This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എപിഡോട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എപിഡോട്ട്‌

Epidote

എപിഡോട്ട്‌ പരലുകള്‍

നിശ്ചിതവും നിമ്‌നവുമായ മര്‍ദഊഷ്‌മാക്കളില്‍ കായാന്തരണം മൂലം പരല്‍രൂപം പ്രാപിക്കുന്ന കാത്സ്യം, ഫെറിക്‌ ഇരുമ്പ്‌ (Fe+3), അലുമിനിയം തുടങ്ങിയവയുടെ ജലയോജിതസിലിക്കേറ്റ്‌ ധാതു അധികരിക്കുന്ന എന്നര്‍ഥമുള്ള "എപിഡൊറ്റസ്‌' (epidotos)എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ്‌ ഇതു നിഷ്‌പന്നമായത്‌. പരലിന്റെ ഒരു ഫലകം മറ്റുള്ളവയെ അപേക്ഷിച്ച്‌ നീളം കൂടിയതായിരിക്കും എന്ന സവിശേഷതയാണു പേരു സൂചിപ്പിക്കുന്നത്‌.

എപിഡോട്ട്‌ എന്നത്‌ ഒരു പ്രത്യേക ധാതുവിന്റെ പേരാണെങ്കിലും സദൃശസ്വഭാവമുള്ള മറ്റുധാതുക്കളെക്കൂടി എപിഡോട്ട്‌ സമൂഹമായി വിവക്ഷിക്കാറുണ്ട്‌. സമചതുര്‍ഭുജമായും ഏകനതാക്ഷമായും പരല്‍രൂപം പ്രാപിക്കുന്നുവെന്നതാണ്‌ എപിഡോട്ടുകളുടെ സവിശേഷത. പൊതുഫോര്‍മുല: Ca2 (AIFe)3 Si3O12OH. എപിഡോട്ടുകളുടെ പൊതുജാലിക SiO4AIO6; AIO4(OH)2 എന്നീ ശൃംഖലകള്‍ SiO4, Si2 O7 എന്നീ സ്വതന്ത്ര ഘടകങ്ങളാല്‍ ബന്ധിക്കപ്പെടുക വഴിയാണ്‌ രൂപം കൊള്ളുന്നത്‌. സൊയിസൈറ്റ്‌, സൊയിസൈറ്റ്‌, ക്ലൈനോസൊയിസൈറ്റ്‌, പീമൊണ്‍ടൈറ്റ്‌, അല്ലാനൈറ്റ്‌ എന്നിവയാണ്‌ മറ്റു സമരൂപ(isomorphous)ധാതുക്കള്‍. ഇവയില്‍ ആദ്യത്തെ രണ്ടു ധാതുക്കള്‍ക്ക്‌ വിഷമ ലംബാക്ഷ ഘടനയും മറ്റുള്ളവയ്‌ക്ക്‌ ഏകനതാക്ഷ ഘടനയുമാണുള്ളത്‌.

മൊത്തത്തില്‍ ഈ സമൂഹത്തിലെ എല്ലാ അംഗങ്ങളും യഅക്ഷത്തിനു സമാന്തരമായി ദീര്‍ഘിച്ച പരലുകളായി കാണപ്പെടുന്നു. സൊയിസൈറ്റ്‌, ക്ലൈനോസൊയിസൈറ്റ്‌ എന്നിവയ്‌ക്കു ഇളം ചാരനിറമോ പച്ചയോ തവിട്ടോ ആണ്‌ നിറം. എപിഡോട്ട്‌ സാധാരണ പിസ്‌താഹാരിത നിറത്തിലാണ്‌ കാണപ്പെടുന്നത്‌. പീമൊണ്‍ടൈറ്റി(Piemontitie)ന്‌ കടുംചുവപ്പുനിറമാണ്‌. അല്ലനൈറ്റ്‌ ധൂസരമോ, കറുപ്പോ ആയിരിക്കും. കാഠിന്യം 6-7; ആപേക്ഷിക സാന്ദ്രത 3.25-3.5, കാചാഭദ്യുതിയുണ്ട്‌. ഇരുമ്പിന്റെ അംശം എല്ലാം അംഗങ്ങളിലും ഉള്ളതുകൊണ്ട്‌ തീക്ഷ്‌ണമായ ബഹുവര്‍ണത(pleochroism)പ്രകടിപ്പിക്കുന്നു. അപവര്‍ത്തനാങ്കം ഉയര്‍ന്നതാണ്‌. മൂലകങ്ങളുടെ പ്രതിസ്ഥാപനമുണ്ടാകുമ്പോള്‍ ഇതിന്‌ ഏറ്റക്കുറച്ചില്‍ സംഭവിക്കുന്നു. കാത്സ്യം, അലുമിനിയം തുടങ്ങിയ അവശ്യ ഘടകങ്ങള്‍ സാമാന്യമായ തോതില്‍ ഉള്‍ക്കൊണ്ടിട്ടുള്ള അവസാദ-ആഗ്നേയശിലകള്‍ക്കു താഴ്‌ന്ന താപനിലകളിലും നിമ്‌നമര്‍ദത്തിലും കായാന്തരണം നടക്കുമ്പോഴാണ്‌, സാധാരണയായി എപിഡോട്ട്‌ ഉത്‌പന്നമാകുന്നത്‌. നോ. കായാന്തരണം

പൂര്‍ണമായും എപിഡോട്ടുകളാല്‍ നിര്‍മിതമായ ശിലകളെ എപിഡോട്ടൈറ്റ്‌ അല്ലെങ്കില്‍ എപിഡോസൈറ്റ്‌ എന്നു വിശേഷിപ്പിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍