This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എമ്പ്രാന്തിരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എമ്പ്രാന്തിരി

കര്‍ണാടകസംസ്ഥാനത്തിലെ മംഗലാപുരം, ഗോകര്‍ണം, ഉഡുപ്പി തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട തുളുനാട്ടില്‍നിന്നു കേരളത്തില്‍ കുടിയേറിപ്പാര്‍ത്ത ബ്രാഹ്മണവംശജരെ എമ്പ്രാന്മാര്‍ എന്നു പറഞ്ഞുവരുന്നു; എമ്പ്രാന്‍ എന്ന പദത്തിന്റെ പൂജകരൂപമാണ്‌ എമ്പ്രാന്തിരി. ക്ഷേത്രങ്ങളിലെ പൂജാദികാര്യങ്ങളിലാണ്‌ ഇവര്‍ ആദ്യകാലം മുഴുകിയിരുന്നത്‌. പ്രസിദ്ധമായ തിരുവനന്തപുരം പദ്‌മനാഭസ്വാമിക്ഷേത്രം, ഹരിപ്പാട്‌ സുബ്രഹ്മണ്യക്ഷേത്രം തുടങ്ങിയ ചില ദേവാലയങ്ങളില്‍ മേ(ല്‍)ശാന്തിമാരായി എമ്പ്രാന്തിരിമാരെ മാത്രമേ നിയമിക്കാവൂ എന്നൊരു കീഴ്‌വഴക്കം തന്നെയുണ്ട്‌. "വടക്കു മുപ്പത്തിരണ്ട്‌ ഗ്രാമക്കാരെ എമ്പ്രാന്തിരിമാരെന്നും തെക്കു മുപ്പത്തിരണ്ട്‌ ഗ്രാമക്കാരെ നമ്പൂതിരിമാരെന്നും സാധാരണ പറഞ്ഞുവരുന്നു; ഈ രണ്ടുവര്‍ഗക്കാരും കേരളബ്രാഹ്മണരാണെങ്കിലും അവരുടെ ആചാരങ്ങള്‍ക്ക്‌ പരസ്‌പരം വളരെ വ്യത്യാസമുണ്ട്‌. എമ്പ്രാന്തിരിമാരുടെ ആചാരങ്ങള്‍ക്കു പരദേശബ്രാഹ്മണരുടെ ആചാരങ്ങളില്‍നിന്നും അധികമൊന്നും ഭേദവുമില്ല' എന്നു പാറയില്‍ രാമന്‍നമ്പൂതിരി രചിച്ച നമ്പൂതിരിമാരുടെ ചരിത്രം എന്ന കൃതിയില്‍ (1916) കാണുന്നു; എന്നാല്‍ ഇവരില്‍ പലരും ദ്രാവിഡ ബ്രാഹ്മണരില്‍നിന്നും വ്യത്യസ്‌തമായി പിന്‍കുടുമ മാറ്റി മുന്‍കുടുമയാക്കുകയും കേരളീയാചാരങ്ങള്‍ പലതും സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. പക്ഷേ, യാഥാസ്ഥിതികസ്‌ത്രീകള്‍ വര്‍ണപ്പകിട്ടുള്ള ചേലകള്‍തന്നെയാണു ധരിക്കുന്നത്‌.

ഹോട്ടല്‍വ്യവസായം ഈ സമുദായത്തിന്റെ ഒരു മുഖ്യതൊഴിലാണ്‌. ഔദ്യോഗികരംഗത്തും ഉന്നതനിലകളിലെത്തിയ നിരവധി പേരുണ്ട്‌. "പോറ്റി' എന്ന ജാതി സംജ്ഞയും ഇവര്‍ ഉപയോഗിച്ചുവരുന്നു; സാധാരണ വ്യവഹാരത്തില്‍ ഇവരെ "മാണി', "മാണിപ്പോറ്റി' എന്നെല്ലാം പറയാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍