This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഡ്‌ജ്‌ഹിൽ യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എഡ്‌ജ്‌ഹില്‍ യുദ്ധം

Edgehill War

എഡ്‌ജ്‌ഹില്‍ യുദ്ധസ്‌മാരകം

ബ്രിട്ടീഷ്‌ ആഭ്യന്തരകലാപത്തിലെ ആദ്യയുദ്ധം. 1642 ഒ. 23-നാണ്‌ ഇതുണ്ടായത്‌. ഒരുപക്ഷത്ത്‌ രാജാവായ ചാള്‍സ്‌ ക-ന്റെ സൈന്യവും മറുപക്ഷത്ത്‌ പാര്‍ലമെന്റ്‌ സംഘടിപ്പിച്ച സൈന്യവും തമ്മിലാണ്‌ യുദ്ധം നടന്നത്‌. ഓക്‌സ്‌ഫഡ്‌ ഷയറിന്റെ അതിര്‍ത്തികളിലുള്ള വാര്‍വിക്ഷയറിലെ എഡ്‌ജ്‌ഹില്‍ എന്ന കുന്നാണ്‌ സംഭവസ്ഥലം. രാജാവ്‌ സൈന്യസമേതം ഷ്രൂസ്‌ബറിയില്‍നിന്ന്‌ ലണ്ടനിലേക്കു നീങ്ങുന്നതിനിടയില്‍ ഇദ്ദേഹത്തെ എസിക്‌സ്‌ പ്രഭുവിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്ററി വിഭാഗക്കാര്‍ തടയുവാന്‍ ശ്രമിച്ചു. 23-ന്‌ രാവിലെ എസിക്‌സ്‌ പ്രഭു കെനിറ്റോണ്‍ കടന്നപ്പോഴേക്കും രാജപക്ഷക്കാര്‍ 5 കി.മീ. അകലെ എഡ്‌ജ്‌ ഹില്ലില്‍ താവളമുറപ്പിച്ചതായി മനസ്സിലാക്കി. സൈന്യം മുഴുവന്‍ എത്തിച്ചേര്‍ന്നിട്ടില്ലാതിരുന്നതിനാല്‍ എസിക്‌സ്‌ സ്വയം യുദ്ധത്തിനു തയ്യാറായില്ല. രാജകീയ പക്ഷമാണ്‌ യുദ്ധം ആരംഭിച്ചത്‌. കാലാള്‍പ്പട മധ്യത്തിലും കുതിരപ്പട രണ്ടുപാര്‍ശ്വങ്ങളിലുമായിട്ടാണ്‌ ഇരുസൈന്യങ്ങളും അണിനിരന്നത്‌. രാജകീയപക്ഷത്തെ കുതിരപ്പട പാര്‍ലമെന്ററി പക്ഷത്തെ കുതിരപ്പടയെ ബഹുദൂരം തോല്‌പിച്ചോടിച്ചു. എന്നാല്‍ മധ്യഭാഗത്തുനിന്നു യുദ്ധം ചെയ്‌തിരുന്ന പാര്‍ലമെന്ററി കാലാള്‍പ്പട ധീരമായി നിന്നുപൊരുതി. ചാള്‍സ്‌ രാജാവ്‌ രക്ഷപ്പെട്ടു. രാജപക്ഷത്തില്‍ 14,000-ഉം എസിക്‌സിന്റെ പക്ഷത്തില്‍ 10,000-ഉം പേര്‍ യുദ്ധത്തില്‍ പങ്കെടുത്തു. രണ്ടുപക്ഷവും ഈ യുദ്ധത്തില്‍ വിജയം അവകാശപ്പെട്ടിട്ടുണ്ടെങ്കിലും ചില സൈനിക ചരിത്രകാരന്മാരുടെ ഏറ്റവും പുതിയ വിലയിരുത്തല്‍പ്രകാരം രാജകീയ പക്ഷത്തിനാണ്‌ വിജയം അവകാശപ്പെടാവുന്നത്‌. 1949-ല്‍ പ്രസ്‌തുത യുദ്ധരംഗത്ത്‌ ഒരു സ്‌മാരകം നിര്‍മിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍