This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എയ്‌റ്റിയസ്‌ (396-454)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എയ്‌റ്റിയസ്‌ (396-454)

Aetius

റോമന്‍ രാഷ്‌ട്രതന്ത്രജ്ഞന്‍. എ.ഡി. നാലാം ശതകത്തിന്റെ അന്ത്യത്തില്‍ (396) ഡുറോസ്റ്റോറത്തില്‍ (റുമേനിയയിലെ സിലിസ്‌ട്ര) ജനിച്ചു. കാലാള്‍പ്പടയുടെ നേതാവായിരുന്ന ഗാഡെന്റിയസ്സിന്റെ പുത്രനായിരുന്നു ഇദ്ദേഹം. കൗമാരപ്രായത്തില്‍ വിസിഗോത്തുകളുടെ നേതാവായ അലാറിക്കിന്റെ സൗഹൃദത്തിലും പിന്നീട്‌ ഹൂണരുടെ കൂട്ടത്തിലും കഴിഞ്ഞു. 423-25 കാലത്ത്‌ ഇറ്റലിയിലെ ഭരണാധികാരം കൈയടക്കുവാന്‍ ജോണ്‍ നടത്തിയ ശ്രമങ്ങള്‍ക്ക്‌ എയ്‌റ്റിയസ്‌ പിന്തുണ നല്‌കി. ഗാളില്‍ വിസിഗോത്തുകള്‍ക്കെതിരെയും ഫ്രാങ്കുകള്‍ക്കെതിരെയും യുദ്ധം ചെയ്‌തു ജയിച്ചതോടെ എയ്‌റ്റിയസ്‌ 430-ല്‍ നേതാവാക്കപ്പെട്ടു.

പ്രതിയോഗിയായിരുന്ന ബോണിഫാഷ്യസ്‌ 432-ല്‍ നിര്യാതനായതിനെത്തുടര്‍ന്ന്‌ യുവരാജാവായ വാലെന്റിനിയന്‍ കകക-ന്റെ മേല്‍ ശക്തമായ സ്വാധീനത ചെലുത്തുകയും തുടര്‍ന്ന്‌ മരണം വരെ പശ്ചിമറോമാസാമ്രാജ്യത്തിലെ ഏറ്റവും മികച്ച നേതാവായി വര്‍ത്തിക്കുകയും ചെയ്‌തു. 432, 437, 446 എന്നീ വര്‍ഷങ്ങളില്‍ ഏറ്റവും ഉന്നത സ്ഥാനമായ കോണ്‍സല്‍പദം അലങ്കരിച്ചു. 433-ല്‍ പെട്രീഷ്യന്‍ പദവി ലഭിച്ചശേഷം തുടര്‍ച്ചയായി വിപ്ലവകാരികളെയും മറ്റും തുരത്തുന്ന ശ്രമത്തില്‍ ഏര്‍പ്പെട്ടു. 435-37-ല്‍ വിപ്ലവം സംഘടിപ്പിച്ച അര്‍മോറിക്കാരെ തുരത്തിയത്‌ എയിറ്റിയസ്സിന്റെ ജനറലായ ലിട്ടൊറിയസ്‌ ആണ്‌. ഈ കാലഘട്ടത്തില്‍ത്തന്നെ ഹൂണരുടെ സഹായത്തോടെ ഇദ്ദേഹം വോമ്‌സില്‍വച്ചുള്ള യുദ്ധത്തില്‍ ബര്‍ഗണ്ടിയരെയും വകവരുത്തി. 437-39-ല്‍ ലിട്ടൊറിയസ്‌ നിര്യാതനായെങ്കിലും ടൂലൂസിലെ വിസിഗോത്തുകളെ നിയന്ത്രിക്കുന്നതിന്‌ എയ്‌റ്റിയസ്സിനു കഴിഞ്ഞു. 443-ല്‍ അവശേഷിച്ചിരുന്ന ബര്‍ഗണ്ടിയരെ ഇദ്ദേഹം വോമ്‌സ്സില്‍ നിന്ന്‌ സവോയിയിലേക്കു മാറ്റി. 451-ല്‍ വിസിഗോത്തുകളുമായിച്ചേര്‍ന്ന്‌ കാറ്റലോണിയന്‍ താഴ്‌വരകളില്‍ വച്ച്‌ അറ്റിലയെയും ഹൂണരെയും ഇദ്ദേഹം തോല്‌പിച്ചു. അടുത്തവര്‍ഷം ഇറ്റലിക്കെതിരായി അറ്റില നടത്തിയ യുദ്ധത്തില്‍ എയ്‌റ്റിയസ്സിന്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 454 സെപ്‌. 21-ന്‌ പിന്നീട്‌ ചക്രവര്‍ത്തിയായിത്തീര്‍ന്ന പെട്രാണിയസ്‌ മാക്‌സിമസ്സിന്റെ പ്രരണയുടെ ഫലമായി എയ്‌റ്റിയസ്‌ വധിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍