This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എണ്ണച്ചായചിത്രണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:58, 17 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

എണ്ണച്ചായചിത്രണം

Oil Painting

ജൈവ-ഭൗമ-രാസപദാർഥങ്ങളിൽനിന്നു വേർതിരിച്ചെടുക്കുന്ന വർണമൂലകങ്ങളെ എണ്ണയിൽ ചാലിച്ചുണ്ടാക്കുന്ന ചായങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന ആലേഖന കലാവിദ്യ. ഈ ചായങ്ങള്‍ ആവശ്യാനുസരണം കടുപ്പം കൂട്ടിയോ കുറച്ചോ ഉപയോഗിക്കാവുന്നതാണ്‌. ഇവ കുഴമ്പുപാകത്തിലോ ദ്രവരൂപത്തിലോ ആക്കുന്നതിന്‌ ലിന്‍സീഡ്‌ എണ്ണയോ പോപ്പി എണ്ണയോ ടർപന്റയിനോ ദ്രവരൂപത്തിലുള്ള പാരഫിന്‍ മെഴുകോ ഉപയോഗിക്കുന്നു.

ആമുഖം

ജിയൊട്ടൊ
മൈക്കലാഞ്ചലോ

ചിത്രകാരന്മാർ ചിത്രരചനയ്‌ക്ക്‌ നിരവധി ചായങ്ങള്‍ ഉപയോഗിക്കാറുണ്ട്‌. അതിൽ ഏറ്റവും സൗകര്യപ്രദമായ ഒരു മാധ്യമമാണ്‌ ഓയിൽപെയിന്റ്‌സ്‌ അഥവാ എണ്ണച്ചായങ്ങള്‍. ചിത്രം വരയ്‌ക്കേണ്ടതായ ചുമരിൽ തേച്ച പ്ലാസ്റ്റർ ഉണങ്ങുന്നതിന്‌ മുമ്പ്‌ ചായം തേക്കുന്ന സമ്പ്രദായമാണ്‌ ഫ്രസ്‌കോ പെയിന്റിങ്‌. അതിവിശാലവും ബൃഹത്തുമായ ചുമരുകള്‍, വലിയ കെട്ടിടങ്ങളുടെ അകവും പുറവും മറ്റു ചിത്രങ്ങള്‍കൊണ്ട്‌ മോടിപിടിപ്പിക്കാന്‍ ഫ്രസ്‌കോ പെയിന്റിങ്‌ മുമ്പ്‌ ഉപയോഗിച്ചിരുന്നു. ചിത്രം വരയ്‌ക്കുമ്പോള്‍ അതീവശ്രദ്ധവേണ്ടിവരുന്നു; മാറ്റം വരുത്താന്‍ ബുദ്ധിമുട്ടുണ്ടാവുന്നു എന്നത്‌ ഫ്രസ്‌കോയുടെ ഒരു പരിമിതിയാണ്‌. ചുമരിൽ തേച്ച പ്ലാസ്റ്റർ ഉണങ്ങിയശേഷം ചെയ്യുന്ന ചിത്രണരീതിക്ക്‌ സെക്കോപെയിന്റിങ്‌ എന്നുപറയുന്നു. ഫ്രസ്‌കോ ചിത്രണരീതി ഏറ്റവും കൂടുതൽ പ്രചാരത്തിലും കലാപരമായ ഔന്നത്യത്തിലും എത്തിയത്‌ 1200-കള്‍ മുതൽ 1500-കള്‍ വരെയാണ്‌. ഇറ്റലിയായിരുന്നു കേന്ദ്രം, ഏറ്റവും പ്രഗല്‌ഭരായ ഫ്രസ്‌കോ ചിത്രകാരന്മാരായിരുന്നത്‌ ജിയൊട്ടൊ, ആന്ദ്രിയാ മാന്റെഗ്നാ, മൈക്കലാഞ്‌ജലോ, മസാച്ചിയോ എന്നിവർ ആയിരുന്നു. ഫ്രസ്‌കോയിൽ നിന്നും വ്യത്യസ്‌തമായ ഒന്നാണ്‌ ജലച്ചായചിത്രരചന. ഇത്‌ രണ്ടുവിധത്തിലുണ്ട്‌. ഒന്ന്‌ സുതാര്യമായി ചിത്രപ്രതലത്തിൽ ജലച്ചായങ്ങള്‍കൊണ്ട്‌ അധികം കട്ടികൂടാതെ ജലത്തിൽ ചാലിച്ചും ചായം തേച്ചുമുള്ള രചനയും, മറ്റേത്‌ "ഗുവാച്ച്‌' അതായത്‌ കട്ടിയായി ചായത്തോടുകൂടി ജലംകൂടാതെ, തേനും പശയും ചേർത്തുചെയ്യുന്ന ഒരു രീതിയും. ഇതിനും ധാരാളം പരിമിതികള്‍ ഉണ്ടായിരുന്നു. വേഗം ഉണങ്ങുമെന്നതിനാൽ ചായങ്ങള്‍ വേഗം തേയ്‌ക്കേണ്ടതായിവരുന്നു. ഒരു ചായത്തിന്മേൽ മറ്റൊരു ചായം തേയ്‌ക്കുന്നത്‌ സൂക്ഷിച്ചുവേണം. ആധുനികസുതാര്യം(Transparent) ജലചിത്രരീതിയും ഗുവാച്ച്‌ രീതിയും ഇംഗ്ലണ്ടിലും ഫ്രാന്‍സിലും നെതർലന്‍സിലുമാണ്‌ ഒരു സങ്കേതമെന്ന നിലയിൽ 1700-കള്‍ക്കും 1800-കള്‍ക്കുമിടയിൽ വികസിച്ചുവന്നത്‌. പുരാതന ഈജിപ്‌തിലും ഏഷ്യയിലും മധ്യയുഗത്തിൽ യൂറോപ്പിലും ജലച്ചായാചിത്രരചന പ്രബലമായിരുന്നു. മറ്റൊരു ചിത്രരചനാരീതിയായിരുന്നു എന്‍കോസ്റ്റിക്ക്‌ പെയിന്റിങ്‌ എന്ന വർണവിനിയോഗരീതി. ഇതിൽ ഉരുക്കിയ മെഴുകും ഒരു ചെറിയ അളവ്‌ ലിന്‍സീഡ്‌ എണ്ണയും ചിലപ്പോള്‍ കുറച്ച്‌ വാർണിഷും ചേർത്ത്‌ നല്ല ചൂടാക്കിയ ഈ മിശ്രിതത്തിൽ വർണത്തിന്റെ പൊടികലർത്തി, ചിത്രം വരയ്‌ക്കേണ്ട പ്രതലത്തിലേക്ക്‌ തേയ്‌ക്കപ്പെടുന്നു. ചായം പിന്നീട്‌ തണുത്ത്‌ കട്ടിയാവുന്നു. തണുക്കുന്തോറും ചായത്തിന്റെ കട്ടി കൂടുന്നതിനാൽ ചെറിയ ബ്രഷ്‌സ്‌ട്രാക്കുകള്‍ കൊണ്ടുവേണം ചിത്രത്തിന്റെ രചന പൂർത്തിയാക്കാന്‍. ബ്രഷിനുപകരം ചൂടുള്ള ലോഹപിച്ചാത്തികള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഗ്രീസിൽ ബി.സി. 400-കളിൽ ഈ രീതിയിൽ ചിത്രങ്ങള്‍ എഴുതിയിരുന്നു. പിന്നീട്‌ എ.ഡി. 800 ആകുമ്പോഴേക്കും എൽകാസ്റ്റിങ്‌ രീതി ചിത്രകാരന്മാർ കൈവെടിഞ്ഞു. ചായപ്പൊടികള്‍ ചെറിയ ചോക്ക്‌ സ്റ്റിക്കുപോലാക്കി നിർമിച്ച്‌ അതുകൊണ്ട്‌ പ്രതലത്തിൽ വരച്ച്‌ ചിത്രമെഴുതുന്ന രീതിയാണ്‌ പേസ്റ്റൽ ചിത്രരചന. ചായപ്പൊടി ചേർത്തിരിക്കുവാന്‍ കുറച്ച്‌ പശ(ദ്രവരൂപത്തിലുള്ള ബൈന്‍ഡർ) ഉപയോഗിക്കുന്നു. ഇത്‌ ചായസ്റ്റിക്കുകളിൽ നിന്ന്‌ ചായം ചിത്രപ്രതലത്തിൽ പതിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. പേസ്റ്റൽ ചായസ്റ്റിക്കുകള്‍ കൊണ്ട്‌ ചിത്രങ്ങള്‍ വരയ്‌ക്കാന്‍, ചിത്രപ്രതലത്തിനായി പേപ്പറും, കാർഡ്‌ബോർഡുകളുമാണ്‌ വേണ്ടത്‌. നന്നേ ഉണങ്ങിയ ചായങ്ങള്‍ എത്ര തിളക്കത്തോടെ ചിത്രത്തിന്‌ പുറത്ത്‌ നാം കാണുന്നുവോ അതേതിളക്കംതന്നെ ചിത്രത്തിൽ പേസ്റ്റൽ കൊണ്ടുവരച്ച വരകളിലും കാണാവുന്നതാണ്‌. പേസ്റ്റൽ സ്റ്റിക്കുകള്‍ പെന്‍സിലുകള്‍ പോലെ ചിത്രകാരന്‌ പ്രയോഗിക്കാനും കഴിയുന്നു. യൂറോപ്പിൽ 1700-ൽ ജാന്‍ ചാഡ്രിനും, മോറിസ്‌ ക്വന്റിൽ ഡിലാമൂറും പേസ്റ്റൽ മാധ്യമത്തിൽ ചിത്രരചന നടത്തിയ വിശ്രുത ചിത്രകാരന്മാരാണ്‌. 1800-കളിൽ അതിപ്രശസ്‌തരായ പല ഫ്രഞ്ചുമാസ്റ്റർമാരും ഇടയ്‌ക്കിടയ്‌ക്ക്‌ പേസ്റ്റൽകൊണ്ട്‌ മികച്ച ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്‌-എഡ്വേർഡ്‌ മാതെ, ഴാൽഫ്രാൽ കോയിമില്ലെയും കൂടാതെ അഗസ്‌ത്‌ റെച്ചെയും. എഡ്വേർഡ്‌ ദേഗസ്സും പേസ്റ്റൽ ഉപയോഗിച്ചിരുന്നു. ഇവയിൽനിന്നും വ്യത്യസ്‌തമാണ്‌ എണ്ണച്ചായംകൊണ്ടുള്ള ചിത്രരചനാവിദ്യയെന്ന്‌ അറിയാന്‍ ചിത്രകാരന്മാർ കുറച്ചു സമയമെടുത്തു.

കാർലോ ക്രിവെല്ലി വരച്ച എണ്ണച്ചായചിത്രം

മുമ്പ്‌ പറഞ്ഞ പല മാധ്യമങ്ങളുടെയും പരിമിതികള്‍ മറികടക്കാന്‍ എണ്ണച്ചായാചിത്രരചനയ്‌ക്കു കഴിയും. എണ്ണച്ചായാചിത്രരചനയെ മറ്റു രചനാരീതിയുമായി താരതമ്യം ചെയ്യുന്നത്‌ നന്നായിരിക്കും. ഉദാഹരണത്തിന്‌ ടെമ്പറതന്നെ എടുക്കാം. ടെമ്പറാ എന്ന പദം നോക്കിയാൽ സുതാര്യമായ ജലച്ചായങ്ങള്‍ പ്രായേണ ചെലവുകുറഞ്ഞ പോസ്റ്റർ ചായങ്ങള്‍ എന്നിവയെ ഒക്കെ ഉപയോഗിച്ചുവരയ്‌ക്കുന്ന രീതിയെയാണ്‌ പൊതുവേ ടെമ്പറാ എന്നു പറയാറുള്ളത്‌. എന്നാൽ ഒരു വക ടെമ്പറാചിത്രങ്ങളിൽ ചായങ്ങളെ അലിയിച്ചുചേർത്ത്‌ അവ ഉറച്ചു നിൽക്കാന്‍ ബൈന്ററായി മുട്ടയുടെ വെള്ളചേർക്കുന്ന രീതിയുമുണ്ട്‌. ടെമ്പറായും ചാലിക്കുവാന്‍ ജലമാണ്‌ ഉപയോഗിക്കുന്നത്‌. ടെമ്പറ വേഗം ഉണങ്ങുന്നു. ടെമ്പറാചിത്രകാരന്‍ ചായം തേയ്‌ക്കാനും വരയ്‌ക്കാനും മറ്റും ചെറിയ ബ്രഷുകള്‍ ഉപയോഗിക്കുന്നു, അവയുടെ കൂർത്തമുനകള്‍കൊണ്ട്‌ അതിസൂക്ഷ്‌മവും വൃത്തിയുള്ളതും ചാരുതയുമുള്ള വരകള്‍ അയാള്‍ക്ക്‌ വരയ്‌ക്കേണ്ടിവരുന്നു. വിവിധ എണ്ണച്ഛവികള്‍ Ä (Tones/Hues) തിളങ്ങുകയും വിശദാംശങ്ങള്‍ വ്യക്തതയോടെ കാണുകയും ചെയ്യുന്നു. മുട്ടയുടെ വെള്ളചേർത്ത്‌ എഴുതിയിട്ടുള്ള (Egg Tempera) നല്ല ചിത്രങ്ങള്‍ക്ക്‌ രണ്ട്‌ ഉദാഹരണം പറയാം. കാർലോ ക്രിവെല്ലിയുടെ "സെന്റ്‌ ജോർജും ഡ്രാഗണും' (1470), ആൽട്രു വൈയത്തിന്റെ "ആൽബർട്ട്‌സ്‌ സണ്‍' (1959).

ഫ്രസ്‌സോയ്‌ക്കും ജലച്ചായത്തിനും എന്‍ക്വാസ്റ്റിനും ടെമ്പറയ്‌ക്കും എല്ലാമുള്ള പരിമിതികളെ മറികടക്കാന്‍ അനുഭവങ്ങളുടെ വെളിച്ചത്തിൽ "അനുഭവം ഗുരു' എന്ന ചൊല്ല്‌ അന്വർഥമാക്കത്തക്കവണ്ണവും ആവശ്യം സൃഷ്‌ടിയുടെ മാതാവ്‌ എന്ന നീതിസാരം സാർഥകമാകുംവിധവുമാണ്‌ ചിത്രകാരന്മാർ എണ്ണച്ചായാചിത്രരചനാരീതി കണ്ടെത്തിയത്‌. ആകസ്‌മികമല്ലാതെയുള്ളഒരു പരിണാമമായിരുന്നു അത്‌. എണ്ണച്ചായത്തിലേക്കുള്ള ചിത്രരചനാകലയുടെ പ്രവേശം ഒരു പുതിയ കാലഘട്ടത്തിന്റെ പ്രാരംഭമാണ്‌ കുറിക്കുന്നത്‌. കൂടുതൽ സ്വതന്ത്രനാകുവാന്‍ എണ്ണച്ചായങ്ങള്‍ ചിത്രകാരന്‌ നിരവധി വഴികള്‍ തുറന്നിട്ടു. ഓരോരോ മാധ്യമത്തിനും അതിന്റേതായ ആവിഷ്‌കരണതന്ത്രവും ഗുണദോഷങ്ങളുമുണ്ട്‌ എന്നാൽ എണ്ണച്ചായങ്ങള്‍ ഉണങ്ങാന്‍ സമയമെടുക്കുമെന്നതിനാൽ ചായം ചിത്രപ്രതലത്തിൽ കിടക്കുന്ന ചിത്രത്തിന്‌ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും കൂടുതൽ കൂടുതൽ ചിത്രത്തിന്റെ ഏതൊരു ഭാഗവും മെച്ചപ്പെടുത്തുവാനും ചിത്രകാരന്‌ സമയം ലഭിക്കുന്നു. ഏതു നിറത്തിന്റെ പുറത്തും/ഏതുനിറവും ഛവിയും വരച്ചുചേർക്കാം. നിറങ്ങളെ ചിത്രത്തിൽ തേച്ചുപറ്റിക്കുവാനും വർണവിന്യാസത്തിലൂടെ ചിത്രകാരന്റെ ഇച്ഛയ്‌ക്കൊത്ത്‌ ആത്മാവിഷ്‌കരിക്കുവാനും ഭൗതികവസ്‌തുക്കളുടെ എല്ലാ വിശദാംശങ്ങളും നിഴലും വെളിച്ചവും ഒക്കെ ചിത്രത്തിലേക്ക്‌ ആവാഹിക്കുവാനും എണ്ണച്ചായങ്ങള്‍ കൊണ്ടുള്ള രചനയിൽ കഴിയുന്നതുപോലെ വേറൊരു മാധ്യമത്തിലും കഴിയുന്നതല്ല. എല്ലാ ചിത്രരചനാമാധ്യമങ്ങളുടെയും ഏറ്റവും അടിസ്ഥാനപരമായ ഘടകം ചായപ്പൊടികള്‍ തന്നെയാണ്‌. പൊടിച്ചെടുത്ത ചായങ്ങള്‍ (Pigments))എണ്ണ, വിശേഷിച്ചും ലിന്‍സീഡ്‌ എണ്ണയിൽ ചാലിച്ച്‌ കുഴമ്പാക്കി ചെറുതും വലുതുമായ ട്യൂബുകളിൽ, പശയുടെ രൂപത്തിൽ, പേസ്റ്റ്‌ ആയിട്ടാണ്‌ വിപണി ലഭ്യമാക്കുന്നത്‌. ജൈവവും ഭൗമവും ആയ നിരവധി രാസപദാർഥങ്ങള്‍ കൊണ്ടുവന്ന്‌ അവയിൽനിന്നും വർണമൂലകങ്ങളെ വേർതിരിച്ചെടുത്താണ്‌ പിഗ്മെന്റ്‌ ഉണ്ടാക്കുന്നത്‌. പിഗ്മെന്റികളുടെ രാസഘടനയിലേക്കു പോകണമെന്നില്ല. അവയൊക്കെയും ഏതൊക്കെ ആവശ്യത്തിനുള്ള ചായങ്ങള്‍ ആക്കണമോ അപ്രകാരം നിർമിക്കുവാന്‍ വൈദഗ്‌ധ്യം നേടിയവരാണ്‌ ചായംനിർമാതാക്കള്‍. സംസ്‌കാരവും നാഗരികതയും വികസിക്കുവാന്‍ തുടങ്ങിയതോടൊപ്പം ചായനിർമാണ സമ്പ്രദായങ്ങളിലും മറ്റും ഗവേഷണങ്ങളും വികസനപ്രവർത്തനങ്ങളും നടത്തി പലതും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്‌. ചിത്രരചനയിൽ ഭാഗഭാക്കാകുന്ന നിറങ്ങള്‍ കൂടാതെ (നമുക്കുചുറ്റും പ്രകൃതിയിൽക്കാണുന്ന നിറങ്ങള്‍ കൂടാതെ) മനുഷ്യനിർമിതങ്ങളല്ലാത്ത പ്രകൃതി, ജൈവ, സിന്തറ്റിക്‌ വർണങ്ങളും അവയുടെ വിപുലമായ വൈവിധ്യവും വൈപുല്യവും മനസ്സിൽവച്ചുവേണം നാം ചിത്രമെഴുത്തിനുള്ള എണ്ണച്ചായങ്ങളെ നോക്കിക്കാണേണ്ടത്‌.

ചരിത്രം

ജാന്‍വാന്‍ അയ്‌ക്‌

കൃത്യമായി എന്ന്‌, ആര്‌ എണ്ണച്ചായത്തിൽ ചിത്രം വരച്ചു എന്നു പറയാനാവില്ലെങ്കിലും ഒരു പുതിയ ചിത്രരചനാമാധ്യമം എന്ന നിലയിൽ എണ്ണച്ചായങ്ങളെ (പൊതുവേ നോക്കിയാൽ) അത്‌ ആദ്യമായും വിദഗ്‌ധമായും വിനിയോഗിച്ച്‌ ചിത്രംവരച്ചത്‌ ഡച്ചുകാരനായ ജാന്‍വാന്‍ അയ്‌ക്‌ (1385-1441) ആണ്‌. എണ്ണച്ചായങ്ങള്‍ 14-ാം ശതകത്തിൽ യൂറോപ്പിൽ വിശേഷിച്ചും ജർമാനിക്ക്‌ പ്രദേശങ്ങളിലും മറ്റും നിലവിലിരുന്നിരിക്കണം. എന്നാൽ അയ്‌ക്കിന്റെ കാന്‍വാസുകളിലാണ്‌ എണ്ണച്ചായങ്ങള്‍ അവയുടെ അനന്തസാധ്യതകളും അസ്‌തിത്വവും തെളിയിക്കുന്നത്‌. ഉദാഹരണത്തിന്‌ ഐക്കിന്റെ 1434-ൽ വരച്ച 82രാ ത 62രാ വലുപ്പമുള്ള "ദി അർണോള്‍ഫിനി വെഡ്ഡിങ്‌' എന്ന, ലണ്ടനിലെ നാഷണൽ ഗ്യാലറിയിലിരിക്കുന്ന എണ്ണച്ചായാചിത്രം പരിശോധിക്കാം. അതിൽ വിശദാംശങ്ങള്‍ ഏറെയുണ്ട്‌. അതിനുകാരണം എണ്ണച്ചായങ്ങള്‍ ചിത്രകാരന്‌ നല്‌കിയ അവസരമാണ്‌. നിറങ്ങളുടെ ശക്തിയും മിഴിവും നിഴലുകളും വെളിച്ചങ്ങളും വളരെ റിയലിസ്റ്റിക്കായി കാണുമ്പോഴും പ്രതീകാത്മകതയ്‌ക്കും അതിൽ സ്ഥാനമുണ്ട്‌. പുരോഹിതന്റെയോ മറ്റു ചടങ്ങുകളുടെയോ ഒന്നും സാന്നിധ്യമില്ലാതെ ജീസസിന്റെ മുമ്പിൽ അദൃശ്യസാന്നിധ്യത്തിൽ ഒരു ഷാൽഡിലീയറുടെ (ബഹുശാഖാദീപം) എരിയുന്ന ഒരൊറ്റ മെഴുകുതിരിവെട്ടത്തിൽ കമിതാക്കള്‍ മാത്രം നിന്നുകൊണ്ടു നടത്തുന്ന വിവാഹമാണ്‌ ചിത്രത്തിൽകാണുന്നത്‌. ചിത്രം ഒരു വിവാഹരേഖയായിത്തീരുന്നു. ആത്മാർഥസ്‌നേഹത്തിന്റെ വിശുദ്ധി ആ ചെറിയ മുറിയിൽ അലതല്ലുന്നു.

ഫ്രാ ഫാബ്രി ഏഞ്ചലിക്കോയാനോയുടെ അനണ്‍സിയേഷന്‍

ഐക്കിന്റെ സമകാലികരായ എല്ലാ ഇറ്റാലിയന്‍ നവോത്ഥാനചിത്രകാരന്മാരിലേറെയും എഗ്ഗ്‌ റ്റെമ്പറ, ഫ്രസ്‌കോ, ഫ്രസ്‌കോയും മറ്റും ചേർന്ന മിശ്രിതമാധ്യമത്തിൽ വരച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്‌. നവോത്ഥാനകാല ഫ്‌ളോറന്‍സ്‌ ഏറ്റവും വലിയ പ്രതിഭാശാലികളെ സൃഷ്‌ടിച്ചവരിൽ പ്രമുഖന്‍ സന്ന്യാസികൂടിയായ ഫ്രാ ഫാബ്രി ഏഞ്ചലിക്കോയാനോയുടെ "അനണ്‍സിയേഷന്‍'(അഡോറേഷന്‍ ഒഫ്‌ ദി മാജൈ), (1450) മസാച്ചിയോയുടെ, ദി ട്രിബ്യൂട്ട്‌ മണി (1427), ആന്‍ഡ്രിയാ മാഗ്നെല്ലായുടെ (ലൊഡേവിക്കോയുടെ ഗൊണ്‍സാഗാ രണ്ടാമന്റെ കുടുംബം) (1423), ബോട്ടിസെല്ലിയുടെ അതിവിശ്രുതമായ ""ദി ബേർത്ത്‌ ഒഫ്‌ വീനസ്‌ (1474) പോളോ ഉച്ചെല്ലിയുടെ ""ദി ബാറ്റിൽ ഒഫ്‌ സാൽറൊമാനോ (1456-1460) എന്തിന്‌ ദാവിഞ്ചി (ദിമാഡൊണ ഒഫ്‌ ദി റോക്‌സ്‌ 1400) പോലുള്ളവർ ഒക്കെയും എണ്ണച്ചായയിലുള്ളവയല്ല. എന്നാൽ അവയൊക്കെയും യൂറോപ്യന്‍ ചിത്രകലയ്‌ക്ക്‌ 1200-കള്‍ മുതൽ പ്രബലമായി റിയലിസത്തിന്റെ തുടർച്ചയായിരുന്നതുകൂടാതെ അവർ ജിയോട്ടോ ഫ്രസ്‌കോയിൽ രചിച്ച(ദിലാമെന്റേഷന്‍ ഒഫ്‌ ക്രസ്റ്റ്‌-1305-ൽ)റിയലിസത്തെ കുറേക്കൂടി മൂർച്ചയുള്ളതും മിഴിവാർന്നതുമാക്കി. എന്നാൽ ഇവരിൽ ചിലരൊക്കെ ഫ്‌ളമിഷ്‌ ചിത്രകാരന്മാരായ ഹ്യൂബർട്ടും വാന്‍ഐക്കും എണ്ണച്ചായങ്ങള്‍ കണ്ടുപിടിച്ച്‌ പ്രയോഗത്തിൽ വരുത്തിയപ്പോള്‍ ഉണ്ടായ ചിത്രകലയുടെ വർണപ്പൊലിമയും വിശദാംശങ്ങള്‍ റിയലിസത്തോടെ ആവിഷ്‌കരിക്കുവാനുള്ള വിപുലമായ സാധ്യതകള്‍ കണ്ടറിഞ്ഞ്‌ എണ്ണച്ചായാമാധ്യമത്തിൽ തങ്ങളുടെ പ്രിയ വിഷയങ്ങള്‍ വരയ്‌ക്കാന്‍ തുടങ്ങിയപ്പോള്‍ ചിത്രകലയിൽ വർണവിസ്‌മയത്തിന്റെയും സൂപ്പർ റിയലിസ്റ്റ്‌ ത്രിമാനപരിപ്രക്ഷ്യത്തിന്റെയും അനശ്വരമായ വസന്തം വിരിയുകയായിരുന്നു. നവോത്ഥാനകാലത്ത്‌ വടക്കന്‍ യൂറോപ്പിൽ രണ്ടുവിഭാഗം ചിത്രകലാമാസ്റ്ററന്മാരുണ്ടായിരുന്നു. ഇരുകൂട്ടരും ഒരേപോലെ റിയലിസ്റ്റുകള്‍, പക്ഷേ മാധ്യമത്തിന്റെ കാര്യത്തിൽ അവർ വേറിട്ടുനിന്നു. ഇറ്റലിക്കാർ ഫ്രസ്‌കോയിലെ സകലകാലശ്രഷ്‌ഠരും ഫ്‌ളെമിഷ്‌ (ഫ്‌ളാന്‍ഡേഴ്‌സിലെ) ചിത്രകാരന്മാർ പുതിയ മാധ്യമമായ എണ്ണച്ചായത്തിലെ മുടിചൂടാമന്നന്മാരുമായി. ഫ്‌ളമിഷ്‌ ചിത്രകാരന്മാർക്ക്‌ ഏറ്റവും സൂക്ഷ്‌മമായ വിശദാംശങ്ങള്‍വരെ റിയലിസ്റ്റിക്കായി ചിത്രീകരിക്കാന്‍ എണ്ണച്ചായങ്ങള്‍ അത്യന്തം വഴങ്ങിക്കൊടുത്തു. ആഭരണങ്ങളിലെ ചെറിയ മുത്തുകള്‍പോലും ഉടയാടകളുടെ ഓരോ ഞൊറിവും മിഴിവാർന്നുനിന്നു. ഇറ്റാലിയന്‍ ഫ്രസ്‌കോയുടെ കാലം കഴിഞ്ഞുവെന്ന്‌ പലരും കരുതി. മാന്‍ഡെർ വെയ്‌ഡന്റെ വിശ്രുതമായ "ദി ഡിസന്റ്‌ ഫ്രം ദ ക്രാസ്‌' (1435) എണ്ണച്ചായാചിത്രത്തിൽ ഐക്ക്‌ തന്റെ ചിത്രങ്ങളിൽ സന്നിവേശിപ്പിച്ച വിശദാംശങ്ങളോടൊപ്പം നിൽക്കുന്ന വിശദാംശങ്ങള്‍ ഇല്ലെങ്കിൽപ്പോലും എണ്ണച്ചായാമാധ്യമത്തിലെ ഒരു ക്ലാസ്സിക്‌ തന്നെയാണ്‌. കാരണം വാൽഡിവെയ്‌ഡനും പിന്നീട്‌ അതുല്യപ്രതിഭകളായ റാഫേലും ദാവിഞ്ചിയും പാർമിജിയാനി, ജാർജിയാനിയോ, ട്രിഷ്യാന്‍, എൽഗ്രക്കോ എന്നിവരെപ്പോലെ എണ്ണച്ചായങ്ങളുടെ ഐന്ദ്രജാലികചിത്രണശേഷിയും സാധ്യതകളും മുന്‍കൂട്ടിക്കണ്ടു എന്നതാണ്‌ വസ്‌തുത. അധികം താമസിയാതെതന്നെ എണ്ണച്ചായങ്ങളുടെ രചനാ സങ്കേതികസാധ്യതകള്‍ എന്തെന്നറിയുവാന്‍ വെനീസിലെ ചിത്രകാരന്മാർ മുന്നോട്ടുവന്നു. അവർ ഒരു പുതിയ കാര്യംകൂടി കണ്ടെത്തി. എണ്ണച്ചായങ്ങള്‍ക്ക്‌ ഏറ്റവും യോജിച്ചത്‌ കാന്‍വാസാണെന്ന്‌ അറിഞ്ഞ പ്രതിഭാധനരായ വെനീഷ്യന്‍ ചിത്രകാരന്മാരുടെ കൈകളിൽ എണ്ണച്ചായാമാധ്യമം അദ്‌ഭുതങ്ങള്‍ സൃഷ്‌ടിച്ചു.

ബോട്ടിസെല്ലിയുടെ ദ്‌ ബേർത്ത്‌ ഒഫ്‌ വീനസ്‌

പിന്നീട്‌ 19-ാം ശതകമെത്തുമ്പോള്‍ നാം കാണുന്നത്‌ പല പുതിയതും കൂടുതൽ ധവളവുമായുള്ള പിഗ്മെന്റുകള്‍ കണ്ടെത്തി ചിത്രകാരന്മാർക്ക്‌ നല്‌കുവാന്‍ പല സ്ഥാപനങ്ങളും പരസ്‌പരം മത്സരിക്കുന്നതാണ്‌. ഇതുകൂടാതെ "ട്യൂബു'കള്‍ ചായം ഉള്‍ക്കൊള്ളാന്‍ പാകത്തിൽ നിർമിച്ചത്‌ ചിത്രകാരന്മാരുടെ യത്‌നം ലഘൂകരിച്ചു. ഇത്‌ ഔട്ട്‌ ഡോർ (വാതിൽപ്പുറ) ചിത്രമെഴുത്ത്‌ കൂടുതൽ പ്രചാരത്തിൽ കൊണ്ടുവന്നു. കൂടുതൽ ചിത്രകാരന്മാരും സ്റ്റുഡിയോവിട്ട്‌ തുറസ്സായ സ്ഥലങ്ങളിലും മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ നിറഞ്ഞ സ്ഥലങ്ങളിലേക്കും ഈസലും കാന്‍വാസും പാലറ്റും ബ്രഷുകളും ചായ ട്യൂബുകളുമായിച്ചെന്ന്‌ ചിത്രമെഴുതുന്നത്‌ പതിവായി. ഈവിധ മാറ്റങ്ങള്‍ക്കൊക്കെ കാരണം മാധ്യമങ്ങളുടെ രംഗത്തേക്കുള്ള എണ്ണച്ചായങ്ങളുടെ കടന്നുവരവാണ്‌. പിന്നീടങ്ങോട്ടു നാം കാണുന്നത്‌ ചിത്രകല എന്നാൽ കാന്‍വാസിൽ എണ്ണച്ചായം ഉപയോഗിച്ച്‌ വരയ്‌ക്കുന്നതാണെന്ന പൊതുധാരണകൂടി നിലവിൽവരുന്നതാണ്‌.

മാന്‍ഡെർ വെയ്‌ഡന്‍
ദാവിഞ്ചി

ചിത്രപ്രതലങ്ങള്‍, സാമഗ്രികള്‍

എണ്ണച്ചായചിത്രങ്ങള്‍ മികച്ച കലാസൃഷ്‌ടികളാകാന്‍ കാരണം ചിത്രങ്ങളുടെ പ്രതലങ്ങള്‍കൂടിയാണ്‌. എണ്ണച്ചായങ്ങളും തുണികൊണ്ടുണ്ടാക്കിയ കാന്‍വാസും പരസ്‌പരപൂരകങ്ങളായിത്തീരുന്നു. നല്ല നിലവാരമുള്ള വർണചായട്യൂബുകളും വിവിധവീതികളിൽ നിർമിച്ചിട്ടുള്ള 0, 1, 2 എന്നിങ്ങനെ നമ്പരുകള്‍ കൊടുത്തിട്ടുള്ള ബ്രഷുകളും ചായം ചാലിക്കുവാനുള്ള "സോള്‍വന്റ്‌'കളും അതായത്‌ എണ്ണകള്‍, വാർണിഷ്‌, ടർപ്പന്റയിന്‍, പാരഫിന്‍ വാക്‌സ്‌ എന്നിവയും നല്ല എണ്ണച്ചായം ചിത്രമെഴുത്തിനാവശ്യമാണ്‌. സാധാരണയായി ലോകമെമ്പാടുമുള്ള എണ്ണച്ചായാചിത്രകാരന്മാർ ലിന്‍സീഡ്‌ എണ്ണയാണ്‌ ഉപയോഗിക്കുക. നാകത്തകിടുകൊണ്ടുണ്ടാക്കിയ ട്യൂബുകളിൽ എണ്ണച്ചായങ്ങള്‍ നിറച്ചു ലഭ്യമാകുന്നതിന്‌മുമ്പ്‌ ചിത്രകാരന്മാർ പന്നിയുടെ തുകൽസഞ്ചിയിലോ മറ്റുള്ള കൽ ഉറകളിലോ തയ്യാറാക്കി "റെഡിമിക്‌സായി' ഓരോ ചായവും നിറച്ചുകൊണ്ടാണ്‌ ഔട്ട്‌ഡോർ ചിത്രമെഴുത്തിനുപോയിരുന്നത്‌. ചായങ്ങളെപ്പോലെയും ബ്രഷുകളെപ്പോലെയും പ്രധാനപ്പെട്ട ഒരു സാമഗ്രിയാണ്‌ കാന്‍വാസ്‌, പരുത്തിനൂലുകൊണ്ടുണ്ടാക്കിയ തുണി, ലിനന്‍, ചണം കൊണ്ടുണ്ടാക്കിയ കനമുള്ള തുണി എന്നിവകൊണ്ടാണ്‌ കാന്‍വാസു നിർമിക്കുന്നത്‌. ഏതായാലും നല്ല ഇഴയടുപ്പ(tex)മുള്ള ഊടുറപ്പും അതായത്‌ തുണിയുടെ ഊടും പാവും നന്നേ അടുത്തുചേർന്ന്‌ നല്ല ടെക്‌സ്റ്റർ (texture) ഉള്ള, വിടവുകളൊന്നുമില്ലാത്ത ടൈറ്റ്‌ ആയിട്ടുള്ളതും പുറം അധികം പരുക്കനല്ലാത്ത പ്രതലമുള്ള തുണിയാണ്‌ കാന്‍വാസിനുത്തമം-കാന്‍വാസ്‌ അപൂർവമായി മാത്രമേ അപ്പടി ഉപയോഗിക്കാറുള്ളു. അതിന്മേൽ ഒരു പ്രാഥമിക മീഡിയവും തേച്ചുണക്കിയെടുക്കാതെ എന്തുംവരട്ടെ എന്നുകരുതി നേരിട്ട്‌ ചായം കാന്‍വാസിൽ വരയ്‌ക്കുന്നവരും അപൂർവമായിട്ടുണ്ട്‌. എന്നാൽ കാന്‍വാസിന്റെമേൽ എന്തെങ്കിലും ഒരു നിറം ചിത്രകാരന്മാരെല്ലാം പ്രമറിയായി പൂശുന്നു. നിറം കുറച്ച്‌ ഏതെങ്കിലും ഇരുണ്ട തവിട്ടുനിറമോ ചുവപ്പോ ആകാം, കാന്‍വാസിൽ കട്ടിയിൽ ഇപ്രകാരം ചായം തേച്ചുണക്കിയ ശേഷമാണ്‌ ചിത്രരചന ചെയ്യുക.

പ്രസിദ്ധരായ എണ്ണച്ചായാ ചിത്രകാരന്മാർ- ജീവിതവും കലാസൃഷ്‌ടികളും


ഇറ്റലിയിലെ ആദ്യകാല എണ്ണച്ചായാചിത്രകാരന്മാരായ അന്റോ തെല്ലോ ദ മെസീനയെപ്പോലുള്ളവർ എണ്ണച്ചായങ്ങളുടെ വമ്പിച്ച സാധ്യതകളെക്കുറിച്ച്‌ അജ്ഞാതരായിരുന്നു. വെനീസിൽ എണ്ണച്ചായാചിത്രീകരണത്തിൽ പ്രാഗല്‌ഭ്യം നേടിയ ഗിയോവന്നി ബെല്ലിനി ചിത്രപ്രതലത്തിന്‌ കൂടുതൽ മിനുപ്പുനല്‌കാന്‍ ഒരുപായം കണ്ടുപിടിച്ചു. എണ്ണച്ചായം നനവോടെ കൈയിലിട്ടു അമർത്തി മൃദുലമാക്കി അപ്ലൈ ചെയ്‌തപ്പോള്‍ ഉണ്ടാകുന്ന ഫലം അദ്ദേഹം തിരിച്ചറിഞ്ഞു-ദാവിഞ്ചി എണ്ണച്ചായാചിത്രരചനയ്‌ക്ക്‌ കുറേക്കൂടി മാനം നല്‌കി. ചിത്രത്തിന്‌ നിഴലിന്റെ പ്രതീതികൂടി ഉളവാക്കുന്നതിൽ അദ്ദേഹം വിജയംവരിച്ചു. ചിത്രരചനയിലെ സ്‌ഫുമാറ്റോ(Sfumato) എന്ന ഒരു സമ്പ്രദായം കൊണ്ടുവന്നതിനു കാരണക്കാരന്‍ ദാവിഞ്ചിതന്നെയാണ്‌. എന്നാൽ നവോത്ഥാനചിത്രരചനയിൽ, രചനയ്‌ക്കുശേഷം സൃഷ്‌ടിയിൽ പിന്നെയും പിന്നെയും ഓരോരോ മിനുക്കുപണികള്‍ നടത്തുന്ന സമ്പ്രദായം ആദ്യമായി നടപ്പിലാക്കിയത്‌ മൈക്കലാഞ്‌ജലോ ആയിരുന്നു.

വെനീസുകാരനായ ബല്ലിനി, ജോർജിയോനാ, ടിഷ്യൽ, റ്റിന്റോറാറ്റോ എന്നിവർ എണ്ണച്ചായാചിത്രരചനാസമ്പ്രദായത്തിന്റെ അതിർത്തികള്‍ വിപുലമാക്കാന്‍ വിവിധശൈലികള്‍ ആവിഷ്‌കരിക്കുന്നതിലൂടെ ധാരാളം ശ്രമങ്ങള്‍ നടത്തി, വിജയിക്കുകയുണ്ടായി. എണ്ണച്ചായങ്ങള്‍ കാലം ചെല്ലുന്തോറും സുതാര്യമാവുകയും പ്രതലത്തിൽ തേച്ചിട്ടുള്ള പ്രമറി നിറം തെളിയുകയും ചെയ്യുന്ന അനുഭവം, ചിത്രമെഴുതി വളരെക്കാലം കഴിഞ്ഞുമാത്രമേ അവർ അറിഞ്ഞിരുന്നുള്ളു. ഇപ്രകാരമുള്ള ഗതികേട്‌ പിടിപെട്ടത്‌ പൗസ്സിൽ, റിബെറാ, ഗോയാ എന്നിവരുടെ എണ്ണച്ചായാചിത്രങ്ങള്‍ക്കാണ്‌. 17-ാം ശതകത്തിൽ സ്‌പാനിഷ്‌ ചിത്രകാരന്‍ എൽ. ഗ്രക്കോ (1541-1614)യും എണ്ണച്ചായാചിത്രങ്ങളെഴുതി. മറ്റൊരു സ്‌പാനിഷ്‌കാരന്‍ ബെലാത്ത്‌ കെത്ത്‌ (Velasquez,15991660) (വെലാസ്‌ക്യൂ എന്നും പറയുന്ന) ഛായാചിത്രരചനയിലും ഗാർഹിക രംഗചിത്രത്തിനും പ്രസിദ്ധനായി ഈ ചിത്രകാരന്‍. ഇന്നത്തെ ബെൽജിയത്തിന്റെ ഭാഗമായ ഫ്‌ളാന്റേഴ്‌സിൽ ജനിച്ച പീറ്റർ പോള്‍ റൂബെന്‍സ്‌ (1577-1640) "ദി ഡീസന്റ്‌ ഫ്രം ദ ക്രാസു' (1611-14)ഉം, "ദ്‌ അലഗോറി ഒഫ്‌ വാർ ആന്‍ഡ്‌ പീസ്‌' (1629) എന്നിവ വരച്ചു പ്രസിദ്ധനായ റൂബെന്‍ എണ്ണച്ചായാചിത്രങ്ങളിൽ മികവുകാട്ടി. അക്കാലത്ത്‌ ഫ്‌ളാന്റേഴ്‌സിലും വടക്കന്‍ ഫ്രാന്‍സിലും ഉണർന്നുവന്ന ഒരു പ്രത്യേക ചിത്രണശൈലിക്ക്‌ അവകാശികളായിരുന്നു. റൂബെന്‍സും സഹോദരന്മാരായ സർ ആന്റണി വാൽഡെക്കും (1599-1641). വാന്‍സൈക്കിന്റെ പ്രസിദ്ധ ചിത്രങ്ങളിലൊന്നാണ്‌ കുതിരസവാരി ചെയ്യുന്ന ചാള്‍സ്‌ രാജാവ്‌ (I-ാമന്റെ) ഛായാചിത്രം. വാൽഐങ്കും വ്യത്യസ്‌തശൈലികളിലൂടെയാണെങ്കിലും അവരുടെ രചനയുടെ പൊതുസ്വഭാവത്തിൽ പരസ്‌പരം ധാരാളം സാദൃശ്യമുള്ളതായി കാണാം. ഇവർക്കെല്ലാം മികവിലെത്താന്‍ കാരണം എണ്ണച്ചായാചിത്രത്തിന്റെ വിനിയോഗംതന്നെയാണ്‌. ഡച്ച്‌ ചിത്രകാരനായ റെംബ്രാണ്ട്‌ (1606-1669) നിഴലും വെളിച്ചവും കൈകാര്യം ചെയ്യുന്നതിൽ തന്റെ പ്രാഗല്‌ഭ്യം തെളിയിച്ചു. "നൈറ്റ്‌ വാച്ച്‌' (1642) "ദി റിട്ടേണ്‍ ഒഫ്‌ ദി പ്രാഡിഗൽ സണ്‍' (1605) എന്നീ ചിത്രങ്ങള്‍ക്ക്‌ അത്രയും നിഴലും വെളിച്ചവും നല്‌കാന്‍ ഇടയാക്കിയ മീഡിയം എണ്ണച്ചായം ആയതാണ്‌ എന്നു തീർച്ച. 17-ാം ശതകത്തിലെ മറ്റു എണ്ണച്ചായാചിത്രകാരന്മാരായ ഡച്ചുകാരന്‍ റൂയിസ്‌ ഡെയിൽ (Ruisdael; 1628-1682) പിതാവിന്റെയും മാതുലന്റെയും കീഴിൽപഠിച്ച്‌ പരിശീലനം നേടി അവരെക്കാള്‍ പ്രശസ്‌തനായി. മുഖ്യ ചിത്രങ്ങള്‍ ഒക്കെയും തികവൊത്ത ഭൂപ്രകൃതി ഭംഗിദൃശ്യങ്ങള്‍ (landscapes) ആയിരുന്നു. അവയിൽ ഏറെ പ്രശസ്‌തമാണ്‌ വുഡ്ഡഡ്‌ ലാന്‍ഡ്‌സ്‌കേപ്പ്‌ (wooded landscape-1660)ഉം "വിങ്‌കയിലെ വിന്‍ഡ്‌ മിൽ' (1670) എന്നിവ. പിന്നെ ഡച്ചും ഫ്‌ളെമിഷ്‌ ചിത്രകലയുടെ സർവതോമുഖമായ വികാസത്തിൽ ശ്രദ്ധേയമായ പങ്കുവഹിക്കുകയും കർഷകരുടെ ജീവിതപരിതഃസ്ഥിതികള്‍ വരയ്‌ക്കുവാന്‍ ശ്രമിക്കുകയും ചെയ്‌ത കലാകാരനാണ്‌ (ചിത്രങ്ങളിൽ നർമത്തിന്റെ അംശം കലർത്തി ആസ്വാദ്യത വർധിപ്പിച്ച) ഏഡ്രിയാൽ ബ്രൗണർ (1605-1638) അദ്ദേഹത്തിന്റെ പ്രശസ്‌ത ചിത്രമായ ദി സ്‌മോക്കേഴ്‌സ്‌ ന്യൂയോർക്ക്‌ മെട്രാ പൊളിറ്റന്‍ മ്യൂസിയം ഒഫ്‌ ആർട്ടിൽ കാണാം. കൂടാതെ ജാന്‍സ്റ്റീന്‍, കാൽഫ്‌ എന്നിവരും എണ്ണച്ചായങ്ങള്‍കൊണ്ട്‌ കാന്‍വാസിലും തടി പാനലുകളിലും നല്ലചിത്രങ്ങള്‍ രചിച്ചവരാണ്‌. ഡച്ചുഛായാചിത്രകാരനായ ഫ്രാന്‍സ്‌-ഹാള്‍സ്‌ (1580-1666)ന്റെ "ലംഫിങ്‌ കാവലിയർ' (1624) എന്ന ചിത്രവും മറ്റും വിസ്‌മരിക്കാനാവുകയില്ല. ശ്രദ്ധേയനായ മറ്റൊരു ഡച്ചുചിത്രകാരനാണ്‌ വളരെ പ്രഗല്‌ഭമായ രീതിയിൽ പ്രകാശത്തെ (ഗാർഹികരംഗങ്ങള്‍ ചിത്രീകരിക്കുന്ന തന്റെ ചിത്രങ്ങളിലൂടെ) എണ്ണച്ചായങ്ങളുടെ ഐന്ദ്രജാലശക്തി പ്രകടിപ്പിച്ച ഷാന്‍ വേമീയർ (Vermeer, 1632-1675). വേമീയറിന്റെ "ദി മിൽക്ക്‌മെയ്‌ഡ്‌' (പാൽക്കാരി, 1665)ഉം "വുമണ്‍ വിത്ത്‌ ഏ വാട്ടർ ജഗും' (1665), "ലവ്‌ ലെറ്ററും' (1670) എന്നിവ ഇപ്രകാരമുള്ള ഒരു ജനതയുടെ നിത്യജീവിതത്തിലെ രസകരമായ രംഗങ്ങള്‍ സ്വഭാവത്തിന്റെ വിവിധരീതികള്‍ വരയ്‌ക്കുന്നതിന്‌ ഉദാഹരണമെന്നാണ്‌ ചിത്രനിരൂപകർ പറയുന്നത്‌. ഷാനർ എന്നാണ്‌ ഇവയെ ചിത്രനിരൂപകർ പറയുന്നത്‌. ഈ വിഭാഗത്തിലെ ചിത്രകാരന്മാരിൽ അഗ്രഗണ്യനായിരുന്നു വേമീയർ. ഇവരുടെ എണ്ണച്ചായാചിത്രങ്ങള്‍ തമ്മിൽ താരതമ്യം ചെയ്‌തുപഠിക്കുക രസകരമായ ഒന്നാണ്‌. അപ്പോള്‍ ഒരു ചിത്രം ആരുടേതെന്ന്‌ പെട്ടെന്ന്‌, (നല്ല നയനപരിചയം ഈ കാലഘട്ടത്തിലെ ഡച്ചുചിത്രങ്ങളെക്കുറിച്ചില്ലാത്ത) ഒരാള്‍ക്ക്‌ പറയാനാവുകയില്ല. ഉദാഹരണത്തിന്‌ ഫ്രാന്‍സ്‌ ഹാള്‍, റൂബെന്‍സിന്റെ ചിത്രങ്ങളുടെ ശൈലിയെ പിന്തുടരുന്നുവെന്നു തോന്നും.

റെംബ്രാണ്ട്‌
ഡേവിഡ്‌ ഗാരിക്ക്‌

18-ാം ശതകത്തിലെ പ്രമുഖ എണ്ണച്ചായാചിത്രകാരന്മാരുടെ രചനകളും അവരുടെ ശൈലികളും 19-ാം ശതകത്തിൽ ഇംപ്രഷണിസ്റ്റു ചിത്രകാരന്മാർക്ക്‌ മാർഗദർശകമായി. പ്രകൃതിദൃശ്യങ്ങള്‍ രചിക്കുവാന്‍ അതീവതത്‌പരനായ ഇംപ്രഷണിസ്റ്റ്‌ ചിത്രകാരന്‍ എഡ്വേർമാനെ (Edourd Manet, 1832-83)യുടെ ലാന്‍ഡ്‌സ്‌കേപ്പുകള്‍, വിശേഷിച്ചും കടലോരദൃശ്യങ്ങള്‍ ഒക്കെയും വിജയകരമാക്കുവാന്‍ എണ്ണച്ചായാമാധ്യമം സഹായകമായി. ഇംഗ്ലീഷ്‌ ഛായാചിത്രകാരന്മാരിൽ മികവുകാട്ടിയ തോമസ്‌ ഗെയിന്‍സ്‌ ബറോ (1727-86) പ്രകൃതിദൃശ്യരചനയിൽ ആണ്‌ ആദ്യം ശ്രദ്ധവച്ചത്‌. പിന്നീട്‌ പ്രസിദ്ധനാടകനടന്‍ ഡേവിഡ്‌ ഗാരിക്കിന്റെയും മറ്റും ഛായാചിത്രങ്ങള്‍ എണ്ണച്ചായത്തിൽ വരച്ചാണ്‌ അദ്ദേഹം കീർത്തിമാനായത്‌. ഗെയിന്‍സ്‌ബറോയുടെ "ഫാന്‍സി പിക്‌ച്ചേഴ്‌സ്‌' എന്ന്‌ താന്‍ തന്നെ പേരിട്ട കുറേ മുഴുനീളന്‍ (life size) ഛായാചിത്രങ്ങള്‍ സാധാരണക്കാരുടേതായിരുന്നു. അവയിൽ "ദി ബ്ലൂബോയ്‌', "പേർഡിറ്റ', "ലേഡി ഇന്നസ്‌' എന്നിവ എണ്ണച്ചായത്തിലുള്ള തികവുറ്റ, ലക്ഷണയുക്തമായ ഛായാചിത്രങ്ങളാണ്‌. തന്റെ സർഗാത്മക രചനയുടെ ആദ്യഘട്ടം മുഴുവന്‍ പ്രശംസാർഹമായ നിരവധി ഛായാചിത്രങ്ങള്‍ (portraits) വരച്ച വില്യം ഹോഗാർത്തും (1697-1764) പിന്നീട്‌ ചരിത്രവിഷയമാസ്‌പദമാക്കി ചിത്രം വരച്ചെങ്കിലും ആലങ്കാരിക ശൈലിയിലുള്ള റോക്കോക്കോ വിഭാഗത്തിൽപ്പെടുന്ന ഒട്ടേറെ പ്രിന്റുകള്‍ വരച്ച്‌ (narrative prints) അതിപ്രശസ്‌തനായി. എണ്ണച്ചായാചിത്രരചനയിലെ മാസ്റ്റേഴ്‌സാണിവരൊക്കെ. ഇവരെക്കൂടാതെ ജോണ്‍ കോണ്‍സ്റ്റബിളും (1776-1837) അദ്ദേഹത്തിന്റെ സമകാലികനും സമാനപ്രകൃതിക്കാരനുമായ ഡബ്ല്യൂ.ഡബ്ല്യൂ. ടേണ(1775-1851)റും ഒരുപോലെ പ്രകൃതിദൃശ്യങ്ങള്‍ വരയ്‌ക്കുന്നതിൽ അവരുടേതായ പ്രത്യേകശൈലി സ്വീകരിച്ചവരാണ്‌. ഇംപ്രഷണിസത്തിന്‌ വഴിയൊരുക്കിയവരുമാണ്‌ ഇവർ. ടേണന്‍ ജലച്ചായാചിത്രങ്ങള്‍ വരയ്‌ക്കുന്നതിൽ അദ്വിതീയനായിരുന്നു. 1790-ൽ തന്റെ ജലച്ചായാചിത്രങ്ങളുടെ ഒരു ഗംഭീര പ്രദർശനം റോയൽ അക്കാദമിയിൽ സംഘടിപ്പിച്ച്‌ പ്രശസ്‌തിപെറ്റെങ്കിലും ജലച്ചായങ്ങളുടെ ആവിഷ്‌കരണസാധ്യതകള്‍ അറിഞ്ഞ്‌ പിന്നീടങ്ങോട്ട്‌ വരച്ചതൊക്കെയും എണ്ണച്ചായങ്ങളുടെ രചനാസമൃദ്ധിക്ക്‌ സാക്ഷ്യംവഹിക്കാന്‍ കഴിയുന്നവയായിരുന്നു. പക്വമതിയായ ഒരു വലിയ അനുഗൃഹീത കലാകാരനുമാത്രമേ ടേണർ വരച്ച പ്രകൃതിയിലെ ക്ഷോഭകരമായ മുഹൂർത്തങ്ങള്‍ വരയ്‌ക്കുവാനാകൂ. "റെയിൽ, സ്റ്റീം, സ്‌പീഡ്‌' (1844) തുടങ്ങിയ ചിത്രങ്ങള്‍ വിശ്വചിത്രകലയിലെ എക്കാലത്തെയും മാസ്റ്റർപീസുകള്‍തന്നെയെന്ന്‌ ചിത്രകലാചരിത്രകാരന്മാർ പറയുന്നു. കൊടുങ്കാറ്റിൽ വിക്ഷുബ്‌ധമായ കടലും കാറ്റിലകപ്പെട്ട കപ്പലും, അവയെ പൊതിഞ്ഞു ദിക്കറിയാനാവാത്തവിധത്തിൽ മൂടിക്കിടക്കുന്ന മഞ്ഞും ആവിഷ്‌കരിച്ചിരിക്കുന്ന ടേണർ ചിത്രങ്ങളിലെ അമൂർത്തവും അവ്യക്തവും എന്നാൽ ധ്വനിപ്രധാനവുമായ സ്വഭാവമാണ്‌ ഇംപ്രഷണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ പ്രത്യക്ഷമായും പരോക്ഷമായും പ്രചോദനമായത്‌. ഒരു പക്ഷേ അത്തരം ചിത്രങ്ങള്‍ വരയ്‌ക്കുവാന്‍ ഏറ്റവും ഉചിതമായ മാധ്യമം എണ്ണച്ചായങ്ങള്‍തന്നെയാണ്‌. മറ്റൊരു മാധ്യമത്തിലും പ്രതിഭാശാലികള്‍ക്ക്‌ വരയ്‌ക്കുവാന്‍ അസാധ്യമാണെന്നിവിടെ വിവക്ഷയില്ല. ഛായാചിത്രങ്ങളിൽ തുടങ്ങി ബ്രിട്ടീഷ്‌ പട്ടണ-ഗ്രാമീണ രംഗങ്ങളിലൂടെ നാച്വറലിസത്തിലേക്കും പിന്നീട്‌ ലാന്‍ഡ്‌സ്‌കേപ്പിലേക്കും തിരിഞ്ഞ കോണ്‍സ്റ്റബിള്‍ റോയൽ അക്കാദമിയിൽ ചിത്രരചനയിൽ ഉന്നതപഠനം നടത്തുമ്പോള്‍ അത്യന്തം വിനീതനായി മുമ്പ്‌ പരാമർശിച്ച റൂയിഡ്‌ ഡേയലിന്റെയും ക്ലോഡ്‌ റോഹൈനിന്റെയും പ്രകൃതിചിത്രങ്ങള്‍ പകർത്തിപഠിക്കുകയുണ്ടായി.

റെയിൽ, സ്റ്റീം, സ്‌പീഡ്‌-ടേണറിന്റെ രചന
വിങ്‌കയിലെ വിന്‍ഡ്‌ മിൽ

ലോറൈയിൽ (1600-1662) 17-ാം ശതകത്തിലെ ഏറ്റവും മികച്ച ലാന്‍ഡ്‌സ്‌കേപ്പിങ്ങും എച്ചിങ്ങും വിദഗ്‌ധനായിരുന്നു. മുമ്പ്‌ പറഞ്ഞിട്ടുള്ള നിക്കോളാസ്‌ പൗസ്സിന്റെ സഹപ്രവർത്തകനായ ലൊറൈയിൽ ചിത്രങ്ങളെ ബരോക്ക്‌ എന്ന അത്യന്തം അലങ്കൃതവും ശൈലീകൃതവുമായ രചനാശൈലിയിലെ ക്ലാസ്സിക്കുകളായി നിരൂപകർ വിലയിരുത്തുന്നുണ്ട്‌. ലൊറൈയിന്റെ "എർമിനി അന്‍ ദ ഷെപേർഡ്‌സ്‌' (1666) തുടങ്ങിയ ചിത്രങ്ങളും ജീവിതാവസാനകാലത്ത്‌ രചിച്ച "പേർസിയസും മെഡൂസ'യും മറ്റും പിന്നീട്‌ ഉയർന്നുവന്ന ഇംപ്രഷണിസ്റ്റുകളെയും റൊമാന്റിക്കുകളെയും മുന്‍കൂട്ടി കാണുന്നു എന്നുപറയാം. ഏതാണ്ട്‌ 1890 വരെ അവഗണിക്കപ്പെട്ടുകിടന്ന കോണ്‍സ്റ്റബിളിന്റെ എണ്ണച്ചായത്തിലുള്ള മനോഹരമായ പ്രകൃതിദൃശ്യചിത്രങ്ങള്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ പിന്നീട്‌ ഔദ്യോഗിക വൃത്തങ്ങള്‍ മുന്‍കൈയെടുത്ത്‌ ശേഖരിക്കുകയുണ്ടായി. ഇന്നവയിൽ പലതും ലണ്ടനിലെ വിക്‌ടോറിയാ ആൽബർട്ട്‌ മ്യൂസിയത്തിലും നാഷണൽ ഗാലറിയിലും ന്യൂയോർക്കിലെ മെട്രാപൊളിറ്റന്‍ മ്യൂസിയത്തിലും ഫ്രിക്ക്‌ കളക്ഷനിലും കാണാവുന്നതാണ്‌. ചിത്രരചനാസാമഗ്രികള്‍ ഏതൊരു മാധ്യമത്തിനും ഏറെക്കുറെ ഒന്നുതന്നെയെങ്കിലും എണ്ണച്ചായാചിത്രങ്ങളിൽ പലതും രചിക്കുവാന്‍ ചില പ്രതിഭാശാലികള്‍ ബഷുകള്‍ക്കു പുറമേ നൈഫും അഥവാ പാലറ്റ്‌ കത്തിയും ഉപയോഗിച്ചുവന്നിട്ടുണ്ട്‌. നല്ല ഉദാഹരണം കോണ്‍സ്റ്റബിളും ടേണറും തന്നെയാണ്‌.

ഒരു പിന്നാക്കം പോകൽ. എണ്ണച്ചായങ്ങള്‍ക്ക്‌ ചിത്രകാരന്മാർക്കിടയിൽ വമ്പിച്ച സ്വീകാര്യതയും അംഗീകാരവും ലഭിച്ചുവന്നെങ്കിലും ഏതാണ്ട്‌ 19-ാം ശതകത്തിന്റെ ആദ്യകാലത്ത്‌ തന്നെ വ്യാവസായികാടിസ്ഥാനത്തിൽ ചായങ്ങള്‍ വന്‍തോതിൽ ഉത്‌പാദിപ്പിക്കപ്പെട്ടതോടെ ഗുണനിലവാരം താഴുകയും തന്മൂലം പല വിശിഷ്‌ടചിത്രങ്ങളുടെയും ഉജ്ജ്വലമായിരുന്ന വർണങ്ങള്‍ വിളറുകയും ചിത്രപ്രതലം പൊടിഞ്ഞുപോകുകയും ചെയ്യാന്‍ തുടങ്ങി. എണ്ണച്ചായങ്ങള്‍ക്ക്‌ ഒരു നിശ്ചിതസമയം വേണം ഉണങ്ങുവാന്‍. വേഗത്തിൽ ഉണങ്ങുന്നത്‌ ചിത്രകാരന്മാർക്ക്‌ സൗകര്യപ്രദമാകുമെന്ന ധാരണയിൽ ചായങ്ങളിൽ വ്യവസായികള്‍ ചേർത്തുവന്ന "സിക്കറ്റീവ്‌' എന്നുപറയുന്ന ചായത്തിന്റെ ഈർപ്പം വലിച്ചെടുത്ത്‌ വേഗം ചായമുണക്കുന്ന രാസവസ്‌തുക്കള്‍ അപകടം വിതച്ചു. പിന്നെ എണ്ണച്ചായങ്ങള്‍ക്കും പ്രിയംകുറഞ്ഞതുമാത്രമല്ല ദുർദശ ആരംഭിക്കുകയും ചെയ്‌തു. ചിത്രകാരന്മാർ പിന്നെ വർണരസതന്ത്രം (colour chemistry) പഠിക്കാന്‍ ശ്രമിക്കുകയും ചിത്രപ്രതലത്തിന്‌ ഹാനികരമായ കറുപ്പും തവിട്ടും വർണങ്ങളും ഒഴിവാക്കുകയും ചിത്രമെഴുതാനുള്ള കാന്‍വാസിന്റെ ചിത്രരചനയ്‌ക്കുമുമ്പുള്ള പ്രതലം വെളുത്തതു തന്നെ വേണമെന്നു നിർബന്ധിക്കുകയും ചെയ്‌തു. വർണങ്ങളിൽ ഏറ്റവും അടിസ്ഥാനവർണങ്ങള്‍ അതായത്‌ "പ്രമറി കളേഴ്‌സ്‌' ആയ ചുവപ്പും പച്ചയും നീലയും "സബ്‌സ്‌ട്രാക്‌റ്റീവ്‌ പ്രമറി കളേഴ്‌സ്‌' എന്നു പറയാവുന്ന മഞ്ഞയും മാത്രം എടുത്ത്‌ അവ പരസ്‌പരം കൂട്ടിച്ചേർത്ത്‌ വിവിധ ഛവികള്‍ (hues) അഥവാ ടോണുകള്‍ നിർമിച്ച്‌ ചിത്രരചന തുടങ്ങി. യഥാർഥത്തിൽ ചുവപ്പ്‌ എന്നു പറയാവുന്നത്‌ ചുവപ്പ്‌ അല്ല. യഥാർഥ പ്രാഥമികവർണം-അത്‌ പർപ്പിള്‍ ആണ്‌ എന്നും നീല യഥാർഥത്തിൽ നീലയും പച്ചയും ചേർന്ന്‌ "നീല-പച്ച'യാണെന്നും ഏകദേശം നൂറിൽക്കൂടുതൽ വർണങ്ങള്‍ എണ്ണച്ചായങ്ങളിലെ വർണരാജിയിൽ (spectrum) ലഭ്യമാണെന്നും ഇവയിൽ കറുപ്പും വെള്ളയും കൂട്ടാവുന്നതുമാണെന്നുമുള്ള അറിവിലേക്ക്‌ ഗൗരവബുദ്ധികളായ ചിത്രകാരന്മാർ ചെന്നെത്തി. ഇതൊരു വഴിത്തിരിവായിരുന്നു.

പ്ലെയിങ്‌ കാർഡ്‌-സെസാന്റെ രചന

വർണവിനിയോഗത്തിന്റെ കാര്യത്തിൽ കൂടുതൽ പരീക്ഷണ സജ്ജരായ ചിത്രകാരന്മാരായിരുന്നു പോസ്റ്റ്‌-ഇംപ്രഷണിസ്റ്റുകളായ സെസാനും സെയുറയും മറ്റും സെസന്റെ വിശ്രുതചിത്രമാണ്‌ "ബാത്തേഴ്‌സ്‌'. (സെയുറെ ജീശിശേഹഹശൊന്റെ ഉപജ്ഞാതാവു കൂടിയായിരുന്നു) സെസാന്‍ (Lezanne, 1839-1906), സിംഗ്‌ങാ (Signac, 1863-1935). ഗോഗിനും (Gaugin) മറ്റും എണ്ണച്ചായങ്ങളുടെ വിനിയോഗത്തിൽ അതീവശ്രദ്ധ പുലർത്തുകയും പരീക്ഷണങ്ങള്‍ നടത്തിയവരും പരിഷ്‌കാരങ്ങള്‍ വരുത്തിയവരുമാണ്‌. സൂക്ഷ്‌മമായ പഠനത്തിൽ മാത്രമേ ചിത്രകലാവിദ്യാർഥികള്‍ക്കും സാമാന്യാസ്വാദകർക്കും ഇംപ്രഷണിസ്റ്റ്പോസ്റ്റ്‌ ഇംപ്രഷണിസ്റ്റ്‌, നിയോ ഇംപ്രഷണിസ്റ്റ്‌ ചിത്രകലാപ്രസ്ഥാനങ്ങളിലെ സൂക്ഷ്‌മാംശങ്ങളിലുള്ള വ്യത്യാസങ്ങള്‍ തിരിച്ചറിയാനാവൂ. തന്റെ പ്രസിദ്ധ ചിത്രകലാനിരൂപകനായ റിച്ചാർ ആർ ബ്രട്ടെന്‍ 1851-1929 - "മോഡേണ്‍ ആർട്ട്‌' എന്ന പ്രസിദ്ധമായ ഓക്‌സ്‌ഫഡ്‌ ഹിസ്റ്ററി ഒഫ്‌ ആർട്ട്‌ (1999) എന്ന പുതിയ ഗ്രന്ഥത്തിൽ പറയുന്നത്‌ ഇംപ്രഷണിസ്റ്റുകളിൽ നിന്നും അവരുടെ ഇടുങ്ങിയ, ദൃശ്യപ്രാധാന്യത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന രണ്ടു ചിത്രകാരന്മാരായ ഓഡിലോണ്‍ റെഡനെയും (1840-1916) ഫ്രഞ്ചുചിത്രകാരനും ലിത്തോഗ്രാഫറും എച്ചറും. കൂടുതൽ പ്രശസ്‌തനുമായ പോള്‍ഗോഗിനെയും (1848-1903) ചിലർ പെട്ടെന്ന്‌ സിംബലിസ്റ്റുകളായി കണക്കാക്കാന്‍ കാരണം ഇരുവരും സാഹിത്യപാഠങ്ങളിൽനിന്നും ആശയം സ്വീകരിച്ചതിനാലാണ്‌ എന്നാണ്‌. പോസ്റ്റ്‌ ഇംപ്രഷണിസ്‌റ്റുകളെ ഇംപ്രഷണിസ്റ്റുകളുടെ അനന്തരാവകാശികളുമായി ഗണിച്ചുവന്നു; അവർ ഇംപ്രഷണിസ്റ്റ്‌ സിദ്ധാന്തങ്ങളിൽനിന്നും വളരെ വഴിമാറിനടന്നിട്ടുകൂടിയും ഇരുകൂട്ടരും ശരിയായ സിംബലിസത്തിന്‌ വിരുദ്ധമായി നിലകൊണ്ടിട്ടും. പോസ്റ്റ്‌ ഇംപ്രഷണിലിസ്റ്റുകള്‍ തങ്ങളിൽ നിന്നും വ്യത്യസ്‌തമല്ലെന്നു ധരിച്ചുവശായവരായിരുന്നു ഇംപ്രഷണിസ്റ്റുകള്‍. പോസ്റ്റ്‌ ഇംപ്രഷണിസ്റ്റുകള്‍ വാസ്‌തവത്തിൽ "അവാന്ത്‌ഗാർഡ്‌' ആധുനികതയുടെ ഒരു ശാഖയായിരുന്നു. പോസ്റ്റ്‌ ഇംപ്രഷണിസ്റ്റുകളുടെ ശൈലീപരമായ വ്യതിയാനം വ്യക്തവും ദൃഢവുമായിരുന്നു. നിറങ്ങളെ വികാരാവിഷ്‌കരണത്തിൽ തീർത്തും അനുപേക്ഷണീയമായി ഇവർ കരുതി. അതുമല്ല നിറങ്ങള്‍ അവരുടെ കലാതത്ത്വശാസ്‌ത്രത്തിന്റെ ആത്മാവായിരുന്നു. സൃഷ്‌ടിയുടെ രൂപം, രചന എന്നിവയിൽനിന്നും വേറിട്ടു സ്വയം ഒരു അവിഭാജ്യഘടകമായി ചിത്രകലയിൽ നിൽക്കാന്‍ കഴിയുന്നവയാണ്‌, സദാ ഭാവോന്മീലന സജ്ജവും സന്നദ്ധവുമായ വർണങ്ങള്‍. ഗാഗിന്റെ "യെല്ലോ ക്രസ്റ്റ്‌' നോക്കുക. അതിലെ ലളിതമായ രൂപങ്ങളും അലങ്കൃത സ്വഭാവമുള്ള പാറ്റേണുകളും തീവ്രവർണങ്ങളുടെ വിനിയോഗവും മതിയാവും ഗോഗിനെ പ്രത്യേകം അടയാളപ്പെടുത്താന്‍. ഗോഗിന്റെ തന്നെ 1888-ൽ താന്‍ ഇംപ്രഷണിസ്റ്റുകളുമായി എന്നന്നേക്കുമായി വിടചൊല്ലിയശേഷം, പള്ളിക്കുവേണ്ടിവരച്ച്‌ പള്ളിതന്നെ തള്ളിക്കളഞ്ഞ മതപരമായ വിഷയത്തിന്റെ ചിത്രാവിഷ്‌കാരമായ സ്വന്തം വ്യക്തിമുദ്രപതിഞ്ഞ ശൈലിയിലുള്ള "വിഷന്‍ ആഫ്‌റ്റർ ദ്‌ സെർമണ്‍- ജേക്കബ്‌ റസ്ലിങ്‌ വിത്ത്‌ ദി ഏഞ്ചൽ' എന്ന ചിത്രവും അസാധാരണത്വമുള്ള ഒന്നാണെന്ന്‌ ആരും തിരിച്ചറിഞ്ഞില്ല. ആഴമുള്ള ആത്മീയതയുടെ അന്തരീക്ഷം ആ ചിത്രത്തിൽ അലകളിളക്കുന്നു. അധികമൊന്നും വേണ്ട ഗോഗിന്‍ എന്ന നിറങ്ങളുടെ മാന്ത്രികനായ ചിത്രകാരന്‌ നമ്മുടെ ചിത്രാസ്വാദനപരതയിലും സംവേദനത്തിന്റെ ശാഖകളിലും ചേക്കേറാന്‍. ദാർശനികതയിലും, അഭൗമ സുഷമയിലും ഇത്രമാത്രം ഹൃദ്യമായ ചിത്രങ്ങള്‍ ലോകചിത്രകലയിൽ അധികമില്ല. ആധുനികചിത്രകലയിൽ വേറിട്ട, അപൂർവമായ ഒരു ദൃശ്യാനുഭവമായി നില്‌ക്കുന്ന വിസ്‌മയവിപ്ലവമായ ചിത്രങ്ങള്‍ നാം എവിടെനിന്നുവരുന്നു? നാം എന്താണ്‌? നാം എങ്ങോട്ടുപോകുന്നു എന്ന്‌ 1897-ൽ വരച്ച കട്ടിയുള്ള ചാക്കുതുണിയിൽ (കാർപ്പറ്റുപോലുള്ള) വരച്ച 1.39 ഃ 3.74 സെ.മീ. എണ്ണച്ചായാചിത്രം നമ്മോടു ചോദിക്കുന്നു. ഗാഗിനും ഹസ്സാറോയും നല്ല ബന്ധത്തിലായിരുന്നു. ഫോവുകളും(Fauves)-മത്തീസും ഗാഗിനെ സ്വാധീനിച്ചിട്ടുണ്ട്‌.

മിഡ്‌ ഡെ നാപ്‌-ഗോഗിന്റെ വരച്ച ചിത്രം

ഇപ്രകാരം എണ്ണച്ചായങ്ങള്‍ക്ക്‌ ഗുണനിലവാരം കുറഞ്ഞപ്പോള്‍ അതിനെ മറികടക്കാന്‍ നല്ല പ്രാഥമിക നിറങ്ങള്‍ ചാലിച്ചെടുത്ത്‌ പുതിയ അർഥതലങ്ങള്‍ എണ്ണച്ചായത്തിന്റെ വിനിയോഗത്തിലൂടെ വിടർത്തുകയും, ചെറുതും വലുതുമായ രേഖകളുടെ അപൂർവമായ ലയവിന്യാസത്തിലൂടെ തന്റേതായൊരു ചിത്രപ്രപഞ്ചം നമുക്കു നല്‌കുകയും ചെയ്‌ത വിശ്വകലാകാരന്‍ വാന്‍ഗോഗിനെക്കുറിച്ചു പറയുമ്പോള്‍ ചിത്രകലാനിരൂപകർക്ക്‌ ആയിരം നാവാണ്‌. എന്താണ്‌ വാന്‍ഗോഗ്‌ ലോകം എന്നറിയാന്‍ അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലൂടെയും ഒരോട്ടപ്രദക്ഷിണമെങ്കിലും ചെയ്‌താൽ ഒരു കാര്യം വ്യക്തം. വാന്‍ഗോഗിനെപ്പോലെ അദ്ദേഹം മാത്രം. ആധുനിക ചിത്രകലയിൽ ഫിഗററ്റീവും ആബ്‌സ്‌ട്രാക്‌ടും എക്‌സ്‌പ്രഷണിസ്റ്റിക്കുമായ ഈ ചിത്രകാരന്‍ തന്റെ വൈകാരികാവസ്ഥകള്‍ക്ക്‌ വർണങ്ങള്‍കൊടുക്കുവാനും വർണങ്ങളിലൂടെ വികാരവിരേചനം നടത്തുവാനും ശ്രമിച്ച്‌ വിജയിച്ച കലാകാരനാണ്‌. ഒരു "കലറിസ്റ്റ്‌' എന്ന്‌ നിരൂപകന്മാർ വിശേഷിപ്പിക്കുന്ന വീൽസെന്റ്‌ വാന്‍ ഗോഗ്‌ (1853-90) ഒരു ചെറിയ ആയുസ്സിൽ വരച്ചുവിട്ട ചിത്രങ്ങള്‍ (പത്തുവർഷത്തെ സർഗാത്മകതയിൽ പിറന്നുവീണത്‌ 800-ൽപ്പരം ചിത്രങ്ങള്‍) ഒക്കെയും തന്റേതായ മൗലികശൈലിയിൽ തന്നെയായിരുന്നു. "ദി പൊട്ടറ്റോ ഈറ്റേഴ്‌സ്‌' മുതൽ-"ദി വ്യൂ ഒഫ്‌ ആർപിസ്‌ വിത്ത്‌ ഐസിസ്‌' വരെ ഏതു ചിത്രശേഖരത്തിൽനിന്നും "ഇതാണ്‌ വാന്‍ഗോഗ്‌' എന്ന്‌ നമ്മോട്‌ വിളിച്ചുപറയുന്നവയൊന്നുംതന്നെ വിസ്‌മരിക്കാവതല്ല. വാന്‍ഗോഗിന്റെ പ്രിയമാധ്യമവും എണ്ണച്ചായം തന്നെയായിരുന്നു.

ദ്‌ പൊട്ടറ്റോ ഈറ്റേഴ്‌സ്‌-വാന്‍ഗോഗ്‌ വരച്ച ചിത്രം

എണ്ണച്ചായാവർണങ്ങള്‍, സാമഗ്രികള്‍

ഓരോരോ എണ്ണച്ചായങ്ങള്‍ക്കും വിവിധ വിനിയോഗമൂല്യമാണുള്ളത്‌. അവയിൽ വേഗത്തിലും സാമാന്യവേഗത്തിലും സാവധാനത്തിലും ഉണങ്ങുന്നവയുണ്ട്‌. ഓരോന്നിനും അതിന്റേതായ അക്ഷരത (permanent quality)യും സുതാര്യത (transparency)യുമുണ്ട്‌. എണ്ണച്ചായങ്ങള്‍ രാസികവും ഭൗമികവും സസ്യജവും പ്രാണിജവുമായ സ്രാതസ്സുകളിൽ നിന്നാണ്‌ എടുക്കുന്നത്‌. നിത്യഹരിതയും സമ്പന്നയുമായ പ്രകൃതിയിൽ എന്നും ലഭ്യമാകുന്ന വിവിധവർണങ്ങള്‍ അവ എണ്ണച്ചായങ്ങളായും ജലച്ചായങ്ങളായാലും, ഫ്രസ്‌ക്കോ, ഗുവാച്ച്‌, ടെമ്പറാ, പേസ്റ്റൽ ഏതായാലും അവ ഉപയോഗിച്ച്‌ പ്രകൃതിതന്നെ അതിന്റെ വിവിധഭാവഹാവാദികള്‍ ചിത്രീകരിക്കുന്ന കലയാണ്‌ ചിത്രകല. വർണങ്ങളുടെ സൗന്ദര്യശാസ്‌ത്രം. രാസികവും ഭൗമികവും സസ്യജവും പ്രാണിജ(ജന്തുജ)വുമായ 47 വർണങ്ങളോളം എണ്ണച്ചായങ്ങള്‍ കുഴമ്പുരൂപത്തിലാക്കി ട്യൂബുകളിൽ നമുക്ക്‌ ലഭിക്കുന്നു. വിപണിയിൽ ലഭിക്കുന്ന പലതിനും പലവിധ ഗുണങ്ങളുള്ളതായി നമുക്കു മനസ്സിലാക്കാം. ഓരോ നിറത്തിനും അക്ഷയത(permanency), പ്രകാശഭേദ്യത അഥവാ സുതാര്യത (transperancy), ഉപയോഗ്യത (use/usage) എന്നീ ഗുണങ്ങള്‍ ഉള്ളവ നമുക്ക്‌ അനുഭവത്തിലൂടെ തിരിച്ചറിയാന്‍ കഴിയുന്നു. ചിത്രം വരയ്‌ക്കാനറിയുന്നവർക്ക്‌ ഓരോ വർണവും എത്രനേരത്തിനകം ഉണങ്ങുമെന്നറിയാം. ഉദാഹരണത്തിന്‌ വേഗത്തിൽ ഉണങ്ങുന്ന വർണമാണ്‌ ഫ്രഞ്ച്‌ അള്‍ട്രാമറൈന്‍. എന്നാൽ സാവധാനം കാന്‍വാസിൽ ഉണങ്ങുന്ന ഒരു വർണമാണ്‌ വാന്‍ഡെക്ക്‌ ബ്രൗണ്‍. പ്രകാശവും വർണങ്ങളും നമ്മിലുള്ള ബന്ധം ശാസ്‌ത്രീയമായി പഠിക്കേണ്ടതാണ്‌. അതിനാൽ നമുക്ക്‌ ഓരോ വർണത്തിനും പൊതുവിലുള്ള മൂന്ന്‌ വ്യത്യസ്‌തമാനങ്ങള്‍, മൂല്യങ്ങള്‍ ഉള്ളതായും അവ (1) ഹ്യൂ (Hue) (വർണത്തിന്റെ ശരിയായ നിറം), (2) ലൈറ്റ്‌നസ്‌ (നിറദീപ്‌തി അഥവാ അതിന്റേതായ പ്രഭ(3) ക്രാമ (chroma)-വർണത്തിന്റെ കട്ടിയോ കടുപ്പമോ ഇതിനെ വർണാപയാനം എന്നും പറയാം. ഹ്യൂ എന്നു പറയുന്നത്‌ ഒരു നിറത്തിനെ മറ്റു നിറങ്ങളിൽനിന്നും വേർതിരിച്ചുനിർത്തുന്ന അതിന്റെ അസ്‌തിത്വപരമായ വ്യക്തിത്വം തന്നെയാണ്‌. ചുവപ്പിന്റെ അസ്‌തിത്വം ""ചുവപ്പു തന്നെ. ലൈറ്റ്‌നസ്‌ എന്നത്‌ ഒരു നിറം പൊഴിക്കുന്ന പ്രകാശമാണ്‌. തീർച്ചയായും ഓരോ നിറത്തിനും അതിന്റേതായ തരംഗദൈർഘ്യം ഉണ്ട്‌. നിറങ്ങളിൽ വർണരാജിയിലെ ഏറ്റവും കുറഞ്ഞ പ്രകാശതരംഗദൈർഘ്യം വയലറ്റിനും ഏറ്റവും കൂടുതൽ റെഡ്ഡിനും ആണ്‌. വർണത്തിന്റെ പ്രകാശതരംഗത്തിന്റെ ദൈർഘ്യം അളക്കുന്നത്‌ അതിസൂക്ഷ്‌മമായ നാനോമീറ്റർ എന്ന അടിസ്ഥാന അളവിലാണ്‌. ഒരു നാനോമീറ്റർ എന്നാൽ ഒരു മീറ്ററിന്റെ ബില്യനി (മില്യന്‍* മില്യന്‍)ലൊന്ന്‌ എന്നർഥം. ഒരു നിറത്തിന്റെ വർണദീപ്‌തിയെപ്പോലെ പ്രാധാന്യമുള്ള ഒന്നാണ്‌ ആ വർണത്തിന്റെ ക്രാമാ എന്ന സ്ഥിതി. ഒരു വർണം ഏറ്റവും കനം കുറഞ്ഞരീതിയിൽ ലൈറ്റായും വളരെ കട്ടികൂടിയ സ്ഥിതിയിലും നമുക്ക്‌ വിഭാവനം ചെയ്യുവാനും പാലറ്റിൽ മിക്‌സ്‌ ചെയ്‌തെടുക്കുവാനും പ്രയാസമില്ല. വർണങ്ങള്‍ പ്രകാശത്തിന്റെ സഹായത്തോടെ നാം എങ്ങനെ കാണുന്നു എന്നതൊക്കെ ഈ ലേഖനത്തിന്റെ പുറത്തുവരുന്ന ശാസ്‌ത്രീയകാര്യങ്ങളാണ്‌. വർണങ്ങളെക്കുറിച്ചുള്ള മനുഷ്യന്റെ പഠനത്തിന്‌ നീണ്ട ഒരു ചരിത്രമുണ്ട്‌. തെറ്റും ശരിയും ആ വഴിയിൽ നാം കണ്ടുമുട്ടുന്നു. അവിടെ നാം നിറവും പ്രകാശവും കാഴ്‌ചയും തമ്മിൽ കെട്ടുപിണഞ്ഞ്‌ കിടക്കുന്നതുകാണാം. വ്യക്തമായ ശാസ്‌ത്രീയ നിഗമനങ്ങള്‍ അതും ഏറ്റവും സമീപകാലത്ത്‌. ശരിയെന്നു പരക്കെ അംഗീകരിക്കപ്പെട്ട സിദ്ധാന്തങ്ങളെ നോക്കിയാൽ അവിടെ മൂന്ന്‌ പരസ്‌പരം യോജിക്കുന്ന സിദ്ധാന്തങ്ങളും മൂന്ന്‌ പരസ്‌പര വിരുദ്ധസിദ്ധാന്തങ്ങളും ഉള്ളതായിക്കാണാം. ഓരോന്നും ഘട്ടംഘട്ടമായി പറഞ്ഞാൽ നാം വർണം കാണുന്നതിന്റെ ആദ്യഘട്ടം എന്നു പറയുന്നത്‌ മൂന്നുതരത്തിലുള്ള കോണ്‍സ്‌ അഥവാ മൂന്നുതരത്തിലുള്ള കോശങ്ങള്‍ (fibres) ഉള്ള കണ്ണിലെ റെറ്റിന എന്ന നേർത്ത പടലത്തിൽ പതിയുന്നതിങ്ങനെയാണ്‌. റെറ്റിനയിലെ ഈ കോണ്‍സ്‌ പ്രകാശത്തെ ആഗിരണം ചെയ്യുകയും അതിനെ വൈദ്യുതസിഗ്നലുകളാക്കി മാറ്റുകയും ചെയ്യുന്നു. (ഇതാണ്‌ ഒരു കംപൊണന്റ്‌ തിയറി). നിറക്കാഴ്‌ചയുടെ അടുത്ത ഘട്ടത്തിൽ നടക്കുന്നത്‌ കണ്ണിലെ സൂക്ഷ്‌മനാഡികളും ഞരമ്പുകളും തലച്ചോറിലെ ഞരമ്പുകളും/നാഡികളും ചേർന്ന്‌ മൂന്ന്‌ സിഗ്നലുകള്‍ പുറപ്പെടുവിക്കുന്നതാണ്‌. ഈ സിഗ്നലുകള്‍ നിറസിദ്ധാന്തത്തിന്റെ വിപരീതത്തിൽ വിവരിക്കുന്ന 3 സിഗ്നലുകളുമായി പരസ്‌പരം ബന്ധപ്പെടുന്നു. തുടർന്ന്‌ ഏതാനും ഘട്ടങ്ങള്‍ (ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത സൂക്ഷ്‌മമായ) കഴിഞ്ഞ്‌ അവസാനം തലച്ചോറ്‌ നിറക്കാഴ്‌ചയിലെ നിറം ഇന്നതാണെന്നുള്ള അനുഭവം ദൃശ്യേന്ദ്രിയമായ കണ്ണീരിന്‌ വ്യാഖ്യാനിച്ചുതരുന്നു. ഇതാണ്‌ വർണക്കാഴ്‌ചയിൽ നടക്കുന്ന പ്രക്രിയയുടെ ഏറെക്കുറെയുള്ള ഒരു വിശദീകരണം. വർണവർഗീകരണം. വർണങ്ങളുടെ വർഗീകരണത്തെ (classification) സംബന്ധിച്ച്‌ നിരവധി നിരീക്ഷണങ്ങള്‍ ഉണ്ട്‌. ഒന്ന്‌ പറയുന്നത്‌ ഏകദേശം 10 ദശലക്ഷം നിറങ്ങള്‍ നമുക്ക്‌ തിരിച്ചറിയാന്‍ കഴിയുമെന്നാണ്‌. ഓരോ നിറവും മറ്റേതൊരു നിറമാകട്ടെ അതുമായി അതിന്റെ ഛവിയിലും നിറദീപ്‌തിയിലും ക്രാമയിലും (കനത്തിലും താര്യതയിലും) തികച്ചും വ്യത്യസ്‌തമാണെന്നതാണ്‌ സത്യം. വർണങ്ങളുടെ പരസ്‌പരവ്യത്യാസങ്ങളും അവയുടെ അനന്തമായ വൈവിധ്യവും മൂലം ചിലയാളുകള്‍ക്ക്‌ ചില നിറങ്ങളെ വർണിക്കുവാനോ അവയുടെ അനുപൂരക നിറങ്ങള്‍ ഏവയെന്ന്‌ പറയുവാനോ കഴിയുന്നില്ല. ഒരാളിന്റെ കാഴ്‌ചയുടെ ശേഷിയും തെളിമയും മനോവികാസവും അനുസരിച്ച്‌ അഭിരുചിയും, അഭിരുചിക്കനുസരിച്ച്‌ ഒരു വർണബോധവും അയാള്‍ക്കുണ്ടാകും. അതും മറ്റൊരാളിന്റെ വർണബോധവും സമവേദനപരതയും തമ്മിലുമുണ്ടാകും വ്യത്യാസം. നിറങ്ങളുടെ പരസ്‌പരബന്ധവും വൈരുധ്യവും മറ്റും പെയിന്റ്‌ നിർമാതാക്കള്‍ ടെക്‌സ്റ്റൈൽ (ജൗവുളിത്തരങ്ങള്‍) നിർമാതാക്കള്‍ എന്നിവർക്ക്‌ ദൈനംദിന പ്രായോഗികപ്രശ്‌നങ്ങളാണ്‌. ഈ വർണവിവേചന-സ്വീകരണരംഗത്ത്‌ ശാസ്‌ത്രീയജ്ഞാനം ആർജിച്ച വിദഗ്‌ധർ ആവിഷ്‌കരിച്ചിട്ടുള്ള വർണവിഭജന സിദ്ധാന്തങ്ങളാണ്‌ (1) മുന്‍സെലി കളർസിസ്റ്റവും (2) ഇന്റർനാഷണൽ കമ്മിഷന്‍ ഓണ്‍ ഇല്യൂമിനേഷന്‍ എന്ന സമിതിയുടെ ശിപാർശപ്രകാരമുള്ള സി.ഐ.ഇ. സിസ്റ്റം ഒഫ്‌ കളർ സ്‌പെസിഫിക്കേഷനും. ഒരു പെയിന്റ്‌ നിർമാതാവിന്റെ രണ്ടു ചായനിർമാണശാലയിൽ നിർമിക്കുന്ന ഒരു നിറത്തിലുള്ള ചായം (ഉദാഹരണത്തിന്‌ പച്ചതന്നെയാവട്ടെ) തീർത്തും ഒരേ നിറമുള്ളതാവണമെങ്കിൽ ഈ സി.ഐ.ഇ. സിസ്റ്റം ഒഫ്‌ കളർ സ്‌പെസിഫിക്കേഷന്റെ നിർദേശങ്ങള്‍ അനുസരിക്കണമെന്നുസാരം. വിവിധ ഭക്ഷ്യപദാർഥങ്ങള്‍, വിവിധയിനം ചായങ്ങള്‍, പേപ്പർ, പ്ലാസ്റ്റിക്കുകള്‍, തുണിത്തരങ്ങള്‍ (textile) എന്നിവയുടെ നിർമിതിയിൽ വർണങ്ങളുടെ വിനിയോഗം ശാസ്‌ത്രീയമായ കൃത്യതയുള്ളതാവണമെങ്കിൽ ഇത്തരം വിദഗ്‌ധ പദ്ധതികള്‍ അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ സ്വീകരിക്കണം.

എണ്ണച്ചായങ്ങള്‍ കുഴമ്പുരൂപത്തിലാക്കിയ ട്യൂബുകള്‍

വർണകുടുംബം. ഈവക വിവരങ്ങള്‍ ഒന്നും തന്നെ ഗ്രഹിക്കാതെ അനുഗൃഹീതരായ ചിത്രകാരന്മാർക്ക്‌ ചിത്രരചന ചെയ്യാവുന്നതാണ്‌. എന്നാൽ പ്രാഥമികനിറങ്ങള്‍ ഏവയെന്നും ഒരു വർണചക്രത്തിൽ പ്രമറിയും സെക്കന്‍ഡറിയും ടെർഷ്യറിയും ആയ വർണങ്ങള്‍ എപ്രകാരം രേഖപ്പെടുത്തുന്നു എന്നതും ചായച്ചേരുവകള്‍ എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്നതും ചിത്രകാരന്മാരും ചിത്രാസ്വാദകരും ചിത്രമെഴുത്ത്‌ വിദ്യാർഥികളും അറിഞ്ഞിരിക്കേണ്ടതാണ്‌. ഇപ്പോള്‍ ഏത്‌ ചിത്രരചനാസാമഗ്രികളും ലഭ്യമാക്കുന്ന ഏതൊരു വിപണിയിലും ഉള്ളതായ എണ്ണച്ചായങ്ങള്‍ താഴെപ്പറയുന്നവയാണ്‌. അവയെല്ലാം ഒരു ചിത്രകാരന്റെ സ്റ്റുഡിയോയിൽ എപ്പോഴുമുണ്ടാവണമെന്നൊന്നുമില്ല. സാധാരണ എണ്ണച്ചായങ്ങളുടെ സംജ്ഞ കേട്ടാൽ ഏതൊരു പരിശീലനംതേടിയ ചിത്രകാരനും അയാള്‍ക്ക്‌ അവയുമായുള്ള പരിചയം അനുസ്‌മരിക്കാതിരിക്കയില്ല. രണ്ടു വെള്ളകള്‍-ഫ്‌ളേക്ക്‌ വൈറ്റും സിങ്ക്‌ വൈറ്റും, മഞ്ഞ(yellow)യാണെങ്കിൽ യെല്ലോ ഓക്കറും, നേപ്പിള്‍സ്‌ യെല്ലോയും ക്രാം എല്ലോയും എല്ലോലേക്കും ഇത്യാദി. നൂറിയോലീനും ഇറ്റാലിയന്‍ ഓക്കറും ലെമണ്‍ യെല്ലോയും കാഡ്‌മിയന്‍ യെല്ലോയും മഞ്ഞ നിറത്തിലുള്ള എണ്ണച്ചായങ്ങളുടെ സമൃദ്ധിയെക്കാണിക്കുന്നു. വെർമില്യനും ലൈറ്റ്‌ റെഡ്ഡും ഇന്ത്യന്‍ റെഡ്ഡും ഇന്ത്യന്‍ ലേക്ക്‌ പിങ്ക്‌ മാഡറും റോസ്‌പൗഡറും ചുവപ്പി(redന്റെ വകഭേദങ്ങളാണ്‌ എന്നുപറയാം-അതുപോലെ ചുവപ്പുകുടുംബത്തിൽപ്പെട്ട വർണങ്ങളാണ്‌ സ്‌കാർലെറ്റ്‌ലേക്കും ക്രീംസണ്‍ലേക്കും അലിസറിൽ കിംസണും സ്‌കാർലെറ്റ്‌ അലിസറിനും മറ്റും. നാലഞ്ചു നീലങ്ങള്‍ -ഫ്രഞ്ച്‌ അള്‍ട്രാമറൈനും കൊബാള്‍ട്ട്‌ ബ്ലൂവും പെർമനന്റ്‌ ബ്ലൂവും പ്രഷ്യന്‍ ബ്ലൂവും ആന്‍ഡ്‌ വേർപ്പ്‌ ബ്ലൂവുംചിത്രകാരന്മാർക്കു നന്നേ പരിചിതവും പ്രയോഗകരവുമായ നിറങ്ങള്‍തന്നെ. ഇന്‍ഡിഗോ ഒരുതരം സസ്യജമായ നീലമാണ്‌. ഓറഞ്ച്‌ വെർമില്യണ്‍, ബേണ്‍ഡ്‌ സിയന്ന, ഓറഞ്ച്‌ ക്രാം, മാർസ്‌ ഓറഞ്ച്‌, വെറിഡിയന്‍ ഒക്കെയും ചുവപ്പും മഞ്ഞയും (ഓറഞ്ചും) ചേർന്നുണ്ടാകുന്ന വിവിധഛവികളാണ്‌. അതേസമയം ടെറാവാർട്‌, എമറള്‍ഡ്‌ ഗ്രീന്‍, സാപ്‌ഗ്രീന്‍, പർപ്പിള്‍ലേക്ക്‌, പർപ്പിള്‍ മാഡർ, റാ അംബർ, ബേണ്‍ഡ്‌ അംബർ എന്നിവ വികാരാവിഷ്‌കരണത്തിന്റെ തീവ്രത ധ്വനിപ്പിക്കാന്‍ ചിത്രകാരന്മാർ ഉപയോഗിച്ചു നാം കണ്ടുവരുന്ന നിറങ്ങളാണ്‌. വാണ്‍ഡൈക്ക്‌ ബ്രൗണ്‍ എണ്ണച്ചായ ചിത്രത്തിന്റെ ആദ്യകാല പ്രണേതാവായ വാന്‍ഡൈക്കിനെ അനുസ്‌മരിപ്പിക്കുന്നു. ബ്രൗണ്‍ പിങ്ക്‌, ബോണ്‍ ബ്രൗണ്‍, മാഡർ ബ്രൗണ്‍ ഇവയും ചിത്രങ്ങളുടെ ഗൗരവപൂർണമായ രചനയ്‌ക്കും ആശയസന്നിവേശത്തിനും അനുപേക്ഷണീയമായി പല മാസ്റ്റേഴ്‌സും കരുതിവന്നിട്ടുള്ള നിറങ്ങളാണ്‌. ഈ കൂട്ടത്തിൽ ഇരുണ്ട രണ്ടു കറുപ്പുനിറംകൂടി ചേർത്താൽ പട്ടിക ഏറെക്കുറെ പൂർണമാകും-ഒരു പക്ഷേ ഇവ രണ്ടും നേരിട്ട്‌ ചിത്രകാരന്മാർ ഉപയോഗിക്കാറില്ലെങ്കിലും ഐവറിബ്ലാക്കെന്ന കറുപ്പും ശക്തിയും ഊർജവും പകരുന്ന കടുത്തവർണമായ ബ്ലൂബ്ലാക്കും പ്രധാനവർണങ്ങള്‍ തന്നെയാണ്‌. എണ്ണച്ചായങ്ങളുടെ ചിത്രരചനയ്‌ക്കായുള്ള ചായക്കൂട്ടുകള്‍ എങ്ങനെ, എന്തൊക്കെയാണ്‌ ചിത്രകലാവിദ്യാർഥികള്‍ ചെയ്യേണ്ടതെന്ന്‌ അധ്യാപകർ പഠിപ്പിക്കാറുണ്ട്‌. ഇപ്പോഴും ചിട്ടയായും മറ്റും ക്ലാസ്സുകള്‍ നടക്കുന്ന ചില കലാലയങ്ങളിൽ, നിറങ്ങളുടെ രസതന്ത്രം (colour chemistry) പഠിപ്പിക്കുന്നതായി നമുക്ക്‌ അറിയാം. എന്നാൽ എണ്ണച്ചായങ്ങള്‍കൊണ്ട്‌ കാന്‍വാസിൽ ചിത്രകാരന്‍ തന്റെ ആത്മാവിന്റെ രസതന്ത്രം ആവിഷ്‌കരിച്ചതെങ്ങനെയെന്ന്‌ മണിക്കൂറുകള്‍ ചിത്രത്തിൽ നോക്കിയിരുന്നു പഠിച്ചാൽ മാത്രമേ നമുക്ക്‌ അറിയാന്‍ കഴിയൂ. അത്രമാത്രം ഗഹനവും ധ്വനിപ്രധാനവുമാണ്‌ വിശ്വപ്രസിദ്ധ എണ്ണച്ചായാചിത്രകാരന്മാർ വരച്ച്‌ ലോകത്തിനു നല്‌കിയ ചിത്രങ്ങള്‍ നമ്മുടെ മുമ്പിൽ തുറന്നിട്ടിരുന്ന അതിരുകള്‍ മറയുന്ന ലോകം. നാടകം അറിഞ്ഞാസ്വദിക്കണമെങ്കിൽ പ്രക്ഷകന്‍ ഒരു ചാക്ഷുഷയജ്ഞം നടത്തണമെന്ന്‌ ധ്വനിപ്പിച്ച്‌ കാളിദാസന്‍ പറഞ്ഞത്‌ ചിത്രകലാസ്വാദനത്തിന്റേതായ ചിത്രകലാസൗന്ദര്യസംവേദനത്തെ സംബന്ധിച്ചും തീർത്തും അർഥവത്താണ്‌.

ചിത്രരചനയ്‌ക്ക്‌ ഉപയോഗിക്കുന്ന ഈസെലുകള്‍

ബാഹ്യ (വസ്‌തുനിഷ്‌ഠലോകം) മാത്രമല്ല ചിത്രകാരന്മാരുടെ വിഷയം, അവർ മനുഷ്യന്റെ ആന്തരികപ്രകൃതി - വികാരാനുഭൂതികള്‍ ഒക്കെയും ആവിഷ്‌കരിക്കാന്‍ ചിത്രപ്രതല(അതെന്തായാലും ശരി)ത്തിന്മേൽ വിവിധയിനം ചായങ്ങള്‍ കൂടാതെ വിവിധതരം ചായം അലിയിക്കുന്ന എണ്ണകളാകുന്ന മാധ്യമങ്ങള്‍. ലിന്‍ഡീസ്‌ ഓയിൽ, ടർപ്പന്റയിന്‍, തിന്നർ, സ്‌പിരിറ്റ്‌ തുടങ്ങിയ സോള്‍വെന്റുകള്‍ എന്നിവയുടെ സഹായത്താൽ നടത്തുന്ന സർഗാത്മകപ്രക്രിയയാണ്‌ ചിത്രരചന. ജലച്ചായാചിത്രരചനയും എണ്ണച്ചായാചിത്രരചനയും മറ്റു രചനാമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള ഏതൊരു ചിത്രകലാ നിർമാണശ്രമവും നാം കണക്കിലെടുക്കണം-ചിത്രരചനാസാമഗ്രികളായ ഇവയിൽ പലതരത്തിലുള്ള ചിത്രപ്രതലങ്ങള്‍, തുണി, തുണികൊണ്ടുള്ളതന്നെ കാന്‍വാസുകള്‍, പ്രാധാന്യമർഹിക്കുന്നു. ചിത്രരചനയ്‌ക്കാവശ്യമായ പ്രത്യേക വർണങ്ങള്‍ കഴിഞ്ഞാൽപ്പിന്നെ പ്രധാനം-ആ ചിത്രങ്ങള്‍ രചിക്കാന്‍ കലാകാരന്‍ ഉപയോഗിക്കുന്ന ബ്രഷുകള്‍തന്നെയാണല്ലോ. വിവിധ കനവും നീളവും ആകൃതിയുമുള്ളവ, ഇതിൽ നൈഫുകള്‍കൂടി ഉള്‍ക്കൊള്ളിക്കണം. നൈഫുകള്‍(കത്തികള്‍) പാലറ്റ്‌ നൈഫുകള്‍ എന്നും പറയുന്ന ഇവ ചായം ചാലിക്കാനും കാന്‍വാസിൽ ചായം അപ്ലൈ ചെയ്യുവാനും ഉപയോഗിക്കാം എന്നാൽ പെയിന്റിങ്‌ നൈഫ്‌ എന്ന വേറൊരു കത്തിയും ലഭ്യമാണ്‌; അവയും ഉപയോഗിക്കപ്പെടുന്നുണ്ട്‌.

ലിന്‍ഡീസ്‌ കായ്‌കള്‍

പ്രതലങ്ങള്‍. ചുവരുണ്ടെങ്കിലേ ചിത്രം വരയ്‌ക്കാനാവൂ എന്നാണല്ലോ ചൊല്ല്‌. ചിത്രരചനയ്‌ക്കാവശ്യമായ ചിത്രപ്രതലങ്ങളെ പൊതുവേ ചിത്രകലാകാരന്മാരുടെ ഔദ്യോഗികഭാഷയിൽ പറയുന്നത്‌ "ഫാബ്രിക്‌ സപ്പോർട്ട്‌'. "ചുവരില്ലാതെ ചിത്രം വരയ്‌ക്കാനാവില്ല' എന്ന പഴമൊഴിയിലെ ചുവർ എന്നുപറയുന്നത്‌ ചിലപ്പോള്‍ യഥാർഥ ചുവരാവാം (അജന്തയിലെപ്പോലെ), പാനലാവാം ഫാബ്രിക്കുമാവാം. തടിയെക്കാള്‍ ഭാരംകുറഞ്ഞ ലോലമായ ചില ഫാബ്രിക്കുകള്‍ പണ്ട്‌ ഉപയോഗിക്കപ്പെട്ടിരുന്നു. പലയിടത്തേക്കും പ്രദർശനങ്ങള്‍ക്കു കൊണ്ടുപോകാന്‍ പറ്റിയ രീതിയിൽ ഭാരംകുറഞ്ഞവ, അവയിൽ ചില തുണിത്തരങ്ങള്‍ ചിത്രകാരന്റെ ഇംഗിതാനുസരണം നെയ്‌ത്‌ നിർമിച്ചു നൽകുന്ന സ്ഥാപനങ്ങളുണ്ട്‌. അവരാകട്ടെ ചിത്രകാരന്മാർ താമസിക്കുന്നിടങ്ങള്‍ക്ക്‌ സമീപം പാർക്കുന്നതുകാണാം. നവോത്ഥാനകാലത്ത്‌ ലിനന്‍ ആയിരുന്ന മുഖ്യഫാബ്രിക്‌ സപ്പോർട്ട്‌- ഇപ്പോള്‍ പരുത്തിത്തുണിയും ചണം (Jute) ഉപയോഗിക്കുന്നു. ചിത്രപ്രതലം വാസ്‌തവത്തിൽ ഏതു മെറ്റീരിയ(cotton)ലാണെങ്കിലും അതിനെ പൊതുവേ (ശരിയല്ലെങ്കിലും കൊട്ടത്താപ്പിനു പറയുന്നത്‌) കാന്‍വാസ്‌ എന്നാണ്‌. പലപ്പോഴും ചിത്രകാരന്മാർ ഈ കാന്‍വാസുകളെ ഒരു മരനിർമിത ചട്ടക്കൂട്ടിൽ (frame) വച്ചുപിടിച്ച്‌ ആണി തറച്ചോമറ്റും ഉറപ്പിക്കുന്നു. എന്നാൽ മനുഷ്യജീവിതത്തിന്റെ ചരിത്രപുരോഗതിയിൽ കടലാസുമുതൽ ലോഹത്തകിടുവരെയുള്ള നിരവധി കാന്‍വാസുകള്‍ സാമൂഹികവികാസത്തിന്റെ ഓരോരോ ഘട്ടത്തിലും ചിത്രകാരന്മാരാൽ വിനിയോഗിക്കപ്പെട്ടുവന്നിട്ടുണ്ട്‌. വളരെ വളരെമുമ്പ്‌ അള്‍ട്ടാമീറ ഗുഹാചിത്രങ്ങള്‍ വരയ്‌ക്കപ്പെട്ടത്‌ ഗുഹാഭിത്തിയിലായിരുന്നു. ബി.സി 40,000-ത്തിനും ബി.സി. 60,000-ത്തിനുമിടയിൽ രചിക്കപ്പെട്ട അവയുടെ ചായങ്ങള്‍ പ്രകൃതിയിലെ സസ്യങ്ങളിൽ നിന്നെടുത്തവയാണ്‌. കാലത്തിന്റെ കരുത്തേറിയ കൈകള്‍ക്ക്‌ ഇനിയും മായ്‌ക്കാനാവാത്ത ആ വർണങ്ങളുടെ പിന്നിലെ രഹസ്യം ഒരു ഗവേഷണവിഷയംതന്നെയാണ്‌. ഏകദേശം 5000 വർഷങ്ങള്‍ക്കുമുമ്പ്‌ ഈജിപ്‌തുകാർ പേപ്പർപോലുള്ള ഒരു സാധനത്തിന്മേൽ ചിത്രംവരച്ചുവന്നു. പാപ്പിറസ്‌ ചെടിയുടെ നാരുകള്‍ നിലനിർത്തിപരത്തിയെടുത്തതായിരുന്നു ആ ചിത്രപ്രതലം. ഏതാണ്ട്‌ എ.ഡി. 100 കാലത്ത്‌ ചൈനാക്കാർ (ചിത്രകാരന്മാർ) മള്‍ബറിച്ചെടിയുടെ തണ്ടു പരത്തിയും മുളച്ചെടിയുടെ തളിർത്തണ്ട്‌ ചതച്ചും ഉണ്ടാക്കിയ സാധനത്തിന്മേൽ ചിത്രംവരച്ചു. എ.ഡി. 800 ആകുമ്പോഴേക്ക്‌ യൂറോപ്പിലെ കലാകാരന്മാർ പരുത്തിയും ലിനന്‍ കഷണങ്ങളുംകൊണ്ടുണ്ടാക്കിയ ഒരുതരം "പേപ്പർ' ചിത്രമെഴുതാന്‍ ഉപയോഗിച്ചു. പിന്നീട്‌ പേപ്പറിന്റെ വിവിധരൂപഭാവങ്ങളിലുള്ള വസ്‌തുക്കള്‍ ചിത്രമെഴുത്തിനായി ഉപയോഗിച്ചുവന്നു.

നിക്കോളാസ്‌ പൗസ്സാന്‍

അലുമിനിയം, ചെമ്പ്‌, ഇരുമ്പ്‌ എന്നിവയുടെ ഷീറ്റുകള്‍ ചിത്രമെഴുതാന്‍ ഉപയോഗിക്കുന്നുവെങ്കിലും ലോഹത്തകിടിൽ ചായം പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. എന്നതുകൂടാതെ പിടിച്ചചായം പിന്നീട്‌ വെടിച്ചുപോകാനും ഇടയാകുന്നു. അതിനാൽ ആധുനിക ചിത്രകാരന്മാർ മറ്റു എല്ലാമണ്ഡലങ്ങളിലുമെന്നപോലെ പ്ലാസ്റ്റിക്‌ ഷീറ്റുകള്‍ ഉപയോഗിച്ച്‌ ചിത്രംവരയ്‌ക്കാറുണ്ട്‌. ചിത്രപ്രതലം വെളുത്ത ചായം തേച്ച്‌ സജ്ജമാക്കുന്നവരും വളരെ ലൈറ്റ്‌ ആയ ഏതെങ്കിലും നിറം തേച്ച്‌ പ്രതലമുണ്ടാക്കി ചിത്രം വരയ്‌ക്കുന്നവരുമുണ്ട്‌. ചിത്രപ്രതലം എണ്ണച്ചായാചിത്രരചനയ്‌ക്ക്‌ മറ്റുള്ള മാധ്യമങ്ങള്‍ ഉപയോഗിച്ചു വരയ്‌ക്കുമ്പോള്‍ ഉള്ളതുപോലെതന്നെയാണ്‌.

വെർമീർ

തന്റെ സർഗരചനാ ജീവിതകാലം മുഴുവനും ഭാഗികമായും എണ്ണച്ചായങ്ങള്‍ വിനിയോഗിച്ചിട്ടുള്ള വിവിധപ്രസ്ഥാനങ്ങളിൽപ്പെട്ടിട്ടുള്ള നിരവധി ചിത്രകാരന്മാരുണ്ട്‌. ഓരോരുത്തരും എണ്ണച്ചായങ്ങളെ അവരവരുടെ രചനാസമ്പ്രദായത്തിന്‌ യോജിച്ച, സൗകര്യപ്രദമായ രീതിയിലാണ്‌ അവയെ കാന്‍വാസിൽ പകർത്തുന്നത്‌. സാവധാനം ഉണങ്ങുകയും ഉണങ്ങിയാൽ വെടിച്ചുപോകാതിരിക്കുകയും ചെയ്യുന്ന പ്രകൃതമാണ്‌ എണ്ണച്ചായങ്ങള്‍ക്കെന്നതിനാൽ ചിത്രകാരന്മാർ വിവിധ ലക്ഷ്യങ്ങള്‍ നേടാന്‍ വിവിധകനത്തിൽ അതായത്‌ വിഭിന്ന ടെക്‌സ്‌ച്ചറുകളിലാവും കാന്‍വാസിൽ ചായങ്ങള്‍ തേക്കുക. ഓരോരുത്തരും ഓരോ രീതിസ്വീകരിക്കുന്നു. അതിന്‌ നിരവധി ന്യായങ്ങള്‍ ഉണ്ടാവുകയും ചെയ്യും എന്നാൽ ചിത്രത്തിൽ എണ്ണച്ചായം അപ്ലൈ ചെയ്യുന്നതിന്‌ രണ്ടു സമ്പ്രദായങ്ങള്‍ ഉള്ളതായി പറയുന്നു. ഒന്ന്‌ നേരിട്ട്‌ (direct) ചോയം തേയ്‌ക്കുന്ന സമ്പ്രദായം, രണ്ട്‌ പരോക്ഷമായ രീതിയിൽ ഘട്ടങ്ങളായി ചായങ്ങള്‍ തേച്ച്‌ നിയതമായ ലക്ഷ്യത്തിൽ ചെല്ലുന്നു. എന്നാൽ റെബ്രാന്റിനെപ്പോലെയുള്ള പ്രതിഭാധനന്മാർ ഒരു നിറത്തിന്റെ മേൽ മറ്റുനിറങ്ങള്‍ എഴുതുകയും ചെയ്‌തിരുന്നു. അങ്ങനെ ഘട്ടംഘട്ടമായി ചിത്രമെഴുതുന്ന രീതിയായിരുന്നു റെബ്രന്റിന്റെ രചനാവഴി, എന്നാൽ വേഗം എണ്ണച്ചായങ്ങള്‍ എടുത്ത്‌ നേരിട്ട്‌ ചിത്രപ്രതലത്തിൽ പുരട്ടി (വരച്ച്‌) ഓരോ ബ്രഷ്‌ സ്‌ത്രാക്കും മറയ്‌ക്കാതെ ചെയ്യുന്നരീതി സ്വീകരിക്കയാണ്‌ വാന്‍ഗോഗു ചെയ്‌തത്‌.

പൗസ്സാന്റെ ഒരു രചന

ഏതാണ്ട്‌ എ.ഡി. 1500-നും 1700-നുമിടയിൽ പ്രചാരത്തിൽ വന്ന എണ്ണച്ചായാമാധ്യമം ഇന്നും ലോകമെമ്പാടുമുള്ള ചിത്രകാരന്മാർക്ക്‌ പ്രിയങ്കരമായ ഒന്നായി തുടരുന്നു. എന്നിരുന്നാലും നിരവധി സാങ്കേതികകാരണങ്ങളാൽ വർഷങ്ങളായി ചായ നിർമാതാക്കള്‍ നിർമിതിയിൽ പല പരിഷ്‌കാരങ്ങളും വരുത്തിയിരിക്കുന്നു. മുഖ്യമായും പുതിയ ചായപ്പൊടികള്‍ (pigments) നിർമിക്കുകയും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന മിശ്രിതങ്ങള്‍ (binders) കെണ്ടെത്തുകയും ചെയ്‌തു. കൃത്രിമമായി റിസൈന്‍സ്‌-കൽക്കരി, പെട്രാളിയം എന്നിവയിൽനിന്നും ഉത്‌പാദിപ്പിച്ച്‌ (വ്യാവസായികമായി) പിഗ്മെന്റ്‌സിനോടു ചേർത്ത്‌ വിപണിയിലിറക്കിയിട്ടുണ്ട്‌. ചില റെസിനുകള്‍ (മരക്കറകള്‍) കൂടുതൽ ബലമുള്ളവയും പരമ്പരാഗതമായി ഉപയോഗിച്ചുവന്ന മുട്ടയുടെ വെള്ള, അറബിക്ക്‌ ഗം (പശ) എന്നിവയെക്കാള്‍ ഈർപ്പത്തെ ചെറുത്തുനിൽക്കുന്നവ രംഗത്തെത്തി. ഇവയിൽ ചിലതൊക്കെ കൂടുതൽ ഫ്‌ളെക്‌സിബിള്‍ ആയതും (കൈകാര്യം ചെയ്യുമ്പോള്‍), കാലം ചെല്ലുമ്പോള്‍ കറുത്തുപോകാതിരിക്കുകയും ചെയ്‌തു. അപ്രകാരം രംഗപ്രവേശം ചെയ്‌ത, ഇന്ന്‌ ചിത്രകാരന്മാരുടെ ഇടയിൽ നന്നേ പ്രചാരം നേടിയ രണ്ടു സിന്തറ്റിക്‌ (കൃത്രിമമായുണ്ടാക്കിയ) ബൈന്‍ഡേഴ്‌സ്‌/അഡ്‌ഹെസീവുകള്‍ ആണ്‌ അക്രിലിക്കും വിനീലും (Viniyl). അപ്രകാരം നിർമിക്കുന്ന അക്രിലിക്ക്‌ ചായങ്ങളും വിനീൽ ചായങ്ങളും വളരെ വൈവിധ്യമുള്ള ചിത്രപ്രതലങ്ങളിൽ പ്രയോഗിക്കാവുന്നതാണ്‌ വിനീൽ, എത്തീന്‍ എന്ന ഒരു മിശ്രിതമാണ്‌; അക്രിലിക്ക്‌ റൈസിനുകളാകട്ടെ ഒരു തെർമോ പ്ലാസ്റ്റിക്‌ (പ്ലാസ്റ്റിക്‌/പോളിത്തീന്‍) ഉരുക്കിയെടുക്കുന്ന സുതാര്യതയുള്ള ഒരു ദ്രവമാണ്‌. അക്രിലിക്കും വിനീലും ചായങ്ങള്‍ കൊണ്ട്‌ കാർഡ്‌ബോർഡ്‌, പേപ്പർ, ഫെബ്രിക്കുകള്‍, തടി(മരപ്പലകകള്‍)ത്തകിടുകള്‍ എന്നിവയുടെ പുറത്ത്‌ ചിത്രം വരയ്‌ക്കാം. നിറങ്ങളെ ഒന്നിനു പുറത്ത്‌ ഒന്നായി വേഗം തേച്ച്‌ ചിത്രണം ചെയ്യാം. ചായങ്ങള്‍ വേഗത്തിൽ ഉണങ്ങുകയും (dry) ജലത്തെ ചെറുക്കുകയും (water resistant)അപ്രകാരം ജലം കടക്കാത്ത ഒരു പ്രതലം നിർമിക്കാനാവുകയും ചെയ്യുന്നു. ചുരുക്കത്തിൽ ഈ നൂതന കൃത്രിമമാധ്യമങ്ങള്‍ക്ക്‌ സൃഷ്‌ടിക്കാന്‍ കഴിയുന്ന ഫലമാകട്ടെ (effects) മുട്ടയുടെ വെള്ളചേർത്ത ടെമ്പറയേപ്പോലെയും, ഫ്രസ്‌കോ, എണ്ണച്ചായം എന്നിവപോലെയും ഉള്ള മാധ്യമങ്ങള്‍കൊണ്ട്‌ ചിത്രപ്രതലത്തിലുണ്ടാക്കുന്ന രസകരമായ ഫലങ്ങള്‍തന്നെയാണ്‌. എന്നാൽ ഈ ഇതര മാധ്യമങ്ങള്‍ക്ക്‌ കഴിയാത്ത ചില ഫലങ്ങള്‍കൂടി സൃഷ്‌ടിക്കാന്‍ ചിത്രകാരന്‍ വിചാരിച്ചാൽ സാധിക്കും-ഒന്ന്‌, അക്രിലിക്‌ വിനീൽ ചായങ്ങളുടെ സോള്‍വന്റ്‌ ജലം തന്നെ ആയതുക്കൊണ്ടു സുതാര്യമായ ചായം തേയ്‌ക്കൽ (washes)കൊണ്ട്‌ കനംകുറഞ്ഞ പ്രതലവും കനംകൂടിയ (എത്രവേണമെങ്കിലും വണ്ണംകൊടുത്ത്‌) പ്രതലവും സൃഷ്‌ടിക്കാം-ചായം കൂടുതൽ കൂടുതൽ അപ്ലൈ ചെയ്‌താൽമതി-അത്യന്തം മൃദുലതരമായതും, പരുപരുക്കനായതുമായ ചിത്രപ്രതലം സൃഷ്‌ടിക്കാം വിനീൽ പെയിന്റുകളുടെ കൂട്ടത്തിൽ പോലിമെർ ടെമ്പറയും ഉള്‍ക്കൊള്ളിക്കാം വിനീൽ ടെമ്പറാ മുട്ടവെള്ളയിലെ ടെമ്പറ (egg tempera)യ്‌ക്ക്‌ പകരം നില്‌ക്കാനാവുന്നു. ഏതായാലും ചരിത്രാതീതകാലം മുതല്‌ക്കുള്ള ചിത്രണമാധ്യമം എന്ന നിലയിൽ ചായങ്ങള്‍ (ചിത്രരചനയ്‌ക്ക്‌ ഏറ്റവും അനുപേക്ഷണീയമായ ഘടകമായി നിരവധിഘട്ടങ്ങള്‍ കടന്ന്‌ ഇന്ന്‌ മുഖ്യമായും നാല്‌ മാധ്യമങ്ങളിൽച്ചെന്നുനിൽക്കുന്നു-പേസ്റ്റലുകള്‍, ചോക്കുകള്‍, മഷികള്‍, എന്നിവയും (പ്രകൃതിചായങ്ങള്‍) ഇന്നും ലഭ്യവും ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുവെങ്കിലും ജലച്ചായം, അക്രിലിക്ക്‌, വിനീൽ, എണ്ണച്ചായം ഇവയാണിന്ന്‌ പൊതുവേയുള്ള ചിത്രകാരന്മാരുടെ മുഖ്യ ചിത്രരചനാമാധ്യമങ്ങള്‍.

ഡേവിഡ്‌ വരച്ച എണ്ണച്ചായചിത്രം

ഗുണപരമായി നോക്കിയാൽ ഏറ്റവും നല്ലത്‌ ഭൗമവർണങ്ങള്‍ (Earth colours)ആണ്‌. സസ്യവർണങ്ങള്‍ (vegetable colours) രെണ്ടാംസ്ഥാനത്തും. രാസികവർണങ്ങള്‍ (Chemical/synthetic colours) മൂന്നാംസ്ഥാനത്തും നില്‌ക്കുന്നു. ഇവയിൽ കൂടുതൽ അവസരങ്ങളിലും ചിത്രകാരന്റെ ഇംഗിതാനുസരണം ഉപയോഗിക്കാന്‍ പറ്റിയത്‌ ഭൗമവർണങ്ങള്‍തന്നെയാണ്‌. എണ്ണച്ചായങ്ങള്‍ പരസ്‌പരം കൂട്ടിക്കുഴച്ച്‌ ചേർത്ത്‌ തനിക്ക്‌ ആവശ്യമുള്ള പ്രത്യേകനിറം അഥവാ ഛവി നിർമിക്കാന്‍ ഏറെക്കാലത്തെ പ്രായോഗികാനുഭവം കൊണ്ടേ സാധിക്കൂ. നിറങ്ങളെക്കുറിച്ചുള്ള പൊതുബോധവും എണ്ണച്ചായങ്ങളുടെ സവിശേഷതകളും എന്തെന്നറിയുന്നതിന്‌ ചിത്രകാരന്റെ സാങ്കേതികമായ മികവിന്‌ നിദാനമാണ്‌. അറിവിന്‌ അതിരുകളില്ല. പുതിയ കണ്ടെത്തലുകള്‍കൊണ്ട്‌ മറ്റു വിജ്ഞാനമേഖലകളിലെന്നപോലെ ചിത്രരചനാമണ്ഡലത്തിലും പുത്തന്‍ അറിവുകള്‍ വലിയ ആശയവിപ്ലവങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌. ചിത്രകലയുടെ ചരിത്രത്തിൽ കാണുന്നതായ ഓരോ പ്രസ്ഥാനത്തിന്റെയും ഉദയത്തിന്റെയും ക്ഷയത്തിന്റെയും പിന്നിൽ നാനാമുഖമായ വിജ്ഞാനം ഒരു മുഖ്യഘടകമായിരുന്നിട്ടുണ്ട്‌. പ്രായോഗികബുദ്ധിക്കും ജ്ഞാനത്തിനും വലിയ പ്രാധാന്യമുണ്ട്‌-ഉദാഹരണമായി എണ്ണച്ചായങ്ങളുടെ കനം (കട്ടി-thickness) കുറയ്‌ക്കുവാന്‍ വാർണിഷ്‌, ടർപ്പന്റയിന്‍, പാരഫിന്‍ വാക്‌സ്‌ എന്നിവയാണ്‌ ഉപയോഗിക്കപ്പെടുന്ന വാഹകങ്ങള്‍ അഥവാ വെഹിക്കിള്‍സ്‌. ഇവ സോള്‍വന്റ്‌സ്‌ കൂടിയാണ്‌. എന്നാൽ ഇപ്പോഴെല്ലാ കലാകാരന്മാരും ലിന്‍ഡീസ്‌ എണ്ണയാണുപയോഗിക്കുന്നത്‌. എന്നാൽ ഈ എണ്ണയുടെ അളവ്‌ ഒരു പരിധിയിൽ കൂടുന്നപക്ഷം, കാലം ചെല്ലുമ്പോള്‍ കലാസൃഷ്‌ടികള്‍ ഇരുണ്ടുപോകുന്നതാണ്‌. ടർപ്പന്റയിൽ എന്ന വാഹകം ചായം വേഗം ഉണങ്ങാന്‍ സഹായിക്കുമെങ്കിലും ചിത്രത്തിന്റെ തിളക്കം നഷ്‌ടമാക്കുന്നു. അതുകൊണ്ടാണ്‌ അനുഭവസമ്പന്നരായ ചിത്രകാരന്മാർ ലിന്‍ഡീസ്‌ ഓയിലും ടർപ്പന്റയിനും ഏതാണ്ട്‌ സമാസമം എടുത്ത്‌ അതിൽ എണ്ണച്ചായങ്ങള്‍ ആവശ്യത്തിനനുസരിച്ച്‌ ചാലിക്കുന്നത്‌. ഇവ രണ്ടും കൂടാതെ പോപ്പി എണ്ണ (കറുപ്പ്‌ എന്ന മയക്കുമരുന്ന്‌ ഈ ചെടിയിൽ നിന്നാണ്‌ എടുക്കുന്നത്‌) വാള്‍നട്ട്‌ എണ്ണ (അക്ഷോടതൈലം) എന്നിവയും വർണച്ചേരുവകളുണ്ടാക്കാനും എണ്ണച്ചായം അലിയിക്കാനും ഉപയോഗിക്കാറുണ്ട്‌. ചില വിശ്വപ്രസിദ്ധചിത്രകാരന്മാർ ഇവയിൽ നിന്നും വ്യത്യസ്‌തമായ വെഹിക്കിള്‍സ്‌ ഉപയോഗിച്ചിട്ടുള്ളതിനുദാഹരണം, റെംബ്രാണ്ടും, ടിഷ്യാതം, റൂബിന്‍സും ആണ്‌. ഇവർ കാനഡാബാള്‍സത്തിന്റെ എണ്ണ, പാരഫിന്‍ വാക്‌സിന്‍, ടർപ്പന്റയിന്‍ ഇവയുടെ ഒരു മിശ്രിതമായിരുന്നു. വാഹകമായി ഉപയോഗിച്ചിരുന്നത്‌. അതിനാലാണ്‌ അവരുടെ മാസ്റ്റർപീസുകളും മറ്റും വളരെക്കാലം യാതൊരു കോട്ടവും തട്ടാതിരുന്നത്‌ എന്നുപറയപ്പെടുന്നു.

എ യങ്‌ വുമണ്‍ സിറ്റിങ്‌ അറ്റ്‌ എ വേർജിനൽ

ചിത്രണവിദ്യ-രചനാ സമ്പ്രദായങ്ങള്‍ ഓരോ ചിത്രകലാചാര്യനും പ്രത്യേകം പ്രത്യേകം സ്വീകരിച്ചിരുന്നതായി കാണാമെങ്കിലും 19-ാം ശതകത്തിനുമുമ്പ്‌ എണ്ണച്ചായത്തിന്റെ പ്രയോഗത്തിൽ സ്വീകരിച്ചിരുന്ന രീതി-അതായത്‌ ചിത്രമെഴുത്ത്‌ ഘട്ടംഘട്ടമായി സാവധാനം ഒരു പ്രത്യേകസംവിധാനത്തിൽ നടത്തിയിരുന്ന രീതി-ഇന്ന്‌ പ്രചാരത്തിലേ ഇല്ല. 19-ാം ശതകത്തിനുശേഷം ഒരു ചിത്രത്തിന്റെ രചനയ്‌ക്ക്‌ അനുപേക്ഷണീയമായ രചനാഘടകങ്ങളായ രൂപം (form), ടോണ്‍ (tone), അഥവാ വർണങ്ങള്‍ തമ്മിലുള്ള സാമ്യമായ ബന്ധം (വർണലയം), വർണധാവള്യം, ആകർഷണീയത, ഔചിത്യം ഇവയൊക്കെ പാലിക്കുവാനും എണ്ണച്ചായങ്ങള്‍ നേരിട്ട്‌ ഉടനുടന്‍ തേച്ച്‌ ചിത്രം പൂർത്തിയാക്കുന്ന ഡയറക്‌ട്‌ പെയിന്റിങ്‌ സങ്കേതമാണ്‌ കണ്ടുവരുന്നത്‌. ഇവിടെ യാതൊരു മുന്‍സംവിധാനമൊന്നുമില്ല എന്നു പറയാനാവില്ല. ചിത്രകാരന്റെ മനസ്സിൽ ഒരു രൂപരേഖയുണ്ടാവും. അതനുസരിച്ചാവും ചിത്രണം നടത്തുന്നത്‌. അപ്രകാരം ചെയ്യുമ്പോള്‍ ചിത്രകാരന്‌ മനോധർമപ്രകാശന(improvisation)വും നടത്താവുന്നതാണ്‌. ഈ മനോധർമപ്രയോഗത്തിന്‌ നല്ലതും മോശവുമായ ഫലങ്ങളും പാർശ്വഫലങ്ങളും ഉണ്ടാവും. ചില പാർശ്വഫലങ്ങള്‍ ചിത്രത്തിനെ അപൂർവമായ ഒരു കലാസൃഷ്‌ടിയാക്കാന്‍ സഹായിക്കുകയും ചെയ്യും. ഘട്ടംഘട്ടമായി രചന നടത്തുന്നകാലത്ത്‌ ഉപരിതലലേപനങ്ങളും (ആദ്യലേപനങ്ങളും) അതായത്‌ അടിസ്ഥാനപവർണലേപന(dead colouring)ത്തിന്‌ ശീതളവർണങ്ങള്‍ (cool colours) ഉപയോഗിച്ചിരുന്നു. എപ്പോഴും ഒറ്റനിറത്തിലുള്ള ചായം പൂശലാണ്(monochrome) നടത്തുക. ചിത്രത്തിന്റെ സ്വഭാവമനുസരിച്ച്‌ ഈ ഏകവർണ അടിസ്ഥാനലേപനത്തിന്‌ ഒരൊറ്റ നിറമെന്നത്‌ മാറി മറ്റൊരു നിറംകൂടിയോ ആകാവുന്നതാണ്‌ എന്നുവന്നു. ചില പ്രസിദ്ധ ചിത്രകാരന്മാർ ചെയ്‌തിരുന്നതിനെപ്പറ്റി നമുക്ക്‌ പല സ്രാതസ്സിൽ നിന്നും ലഭ്യമാകുന്ന അറിവുകള്‍ അനുസരിച്ച്‌, പ്രകൃതിദൃശ്യചിത്രങ്ങളുടെ അകൃത്രിമലാവണ്യം തികവോടെ എടുത്തുകാട്ടുവാനായി. നിക്കോളാസ്‌ പൗസ്സാന്‍ (1594-1655) എന്ന ഫ്രഞ്ച്‌ ക്ലാസ്സിക്‌ ശൈലീകാരന്‍ മറ്റുള്ളവരിൽനിന്നും തികച്ചും വ്യത്യസ്‌തമായി കറുപ്പും നീലയും വെള്ളയും മാത്രമാണ്‌ ആദ്യകാലത്ത്‌ രചനയ്‌ക്ക്‌ ഉപയോഗിച്ചിരുന്നത്‌. ഫ്രഞ്ച്‌ ക്ലാസ്സിക്‌ ചിത്രരചനാചരിത്രത്തിലെ ഏറ്റവും പ്രധാനചിത്രകാരനായ പൗസ്സാന്‍ ബൈബിളിൽ നിന്നും മതപരമായ ആശയങ്ങളിൽനിന്നും മഹത്തരമെന്ന്‌ അദ്ദേഹം വിലയിരുത്തിയ രംഗങ്ങള്‍ മാത്രം, അപൂർവസന്ദർഭങ്ങള്‍ മാത്രം വരച്ചിരുന്ന വലിയ മാസ്റ്ററായിരുന്നു. എന്നാൽ ഇംപ്രഷണിസം ക്ലാസ്സിക്കൽ ചിത്രകലയുടെ അടിസ്ഥാനപ്രമാണങ്ങളെയാണല്ലോ ധിക്കരിച്ച്‌ രംഗത്തുവന്നത്‌. പൗസ്സാന്‍ ക്ലാസ്സിസിസ്റ്റ്‌ ആയിരുന്നുവെന്നു പറയുന്ന അർഥത്തിൽ അല്ലെങ്കിലും പൗസ്സിന്റെ ശക്തമായ സ്വാധീനത്തിൽപ്പെട്ടവരായിരുന്നു, ഫ്രഞ്ച്‌ ചിത്രകാരന്മാരായ ഡേവിഡ്‌ (1748-1825), ദെലക്യൂയും (1798-1863), ആംഗ്രയും (1780-1867), സെസാനും (1839-1906) മറ്റും. പൗസ്സിന്റെ റോള്‍ മോഡൽ ഇറ്റാലിയന്‍ മാസ്റ്റേഴ്‌സ്‌ റ്റിഷ്യാനും (1477-1576), റാഫേലും (1483-1520) ആയിരുന്നു. ഇവരിൽ രണ്ടുപേർ നിയോക്ലാസ്സിസിസ്റ്റും ഒരാള്‍ റൊമാന്റിക്കും ആയിരുന്നു. ഇവരെല്ലാം തന്നെ എണ്ണച്ചായാവർണങ്ങള്‍ സ്വന്തം ഇച്ഛപോലെ വിനിയോഗിച്ചിരുന്നെങ്കിലും അവരുടെ രചനയുടെ രഹസ്യങ്ങള്‍ നമുക്കറിയില്ല. സ്വന്തമായ വർണസമ്പ്രദായമുണ്ടായിരുന്ന ഡച്ച്‌ ചിത്രകാരനാണ്‌ വെർമീയർ (Vermeer, Jan; 1632-1675) ബ്രാണ്ടിന്റെ ഒരു ശിഷ്യന്റെ ശിഷ്യനും വെറും 40 ചിത്രങ്ങളിലൂടെ(ഷാനർ) പ്രശസ്‌തനായ ഇദ്ദേഹം ടെറാവെട്ടും വെള്ളയും മറ്റു മൃദുലവർണങ്ങളും ആണ്‌ തുടർച്ചയായി ഉപയോഗിച്ച്‌ (കൂട്ടത്തിൽ ഇളം മങ്ങിയ വെളിച്ചവും) ചിത്രം വരച്ചു. "ദി ലറ്റർ' (1662), ദി പെയിന്റർ ഇന്‍ ഹിസ്‌ സ്റ്റുഡിയോ (1670) എ യങ്‌ വുമണ്‍ സ്റ്റാന്‍ഡിങ്‌ അറ്റ്‌ എ വേർജിനൽ എന്നിവ ഉദാഹണം. വേർജിനൽ 16-ഉം 17-ഉം ശതകങ്ങളിൽ പ്രചാരത്തിലുന്ന ഒരു രാഗസംഗീത ഉപകരണമാണ്‌.

മാസ്റ്റേഴ്‌സ്‌ റ്റിഷ്യാന്റെ ഒരു രചന

ഒരു ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നത്‌ പ്രസിദ്ധ ഇംഗ്ലീഷ്‌ ഛായാചിത്രകാരനും (portraitist) റോയൽ അക്കാദമിയുടെ ആദ്യ അധ്യക്ഷനുമായിരുന്ന സർ ജോഷ്വാ റെയ്‌നോള്‍ഡ്‌ (1723-92) ആദ്യം മുതൽ അവസാനംവരെ ഛായാച്ചിത്രങ്ങള്‍ രചിച്ചതൊക്കെയും ബ്ലൂ ബ്ലാക്കും, ക്രിംസണ്‍ ലേക്കും വെളുപ്പും മാത്രം ഉപയോഗിച്ചായിരുന്നുവെന്നാണ്‌. ചിത്രരചനയിൽ സ്വീകരിക്കാറുള്ള ഗ്ലെയ്‌സിങ്‌ - ഒരു നേർത്ത സുതാര്യമായ ഏതെങ്കിലും വർണത്തിന്റെ ഒരു പാളിചിത്ര്രപ്രതലത്തിൽ തേച്ച്‌ ചിത്രത്തിന്‌ ആകർഷണീയത കൂട്ടുന്ന സമ്പ്രദായം പലരും സ്വീകരിച്ചിരുന്നു. അതുപോലെ ചിത്രത്തിൽ നിഴൽ വേണ്ടിടങ്ങളിൽ ലോലമായും പ്രകാശം കൂട്ടേണ്ട ഇടങ്ങളിൽ പ്രകാശം പ്രതിനിധീകരിക്കുന്ന വർണം കട്ടികൂട്ടി ഇടുകയും ചെയ്യുന്നതായ ഇംപാസ്റ്റോ(Impasto)ഇത്യാദികാര്യങ്ങള്‍ എണ്ണച്ചായചിത്രകാരന്മാർക്കാണ്‌ കൂടുതലായും ആവശ്യമായി വരുന്നതെന്നു തോന്നുന്നു. ഈ സന്ദർഭത്തിൽ കേരളത്തിന്റെ എക്കാലത്തെയും മികച്ച ചിത്രകാരനായ രാജാരവിവർമ തന്റെ ചിത്രങ്ങളിൽ പ്രകാശം വീഴുന്നിടങ്ങളിലും വസ്‌ത്രത്തിന്റെ കസവുകരകള്‍ ആഭരണങ്ങളുടെ തിളക്കം എല്ലാംതന്നെ യഥാതഥമായി ചിത്രീകരിക്കാന്‍ ഈ ഇംപാസ്റ്റോ രചനാസമ്പ്രദായം സ്വീകരിച്ചിട്ടുള്ളത്‌ നമുക്ക്‌ അനുസ്‌മരിക്കാം. എണ്ണച്ചായാചിത്രങ്ങളുടെ മേനിയും ആകർഷകത്വവും നിലനിർത്താന്‍ പഴയ പ്രശസ്‌ത ചിത്രകാരന്മാർ വാഹകമായി മെഴുകും ഉപയോഗിച്ചിരുന്നു.

എണ്ണച്ചായങ്ങളുടെ സാർവത്രികത. ആധുനികരായ ചിത്രകാരന്മാരിൽ പലർക്കും മൗലികമായ പല മാറ്റങ്ങളും, പരമ്പരാഗത രചനാശൈലികളിൽനിന്നും വ്യത്യസ്‌തമായ, വിപ്ലവകരമായ വ്യതിയാനങ്ങളും വരുത്താതെ തങ്ങളുടെ വികാരങ്ങളും പുതിയ ആശയപരമായ പരിപ്രക്ഷ്യങ്ങളും ചിത്രങ്ങളിൽ സന്നിവേശിപ്പിക്കുവാനുള്ള ബാധ്യതയുണ്ടായിരുന്നു. അവർക്ക്‌ അതൊരു സാംസ്‌കാരികനിയോഗമായിരുന്നു. ക്ലാസ്സിസത്തിനും നിയോക്ലാസ്സിസത്തിനും ശേഷം ഒന്നിനൊന്നായി ചിത്രകലാരംഗത്ത്‌ കടന്നുവരികയും ചിലപ്പോള്‍ തിരോഭവിക്കുകയും തുടരുകയും ചെയ്‌ത പ്രസ്ഥാനങ്ങളായ റിയലിസം, ഇംപ്രഷണലിസം, സിംബലിസം, പോസ്റ്റിംപ്രഷണിസം, ക്യൂബിസം, എക്‌സ്‌പ്രഷണിസം, സർ റിയലിസം, ഫോവിസം എന്നിവയിൽ പങ്കെടുത്ത അതികായന്മാരായ ചിത്രകാരന്മാരൊക്കെയും എണ്ണച്ചായത്തിന്റെ അനന്തസാധ്യതകളെപ്പറ്റി ബോധമുള്ളവരും അത്‌ അസംഖ്യം രചനകളിലൂടെ നമ്മെ ബോധ്യപ്പെടുത്തിയവരുമാണ്‌. ഇത്ര ശക്തവും സ്വയം പര്യാപ്‌തവുമായ എണ്ണച്ചായം പോലെയുള്ള ഒരു ആവിഷ്‌കരണ മാധ്യമത്തെ എപ്രകാരം എന്തെല്ലാം നൂതനമായ സങ്കേതങ്ങളിൽ കൈകാര്യം ചെയ്‌ത്‌ ചിത്രകലയെ ഒരു ആഗോളവും സാർവജനീനവുമായ കലയാക്കിത്തീർത്തു എന്ന അന്വേഷണം നടത്തണണെങ്കിൽ വിപുലമായ പരിപാടി സജ്ജമാക്കേണ്ടതായി വരും. അത്രമാത്രം ലോകത്തെയും ജീവിതത്തെയും കലാസൗന്ദര്യസിദ്ധാന്തങ്ങളെയും സമഗ്രതയിൽ തന്നെ ആധുനികതയിലും ഉത്തരാധുനികതയിലും ചിത്രകല കൈകാര്യം ചെയ്യുന്നതിനാൽ ചിത്രകലാവിദ്യാർഥിയും നിരൂപകരും ചിത്രകലയുടെ അധൃഷ്യലോകം നോക്കി പകച്ചുനിന്നുപോകുന്നു. തീർച്ചയായും ചിത്രകലയുടെ ഇത്തരം ആഗോള പരിണാമത്തിൽ ഏറ്റവുംവലിയ ഒരു പങ്കു വഹിച്ച രചനാമാധ്യമം തന്നെയാണ്‌ എണ്ണച്ചായമെന്ന്‌ സംശയംകൂടാതെ നമുക്കുപറയാം. ചിത്രകലയിൽ പ്രമുഖസ്ഥാനം കരസ്ഥമാക്കിയിട്ടുള്ളവർ ആരൊക്കെ, ലോകരാജ്യങ്ങളിൽ എവിടെയെല്ലാം എണ്ണച്ചായാചിത്രരചന എപ്രകാരമായിരുന്നു നടന്നിരുന്നത്‌. ആരൊക്കെ ഈ മാധ്യമത്തിലൂടെ ഉദാത്തമായ കലാസൃഷ്‌ടികള്‍ ചെയ്‌തു. അവരുടെ അവിസ്‌മരണീയമായ മികച്ച ചിത്രങ്ങള്‍ ഏവ എന്ന അന്വേഷണം വളരെ അഗാധമായി പഠിച്ചിട്ടുള്ളവർ പ്രത്യേകം കൈകാര്യം ചെയ്യേണ്ട ഒന്നാണ്‌.

എണ്ണച്ചായ ചിത്രരചന-ഭാരതത്തിൽ

രാജാരവിവർമയുടെ ചിത്രം
സതീഷ്‌ ഗുജ്‌റാലിന്റെ ചിത്രം

എന്നിരുന്നാലും ലോകചിത്രകലയിൽ ഗണ്യമായ പങ്കുവഹിച്ചിട്ടുള്ള ഒരു രാജ്യമെന്ന നിലയിൽ ഭാരതത്തിലെ ചിത്രകാരന്മാരിൽ ആധുനികരിൽ ഏറെപ്പേർക്കും എണ്ണച്ചായത്തോടായിരുന്നു പഥ്യം. അജന്തയിലെയും ബാഗിലെയും ബദാമിയിലെയും എല്ലോറയിലെയും മറ്റും ചുവർച്ചിത്രങ്ങളും ഫ്രസ്‌കോകളും മ്യൂറലുകളും കഴിഞ്ഞാൽ പിന്നെ മുഗള്‍കാലഘട്ടത്തിലെ ഫ്രസ്‌കോകളും ടെമ്പറാകളും ഒക്കെ എണ്ണച്ചായങ്ങള്‍ക്ക്‌ മുമ്പുള്ളവയായിരുന്നു. കൊളോണിയൽ ഇന്ത്യയിലേക്ക്‌ ബ്രിട്ടീഷുകാർ വമ്പിച്ച സന്നാഹങ്ങളുമായി ഇന്ത്യന്‍ ജീവിതത്തിലെ നാനാതുറകളിലേക്കും കടന്നുവന്നപ്പോഴാണ്‌ യൂറോപ്പിൽ മുമ്പുതന്നെ അരങ്ങേറിക്കഴിഞ്ഞിരുന്ന എണ്ണച്ചായാചിത്രണം ഭാരതീയ ചിത്രകാരന്മാർക്ക്‌ പരിചിതമാകുന്നത്‌-എണ്ണച്ചായത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചില്ലെങ്കിലും ഭാരതീയ പരമ്പരാഗത രചനാരീതിയിൽ നിന്നും വ്യത്യസ്‌തമായ ചിത്രരചനാസമ്പ്രദായങ്ങള്‍ ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ കൊൽക്കത്ത, ബോംബെ, ബറോഡ തുടങ്ങിയ വന്‍നഗരങ്ങളിൽ സ്ഥാപിച്ച ചിത്രകലാവിദ്യാലയങ്ങളിലെ പഠനപദ്ധതികളിലൂടെ അവതരിപ്പിച്ചു. അങ്ങനെ എണ്ണച്ചായാചിത്രനിർമിതി ഭാരതത്തിലെ കലാകാരന്മാരുടെയും കലാസംവേദനത്തിന്റെയും പരിശീലനത്തിന്റെയും കലാപ്രവർത്തനത്തിന്റെയും മുഖ്യ പഠനമാധ്യമമായിത്തീരാന്‍ ഇടയായി. ഭാരതത്തിൽ അങ്ങോളമിങ്ങോളം നൂറുകണക്കിന്‌ പ്രതിഭാധനന്മാരായ ചിത്രകാരന്മാർ ബ്രഷുകളിൽ എണ്ണച്ചായമെടുത്ത്‌ യൂറോപ്യന്‍ മാസ്റ്ററന്മാരെ അനുകരിച്ചു വരച്ചു. അവരിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ ഒന്നുരണ്ടു തലമുറയിലെ ചിത്രകാരന്മാർ എണ്ണച്ചായങ്ങള്‍കൊണ്ട്‌ ആയിരക്കണക്കിന്‌ എണ്ണച്ചിത്രങ്ങള്‍ രചിച്ചു. 21-ാം ശതകത്തിന്റെ ആദ്യദശകങ്ങളിൽ നിന്നുകൊണ്ട്‌ നാം തിരിഞ്ഞുനോക്കുമ്പോള്‍ ഭാരതത്തിന്റെ എണ്ണച്ചായചിത്രരചനാരംഗത്തെ സംഭാവനയ്‌ക്ക്‌ അദ്‌ഭുതാവഹമായ വൈപുല്യവും വൈചിത്യ്രവും ഉള്ളതായി കാണാം. ഒറ്റയ്‌ക്ക്‌ എടുത്താൽ പല യൂറോപ്യന്‍ രാജ്യങ്ങളിലെ എണ്ണച്ചായം ചിത്രകാരന്മാർ വരച്ചതിനെക്കാള്‍ കൂടുതൽ ചിത്രങ്ങള്‍ ഭാരതീയ കലാകാരന്മാർ വരച്ചിട്ടുണ്ട്‌. ഛായാചിത്രങ്ങള്‍, പ്രകൃതിദൃശ്യങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, പുരാണേതിഹാസങ്ങളെ അധികരിച്ചുള്ള ചിത്രങ്ങള്‍, ജീവിതത്തിന്റെ നാനാവസ്ഥാന്തരങ്ങളെ ഭാവസമ്പന്നമായി ചിത്രീകരിച്ചിട്ടുള്ള ഷാനർ ചിത്രങ്ങള്‍ എന്നിവയുടെ ഒരു വലിയ വിളവു(Harvest)തന്നെയാണ്‌ ഇന്ത്യയിലുണ്ടായിട്ടുള്ളത്‌. നമ്മുടെ പ്രാദേശിക ആർട്ട്‌ഗാലറികളും വിശേഷിച്ചും ഡൽഹിയിലെ ദേശീയഗാലറിയും National Gallery of Modern Art പ്രദർശിപ്പിച്ചുവരുന്ന ചിത്രങ്ങള്‍ ഈ സത്യം വിളിച്ചോതുന്നു. എണ്ണച്ചായചിത്രങ്ങളിൽ ആധുനികഭാരതം ആരുടെയും പിന്നിലല്ല എന്നുതെളിയിക്കുന്ന വിധത്തിലുള്ള രചനാശേഖരമാണ്‌ അവിടെയെല്ലാം നിറഞ്ഞിരിക്കുന്നത്‌.

പ്രമുഖരായ ചിത്രകാരന്മാരിൽ കുറച്ചുപേരെമാത്രം എടുത്താൽ, അതിൽ രാജാരവിവർമയും ഇന്ത്യന്‍ ചിത്രകലയിലെ ബംഗാള്‍ സ്‌കൂളിലൂടെ ദേശീയ സാംസ്‌കാരിക നവോത്ഥാനത്തിന്റെ നാന്ദി ചിത്രകലയിൽ കുറിച്ച അബനീന്ദ്രനാഥടാഗൂർ, നന്ദലാൽ ബോസ്‌, ഹൽദാർ, എസ്‌.എൽ. ഗുപ്‌ത, ഗഗനേന്ദ്രനാഥ ടാഗൂർ, കൂടാതെ ജമിനിറോയി, പി.ബി. ചാറ്റർജി, എന്‍.എസ്‌. ബേന്ദ്ര, രസിക രവാൽ, കെ.കെ. ഹെബ്ബാർ, ചാവ്‌ദ തുടങ്ങി ഒരു വന്‍നിര ചിത്രകാരന്മാരുടെ രചനകളിൽ ഏറെയും എണ്ണച്ചായമായിരുന്നു. നമ്മുടെ ചിത്രകാരന്മാരുടെ സൃഷ്‌ടികള്‍ക്ക്‌ പിന്നിൽ ഭാരതീയ ചിത്രകലയുടെ സുദീർഘ പാരമ്പര്യത്തിന്റെ പ്രചോദനവും സ്വാധീനവും, യൂറോപ്യന്‍ മാതൃകകളോടുള്ള പരിചയത്തോടൊപ്പം ഉണ്ടായിരുന്നു എന്ന വസ്‌തുത വിസ്‌മരിക്കാനാവില്ല. പഹാരി, മേവാർ, ബുണ്ടി, രാജസ്ഥാനി എന്നീ പ്രാദേശിക ദേശീയ ചിത്രരചനാശൈലികള്‍ ഇവർക്ക്‌ പരിചിതമായിരുന്നു. ഇവർക്കുശേഷം ഭാരതീയവും യൂറോപ്യന്‍ രീതിയും സമന്വയിപ്പിച്ച ഒരു ചിത്രകാരി അമൃതഷെർഗില്ലും കവിതയെപ്പോലെ ചിത്രകലയെയും സ്‌നേഹിച്ച നോബൽസമ്മാനജേതാവ്‌ മഹാകവി രബീന്ദ്രനാഥ ടാഗൂർ, അടുത്ത തലമുറയിൽപ്പെട്ട സതീഷ്‌ ഗുജ്‌റാൽ, എം.എഫ്‌. ഹുസൈന്‍, കെ.സി.എസ്‌. പണിക്കർ (കേരളം), മാധവമേനോന്‍ (കേരളം), നശേൽപഞ്ചൽ, ആചാരേക്കർ, ലക്ഷ്‌മണ്‍ പൈ, കെ.എച്ച്‌. ആര, സാരംഗന്‍, വിത്താൽ ജതിന്‍ദാസ്‌, ധൂലിയ, ബിഷ്‌ട്‌, സുൽത്താന്‍ അലി, കുൽക്കർണി, പിരാജി സാഗര, പ്രംജയിൽ, അർപണകൗർ, മനുപരേഖ്‌ എന്നിവരെല്ലാംതന്നെ എണ്ണച്ചായചിത്രങ്ങള്‍ വരച്ച്‌ സ്വന്തം ശൈലികള്‍ അടയാളപ്പെടുത്തിയവരാണ്‌. അമൃതഷെർഗിലിനെപ്പോലെയുള്ള മറ്റൊരു ചിത്രകാരിയാണ്‌ നെയ്‌നാദലാൽ. കാലക്രമത്തിൽ ചില ഏറ്റക്കുറച്ചിൽ വരുന്നത്‌ വിസ്‌മരിച്ചുപറഞ്ഞാൽ, ഇവരുടെ പിന്നാലെവരുന്ന മാധവീ പരേഖ്‌, അമിതംബ്‌ ദാസ്‌, പി.ഡി.ഗുപ്‌ത, ജസ്വന്ത്‌സിങ്‌, ആർ.എസ്‌. ഗിൽ, പ്രാഫുല്ല മൊഹന്തി, പാരിസ്‌ വിശ്വനാഥന്‍ (കേരളീയന്‍), അക്കിത്തം നാരായണന്‍(കേരളം), ബിരന്‍ ഡേ, ജി.ആർ. സന്തോഷ്‌, പദംശ്രീ, സൂസാ, വിവാന്‍ സുന്ദരം, വീണാ ഭാർഗവ, ദൊരൈസ്വാമി, ത്യേബ്‌ മേത്ത, സ്വാമിനാഥന്‍, സിങ്‌ ഭോഗൽ എന്നിവരും കൂടുതൽ എണ്ണച്ചായം മാധ്യമമായി ചിത്രങ്ങള്‍ വരച്ച വ്യക്തിത്വമുള്ള ആധുനിക ഇന്ത്യന്‍ ചിത്രകാരന്മാരാണ്‌. ഇവരെക്കുറിച്ചൊന്നും വിശദമായി പരാമർശങ്ങള്‍ക്കിവിടെ സ്ഥലമില്ല.

കേരളത്തിൽ

[[ചിത്രം:Vol5p98_mfhussain3.jpg|thumb|എം.എഫ്‌. ഹുസൈന്റെ ഒരു രചന]

കെ.സി.എസ്‌. പണിക്കരുടെ ഒരു രചന

പൊതുവിൽ ഭാരതം ആധുനികകാലത്ത്‌ ചിത്രകലയിൽ നടത്തിയ വമ്പിച്ച തേരോട്ടത്തിൽ കേരളവും പങ്കാളിയായിരുന്നു. പ്രാചീനകാലം മുതൽ എണ്ണച്ചായമല്ലാത്ത മറ്റു മാധ്യമങ്ങളിൽ ചിത്രമെഴുത്ത്‌ നിലവിലിരുന്ന കേരളത്തിന്‌ മ്യൂറൽ(Mural) ചുവർചിത്രങ്ങളുടെയും ശിലാചിത്രങ്ങളുടെയും കോലമെഴുത്തിന്റെയും സർപ്പക്കളമെഴുത്തിന്റെയും പാരമ്പര്യമുണ്ട്‌. തെയ്യം, പടയണി, കൂടിയാട്ടം, കഥകളി, ഓട്ടന്‍തുള്ളൽ എന്നിവയുടെ മുഖചമയം, ആടയാഭരണാദി നിർമാണകലകളുടെ പാരമ്പര്യത്തിന്റെ മറ്റൊരുമാനത്തിലുള്ള തുടർച്ചയാണ്‌ ആധുനിക സംവേദനവും യൂറോപ്യന്‍ ചിത്രകലാ പരിചയവും കൈമുതലായുള്ള കേരളത്തിലെ ചിത്രകാരന്മാരിൽ മുമ്പനായ രാജാരവിവർമയുടെ തുടർച്ചക്കാരായി വന്നവരിൽ പലരുടെയും പേരുകള്‍ നാം മുമ്പ്‌ ഓർമിച്ചുകഴിഞ്ഞിട്ടുണ്ട്‌.

പാരിസ്‌ വിശ്വനാഥന്‍
അക്കിത്തം നാരായണന്‍

എങ്കിലും എണ്ണച്ചായ മാധ്യമത്തിൽ ചിത്രരചന നടത്തുകയും ചിത്രകല പഠിപ്പിക്കുകയും ആയിരക്കണക്കിന്‌ ഛായാചിത്രങ്ങള്‍ വരച്ചിട്ടുള്ളവരായ അസംഖ്യം പ്രതിഭാശാലികളുണ്ട്‌. അവർ എണ്ണച്ചായമാധ്യമങ്ങളിലും മറ്റു മാധ്യമങ്ങളിലും വിരചിച്ചിട്ടുള്ള അതുല്യചിത്രങ്ങളിലൂടെ ഭാരതീയ ചിത്രകലാചരിത്രത്തിലും കേരളത്തിന്റെ പാരമ്പര്യത്തിലും തങ്ങളുടെ അനിഷേധ്യമായ സ്ഥാനം പിടിച്ചുപറ്റിക്കഴിഞ്ഞവരാണ്‌.

(പ്രാഫ. എം. ഭാസ്‌കരപ്രസാദ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍