This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍.റ്റി.പി.സി. ലിമിറ്റഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എന്‍.റ്റി.പി.സി. ലിമിറ്റഡ്‌

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വൈദ്യുതി ഉത്‌പാദകക്കമ്പനി. മുമ്പ്‌ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ എന്ന പേരില്‍ ഇത്‌ അറിയപ്പെട്ടിരുന്നു. 1975 ന. 7-ന്‌ എന്‍.റ്റി.പി.സി. സ്ഥാപിതമായി.

എന്‍.റ്റി.പി.സി.-കായംകുളം

നിര്‍മാണപ്രവര്‍ത്തനങ്ങള്‍, വൈദ്യുതി ഉത്‌പാദനപ്ലാന്റുകളുടെ നടത്തിപ്പ്‌ തുടങ്ങിയവയാണ്‌ എന്‍.റ്റി.പി.സി.യുടെ പ്രധാന ബിസിനസ്‌ മേഖല. ഇന്ത്യയിലും വിദേശത്തും ഊര്‍ജോപഭോഗത്തിന്മേലുള്ള ഉപദേശസേവനവും എന്‍.റ്റി.പി.സിയുടെ പ്രവര്‍ത്തനപരിധിയില്‍പ്പെടുന്നു. രാജ്യത്താകമാനമായി, കല്‍ക്കരി അടിസ്ഥാനമാക്കിയുള്ള 15-ഉം ഇന്ധനവാതകം ഉപയോഗപ്പെടുത്തുന്ന 7-ഉം സ്റ്റേഷനുകളാണുള്ളത്‌. ഉയര്‍ന്ന പ്രവര്‍ത്തനശേഷിയുള്ള രീതിയിലാണ്‌ എന്‍.റ്റി.പി.സി. ഉത്‌പാദനകേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്‌. ദേശീയഉത്‌പാദനശേഷിയുടെ 18.79 ശതമാനം കൈവരിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിലും രാജ്യത്തെ മൊത്തം ഊര്‍ജോത്‌പാദനത്തിന്റെ 28.60 ശതമാനം എന്‍.റ്റി.പി.സി. സംഭാവന ചെയ്യുന്നതാണ്‌. ഈ കണക്കുപ്രകാരം ഇന്ത്യയിലെ ഓരോ 4-ാമത്തെ വീടും എന്‍.റ്റി.പി.സി. നല്‍കുന്ന വൈദ്യുതികൊണ്ട്‌ പ്രകാശം പരത്തുന്നവയാണ്‌. മാ. 31-ന്‌ 2011-ലെ കണക്കനുസരിച്ച്‌ രാജ്യത്തെ മൊത്തം വൈദ്യുത ഉത്‌പാദനശേഷിയുടെ 17.75 ശതമാനവും എന്‍.റ്റി.പി.സി.യുടെ ഓഹരിയാണ്‌. 2010-11 കാലഘട്ടത്തില്‍ ഇന്ത്യയുടെ 27.4 ശതമാനം ഊര്‍ജോത്‌പാദനവും എന്‍.റ്റി.പി.സി.യുടെ വകയായി തിട്ടപ്പെടുത്തിയിട്ടുണ്ട്‌.

കമ്പനിയുടെ ഓഹരിയുടമകളുടെ വാര്‍ഷികപൊതുയോഗ തീരുമാനമനുസരിച്ച്‌ 2005 ഒ. 28-ന്‌ നാഷണല്‍ തെര്‍മല്‍ പവര്‍ കമ്പനിയെ എന്‍.റ്റി.സി.പി.യെന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു. ജല-ആണവ വൈദ്യുതി ഉത്‌പാദനമേഖലകളിലേക്കു കടന്നതിനാലും കല്‍ക്കരി ഖനനത്തിലൂടെ പിന്നാക്ക മേഖലയുടെ സംയോജനം സാധ്യമാക്കിയതിനാലുമാണ്‌ ഇത്തരമൊരു പേരുമാറ്റം നടത്തേണ്ടിവന്നത്‌.

2009-ലെ ഫോര്‍ച്യൂണ്‍ 500 റേറ്റിങ്ങില്‍ എന്‍.റ്റി.പി.സി.ക്കു 138-ാം സ്ഥാനമാണുള്ളത്‌. സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇന്‍സ്‌ട്രുമെന്റേഷന്‍ മേഖലകളിലേക്ക്‌ 75 ശതമാനവും മാനവ-വികസനശേഷി സാമ്പത്തികകാര്യനിര്‍വഹണത്തിന്‌ 25 ശതമാനവും ജീവനക്കാരെ വര്‍ഷാവര്‍ഷം തെരഞ്ഞെടുക്കുന്നു.

20,000 കോടി രൂപ മുതല്‍മുടക്കില്‍ 3900 മെഗാവാട്ട്‌ ശേഷിയുള്ളതും കല്‍ക്കരി അടിസ്ഥാനമാക്കിയിട്ടുള്ളതുമായ ഊര്‍ജോത്‌പാദനസംരംഭത്തിന്‌ മധ്യപ്രദേശില്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്‌. ഇതിനായി ഝാര്‍ഖണ്ഡിലെ ഖനിയില്‍നിന്നും കല്‍ക്കരി ഖനനവും സാധ്യമാക്കുന്നു. 1800 കോടി രൂപയാണ്‌ കമ്പനി ഇതിനായി ചെലവിടുന്നത്‌.

ഒരു വികസ്വരരാഷ്‌ട്രമെന്ന നിലയില്‍ ഇന്ത്യയുടെ വൈദ്യുതി ആവശ്യങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്‌. ഇപ്പോഴത്തെ സ്ഥിതിപ്രകാരം ഏറിയ ആവശ്യത്തിന്‌ ഒരു വര്‍ഷത്തില്‍ ശ.ശ. 60-70 ശതമാനം വരെ മാത്രമേ വിവിധ ഊര്‍ജോത്‌പാദനകേന്ദ്രങ്ങള്‍ക്ക്‌ തരപ്പെടുത്താന്‍ കഴിയുന്നുള്ളു. ആവശ്യത്തിലുമേറെ ഉത്‌പാദനം വര്‍ധിപ്പിക്കുകയാണ്‌ രാജ്യത്തെ ഊര്‍ജപ്രതിസന്ധി തരണം ചെയ്യാനുള്ള ഏകപോംവഴി. ഈ ലക്ഷ്യം കൈവരിക്കാനുള്ള അശ്രാന്തപരിശ്രമത്തിലാണ്‌ എന്‍.റ്റി.പി.സി.

ഡല്‍ഹി (2), പാറ്റ്‌ന, ഭുവനേശ്വര്‍, ലക്‌നൗ, ഹൈദരാബാദ്‌, റായ്‌പൂര്‍ എന്നിങ്ങനെ എട്ട്‌ ആസ്ഥാനങ്ങളാണ്‌ എന്‍.റ്റി.പി.സി. സംവിധാനം ചെയ്‌തിട്ടുള്ളത്‌. കല്‍ക്കരി അടിസ്ഥാനപ്പെടുത്തിയുള്ള 25815 മെഗാവാട്ട്‌ ഉത്‌പാദന കേന്ദ്രവും 3995 മെഗാവാട്ട്‌ ശേഷിയുള്ള ഏഴ്‌ വാതകാടിസ്ഥാന പ്ലാന്റുകളും എന്‍.റ്റി.പി.സി. ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. കൂടുതലായി ജലവൈദ്യുതി ഉത്‌പാദനത്തില്‍ ശ്രദ്ധവയ്‌ക്കാനും എന്‍.റ്റിപി.സിയുടെ കര്‍മപരിപാടി വിഭാവനം ചെയ്യുന്നു. ഇപ്പോള്‍ പ്രധാനമായും ഇന്ത്യയുടെ വടക്കു-കിഴക്കന്‍ മേഖലകളിലാണ്‌ ഇത്തരം പരിപാടികളുടെ ആസൂത്രണം ഉദ്ദേശിച്ചിട്ടുള്ളത്‌. കേരളത്തില്‍ കായംകുളത്ത്‌ എന്‍.റ്റി.പി.സിയുടെ ഒരു വൈദ്യുതനിലയം പ്രവര്‍ത്തിക്കുന്നുണ്ട്‌.

ഫോര്‍ബ്‌സ്‌ ഗ്ലോബല്‍ 2000-ന്റെ കണക്കുപ്രകാരം എന്‍.റ്റി.പി.സി.ക്ക്‌ ലോകത്തിലെ 341-ാം റാങ്കാണുള്ളത്‌. ബോംബെ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റു ചെയ്യപ്പെട്ട ഒരു ഇന്ത്യന്‍ പൊതുമേഖലാ സംരംഭമാണിതെങ്കിലും ഭാരതസര്‍ക്കാര്‍ ഇതിന്റെ 84.5 ശതമാനം ഓഹരികളും കൈയാളുന്നു. ഏറ്റവും മെച്ചപ്പെട്ട സാമ്പത്തികനേട്ടം കൈവരിച്ച പൊതുമേഖലാസ്ഥാപനത്തിനുള്ള 2010-ലെ പുരസ്‌കാരം എന്‍.റ്റി.പി.സി. നേടിക്കഴിഞ്ഞിട്ടുണ്ട്‌.

2012 ഓടെ 50,000 മെഗാവാട്ട്‌ ഉത്‌പാദനശേഷി കൈവരിക്കാനുള്ള ലക്ഷ്യമാണ്‌ എന്‍.റ്റി.പി.സി.ക്കുള്ളത്‌. ഇത്‌ 2017 ആകുമ്പോഴേക്കും 75,000 മെഗാവാട്ട്‌ ആക്കി ഉയര്‍ത്തണമെന്നും ഉദ്ദേശിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍