This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എത്യോപ്യന്‍ കല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എത്യോപ്യന്‍ കല

Ethiopian Art

അക്‌സമിലെ ശവകുടീരസ്‌തംഭം

എത്യോപ്യന്‍ ജനവര്‍ഗത്തിന്റെ സംഭാവനയായി പ്രാചീനകാലം തൊട്ടു ലഭിച്ചിട്ടുള്ള കലാസൃഷ്‌ടികള്‍ക്ക്‌ മൊത്തത്തിലുള്ള പേര്‌. ആദിമകാലത്തെ എത്യോപ്യന്‍ സംസ്‌കാരത്തെക്കുറിച്ചോ ജനവര്‍ഗങ്ങളെക്കുറിച്ചോ ബാഹ്യലോകത്തിന്‌ കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

പ്രാചീന എത്യോപ്യയില്‍ അവിടവിടെയായി നിരവധി ദേവാലയങ്ങളും സൗധങ്ങളും ഉണ്ടായിരുന്നതില്‍ പലതിന്റെയും ഭഗ്നാവശിഷ്‌ടങ്ങളും ചിലതിന്റെ വികലമായ പ്രാചീനരൂപങ്ങളും ഇന്നും അവശേഷിച്ചിട്ടുണ്ട്‌. ഇത്തരം വാസ്‌തുശില്‌പങ്ങളില്‍ ഏറ്റവും പഴക്കംചെന്നത്‌ ബി.സി. 500-നടുത്ത്‌ പണികഴിപ്പിക്കപ്പെട്ടവയാണെന്നും കരുതപ്പെടുന്നു. ഭൂമിയെയും സൂര്യചന്ദ്രന്മാരെയും ആരാധിക്കുവാനായി നിര്‍മിച്ചിട്ടുള്ള ക്ഷേത്രങ്ങളില്‍ മിക്കവയും ഇപ്പോള്‍ ജീര്‍ണാവസ്ഥയിലാണെങ്കിലും ഇവയിലുള്ള പ്രതിമകള്‍ പലതും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്‌. റിലീഫ്‌ ചിത്രങ്ങള്‍ കൊണ്ടലങ്കൃതങ്ങളായ സിംഹാസനങ്ങള്‍, സുഗന്ധ ദ്രവ്യാര്‍പ്പണവേദികള്‍, പുരാതന ഗ്രീക്ക്‌ ശിലാലിഖിതങ്ങളോടു കിടപിടിക്കത്തക്ക ആലേഖ്യങ്ങള്‍ എന്നിവയും ഈ പ്രദേശങ്ങളില്‍ നിന്നു കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌.

സംസ്‌കാരസമ്പന്നമായ ഒരു നഗരമായിരുന്നു എത്യോപ്യയുടെ പുരാതന തലസ്ഥാനമായിരുന്ന അക്‌സം എന്നതിന്‌ ആ പ്രദേശത്ത്‌ അവശേഷിച്ചിട്ടുള്ള കൊട്ടാരഭാഗങ്ങള്‍, ശവകുടീരങ്ങള്‍, ചാരനിറത്തിലുള്ള വലിയ ഒറ്റക്കല്‍ത്തൂണുകള്‍ തുടങ്ങിയവ സാക്ഷ്യം വഹിക്കുന്നു. അക്‌സമിലെ വലിയ ശവകുടീരസ്‌തംഭം ആലേഖ്യാലങ്കൃതമാണ്‌. ബി.സി. 5-ാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ഈ സ്‌തംഭത്തിന്‌ 21.3 മീ. ഉയരമുണ്ട്‌. കടുപ്പമുള്ള കരിമ്പാറയില്‍ സ്‌തൂപികാകാരത്തില്‍ പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ള ഈ സ്‌തംഭം കൊത്തുപണികളാല്‍ അലങ്കൃതമാണ്‌. പാറ തുരന്ന്‌ അലങ്കാരപ്പണികളോടുകൂടിയ തുലാങ്ങള്‍ നിര്‍മിക്കുവാനും എത്യോപ്യന്‍ ശില്‌പികള്‍ക്കു കഴിഞ്ഞിരുന്നു. ഇവയില്‍ നിന്നെല്ലാം മനസ്സിലാക്കാന്‍ കഴിയുന്നത്‌ സമീപസ്ഥങ്ങളായ ഈജിപ്‌ഷ്യന്‍ കലയോടോ തെക്കേഅറേബ്യന്‍ കലയോടോ എത്യോപ്യന്‍ കലയ്‌ക്ക്‌ ഗണ്യമായ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല എന്നുള്ളതാണ്‌. ഈ സംസ്‌കാരധാരകള്‍ രണ്ടില്‍ നിന്നും വ്യതിരിക്തവും അവയെക്കാളെല്ലാം ആധുനികത അവകാശപ്പെടാവുന്നതുമായ ഒരു നൂതനസരണിയിലൂടെ ഉരുത്തിരിഞ്ഞു വികസിച്ചതായിരുന്നു എത്യോപ്യന്‍ കലയും സംസ്‌കാരവും.

ശിലയില്‍ കൊത്തിയുണ്ടാക്കിയ ലാലിബെലയിലെ സെന്റ്‌ജോര്‍ജ്‌ ദേവാലയം

3-9 നൂറ്റാണ്ടുകളില്‍ അക്‌സം തലസ്ഥാനമാക്കി ഭരിച്ചിരുന്ന എത്യോപ്യന്‍ ചക്രവര്‍ത്തിമാരുടെ അധികാരസീമ അറേബ്യ വരെ എത്തിയിരുന്നു. അക്കാലത്ത്‌ പുറപ്പെടുവിച്ചിരുന്ന നാണയങ്ങളില്‍ സ്വന്തം രൂപങ്ങള്‍ ആലേഖനം ചെയ്യിക്കുന്നതില്‍ ഇവര്‍ തത്‌പരരായിരുന്നു. 1-ാം നൂറ്റാണ്ടില്‍ത്തന്നെ ക്രിസ്‌തുമതം എത്യോപ്യയില്‍ പ്രചരിച്ചിരുന്നുവെങ്കിലും 4-ാം നൂറ്റാണ്ടില്‍ ഭരിച്ചിരുന്ന ഇസ്സാനചക്രവര്‍ത്തി ക്രിസ്‌തുമതം സ്വീകരിച്ചതോടെയാണ്‌ എത്യോപ്യന്‍ ജനത അവരുടെ കലയ്‌ക്കു ക്രസ്‌തവച്ഛായ വരുത്തിയത്‌. ക്രിസ്‌തുമതത്തിന്റെ പ്രചാരണത്തിനായി വളരെയധികം ദേവാലയങ്ങള്‍ അക്‌സമില്‍ത്തന്നെ അവര്‍ നിര്‍മിച്ചു. തടിയും കല്ലും ഉപയോഗിച്ചു നിര്‍മിക്കപ്പെട്ട മുഖപ്പുകളോടുകൂടിയ ആദ്യകാല-എത്യോപ്യന്‍ ക്രസ്‌തവദേവാലയങ്ങള്‍ പഴയ ദേവാലയനിര്‍മാണ ശൈലിയെ അനുസ്‌മരിപ്പിക്കുന്നവയായിരുന്നു. കലേബ്‌ ചക്രവര്‍ത്തി(514-42) യുടെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയും മകനുമായ ഗ്രബ്രാമസകാളിന്റെയും കല്ലറകളോടു ചേര്‍ന്നുള്ള പള്ളികള്‍ ഇതിനുദാഹരണങ്ങളാണ്‌.

12-ാം നൂറ്റാണ്ടില്‍ എത്യോപ്യ ഭരിച്ച സഗ്‌വേ (Zagwe) രാജകുടുംബത്തില്‍പ്പെട്ട ലാലിബെല രാജാവ്‌ (1182-1220) സ്വന്തം പേരില്‍ സ്ഥാപിച്ച ലാലിബെല നഗരത്തില്‍ 12 ഒറ്റക്കല്‍ ദേവാലയങ്ങള്‍ പണികഴിപ്പിച്ചു. പാറ തുരന്നു നിര്‍മിച്ച ഈ ദേവാലയങ്ങള്‍ വാസ്‌തുവിദ്യാരംഗത്ത്‌ പുതിയ ഒരു ശൈലി ആവിഷ്‌കരിച്ചു. ഈ കാലഘട്ടത്തില്‍ കല ഈശ്വരാരാധനയ്‌ക്കുള്ള ഒരു പ്രധാന ഉപാധിയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇക്കാലത്ത്‌ പ്രചാരത്തിലിരുന്ന വിവിധ കലാസൃഷ്‌ടികളുടെ അവശിഷ്‌ടങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ വസ്‌തുത ബോധ്യമാകും.

12-ാം നൂറ്റാണ്ടിനുശേഷം എത്യോപ്യയില്‍ നിരവധി സന്ന്യാസാശ്രമങ്ങള്‍, കന്യാസ്‌ത്രീമഠങ്ങള്‍, പള്ളികള്‍ തുടങ്ങിയവ പണികഴിപ്പിക്കപ്പെട്ടു. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രമുഖവും പ്രശസ്‌തവും ആയിട്ടുള്ളത്‌ മധ്യ എത്യോപ്യയിലെ ഉത്തുംഗമായ ഗിരിപ്രദേശത്ത്‌ നിര്‍മിക്കപ്പെട്ട വലിയ പള്ളിയാണ്‌. 1530-31-ല്‍ ഉണ്ടായ മുസ്‌ലിം ആക്രമണത്തിന്റെ ഫലമായി ഈ ദേവാലയം നശിപ്പിക്കപ്പെട്ടുവെങ്കിലും അവിടെയുണ്ടായിരുന്ന ഏതാനും കൈയെഴുത്തുഗ്രന്ഥങ്ങള്‍ ഇന്നും അവശേഷിച്ചിട്ടുണ്ട്‌. പോര്‍ച്ചുഗീസ്‌ സഞ്ചാരികള്‍ രചിച്ച കുറിപ്പുകളില്‍ എത്യോപ്യയിലെ വലിയ പള്ളികളെക്കുറിച്ചും അവയിലെ ഗ്രന്ഥശേഖരങ്ങളെക്കുറിച്ചുമുള്ള പരാമര്‍ശമുണ്ട്‌. അതുപോലെ അവിടത്തെ മുസ്‌ലിം ഭരണകാല ചരിത്രത്തിലും ഇവയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. പ്രത്യേകതരം തടികൊണ്ട്‌ പണിതുയര്‍ത്തപ്പെട്ട ഉന്നതങ്ങളായ ഈ ദേവാലയങ്ങളുടെ മേല്‍ക്കൂര സ്വര്‍ണനിര്‍മിതവും ഉള്‍ഭിത്തികള്‍ ചിത്രാലങ്കൃതങ്ങളുമായിരുന്നു. ഇവയില്‍ നിന്നെല്ലാം വളരെ പ്രബുദ്ധമായ ഒരു സംസ്‌കാരത്തിന്റെ ഉടമകളായിരുന്നു എത്യോപ്യന്‍ ജനത എന്നു വ്യക്തമാകുന്നു. മുസ്‌ലിം ആധിപത്യം എത്യോപ്യയില്‍ അധികനാള്‍ നിലനിന്നില്ലെങ്കിലും അവരുടെ സംസ്‌കാരത്തില്‍നിന്നു സ്വീകാര്യമായി തോന്നിയതെല്ലാം എത്യോപ്യന്‍ ജനത ആര്‍ജിക്കുകതന്നെ ചെയ്‌തു. 1541-ല്‍ പോര്‍ച്ചുഗീസുകാര്‍ എത്യോപ്യരുമായി ഒരു ഉടമ്പടിയുണ്ടാക്കി, മുസ്‌ലിം ആധിപത്യത്തെ നിഷ്‌കാസനം ചെയ്‌തു. ഈ കാലഘട്ടത്തില്‍ പോര്‍ച്ചുഗീസ്‌ ശൈലിയിലുള്ള ക്രസ്‌തവ ദേവാലയങ്ങള്‍ എത്യോപ്യയില്‍ ധാരാളമായി പണി കഴിപ്പിക്കപ്പെട്ടു. സിറിയ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍നിന്ന്‌ കലാകാരന്മാരെയും ശില്‌പികളെയും എത്യോപ്യയില്‍ കൊണ്ടുവന്നത്‌ പോര്‍ഗീസുകാരായിരുന്നു. 17-ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ എത്യോപ്യയില്‍ ഭരണം നടത്തിയിരുന്ന ഫസിലാദസ്‌ ചക്രവര്‍ത്തി 1632-ല്‍ ഗൊണ്‍ഡാര്‍ നഗരം നവീകരിക്കുകയും അവിടെ നിരവധി കൊട്ടാരങ്ങള്‍ പുതിയതായി പണിയിക്കുകയും ചെയ്‌തു. ഇവയുടെ ഗോപുരങ്ങള്‍, ബാല്‍ക്കണികള്‍ എന്നിവയുടെ നിര്‍മിതിയില്‍ നവോത്ഥാന കാലഘട്ടത്തിലെ പാശ്ചാത്യ വാസ്‌തുവിദ്യാശൈലിയുടെ സ്വാധീനത വളരെ പ്രകടമായിട്ടുണ്ട്‌. ഈ നഗരത്തില്‍ പുതുതായി പണികഴിപ്പിക്കപ്പെട്ട ദേവാലയങ്ങളില്‍ ഏറ്റവും പ്രമുഖമായത്‌ ദെബ്രാബെര്‍ഹന്‍ സെല്ലാസി ദേവാലയമാണ്‌. ഇതിന്റെ ഉള്‍ഭിത്തികള്‍ ബൈബിള്‍ കഥകളെയും ക്രസ്‌തവസഭാചരിത്രസംഭവങ്ങളെയും ആസ്‌പദമാക്കിയുള്ള ചിത്രങ്ങള്‍കൊണ്ട്‌ അലങ്കൃതങ്ങളായിരുന്നു. വൃത്താകാരത്തിലുള്ള പള്ളികളുടെ നിര്‍മാണം ഏതാണ്ട്‌ ഇതേകാലത്തുതന്നെയാണ്‌ എത്യോപ്യയില്‍ ആരംഭിച്ചത്‌. കൈയെഴുത്തു ഗ്രന്ഥങ്ങളെ അലങ്കരിക്കുന്നതിനായുള്ള ചിത്രീകരണങ്ങളില്‍ ആ ഗ്രന്ഥങ്ങളില്‍ പരാമൃഷ്‌ടങ്ങളായ കഥാപാത്രങ്ങളുടെ രൂപസാദൃശ്യം, വസ്‌ത്രധാരണരീതി തുടങ്ങിയ വിശദാംശങ്ങള്‍ക്ക്‌ പ്രാധാന്യം നല്‌കിയിരുന്നു.

പില്‌ക്കാലത്ത്‌ ഒരു നൂറ്റാണ്ടിലേറെക്കാലം ഗൊണ്‍ഡാര്‍ നഗരം അവഗണിക്കപ്പെട്ട നിലയില്‍ കിടന്നിരുന്നു. ആ നഗരത്തിലേതൊഴികെ എത്യോപ്യയുടെ മറ്റു പ്രധാനപ്രദേശങ്ങളിലെല്ലാമുണ്ടായിരുന്ന ക്രസ്‌തവ ദേവാലയങ്ങളില്‍ ബൈബിള്‍ കഥകളും എത്യോപ്യയിലെ ചരിത്രസംഭവങ്ങളും ചിത്രീകരിക്കുന്നതില്‍ കലാകാരന്മാര്‍ അന്നും വ്യാപൃതരായിരുന്നതായി കാണാം.

എത്യോപ്യന്‍ ജനജീവിതത്തില്‍ മതത്തിനുള്ള ആധിപത്യം ഇന്നും പ്രകടമാണ്‌. നാടന്‍ കലാരൂപങ്ങളില്‍പ്പോലും മതത്തിന്റെ ഈ ആധിപത്യം നിഴലിക്കുന്നുണ്ട്‌. ആധുനികകാലത്ത്‌ എത്യോപ്യന്‍ ക്രസ്‌തവര്‍ അണിയുന്ന ആഭരണങ്ങള്‍തന്നെ ഈ വസ്‌തുത തെളിയിക്കുന്നു. കലാപരമായി മികച്ച നിലവാരം പുലര്‍ത്തുന്നവയും അസാധാരണവുമായ ഈ ആഭരണങ്ങള്‍ സഹസ്രാബ്‌ദങ്ങള്‍ പഴക്കമുള്ള ശൈലിയിലാണ്‌ ഇന്നും പണിഞ്ഞുവരുന്നത്‌. യുവതലമുറ അടുത്തകാലത്ത്‌ ഈ പരമ്പരാഗത ശൈലിക്കു നേരെ വിപ്ലവാത്മകമായ നിലപാടു സ്വീകരിച്ചിട്ടുള്ളതുകൊണ്ട്‌ പുതിയ പല മാറ്റങ്ങളും എത്യോപ്യന്‍ കലയില്‍ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍