This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഫീഡ്ര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എഫീഡ്ര

Ephedra

ഒരു ഔഷധച്ചെടി. കോണിഫെറോഫൈറ്റ സസ്യവിഭാഗത്തിലെ നീറ്റേല്‍സ്‌ ഉപവിഭാഗത്തില്‍ നെറ്റേസീ കുടുംബത്തില്‍പ്പെടുന്ന ഒരു ജീനസ്സിലെ കുറ്റിച്ചെടികളാണിവ. ഈ ജീനസ്സില്‍പ്പെടുന്ന ചെടികള്‍ക്ക്‌ ഇലകളില്ല എന്ന പ്രത്യേകതയുണ്ട്‌. തണ്ടില്‍ ചെറുശല്‌ക്കങ്ങള്‍ പോലെ കാണപ്പെടുന്നവയെ ഇലയായി കണക്കാക്കാവുന്നതാണ്‌. പച്ചനിറത്തില്‍, മെലിഞ്ഞു നീണ്ടതാണ്‌ ഇവയുടെ തണ്ടുകള്‍. പുഷ്‌പങ്ങള്‍ ശ്രദ്ധിക്കപ്പെടത്തക്കവണ്ണം വലുപ്പമുള്ളവയല്ല. വിത്തുകള്‍ക്കു തിളങ്ങുന്ന ചുവപ്പുനിറമാണ്‌. പല ബന്ധങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന തണ്ടിന്റെ സന്ധികളില്‍ അണ്ഡാകാരത്തിലുള്ള പ്രത്യുത്‌പാദനാവയവങ്ങളിലാണ്‌ വിത്തുകള്‍ പാകമാകുന്നത്‌. വിത്തുകള്‍മൂലവും "കന്നുകള്‍'(suckers) മുഖേനയും തണ്ടു മുറിച്ചു നടുന്നതിലൂടെയും വംശവര്‍ധനവു സംഭവിക്കുന്നു. അപൂര്‍വമായി മാത്രമേ ഇവ കൃഷിചെയ്യപ്പെടുന്നുള്ളൂ.

എഫീഡ്ര സിനിക്ക

വരണ്ടതും ക്ഷാരഗുണമുള്ളതുമായ പൂഴിമണ്ണില്‍ എഫീഡ്ര സമൃദ്ധമായി വളരുന്നു. യൂറോപ്പിന്റെ തെക്കു ഭാഗം, വടക്കേ ആഫ്രിക്ക, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലാണ്‌ ഇവ കാണപ്പെടുന്നത്‌. ഈ ജീനസ്സില്‍ ഏകദേശം 30 സ്‌പീഷീസുണ്ടാകും. യു.എസ്സില്‍ ടെക്‌സാസ്‌, ന്യൂമെക്‌സിക്കോ, അരിസോണ, തെക്കന്‍ കാലിഫോര്‍ണിയ എന്നീ പ്രദേശങ്ങളില്‍ കാണപ്പെടുന്ന എഫീഡ്ര സ്‌പീഷീസ്‌ "മോര്‍മന്‍ റ്റീ', "ജോയിന്റെ ഫെര്‍' എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഇവ ഒന്നുമുതല്‍ ഒന്നേമുക്കാല്‍ മീറ്റര്‍ വരെ ഉയരത്തില്‍ ഇടതിങ്ങി വളരുന്നു.

ഏഷ്യയില്‍ കാണപ്പെടുന്ന രണ്ട്‌ സ്‌പീഷീസുകളായ എഫീഡ്ര സിനിക്ക, എ. ഇക്വിസിറ്റൈന എന്നിവയില്‍ നിന്നാണ്‌ എഫെഡ്രിന്‍ എന്ന ഔഷധം നിര്‍മിക്കുന്നത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%AB%E0%B5%80%E0%B4%A1%E0%B5%8D%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍