This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഥിൽ ആൽക്കഹോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എഥില്‍ ആല്‍ക്കഹോള്‍

Ethyl Alchohol

ഒരു ഓര്‍ഗാനിക്‌ യൗഗികം. എഥനോള്‍, സ്‌പിരിറ്റ്‌ ഒഫ്‌ വൈന്‍ എന്നീ പേരുകളിലും വ്യവഹരിക്കപ്പെടുന്നു. ഫോര്‍മുല, C2H5OH. വിപണിയില്‍ ആല്‍ക്കഹോള്‍ എന്ന പേരില്‍ ഇതു ലഭ്യമാണ്‌. സംരചനാപരമായി, ഈഥേന്‍ (C2H6) എന്ന ഹൈഡ്രാകാര്‍ബണില്‍ നിന്ന്‌ ഒരു ഹൈഡ്രജന്‍ അണുവിനെ ഒരു ഹൈഡ്രാക്‌സില്‍ ഗ്രൂപ്പു-(-OH)കൊണ്ട്‌ ആദേശിച്ചു കിട്ടിയതാണ്‌ ഈ പദാര്‍ഥം എന്നു തീരുമാനിക്കാം. എഥില്‍ ആല്‍ക്കഹോള്‍ എന്നും എഥനോള്‍ എന്നുമുള്ള പേരുകളുടെ നിദാനം അതാണ്‌. ആദ്യകാലത്ത്‌ ആല്‍ക്കഹോള്‍ എന്നത്‌ കണ്ണെഴുതുവാന്‍ ഉപയോഗിക്കപ്പെട്ടിരുന്ന ലെഡ്‌ സള്‍ഫൈഡ്‌, ആന്റിമണി സള്‍ഫൈഡ്‌ മുതലായ വസ്‌തുക്കളെ വ്യവഹരിക്കുന്നതിന്‌ ഉപയോഗിക്കപ്പെട്ടിരുന്ന അറബി പദമായിരുന്നു. പിന്നീട്‌ ആ പദം -OH ഗ്രൂപ്പുള്ള ഒട്ടുവളരെ ഓര്‍ഗാനിക്‌ യൗഗികങ്ങളെ സാമാന്യമായി വിളിക്കുവാന്‍ ഉപയോഗിച്ചുതുടങ്ങി. പിന്നെയും കുറേക്കഴിഞ്ഞ്‌ ഈ വാക്ക്‌ മിക്കവാറും സ്‌പിരിറ്റ്‌ ഒഫ്‌ വൈന്‍ എന്ന പ്രത്യേക ആല്‍ക്കഹോളിനെ മാത്രം സൂചിപ്പിക്കുന്നതായിത്തീര്‍ന്നു. എ.ഡി. 1493-നും 1541-നും ഇടയ്‌ക്ക്‌ ജീവിച്ചിരുന്ന പരാസെല്‍സസ്‌ എന്ന ഗ്രീക്കു ശാസ്‌ത്രജ്ഞനാണ്‌ ആല്‍ക്കഹോളിന്‌ ഒടുവില്‍ നിര്‍ദിഷ്‌ടമായ പരിമിത-അര്‍ഥം നിര്‍ദേശിച്ചത്‌.

പഞ്ചസാരയോ അന്നജമോ അടങ്ങിയിട്ടുള്ള ഏതു ദ്രാവകം പുളിച്ചാലും അതില്‍ എഥില്‍ ആല്‍ക്കഹോളിന്റെ അംശം ഉണ്ടായിരിക്കും. ഓര്‍ഗാനിക്‌ അമ്ലങ്ങളുമായി രാസപരമായി യോജിച്ച്‌ ഇത്‌ ഒട്ടു വളരെ സസ്യങ്ങളില്‍ ഉപസ്ഥിതമാണ്‌. ഈ രണ്ട്‌ കാരണങ്ങളാല്‍ ഈ പദാര്‍ഥം പ്രാചീനകാലം മുതല്‌ക്കേ ലോകത്ത്‌ എല്ലാ ജനതയ്‌ക്കിടയിലും പരിചിതമായ ഒന്നായിരുന്നു. നൂറുശതമാനം ശുദ്ധമായ എഥില്‍ ആല്‍ക്കഹോള്‍ ലഭ്യമാകുന്നതിന്‌ പ്രയാസമുണ്ട്‌; അബ്‌സൊലൂട്‌ (തനി) ആല്‍ക്കഹോള്‍ എന്ന പരിലാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. -117.3ºC-ല്‍ കട്ടിയാവുന്നതും 78.3ºC-ല്‍ തിളയ്‌ക്കുന്നതുമായ ഈ ദ്രവം സാധാരണ താപനിലകളില്‍ വര്‍ണരഹിതവും തെളിഞ്ഞതും ബാഷ്‌പശീലവും വീഞ്ഞിന്റെ മണമുള്ളതും രൂക്ഷമായ രുചിയോടുകൂടിയതും ജലവുമായി അനായാസം കൂടിക്കലരുന്നതും ആയ ഒരു ഓര്‍ഗാനിക്‌ യൗഗികമാണ്‌. മെഥില്‍ ആല്‍ക്കഹോള്‍, ഈഥര്‍, ക്ലോറൊഫോം, അസറ്റോണ്‍ എന്നീ ഓര്‍ഗാനിക്‌ ലായകങ്ങളിലും ഇതു നിഷ്‌പ്രയാസം ലയിക്കും. വെള്ളത്തിലലിയാത്ത പല വസ്‌തുക്കളെയും ലയിപ്പിച്ചെടുക്കുന്നതിനു പറ്റിയ ഒരു ലായകമാണ്‌ ഇത്‌. ഉദാഹരണമായി റെസിനുകള്‍, കൊഴുപ്പുകള്‍, എണ്ണകള്‍, ഫാറ്റി അമ്ലങ്ങള്‍, ഹൈഡ്രാകാര്‍ബണുകള്‍ എന്നിവ ജലലേയങ്ങളല്ലെങ്കിലും ആല്‍ക്കഹോളില്‍ ലേയങ്ങളാണ്‌. ഒട്ടുവളരെ ഓര്‍ഗാനിക്‌ വസ്‌തുക്കളെ നിഷ്‌കര്‍ഷണം (extraction)ചെയ്‌തു ലഭ്യമാക്കുന്നതിനും, ഓര്‍ഗാനിക്‌ യൗഗികങ്ങളില്‍ പലതിന്റെയും നിര്‍മാണത്തില്‍ ഇടയൗഗികമായും, ആന്റിഫ്രീസ്‌ (antifreeze)) ആയും, ഔഷധങ്ങള്‍, സൗന്ദര്യവര്‍ധകങ്ങള്‍ (cosmetics), ആന്റിസെപ്‌റ്റിക്കുകള്‍, പേയദ്രവ്യങ്ങള്‍ എന്നിവയുടെ ഉത്‌പാദനത്തിനും ഇത്‌ പ്രയോജനപ്പെടുന്നു. എളുപ്പത്തില്‍ കത്തിപ്പിടിക്കുന്ന ഇത്‌ ശ്രദ്ധയോടെ കൈകാര്യം ചെയ്യപ്പെടേണ്ടതാണ്‌. ലഹരി പിടിപ്പിക്കാന്‍ കഴിവുള്ള ഈ ദ്രാവകം അടങ്ങിയിട്ടുള്ള പാനീയങ്ങള്‍ ആ ആവശ്യത്തിനായി പല പേരുകളിലും വിപണിയില്‍ ഇറങ്ങുന്നുണ്ട്‌. അവയില്‍ ചിലതാണ്‌ ബിയര്‍ (3%), കള്ള്‌ (3.5%), വൈന്‍ (10-15%), വിസ്‌കി (50%), ബ്രാണ്ടി (50%), റം (45%) എന്നിവ; ഓരോന്നിലുമുള്ള എഥില്‍ ആല്‍ക്കഹോളിന്റെ അളവാണ്‌ ബ്രാക്കറ്റിനകത്തു കൊടുത്തിട്ടുള്ളത്‌.

പ്രാഥമികാനുഭവത്തില്‍ ആല്‍ക്കഹോള്‍ ഉന്മേഷദായകമായ ഒരു ദ്രാവകമായിത്തോന്നാമെങ്കിലും യഥാര്‍ഥത്തില്‍ അങ്ങനെയല്ല; അത്‌ അവസാദകം (depressant) ആണ്‌. ജഠരത്തില്‍നിന്ന്‌ ആല്‍ക്കഹോളിനെ വേഗം വലിച്ചെടുത്ത്‌ തലച്ചോറിലെത്തിക്കുന്നതിനു രക്തത്തിനു കഴിവുണ്ട്‌. അങ്ങനെ തലച്ചോറിലെത്തുന്ന ആല്‍ക്കഹോള്‍ അതിലെ കോശങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഉയര്‍ന്ന നാഡീകേന്ദ്രങ്ങളെ തളര്‍ത്തുന്നതുമൂലം ഉന്മേഷവാനാണെന്നുള്ള തെറ്റിദ്ധാരണ മനുഷ്യനിലുളവാക്കുന്നു. ഈ തെറ്റിദ്ധാരണ വളരെയധികം വിലമതിക്കപ്പെടുന്നുണ്ട്‌ എന്നുള്ളതിന്‌ ഇതിന്‌ പ്രാചീനകാലം മുതല്‌ക്കുതന്നെയുള്ള പ്രചാരം തെളിവാണ്‌. തലച്ചോറില്‍ ആല്‍ക്കഹോള്‍ കൂടുതലായി എത്തുന്നതോടുകൂടി അതിന്റെ അവസാദകവും അസുഖകരവും നിശ്ചേതകവും(anaesthetic) ആയ ഗുണധര്‍മങ്ങള്‍ പ്രത്യക്ഷപ്പെടുന്നതാണ്‌. ആല്‍ക്കഹോളിസം അഥവാ മദ്യാസക്തി എന്നത്‌ ഇതിന്റെ നിരന്തര ഉപയോഗം കൊണ്ടുണ്ടാകുന്ന ഒരവസ്ഥയാണ്‌. ഇതിനെ സമര്‍ഥമായി ചികിത്സിച്ചു ഭേദപ്പെടുത്തുന്നതിനു നവീനമായ സമീപനരീതികള്‍ ഗവേഷണദ്ദ്വാരാ കണ്ടുപിടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നോ. അതിമദ്യാസക്തി ചികിത്സാരംഗത്ത്‌ ടിങ്‌ചറുകളുടെ നിര്‍മാണത്തിന്‌ ആല്‍ക്കഹോള്‍ ധാരാളമായി ഉപയോഗിക്കാറുണ്ട്‌. വായിലൂടെ ആഹാരം കഴിക്കുവാന്‍ നിവൃത്തിയില്ലാത്ത രോഗികള്‍ക്ക്‌ ശരീരപോഷണത്തിനായി ഇന്‍ജക്‌റ്റ്‌ ചെയ്യപ്പെടുന്ന "അമിനോസോള്‍' എന്ന യോഗത്തിന്റെ നിര്‍മാണത്തിന്‌ ആല്‍ക്കഹോള്‍ ആവശ്യമാണ്‌. ശസ്‌ത്രക്രിയയ്‌ക്കുമുമ്പായി ചര്‍മം തുടച്ചു വൃത്തിയാക്കുന്നതിനുപയോഗിക്കുന്ന ദ്രാവകം മുഖ്യമായും ആല്‍ക്കഹോള്‍ അടങ്ങിയതാണ്‌. അയഡിന്‍ പൊട്ടാസിയം അയഡൈഡ്‌ കലര്‍ത്തി ആല്‍ക്കഹോളിലലിയിച്ചതാണ്‌ പ്രഥമശുശ്രൂഷാപേടകത്തിലെ (first aid box) സുപ്രധാനാംഗമായ ടിങ്‌ചര്‍ ഒഫ്‌ അയഡിന്‍.

എഥില്‍ ആല്‍ക്കഹോള്‍ വന്‍തോതില്‍ നിര്‍മിക്കേണ്ട ആവശ്യകതയുള്ളതുകൊണ്ട്‌ അതിനുള്ള പല മാര്‍ഗങ്ങളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്‌: (1) മൊളാസസ്സില്‍നിന്ന്‌ (2) സ്റ്റാര്‍ച്ചില്‍നിന്ന്‌.

(1) മൊളാസസ്സില്‍നിന്ന്‌. പഞ്ചസാര ക്രിസ്റ്റലീകരിച്ചെടുത്തശേഷം അവശേഷിക്കുന്ന അപദ്രവ്യങ്ങളടങ്ങിയ ലായനിയാണ്‌ മൊളാസസ്‌. ഇതില്‍ ധാരാളം സൂക്രാസും (sucrose) അനേകം പോഷകലവണങ്ങളുമുണ്ടായിരിക്കും. മൊളാസസ്സില്‍ വെള്ളം ചേര്‍ത്ത്‌ ലായനിയില്‍ സൂക്രാസിന്റെ ശതമാനം 10-12 ആക്കിയശേഷം പ്രത്യേകം തയ്യാര്‍ ചെയ്‌ത യീസ്റ്റ്‌ എന്ന കിണ്വം ചേര്‍ക്കുന്നു. ലായനിയിലുള്ള പോഷക വസ്‌തുക്കളുടെ സഹായത്തോടെ അതുവളര്‍ന്നു വര്‍ധിക്കുകയും അതോടൊപ്പം സൂക്രാസിനെ ആല്‍ക്കഹോള്‍ ആക്കി മാറ്റുകയും ചെയ്യുന്നു. കിണ്വത്തിലുള്ള എന്‍സൈമുകളാണ്‌ ഈ പരിവര്‍ത്തനത്തിനു കാരണം. ഇന്‍വര്‍ട്ടേസ്‌ എന്ന എന്‍സൈം സൂക്രാസിനെ ജലവിശ്ലേഷണം ചെയ്യിച്ച്‌ ഗ്ലൂക്കോസും ഫ്രക്‌ടോസുമാക്കി (glucose and fructose) മാറ്റുന്നു. അനന്തരം സൈമേസ്‌ എന്ന മറ്റൊരു എന്‍സൈം ഇവ രണ്ടിനെയും ആല്‍ക്കഹോളും കാര്‍ബണ്‍ ഡൈ ഓക്‌സൈഡുമായി വിഘടിപ്പിക്കുന്നു:

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌ വാതകം കുമിളകളായി ലായനിയില്‍ നിന്നു ബഹിര്‍മഗിക്കുമ്പോള്‍ നുരയും പതയുമുണ്ടാകുന്നതിനാല്‍ തിളയ്‌ക്കുന്ന ഒരു പ്രതീതി ഉണ്ടായിരിക്കും. തന്മൂലമാണ്‌ ഈ പ്രക്രിയയ്‌ക്ക്‌ "ഫെര്‍മെന്റേഷന്‍' (ferment = തിളയ്‌ക്കല്‍) എന്ന വ്യവഹാരമുണ്ടായിട്ടുള്ളത്‌. രണ്ടുമൂന്ന്‌ ദിവസംകൊണ്ടു ഈ നുരപ്പിക്കല്‍ പൂര്‍ത്തിയാകും. ഇപ്രകാരം ലഭിക്കുന്ന ലായനിയില്‍ 6-10 ശതമാനം ആല്‍ക്കഹോള്‍ ഉണ്ടായിരിക്കും. കോഫിസ്റ്റില്‍ എന്ന പേരിലറിയപ്പെടുന്ന വലിയ അംശീകാരസ്‌തംഭങ്ങള്‍ (fractionating columns)ഉപയോഗിച്ച്‌ സ്വേദനം നടത്തുമ്പോള്‍ 92-95.6 ശതമാനം സാന്ദ്രതയുള്ള ആല്‍ക്കഹോള്‍ കിട്ടുന്നു. റെക്‌ടിഫൈഡ്‌ സ്‌പിരിറ്റ്‌ (rectified spirit)എന്ന പേരില്‍ ഇതറിയപ്പെടുന്നു. സ്വേദനപ്രക്രിയ വഴി ബാക്കിയുള്ള ജലാംശം കളയുവാന്‍ സാധ്യമല്ല. കാത്സ്യം ഓക്‌സൈഡ്‌ (നീറ്റുകക്ക) ചേര്‍ത്ത്‌ ഏതാനും ദിവസം വച്ചിരുന്നാല്‍ റെക്‌ടിഫൈഡ്‌ സ്‌പിരിറ്റില്‍ നിന്നും പിന്നെയും കുറേ ജലാംശം നീക്കാം. വീണ്ടും സ്വേദനവിധേയമാക്കിയശേഷം കാത്സ്യം ലോഹക്കഷണങ്ങളോ കാത്സ്യം കാര്‍ബൈഡോ ചേര്‍ത്തു തിളപ്പിച്ച്‌ തനി ആല്‍ക്കഹോള്‍ ലഭ്യമാക്കാം.

(2) സ്റ്റാര്‍ച്ചില്‍നിന്ന്‌. സ്റ്റാര്‍ച്ച്‌ ധാരാളമടങ്ങിയ ഉരുളക്കിഴങ്ങ്‌, ബാര്‍ലി, ഗോതമ്പ്‌, ചോളം എന്നീ പദാര്‍ഥങ്ങളില്‍നിന്ന്‌ എഥില്‍ ആല്‍ക്കഹോള്‍ വന്‍തോതിലുത്‌പാദിപ്പിക്കപ്പെടുന്നുണ്ട്‌. ഉരുളക്കിഴങ്ങ്‌ ധാരാളമുണ്ടാകുന്ന നാടുകളില്‍ അതുപയോഗിച്ചാണ്‌ ആല്‍ക്കഹോള്‍ വ്യവസായം സംഘടിപ്പിക്കുന്നത്‌. ഉരുളക്കിഴങ്ങ്‌ ആദ്യം കഷണങ്ങളായി മുറിച്ച്‌ വെള്ളം ചേര്‍ത്ത്‌ ആവിയില്‍, മര്‍ദത്തില്‍ തിളപ്പിച്ച്‌ കുഴുമ്പുരൂപത്തിലാക്കിയെടുക്കുന്നു. അതിന്റെ താപനില 56-60ºC-ല്‍ നിര്‍ത്തിയശേഷം മാള്‍ട്‌ ചേര്‍ത്ത്‌ ഇളക്കുന്നു. മാള്‍ട്‌ എന്നത്‌ മുളച്ചുവരുന്ന ബാര്‍ലി ഉണക്കിപ്പൊടിച്ചെടുത്തതാണ്‌. ഇതില്‍ ഡയാസ്റ്റേസ്‌ എന്ന ഒരു എന്‍സൈം ഉണ്ട്‌. ഈ ഡയാസ്റ്റേസ്‌ സ്റ്റാര്‍ച്ചില്‍ പ്രവര്‍ത്തിച്ച്‌ ഒരു മണിക്കൂറിനകം അതിനെ മാള്‍ട്ടോസ്‌ (maltose)ആക്കി മാറ്റുന്നു. മിശ്രിതം തണുപ്പിച്ചശേഷം (25-30ºC-ല്‍) യീസ്റ്റ്‌ എന്ന കിണ്വം ചേര്‍ക്കുന്നു. കിണ്വത്തിലുള്ള മാള്‍ട്ടേസ്‌ എന്ന എന്‍സൈമിന്റെ സഹായത്തോടുകൂടി മാള്‍ട്ടോസ്‌ ജലീയവിശ്ലേഷണ (hydrolysis) വിധേയമായി ഗ്ലൂക്കോസായി മാറുന്നു. കിണ്വത്തിലടങ്ങിയ സൈമേസ്‌ എന്ന എന്‍സൈം പിന്നീടു ഗ്ലൂക്കോസിനെ ആല്‍ക്കഹോളും കാര്‍ബണ്‍ ഡൈ ഓക്‌സൈഡുമായി വിഘടിപ്പിക്കുന്നു.


നുരപ്പിക്കല്‍ കഴിഞ്ഞു ലഭിക്കുന്ന ലായനിയില്‍നിന്ന്‌ ആംശികസ്വേദനം വഴി മുമ്പു പ്രസ്‌താവിച്ചപോലെ ആല്‍ക്കഹോള്‍-റെക്‌ടിഫൈഡ്‌ സ്‌പിരിറ്റ്‌-ലഭ്യമാക്കാം; മറ്റു പ്രക്രിയകള്‍ വഴി തനി ആല്‍ക്കഹോളും. ആല്‍ക്കഹോള്‍ ലഭ്യമാക്കുന്നതിന്‌ പല പൊതുമാര്‍ഗങ്ങളുമുണ്ട്‌. ഉദാഹരണമായി എഥില്‍ ബ്രാമൈഡില്‍ നിന്ന്‌ ബ്രാമിനെ ഹൈഡ്രാക്‌സില്‍ ഗ്രൂപ്പുകൊണ്ട്‌ പ്രതിസ്ഥാപിച്ചും എഥിലീന്‍ സള്‍ഫ്യൂറിക്‌ അമ്ലവുമായി പ്രതിപ്രവര്‍ത്തിച്ചു കിട്ടുന്ന ആല്‍ക്കില്‍ ഹൈഡ്രജന്‍ സള്‍ഫേറ്റുകളെ ജലീയ വിശ്ലേഷണ വിധേയമാക്കിയും അസറ്റാല്‍ഡിഹൈഡ്‌ സോഡിയം അമാല്‍ഗം ഉപയോഗിച്ചു റെഡ്യൂസ്‌ ചെയ്‌തും, എഥില്‍ അമീന്‍ നൈട്രസ്‌ അമ്ലവുമായി പ്രതിപ്രവര്‍ത്തിപ്പിച്ചും എഥില്‍ ആല്‍ക്കഹോള്‍ ഉണ്ടാക്കാം.


എന്നാല്‍ ഇവയില്‍വച്ചു പ്രാധാന്യം കൂടിയത്‌ എഥിലീന്‍ ഉപയോഗിച്ചുള്ള പ്രക്രിയയാണ്‌. പെട്രാളുത്‌പാദനത്തില്‍ സുലഭമായ ഒരു ഉപോത്‌പന്നം(by-product) ആണ്‌ അത്‌. ഇങ്ങനെയൊക്കെയാണെങ്കിലും ആല്‍ക്കഹോളിന്റെ വ്യാവസായിക നിര്‍മാണം പ്രായേണ സ്റ്റാര്‍ച്ചില്‍നിന്നും മൊളാസസ്സില്‍നിന്നുമാണ്‌.

എഥില്‍ ആല്‍ക്കഹോളിന്റെ നിര്‍മാണം, വിപണനം മുതലായവ ഏതു രാജ്യത്തും ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലാണ്‌. വലിയ നികുതി ചുമത്തപ്പെടുന്നതുകൊണ്ട്‌ കൂടിയ വിലയ്‌ക്കാണ്‌ ഇതു വിപണിയില്‍ ലഭിക്കുന്നത്‌; എന്നാല്‍ വ്യാവസായികാവശ്യങ്ങള്‍ക്കും മറ്റും ചുരുങ്ങിയ വിലയ്‌ക്കു ലഭ്യമാക്കാതെയും നിവൃത്തിയില്ല. അതിനായി റെക്‌ടിഫൈഡ്‌ സ്‌പിരിറ്റില്‍ മെഥനോള്‍, ചില ചായങ്ങള്‍, റബ്ബര്‍ലായനി മുതലായ അപദ്രവ്യങ്ങള്‍ചേര്‍ക്കുക പതിവാണ്‌. ഇപ്രകാരം നിര്‍മിക്കപ്പെടുന്ന ആല്‍ക്കഹോളിന്‌ മെഥിലേറ്റഡ്‌ സ്‌പിരിറ്റ്‌ അഥവാ ഡിനേച്ചര്‍ഡ്‌ (denatured= വികൃത) ആല്‍ക്കഹോള്‍ എന്നു പറയുന്നു. മനുഷ്യര്‍ക്കു കുടിക്കുവാന്‍ പറ്റാത്ത അവസ്ഥയിലാക്കുന്നതിനാണ്‌ ഈ വിധം ചെയ്യുന്നത്‌. വികൃത ആല്‍ക്കഹോള്‍ സേവിച്ചാല്‍ അതിലടങ്ങിയ മെഥനോള്‍ ജീവാപായം വരെയുള്ള വിനകള്‍ വരുത്തുന്നതാണ്‌.

എഥില്‍ ആല്‍ക്കഹോളിന്‌ ആല്‍ക്കഹോളിന്റെ എല്ലാ പൊതുഗുണങ്ങളുമുണ്ടായിരിക്കും. എന്നാല്‍ ചില പ്രത്യേക രാസപ്രവര്‍ത്തനങ്ങള്‍ക്ക്‌ വിധേയമാക്കി ഇതില്‍നിന്ന്‌ മറ്റ്‌ ആല്‍ക്കഹോളുകളില്‍നിന്ന്‌ ലഭിക്കാത്ത ക്ലോറൊഫോം, ഈഥര്‍ (ഡൈ എഥില്‍ ഈഥര്‍) എന്നിവ നിര്‍മിക്കാം. സോഡിയം, പൊട്ടാസിയം, അലുമിനിയം എന്നീ ലോഹങ്ങളുടെ ഇഥോക്‌ സൈഡുകള്‍ അഥവാ എഥിലേറ്റുകള്‍ പരീക്ഷണശാലകളില്‍ പ്രായോഗികപ്രാധാന്യമുള്ള അഭികാരകങ്ങളാണ്‌ (reagents); വിശേഷിച്ചും സോഡിയം ഇഥോക്‌സൈഡ്‌ (C2H5 ONa).

ഒരു സാമ്പിള്‍ എഥില്‍ ആല്‍ക്കഹോളില്‍ ആല്‍ക്കഹോളംശം എത്രയുണ്ടെന്നു കണ്ടുപിടിക്കുന്ന പ്രക്രിയയ്‌ക്ക്‌ ആല്‍ക്കഹോളിമിതി (Alcoholimetry) എന്നു പറയുന്നു. പ്രത്യേകതാപനിലയില്‍ വിവിധ നിലവാരത്തിലും വിവിധ സാന്ദ്രതയിലും ഉള്ള ആല്‍ക്കഹോളിന്റെ ആപേക്ഷികഘനത്വം (relative density) കണ്ടുപിടിച്ചു രേഖപ്പെടുത്തിയ കൃത്യമായ പട്ടികകളുണ്ട്‌. ആകയാല്‍ കിട്ടിയ സാമ്പിളിന്റെ ആപേക്ഷികഘനത്വം മാനകതാപനിലയില്‍ കണ്ടുപിടിച്ചാല്‍ പട്ടിക നോക്കി അതിന്റെ നിലവാരം മനസ്സിലാക്കാം. ഉദാഹരണമായി 15.5ºC-ല്‍ സാമ്പിളിന്റെ ആപേക്ഷികഘനത്വം 0.8605 ആണെങ്കില്‍ അതില്‍ ഭാരാത്മകമായി 75 ശതമാനം ആല്‍ക്കഹോള്‍ ഉണ്ടെന്നു മനസ്സിലാക്കാം. എക്‌സൈസ്‌ ആവശ്യങ്ങള്‍ക്കും സാധാരണ ആവശ്യങ്ങള്‍ക്കും ആപേക്ഷിഘനത്വം കാണാന്‍ അങ്കനം ചെയ്‌തിട്ടുള്ള ഹൈഡ്രാമീറ്റര്‍ (hydrometer) ഉപയോഗിച്ചാല്‍ മതി. എഥില്‍ ആല്‍ക്കഹോളിന്റെ സാന്ദ്രതയുടെ ഗുണപരമായ നിര്‍ണയനത്തില്‍ "പ്രൂഫ്‌ സ്‌പിരിറ്റ്‌' എന്ന ഒരു ശൈലി ചിലയിടങ്ങളില്‍ പ്രചാരമുണ്ട്‌. ഉദാഹരണമായി ബ്രിട്ടനില്‍ 49.3 ശതമാനം (ഭാരപരമായി) ആല്‍ക്കഹോളിനെയാണ്‌ പ്രൂഫ്‌ സ്‌പിരിറ്റ്‌ എന്നു പറയുന്നത്‌. ഇതിനെ മാനകം(standard) ആക്കിവച്ച്‌ മറ്റു സാമ്പിളുകളെ "മേലെ', "താഴെ' എന്നു തരംതിരിക്കുക പതിവാണ്‌. ഈ ശൈലി നടപ്പാകാന്‍ കാരണം ഒരു പഴയ പ്രായോഗികാചാരമാണ്‌. കരിമരുന്നിന്മേല്‍ ആല്‍ക്കഹോള്‍ ഒഴിച്ചശേഷം കത്തിക്കുമ്പോള്‍ ആ സാമ്പിളില്‍ ജലത്തിന്റെ അംശം ഒരു പരിധിയിലും കൂടിയിരുന്നാല്‍ കരിമരുന്നു കത്തുകയില്ല; അഥവാ ആല്‍ക്കഹോളംശം കത്തിപ്പോയിട്ടും കരിമരുന്നു നനഞ്ഞിരിക്കുകയും തന്മൂലം കത്താതിരിക്കുകയും ചെയ്യുന്നു. ജലാംശം ആ പരിധിയില്‍ കുറവാണെങ്കില്‍ ആല്‍ക്കഹോള്‍ കത്തിക്കഴിയുന്നതോടെ കരിമരുന്നു തീപിടിക്കുന്നതു കാണാം. കരിമരുന്നു കത്താന്‍ അനുവദിക്കുന്ന സാമ്പിള്‍ ആല്‍ക്കഹോളാണ്‌ പണ്ടു പ്രൂഫ്‌ സ്‌പിരിറ്റ്‌ എന്നു വിളിക്കപ്പെട്ടിരുന്നത്‌.

ബിയര്‍, വൈന്‍ മുതലായ പാനീയങ്ങളില്‍ ആല്‍ക്കഹോളംശം കണ്ടുപിടിക്കുന്നതിന്‌ ഒരു നിശ്ചിത അളവില്‍ ആ സാമ്പിളെടുത്ത്‌ സ്വേദനവിധേയമാക്കണം. അളവില്‍ മൂന്നിലൊരു ഭാഗം സ്വേദനം ചെയ്‌തു ശേഖരിച്ചാല്‍ അതില്‍ സാമ്പിളിലെ ആല്‍ക്കഹോളംശം മുഴുവനുമുണ്ടായിരിക്കും. ഇതില്‍ വെള്ളം ചേര്‍ത്ത്‌ എടുത്ത അളവിലേക്കു നേര്‍പ്പിച്ചശേഷം നിശ്ചിത താപനിലയില്‍ ആപേക്ഷികസാന്ദ്രത നിര്‍ണയിച്ചാല്‍ പട്ടികയില്‍നിന്ന്‌ സാമ്പിളിലെ ആല്‍ക്കഹോള്‍ ശതമാനം മനസ്സിലാക്കാം. ഷുഗറുകള്‍ മുതലായ അപദ്രവ്യങ്ങള്‍ പലപ്പോഴും സാമ്പിളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കും; അവ അതിന്റെ ആപേക്ഷികസാന്ദ്രതയെ സ്വാധീനിക്കുന്നതാണ്‌. ഈ കുഴപ്പം മൂലമാണ്‌ സാമ്പിളിന്റെ ആപേക്ഷികസാന്ദ്രത നേരിട്ടു കാണാതെ സ്വേദന വിധേയമാക്കി ഇപ്രകാരം ചെയ്യുന്നത്‌. നോ. ആല്‍ക്കഹോള്‍; ക്‌ളോറൊഫോം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍