This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എമെറ്റിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എമെറ്റിന്‍

Emetine

ഇപ്പിക്കാ (Ipeca cuanha) എന്ന ചെടിയില്‍ അടങ്ങിയിട്ടുള്ള ഒരു ആല്‍ക്കലോയ്‌ഡ്‌. തന്മാത്രാഫോര്‍മുല: C29H40O4N2 വെളുത്തപൊടി. ദ്ര.അ. 74ºC. പ്രകാശം തട്ടിയാല്‍ കറുക്കും. ജലത്തില്‍ അല്‌പലേയം. ആല്‍ക്കഹോള്‍, ഈഥര്‍ എന്നിവയില്‍ നല്ലതുപോലെ അലിയും. ഉഷ്‌ണമേഖലീയ (tropical) ഔഷധങ്ങളുടെ പിതാവ്‌ എന്നു വിഖ്യാതനായ പിസൊ ആണ്‌ 1647-ല്‍ ഇപ്പിക്കാച്ചെടിയുടെ തൊലി അതിസാരചികിത്സയ്‌ക്ക്‌ ആദ്യമായി ഉപയോഗിച്ചത്‌. 1817-ല്‍ ഈ ചെടിയില്‍നിന്ന്‌ എമെറ്റിന്‍ വേര്‍തിരിച്ചെടുക്കപ്പെട്ടു. കൊല്‍ക്കത്തയില്‍വച്ച്‌ റോജേഴ്‌സ്‌ എന്ന ഡോക്‌ടറാണ്‌ 1912-ല്‍ ഈ പദാര്‍ഥത്തെ അമീബിക്‌ അതിസാരത്തിനു പ്രതിവിധിയായി ആദ്യം പ്രയോഗിച്ചത്‌. തീക്ഷ്‌ണമായ അതിസാരത്തിനും അമീബിക്‌ വിദ്രധികള്‍ക്കും (amoebic abcess)ഇത്‌ ഔഷധമാണ്‌. അധസ്‌ത്വചീയമായും (subcutaneous) അന്തഃപേശീയമായും (intra muscular) ആണു സാമാന്യമായി ഇത്‌ (എമെറ്റിന്‍ ഹൈഡ്രാക്ലോറൈഡ്‌ രൂപത്തില്‍) നല്‌കപ്പെടുന്നത്‌. നല്ല കയ്‌പുള്ളതുകൊണ്ടും വമനകാരിയായതുകൊണ്ടും വായില്‍ക്കൂടി (orally)) നല്‌കുന്നത്‌ എമെറ്റിന്‍ ബിസ്‌മഥ്‌ അയഡൈഡ്‌ കാപ്‌സ്യൂളുകളായിട്ടാണ്‌.

കഫനിഷ്‌കാസനം (expectorant)ആേയും അതിസ്വേദകം (diaphoretic)ആയും പ്രവര്‍ത്തിക്കുന്ന വിധത്തിലുള്ള എമെറ്റിന്‍ ഔഷധയോഗങ്ങളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌. തേള്‍ കുത്തിയസ്ഥാനത്ത്‌ എമെറ്റിന്‍ കടത്തിവിടുന്നത്‌ ഫലപ്രദമായ ഒരു പ്രതിവിധിയാണ്‌. അധികം എമെറ്റിന്‍ നല്‌കിയാല്‍ മാംസപേശികള്‍ക്കുവേദന, വയറ്റിളക്കം, ഛര്‍ദി മുതലായവയുണ്ടാകും; ഹൃദയത്തിനും ദോഷകരമാണ്‌. എമെറ്റിന്‍ അധികം നല്‌കുന്നതുനിമിത്തമുണ്ടാകുന്ന ദോഷങ്ങള്‍ക്ക്‌ എമെറ്റിസം എന്നു പറഞ്ഞുവരുന്നു. എമെറ്റിന്‍ വന്‍തോതില്‍ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌ ഇപ്പിക്കാച്ചെടിയുടെ വേരില്‍നിന്നാണ്‌. ഡിഹൈഡ്രാ എമെറ്റിന്‍ രൂപത്തില്‍ ധാരാളമായി സംശ്ലേഷിക്കപ്പെടുന്നുമുണ്ട്‌. ഈ സംശ്ലിഷ്‌ടരൂപത്തിനു പ്രകൃതിയില്‍നിന്നു ലഭിക്കുന്ന എമെറ്റിനെക്കാള്‍ ചികിത്സാരംഗത്തു കൂടുതല്‍ പ്രചാരമുണ്ട്‌. നോ. ആല്‍ക്കലോയ്‌ഡുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍