This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എമെറ്റിക്‌ ഔഷധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എമെറ്റിക്‌ ഔഷധങ്ങള്‍

Emetic Medicines

ഛര്‍ദിപ്പിക്കുന്ന ഔഷധവസ്‌തുക്കള്‍. പല സന്ദര്‍ഭങ്ങളിലും ഛര്‍ദിപ്പിക്കേണ്ടുന്ന ആവശ്യം നേരിടാറുണ്ട്‌. വിഷവസ്‌തുക്കള്‍, മത്സ്യത്തിന്റെ മുള്ള്‌, ഫലബീജങ്ങള്‍, നാണയങ്ങള്‍ മുതലായവ അറിഞ്ഞോ അറിയാതെയോ വയറ്റില്‍ കടന്നുകൂടിയാല്‍ അവയെ ഛര്‍ദിപ്പിക്കുകയാണ്‌ എളുപ്പത്തില്‍ ചെയ്യാവുന്ന പ്രതിവിധി. ബ്രാങ്കൈറ്റിസ്‌ പിടിപെട്ടവര്‍ക്ക്‌ ഛര്‍ദിപ്പിക്കല്‍ ആശ്വാസകരമായ ഒരു നടപടിയായിരിക്കും; ശ്വസനികളില്‍ തിങ്ങിക്കൂടിയ സ്രാവങ്ങളെ(secretions)ചിലപ്പോള്‍ ഛര്‍ദികൊണ്ടേ പുറത്തേക്കുകളയുവാന്‍ സാധിക്കുകയുള്ളൂ. കറിയുപ്പ്‌, കോപ്പര്‍സള്‍ഫേറ്റ്‌ (മയില്‍ത്തുത്ത), സിങ്ക്‌ സള്‍ഫേറ്റ്‌, കടുക്‌, ആലം (പൊട്ടാസ്യം അലുമിനിയം സള്‍ഫേറ്റ്‌) അമോണിയം കാര്‍ബണേറ്റ്‌ മുതലായ പദാര്‍ഥങ്ങള്‍ ആവശ്യമായ തോതില്‍ ജലത്തില്‍ച്ചേര്‍ത്തു കഴിക്കുന്നതു വമനപ്രക്രിയയെ സാധിപ്പിക്കുന്നതിനു മതിയാവും. അധസ്‌ത്വചീയമായി (subcutaneous) അപൊമോര്‍ഫീന്‍ കുത്തിവയ്‌ക്കുന്നത്‌ (2.8 മി. ഗ്രാം) കാലവിളംബം കൂടാതെ ഛര്‍ദിപ്പിക്കാന്‍ സഹായകമാണ്‌. അധിമാത്രയില്‍ (120 മി. ഗ്രാം) ആന്റിമണി ടാര്‍ട്രറ്റ്‌ നല്ല ഒരു വമനകാരിയാണ്‌. വമനകാരികളായ വസ്‌തുക്കള്‍ ഉള്ളില്‍ച്ചെന്ന്‌ മിനിട്ടുകള്‍ക്കകം ഓക്കാനവും അസ്വസ്ഥതയുമുണ്ടാകും. വായിലെ ഉമിനീര്‍പ്രവാഹം കൂടും; പേശികള്‍ സങ്കോചിക്കും; നാഡീസ്‌പന്ദനനിരക്ക്‌ താഴുകയോ ക്രമരഹിതമാവുകയോ ചെയ്യും. മുഖം ചുവന്നുതുടുക്കും. ശരീരതാപവും കൂടും.

ഛര്‍ദിപ്പിക്കല്‍ പണ്ട്‌ ഒരു ചികിത്സാവിധിയായി (വിരേചനംപോലെ) അംഗീകരിക്കപ്പെട്ടിരുന്നുവെങ്കിലും ഇന്ന്‌ അങ്ങനെയല്ലാതായിരിക്കുന്നു. വിഷവസ്‌തുക്കള്‍ വയറ്റില്‍ച്ചെന്നുപെട്ടാല്‍ അതിനെ ഉദാസീനീകരിക്കുന്ന അഥവാ നിര്‍വീര്യമാക്കുന്ന പ്രതിവസ്‌തുക്കളുപയോഗിച്ച്‌ ഉദരം ക്ഷാളനം ചെയ്യുകയാണ്‌ ഏറ്റവും നല്ല പ്രതിവിധി. ധമനി ചീര്‍ക്കല്‍ (aneurysm) ശൊക്തിയായ ഹൃദ്‌ബാധ, അജ്ഞാതഹേതുകമായ അതിരക്തസമ്മര്‍ദം (hyperpiesia), രക്തം തുപ്പുന്ന ക്ഷയരോഗം, ഗര്‍ഭകാലം, ശസ്‌ത്രക്രിയാര്‍ഹമായ ഹെര്‍ണിയ എന്നീ അവസ്ഥകളില്‍ എമെറ്റിക്കുകള്‍ നിഷിദ്ധമാണ്‌. ഉദരത്തില്‍ച്ചെന്നുപെട്ട വിഷം സംക്ഷാരകത്വം (corrosiveness) ഉള്ള അമ്ലവസ്‌തുവാണെങ്കില്‍ എമെറ്റിക്കിന്റെ ഉപയോഗം വിശേഷിച്ചും വിലക്കപ്പെട്ടിരിക്കുന്നു. എങ്കിലും നേരത്തെ സൂചിപ്പിച്ചപോലെ മത്സ്യമുള്ള്‌, നാണയം മുതലായവയെ ഉദരത്തില്‍നിന്ന്‌ പുറന്തള്ളുവാന്‍ എമെറ്റിക്‌ ഉപയോഗിക്കാവുന്നതാണ്‌. ആമാശയത്തിനും കുടലിനും ഇടയ്‌ക്കുള്ള പൈലോറസ്‌ എന്ന ദ്വാരത്തില്‍ സംക്ഷോഭം(irritation) ഉണ്ടാക്കിയാണ്‌ കറിയുപ്പ്‌, മയില്‍ത്തുത്ത മുതലായവ വമനകാരികളായി പ്രവര്‍ത്തിക്കുന്നത്‌. മേലണ്ണാക്ക്‌ കൈവിരല്‍കൊണ്ടോ മറ്റെന്തെങ്കിലും ഉപകരണംകൊണ്ടോ ഇക്കിളിപ്പെടുത്തി ഛര്‍ദിപ്പിക്കുന്ന പ്രാചീനവും സരളവുമായ രീതി ഇന്നും അംഗീകരിക്കാവുന്നതാണ്‌. അജീര്‍ണം, പൈത്തികമോ ആയ അസ്വസ്ഥത മുതലായവയ്‌ക്കു പ്രതിവിധിയായി എമെറ്റിക്കുകള്‍ വിധിക്കുന്ന ചികിത്സാരീതികളുമുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍