡേ കുടുംബത്തില്‍പ്പെട്ട ഒരു പക്ഷി. താറാവുകളും അരയന്നങ്ങളും ഉള്‍ക്കൊള്ളുന്ന കുടുംബത്തിലെ ഒരംഗമാണിത്‌. നെറ്റോപ്പസ്‌ (Nettopus)എന്ന ശാസ്‌ത്രനാമത്തിലാണ്‌ ഇന്ത്യന്‍ എരണ്ട അറിയപ്പെടുന്നത്‌. വിവിധതരം ഭക്ഷണം അകത്താക്കാന്‍ പറ്റിയ വീതിയുള്ള പരന്ന ചുണ്ടാണിതിനുള്ളത്‌. കാലിലെ മൂന്ന്‌ മുന്‍വിരലുകള്‍ ചര്‍മപടലംകൊണ്ട്‌ പരസ്‌പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. നാക്ക്‌ തടിച്ചതും മാംസളവുമാണ്‌. പുറത്തേക്കു വലിയുന്ന ഒരു ശിശ്‌നം എരണ്ടകളുടെ ഒരു പ്രത്യേകതയാണ്‌.

അനാസ്‌ ക്രക്ക എന്ന എരണ്ട

വേഗത്തില്‍ പറക്കാന്‍ കഴിവുള്ള ഈ പക്ഷി ഒരു മുങ്ങല്‍ വിദഗ്‌ധന്‍ കൂടിയാണ്‌. പ്രതികൂല കാലാവസ്ഥകളില്‍ ഇര തേടാനും ഇണ ചേരാനും വേണ്ടി അവ ബഹുദൂരം കൂട്ടമായി ദേശാടനം നടത്തുന്നു. ചില പ്രത്യേക കാലങ്ങളില്‍ കേരളത്തിലെ കുട്ടനാടന്‍ പാടശേഖരങ്ങളിലും ഉള്‍നാടന്‍ ജലാശയങ്ങളിലും എരണ്ടകള്‍ സംഘമായി വന്നണയുന്നു. വലിയ ചങ്ങാടം പോലെ അവ ജലോപരിതലത്ത്‌ പൊങ്ങിക്കിടന്ന്‌ ആഹാരസമ്പാദനം നടത്തുന്നു. യൂറോപ്പില്‍നിന്ന്‌ കാലാകാലങ്ങളില്‍ നമ്മുടെ നാട്ടില്‍ വന്നണയുന്ന അനാസ്‌ ക്രക്ക എന്ന എരണ്ട താരതമ്യേന ചെറുതാണ്‌. തലമുതല്‍ വാലുവരെയുള്ള മൊത്തം വലുപ്പം ശരാശരി 38 സെ.മീ. ആണ്‌. ആണിനും പെണ്ണിനും തമ്മില്‍ പ്രകടമായ വര്‍ണ വ്യത്യാസമുണ്ട്‌. ആണ്‍പക്ഷിക്ക്‌ ചാരനിറവും പെണ്ണിന്‌ പൊട്ടോടു കൂടിയ തവിട്ടുനിറവുമാണുള്ളത്‌. ആണിന്റെ കണ്ണിനു ചുറ്റും ഒരു കറുത്ത വരയുണ്ട്‌. ആണ്‍പക്ഷിയുടെ ചിറകിന്റെ തൂവലുകള്‍ക്ക്‌ കറുപ്പും വെളുപ്പും ഇടകലര്‍ന്ന വരകളുണ്ട്‌; ചുണ്ടിന്‌ കറുപ്പുനിറവും.

എരണ്ടകളുടെ മുഖ്യമായ ഭക്ഷണം ആഴം കുറഞ്ഞ ശുദ്ധജലാശയങ്ങളില്‍ വളരുന്ന ചെടികളാണ്‌ (ലെമ്‌ന). ചിറകുകള്‍ വിടര്‍ത്തി തല വെള്ളത്തിനടിയിലേക്കു മുക്കി ആഹാരം തേടുന്ന എരണ്ടകളുടെ ദൃശ്യം മനോഹരമായ ഒരു കാഴ്‌ചയാണ്‌. വെള്ളത്തിലൂടെ വേഗത്തില്‍ നീന്തിയും ചിറകുകളടിച്ച്‌ ശബ്‌ദമുണ്ടാക്കി ചാടിയും അവ ഇരതേടുന്നു. ചിലപ്പോള്‍ കടല്‍ത്തീരങ്ങളിലും അവയെ കാണാം. ഷഡ്‌പദങ്ങളും ധാന്യമണികളും ആഹരിച്ച്‌ തീരപ്രദേശങ്ങളില്‍ അവ കഴിഞ്ഞുകൂടുന്നതായും കാണാറുണ്ട്‌.

ജലാശയങ്ങള്‍ക്കു സമീപമുള്ള കരയോര പ്രദേശങ്ങളില്‍ എരണ്ടകള്‍ കൂടുവയ്‌ക്കുന്നു. അതിനുവേണ്ടി പുല്ലുകളും തൂവലുകളുമാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. കുട്ടയുടെ ആകൃതിയിലുള്ള കൂടു നിര്‍മിക്കുന്നത്‌ പെണ്‍പക്ഷികളാണ്‌. പെണ്‍പക്ഷി വര്‍ഷത്തില്‍ 5 മുതല്‍ 16 മുട്ടകള്‍വരെ കൂട്ടിനുള്ളില്‍ നിക്ഷേപിക്കും. അടയിരിക്കുന്നത്‌ പെണ്‍പക്ഷിയാണ്‌. മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്തുവരാന്‍ 21 മുതല്‍ 35 വരെ ദിവസങ്ങള്‍ വേണ്ടിവരും. എരണ്ടകളുടെ ഇണചേരല്‍ സ്വഭാവവും ശിശു സംരക്ഷണവും വൈചിത്യ്രമുള്ള പ്രതിഭാസങ്ങളാണ്‌. മുട്ടവിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്തുവരാന്‍ സമയമാകുന്നതോടുകൂടി പെണ്‍പക്ഷി ഒരു പ്രത്യേകതരം ശബ്‌ദം (കൂക്കിങ്‌) പുറപ്പെടുവിക്കുന്നു. കൂടുവിട്ടു പുറത്തുവരാന്‍ കുഞ്ഞുങ്ങളെ പ്രരിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുകയെന്നുള്ളതാണ്‌ ഈ ശബ്‌ദത്തിന്റെ ലക്ഷ്യം.

ഉത്തരാര്‍ധഗോളത്തിലെമ്പാടും എരണ്ടകളെ സുലഭമായി കാണാം. ചതുപ്പുപ്രദേശങ്ങളിലും നദികളിലും കായലുകളിലും ശുദ്ധജലതാടകങ്ങളിലുമൊക്കെ അവയെ കാണാം. യൂറോപ്യന്‍ എരണ്ടകള്‍ ബ്രിട്ടന്‍ മുതല്‍ ജപ്പാന്‍വരെ വ്യാപിച്ചിരിക്കുന്നു. വടക്കേ അമേരിക്കയില്‍ മൂന്ന്‌ സ്‌പീഷീസ്‌ എരണ്ടകളുണ്ട്‌; പച്ചനിറമുള്ള തൂവലുള്ള ചിറകുകളോടുകൂടിയ അനാസ്‌ സി. കരോളിനെന്‍ സിസ, നീല നിറമുള്ള ചിറകുകളോടുകൂടിയ അനാസ്‌ഡി കോര്‍സ്‌, കൂടാതെ അനാസ്‌ പ്‌ളാറ്റിറിങ്കോസ്‌. അവസാനത്തേത്‌ വടക്കേ അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും കണ്ടുവരുന്നു. ഉത്തരപസിഫിക്കിലുള്ള അലൂഷ്യാ ഉള്‍നാടുകളില്‍ അനാസി നിമിയാ എന്നറിയപ്പെടുന്ന മറ്റൊരു സ്‌പീഷീസുണ്ട്‌. ഉത്തര പൂര്‍വേഷ്യയില്‍ അനാസ്‌ പെര്‍മോസാ, അനാസ്‌ ഫല്‍ക്കേറ്റാ എന്നിങ്ങനെ രണ്ട്‌ സ്‌പീഷീസ്‌ എരണ്ടകളുമുണ്ട്‌. വസന്തകാലത്ത്‌ അമേരിക്കന്‍ എരണ്ടകള്‍ കരീബിയന്‍ പ്രദേശത്തേക്ക്‌ കൂട്ടമായി ദേശാടനം നടത്തുന്നു. ഇന്ത്യന്‍ എരണ്ടകളുടെ ജീവശാസ്‌ത്രത്തെക്കുറിച്ചോ ദേശാടനത്തെക്കുറിച്ചോ കാര്യമായി അറിവൊന്നുമില്ല.

(എം. സ്റ്റീഫന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍