This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍ഡോഡോണ്‍ടിക്‌സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എന്‍ഡോഡോണ്‍ടിക്‌സ്‌

Endodontics

ദന്തചികിത്സാവിഭാഗങ്ങളില്‍ ഒന്ന്‌. വേരടക്കല്‍ ചികിത്സ അഥവാ റൂട്ട്‌ കനാല്‍ ട്രീറ്റ്‌മെന്റ്‌ (Root Canal Treatment) എന്ന്‌ പരക്കെ അറിയപ്പെടുന്ന ചികിത്സാരീതിയും, അതുമായി ബന്ധമുള്ള വിഷയങ്ങളും ഉള്‍പ്പെട്ട ദന്തവൈദ്യശാഖയാണ്‌ എന്‍ഡോഡോണ്‍ടിക്‌സ്‌. പലതരത്തിലുള്ള കോശങ്ങളും, അനവധി നാഡികളും, രക്തക്കുഴലുകളും അടങ്ങുന്ന പല്ലിന്റെ മജ്ജ (pulp), വേരിനകത്ത്‌ കുഴല്‍പോലെ നീളത്തില്‍ക്കിടക്കുന്ന മജ്ജനാളി(Root canal)യിലൂടെ താടിയെല്ലുമായി ബന്ധപ്പെട്ടിരിക്കുന്നു. മജ്ജ, ഇലാസ്‌തികത തീരെ കുറഞ്ഞ പല്ലിന്റെ ഡെന്റിനകത്ത്‌ (Dentin) സ്ഥിതി ചെയ്യുന്നതിനാല്‍ ദന്തക്ഷയം, പൊട്ടല്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ചെറിയൊരു വീക്കം പോലും അസഹനീയമായ വേദനയ്‌ക്ക്‌ കാരണമാകുന്നു. അടുത്തകാലം വരെയും, നിരന്തരവും അസഹനീയവുമായ വേദനയുണ്ടാക്കുന്ന പല്ലുകള്‍ എടുത്ത്‌ മാറ്റി ആ സ്ഥാനത്ത്‌ കൃത്രിമ പല്ലുകള്‍ വയ്‌ക്കുന്ന ചികിത്സാരീതിയാണ്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ കൃത്രിമപ്പല്ലുകള്‍ ഒരിക്കലും ഒരാളുടെ സ്വന്തം പല്ലുകള്‍ക്ക്‌ പകരമാവില്ല എന്നതിനാല്‍ സഹജങ്ങളായ പല്ലുകളെ കഴിയുന്നിടത്തോളം നിലനിര്‍ത്തുക എന്നതാണ്‌ ആധുനിക ചികിത്സാരീതി. ഈ വിധത്തില്‍ പല്ലെടുക്കുന്നത്‌ ഒഴിവാക്കി, ദന്തമജ്ജയുടെ രോഗനിര്‍ണയവും അതിന്റെ ചികിത്സയും നടത്തി പല്ലിനെ സംരക്ഷിക്കുന്ന ദന്തചികിത്സ വിഭാഗമാണ്‌ എന്‍ഡോഡോണ്‍ടിക്‌സ്‌.

പല്ലില്‍ പറ്റിയിരിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളിലുള്ള അന്നജങ്ങളുമായി (Sucrose, Glucose) സ്‌ട്രപ്‌റ്റോകോക്കസ്‌ മ്യൂട്ടന്‍സ്‌ (Streptococcus mutans) പോലെയുള്ളവ വായ്‌ക്കുള്ളിലെ ബാക്‌റ്റീരിയകള്‍ രാസപ്രവര്‍ത്തനം നടത്തുമ്പോള്‍ ചില അമ്ലങ്ങള്‍ ഉല്‌പാദിപ്പിക്കപ്പെടുന്നു. ഈ അമ്ലങ്ങള്‍ പല്ലിനെ ദ്രവിപ്പിച്ച്‌ പോടുണ്ടാക്കുന്നു. യഥാസമയം ചികിത്സ നടത്തിയില്ലെങ്കില്‍ പോടിന്റെ ആഴവും പരപ്പും കൂടി അണുക്കള്‍ പള്‍പ്പിലെത്തിച്ചേരുന്നു. പള്‍പ്പിനുണ്ടാകുന്ന അണുബാധ പഴുപ്പുണ്ടാക്കുകയും അതിയായ വേദനയ്‌ക്കിടയാകുകയും ചെയ്യുന്നു. ക്രമേണ പള്‍പ്പ്‌ നിര്‍ജ്ജീവമായി ജീര്‍ണിക്കുന്നു. അണുക്കള്‍ വേരില്‍ക്കൂടി താടിയെല്ലില്‍ എത്തുകയും പഴുപ്പ്‌ അങ്ങോട്ട്‌ വ്യാപിച്ച്‌ എല്ലിനെ ദ്രവിപ്പിക്കുകയും ചെയ്യുന്നു. നീര്‍വീക്കം, കഠിനമായ തലവേദന, ചെവിവേദന, കണ്ണുവേദന, കഴുത്തുവേദന എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകുന്നു. കൂടാതെ അണുക്കള്‍ രക്തത്തില്‍ക്കൂടി ഹൃദയം, വൃക്ക തുടങ്ങി സുപ്രധാന അവയവങ്ങളെ ബാധിക്കാനുള്ള സാധ്യതയുമുണ്ട്‌. ഹൃദ്രാഗികളിലും, പ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുള്ളവരിലും ഇത്‌ വളരെ അപകടകരമായ അവസ്ഥയുണ്ടാക്കിയേക്കാം.

എന്‍ഡോഡോണ്‍ടിക്‌സ്‌ ചികിത്സ നിര്‍വഹിക്കുന്ന ഡോക്‌ടര്‍ എന്‍ഡോഡോണ്‍ടിസ്റ്റ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. കൃത്യമായ രോഗനിര്‍ണയത്തിനും ചികിത്സയ്‌ക്കും പല്ലിന്റെ എക്‌സ്‌-റേ അത്യാവശ്യമാണ്‌. ചികിത്സയില്‍ പല്ല്‌ മരവിപ്പിച്ചതിനുശേഷം പള്‍പ്പിലേക്ക്‌ സുഷിരമുണ്ടാക്കുന്നു. പല്ല്‌ നിര്‍ജീവമായിക്കഴിഞ്ഞെങ്കില്‍ മരവിപ്പിക്കേണ്ടതില്ല. അതിനുശേഷം റൂട്ട്‌ കനാല്‍ ഫൈല്‍സ്‌ (Root canal files) പോലെയുള്ള പ്രതേ്യക ഉപകരണങ്ങളുപയോഗിച്ച്‌ ദന്തമജ്ജ പൂര്‍ണമായും നീക്കം ചെയ്യുന്നു. മജ്ജനാളീ വലുതാക്കി പല മരുന്നുകള്‍ ഉപയോഗിച്ച്‌ പല്ലിന്റെ അന്തര്‍ഭാഗം പൂര്‍ണമായും അണുവിമുക്‌തമാക്കുന്നു. വേരുകളുടെ എണ്ണം കൂടുതലുള്ള അണപ്പല്ലില്‍ ഇതിന്‌ കൂടുതല്‍ സമയവും വൈദഗ്‌ധ്യവും ആവശ്യമാണ്‌.

റൂട്ട്‌ കനാല്‍ ചെയ്യുന്നതിന്റെ വിവിധ ഘട്ടങ്ങള്‍

റൂട്ട്‌കനാലുകളുടെ ആന്തരികഘടനയിലും പരസ്‌പരബന്ധത്തിലും പൊതുവായ സാമ്യങ്ങളുണ്ടെങ്കിലും പലപ്പോഴും സാരമായ വ്യത്യാസങ്ങളും ഉണ്ടാകാറുണ്ട്‌. ഏതെങ്കിലും ഒരു റൂട്ട്‌ കനാല്‍ കാണാന്‍ കഴിയാതെ പോവുകയോ, പള്‍പ്പ്‌ പൂര്‍ണമായും നീക്കം ചെയ്യാനാവാതെയാകുകയോ ചെയ്‌താല്‍ ചികിത്സ പരാജയപ്പെടാം. ഈ കാരണത്താല്‍ റൂട്ട്‌ കനാല്‍ ചികിത്സ പ്രത്യേകതരം മൈക്രാസ്‌കോപ്പ്‌ ഉപയോഗിച്ച്‌ ചെയ്യുന്ന രീതിയും ഇന്ന്‌ നിലവിലുണ്ട്‌. പള്‍പ്പ്‌ പൂര്‍ണമായും നീക്കം ചെയ്‌തശേഷം ശരീരവുമായി മറ്റ്‌ പ്രതിപ്രവര്‍ത്തനത്തിലേര്‍പ്പെടാത്ത പദാര്‍ഥങ്ങള്‍ കൊണ്ട്‌ റൂട്ട്‌ കനാലുകളെ നിറച്ച്‌ ഒരു പഴുതുമില്ലാത്ത വിധം പൂര്‍ണമായും അടയ്‌ക്കുന്നു. ഇതിനായി റബ്ബറിന്‌ സമാനമായ ഗട്ടാപര്‍ച്ച(Guttapercha)യാണ്‌ സാധാരണ ഉപയോഗിക്കുന്നത്‌. വേരിന്റെ അഗ്രഭാഗത്ത്‌ താടിയെല്ലില്‍ വലിയതോതില്‍ പഴുപ്പ്‌കെട്ടി നില്‌ക്കുന്ന സാഹചര്യങ്ങളില്‍, പഴുപ്പ്‌ നീക്കം ചെയ്യാനായി റൂട്ട്‌ കനാല്‍ ട്രീറ്റ്‌മെന്റിനു ശേഷം ആ ഭാഗത്ത്‌ ലളിതമായ ഒരു ശസ്‌ത്രക്രിയ ചെയ്യാറുണ്ട്‌ (Periapical Surgery). റൂട്ട്‌ കനാല്‍ ട്രീറ്റ്‌മെന്റ്‌ ചെയ്‌തതിന്‌ ശേഷം പല്ലിനുള്ള ബലക്ഷയം പരിഹരിക്കാനായി ക്യാപ്പ്‌ (Crown) ഇടേണ്ടതുണ്ട്‌; പ്രതേ്യകിച്ചും അണപ്പല്ലുകള്‍ക്ക്‌. നിറവ്യത്യാസമോ വലിയ പോടുകളോ, പൊട്ടലുകളോ ഇല്ലെങ്കില്‍ ഉളിപ്പല്ലുകള്‍ക്കും കോമ്പല്ലുകള്‍ക്കും ക്യാപ്പ്‌ ഇടുന്നത്‌ ഒഴിവാക്കാവുന്നതാണ്‌.

അപകടം മൂലമോ, മര്‍ദ്ദനഫലമായോ പല്ലിന്‌ ഉണ്ടാകുന്ന പൊട്ടലുകള്‍, പുറത്തേക്കോ അകത്തേക്കോ ഉള്ള സ്ഥാനചലനങ്ങള്‍, പല കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന പള്‍പ്പ്‌ പുറത്താകുന്ന തരത്തിലുള്ള തേയ്‌മാനങ്ങളും മറ്റ്‌ ക്ഷതങ്ങളും ഒക്കെ റൂട്ട്‌ കനാല്‍ ട്രീറ്റ്‌മെന്റ്‌ ചെയ്‌ത്‌ ശരിയാക്കാവുന്നതാണ്‌. ചില സാഹചര്യങ്ങളില്‍ പുറത്തേക്ക്‌ ഉന്തി നില്‌ക്കുന്ന പല്ലുകള്‍ റൂട്ട്‌ കനാല്‍ ട്രീമെന്റ്‌ ചെയ്‌ത്‌, ക്യാപ്പിട്ട്‌ ശരിയാക്കാറുണ്ട്‌.

ഹൃദ്രാഗം, പ്രമേഹം, കാന്‍സര്‍, വൃക്കരോഗങ്ങള്‍, എയ്‌ഡ്‌സ്‌ തുടങ്ങിയ അവസ്ഥകളിലും, സങ്കീര്‍ണങ്ങളായ ശസ്‌ത്രക്രിയകള്‍ക്ക്‌ വിധേയരാകുന്നവരിലും, ഗര്‍ഭിണികളിലും പലപ്പോഴും റൂട്ട്‌ കനാല്‍ ട്രീറ്റ്‌മെന്റ്‌ പല്ലെടുക്കുന്നതിനെക്കാള്‍ വൈദ്യശാസ്‌ത്രപരമായി സ്വീകാര്യമാണ്‌.

ഇതൊക്കെയാണെങ്കിലും കേടുള്ള എല്ലാ പല്ലുകളും എല്ലാ സാഹചര്യങ്ങളിലും റൂട്ട്‌കനാല്‍ ട്രീറ്റ്‌മെന്റ്‌ വഴി നിലനിര്‍ത്താന്‍ കഴിയണമെന്നില്ല. പല്ലിന്റെ കേടുപാടിന്റെ വ്യാപ്‌തി, മോണയുടെ ആരോഗ്യം, പല്ലിന്റെ സ്ഥാനം, ആവശ്യകത, രോഗിയുടെ പ്രായം, മൊത്തത്തിലുള്ള ആരോഗ്യാവസ്ഥ തുടങ്ങിയ പല ഘടകങ്ങളും പരിഗണിച്ചിട്ടാണ്‌ ഒരു പല്ല്‌ റൂട്ട്‌ കനാലിനാല്‍ ട്രീറ്റ്‌മെന്റിന്‌ വിധേയമാക്കണോ, വേണ്ടയോ, എന്ന്‌ തീരുമാനിക്കുന്നത്‌. പല പഠനങ്ങളും സൂചിപ്പിക്കുന്നത്‌, അതിന്റെ നിര്‍ദിഷ്‌ട സാഹചര്യങ്ങളില്‍ തൃപ്‌തികരമായി ചെയ്‌തിട്ടുള്ള റൂട്ട്‌ കനാല്‍ ട്രീറ്റ്‌മെന്റിന്റെ വിജയസാധ്യത തൊണ്ണൂറ്‌ ശതമാനത്തിലേറെയാണ്‌ എന്നാണ്‌.

(ഡോ: അനുലേഖ്‌ ബാബു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍