This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഫോദ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എഫോദ്‌

Ephod

പഴയ നിയമകാലത്ത്‌ യഹൂദന്മാരുടെ മഹാപുരോഹിതന്‍ ധരിച്ചുവന്ന അംശവസ്‌ത്രം. യഹൂദന്മാരുടെ ബാബിലോണ്‍ പ്രവാസകാല (ബി.സി.538-എ.ഡി.1) ത്തിനുശേഷമാണ്‌ ഇതു ധരിക്കുവാന്‍ തുടങ്ങിയത്‌. ഇത്‌ ഇദ്ദേഹത്തിന്റെ സാധാരണ വസ്‌ത്രങ്ങളില്‍പ്പെട്ടതായിരുന്നില്ല. മതപരമായ കര്‍മങ്ങളില്‍ ഏര്‍പ്പെടുമ്പോഴും യഹോവയായ ദൈവത്തോട്‌ ഉപദേശം തേടുമ്പോഴും മാത്രമേ ധരിച്ചിരുന്നുള്ളൂ. മേല്‍ക്കുപ്പായത്തിനു പുറത്തായിട്ടാണ്‌ എഫോദ്‌ ധരിച്ചിരുന്നത്‌. വിശുദ്ധ ലേഖകളായ ഊറീം, തുമ്മീം എന്നിവ അടങ്ങിയ സഞ്ചി ഇതില്‍ തൂക്കിയിട്ടിരുന്നു (എന്നാല്‍ ഭൂരിപക്ഷം പണ്ഡിതന്മാരും ഇവ രണ്ട്‌ ചെറിയ കല്ലുകളാണെന്നു പറയുന്നു). ഉടുപ്പുപോലെയുള്ള ഭാഗം രണ്ടുതോള്‍ക്കച്ചകള്‍കൊണ്ടു ചേര്‍ത്തു തയ്‌ച്ച്‌ അരക്കെട്ടോടുകൂടിയതാണ്‌ എഫോദ്‌. സ്വര്‍ണനൂല്‍, നീലനൂല്‍, ധൂമ്രനൂല്‍, രണ്ടുതവണ ചായം മുക്കിയ ചുവപ്പുനൂല്‍, പിരിച്ചെടുത്ത നല്ല ലിനന്‍ എന്നിവ ഉപയോഗിച്ചു ചിത്രവേലയോടുകൂടിയാണ്‌ എഫോദ്‌ തയ്‌ച്ചെടുക്കാറുള്ളത്‌. തോള്‍ക്കച്ചയുടെ മുകള്‍ഭാഗത്ത്‌ ഇരുവശങ്ങളിലായി ഓരോ വജ്രക്കല്ല്‌ സ്വര്‍ണനൂലുകൊണ്ടു തുന്നി പിടിപ്പിച്ചിരിക്കും. ഇവയില്‍ ഓരോന്നിലും ആറുവീതം, ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങളുടെയും പേരുകള്‍ കൊത്തിവച്ചിരിക്കും. ഏറ്റവും പഴക്കം കൂടിയ സ്ഥാന വസ്‌ത്രങ്ങളിലൊന്നാണ്‌ എഫോദ്‌. നോബിലെ പുരോഹിതന്മാര്‍ക്കും ഇത്തരം അംശവസ്‌ത്രം ഉണ്ടായിരുന്നു. ശമുവേലും ദാവീദും പ്രത്യേക അവസരങ്ങളില്‍ എഫോദിനോടു സാദൃശ്യമുള്ള അംശവസ്‌ത്രങ്ങള്‍ ധരിച്ചിരുന്നതായി തെളിവുണ്ട്‌.

എഫോദ്‌ പോലെതന്നെ ഉണ്ടാക്കപ്പെടുന്ന ഒന്നാണു ന്യായവിധിയുടെ മാര്‍പ്പതക്കമെങ്കിലും അതില്‍നിന്നും ഭിന്നമാണ്‌ എഫോദ്‌. അതുപോലെ പൗരോഹിത്യ ശുശ്രൂഷ ചെയ്യുമ്പോള്‍ മഹാപുരോഹിതന്‍ ധരിക്കുന്ന അങ്കിയും എഫോദില്‍നിന്നു വ്യത്യസ്‌തമാണ്‌.

(മോസ്റ്റ്‌ റവ. മാര്‍ഗ്രിഗോറിയസ്‌; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%AB%E0%B5%8B%E0%B4%A6%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍