This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എയ്‌റോ ന്യൂറോസിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എയ്‌റോ ന്യൂറോസിസ്‌

Aeroneurosis

വിമാനയാത്രക്കാരില്‍ കണ്ടുവരുന്ന ഒരുതരം ഞരമ്പുരോഗം(neurosis). ഇതു ബാധിച്ച വ്യക്തികള്‍ അതീവ ഉത്‌കണ്‌ഠാകുലരായി കാണപ്പെടുന്നു. സംഭവിച്ചേക്കാവുന്ന വിമാനാപകടത്തെക്കുറിച്ചുള്ള ഭയവും സുരക്ഷിതത്വത്തെക്കുറിച്ചുള്ള ചിന്തയുമാണ്‌ ഉത്‌കണ്‌ഠയ്‌ക്കു മൂലകാരണം. രോഗബാധിതരില്‍ മിക്കവര്‍ക്കും ഇത്‌ വ്യക്തമായി അറിയാമെങ്കിലും ചുരുക്കം ചിലര്‍ ഉത്‌കണ്‌ഠയുടെ മൂലകാരണത്തെക്കുറിച്ച്‌ അറിവില്ലാത്തവരും യാത്രയെക്കുറിച്ച്‌ ഭയമുള്ളതായി സമ്മതിക്കാത്തവരുമാണ്‌. 1919-ല്‍ ആന്‍ഡേഴ്‌സണ്‍ ആണ്‌ എയറോന്യൂറോസിസ്‌ എന്ന പദം ആദ്യമായി ഉപയോഗിച്ചത്‌. ഒന്നാംലോകയുദ്ധത്തില്‍ ചില പൈലറ്റുമാര്‍ വിമാനം പറപ്പിക്കാന്‍ ഭയം പ്രകടിപ്പിച്ചപ്പോഴാണ്‌ ഈ സംജ്ഞ ഉപയോഗത്തില്‍ വന്നത്‌. വിമാനം അപകടത്തില്‍പ്പെട്ടു എന്ന ആശങ്കയായിരുന്നു പൈലറ്റുമാരുടെ ഈ ഭയജന്യരോഗത്തിനു കാരണം. ചില വ്യക്തികളില്‍ യാത്ര നിശ്ചയിക്കുമ്പോള്‍ മുതല്‍ യാത്രതീര്‍ന്ന്‌ സ്വല്‌പം സമയം കഴിയുംവരെ ഇതുനീണ്ടുനില്‌ക്കുമ്പോള്‍, മറ്റു ചിലരില്‍ വിമാനത്തില്‍ പറക്കുന്ന സമയത്തുമാത്രമേ ഇതു കണ്ടുവരാറുള്ളൂ. പതിവിലേറെ സംസാരിക്കുക, പതിവില്ലാത്തവിധം മൗനം ദീക്ഷിക്കുക, ചെറിയതോതില്‍ കൈകാല്‍ വിറയ്‌ക്കുക, വയറു കാളുക, മലമൂത്രവിസര്‍ജനം ചെയ്യണമെന്നു തോന്നുക, മുഖം വിളറുക, വിയര്‍ക്കുക മുതലായ ഭയത്തിന്റെ എല്ലാ ലക്ഷണങ്ങളും നേരിയതോതില്‍ രോഗി പ്രദര്‍ശിപ്പിക്കും. ഒരു മനോരോഗവിദഗ്‌ധന്റെ ചികിത്സയ്‌ക്കു വിധേയമാകത്തക്കവണ്ണം കാഠിന്യമേറിയതോ ഗൗരവമേറിയതോ ആയ ഒരു രോഗമല്ലയിത്‌. വെറുമൊരു മാനസിക വിഭ്രാന്തിയുടെ പ്രകടനം മാത്രമാണിത്‌. താരതമ്യേന വിമാനയാത്രാപരിചയം കുറഞ്ഞ യാത്രക്കാരിലാണ്‌ ഈ അവസ്ഥ കണ്ടുവരാറുള്ളത്‌. എങ്കിലും പരിചയസമ്പന്നരായ ചില യാത്രക്കാര്‍ ഓരോ യാത്രയിലും ഇതിന്റെ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ അവരില്‍ ഇത്‌ ഒരു അനുബന്ധിത പ്രതികരണമല്ലേ (conditioned response) എന്നു മനഃശാസ്‌ത്രജ്ഞന്മാര്‍ സംശയിച്ചുപോകുന്നു. നോ. ന്യൂറോസിസ്‌

(ഡോ. കെ. ദേവദാസന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍