This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഡേസ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എഡേസ

Edessa

1. തുര്‍ക്കിയിലെ ഒരു പ്രാചീന നഗരം. ആധുനിക ഉര്‍ഫായുടെ സ്ഥാനത്താണ്‌ ഇത്‌ സ്ഥിതിചെയ്‌തിരുന്നത്‌. ബി.സി. 2000-ത്തില്‍ മാസിഡോണിയര്‍ ഇവിടം കൈവശപ്പെടുത്തിയശേഷമാണ്‌ എഡേസ എന്ന പേര്‌ ഈ നഗരത്തിനു ലഭിച്ചത്‌. ബി.സി. മൂന്നാം ശതകത്തില്‍ സെലൂക്കസ്‌ ക ഈ നഗരം പുനഃസ്ഥാപിച്ചതോടെ ഉര്‍ഹ എന്ന പുതിയപേരും ലഭിച്ചു. ഐതിഹ്യങ്ങളിലെ നിംറോദ്‌ രാജാവ്‌, അബ്രഹാം എന്നിവരുടെ പേരുകളുമായി ബന്ധപ്പെട്ടതാണ്‌ ഈ സ്ഥലം. അബ്രഹാമിന്റെ ജന്മസ്ഥലം ഇവിടെയാണെന്നു കരുതപ്പെടുന്നു. അതിപുരാതനകാലത്ത്‌ സിറിയന്‍ ദേവതയായ ആട്ടെര്‍ഗാറ്റിസിനെ ഇവിടെ ആരാധിച്ചിരുന്നതിന്‌ രേഖകളുണ്ട്‌.

എഡേസയിലെ അവശിഷ്‌ടങ്ങളില്‍ പ്രധാനം പടിഞ്ഞാറുഭാഗത്തു സ്ഥിതിചെയ്യുന്ന കൊട്ടാരം, ഇബ്രാഹിം അല്‍ഖലീലിന്റെ പള്ളിയുടെ സമീപപ്രദേശത്തിലെ റോമനെസ്‌ക ഗോപുരം, നഗരഭിത്തികളുടെ ഭാഗങ്ങള്‍, അണക്കെട്ട്‌, ജസ്റ്റിനിയന്റെ ശില്‌പം എന്നിവയാണ്‌. ഇവയില്‍ അണക്കെട്ടിനു പ്രത്യേകം പ്രാധാന്യമുണ്ട്‌.

റോമന്‍സാമ്രാജ്യകാലത്ത്‌ (ബി.സി. 27-എ.ഡി. 476) സിറിയന്‍ സംസ്‌കാരത്തിന്റെ കേന്ദ്രമായിരുന്നു എഡേസ. ഉത്തരമെസൊപ്പൊട്ടേമിയ മുതല്‍ മെഡിറ്ററേനിയന്‍ പ്രദേശം വരെ നീണ്ടുകിടന്ന ഈ നഗരം പാര്‍ത്തിയയും റോമും തമ്മിലുള്ള സംഘട്ടനങ്ങള്‍ക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. തുടര്‍ന്ന്‌ പല സംഘട്ടനങ്ങള്‍ക്കുശേഷം ഇത്‌ അറബികളുടെ കൈവശമായി. 1144-ല്‍ മുസ്‌ലിങ്ങള്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചു.

എഡേസ നഗരാവശിഷ്‌ടങ്ങള്‍

രണ്ടാം ശതകത്തില്‍ ക്രിസ്‌തുമതം ഇവിടെ പ്രചരിച്ചു. അസ്സായ്‌ എന്ന മിഷനറിയാണ്‌ ഇതിനു മുന്‍കൈയെടുത്തത്‌. ഇവിടെ വച്ചാണ്‌ അബ്‌ഗാര്‍ രാജാവിനെ (ബി.സി. 4-എ.ഡി. 50) മാമൂദിസാ മുക്കിയതെന്നു കരുതപ്പെടുന്നു. അബ്‌ഗാര്‍ രാജാവും യേശുക്രിസ്‌തുവുമായി കത്തിടപാടുകള്‍ നടത്തിയിരുന്നതായി ഇയുസെബിയുസിന്റെ ചരിത്രരേഖകളില്‍ കാണുന്നുണ്ട്‌. സെന്റ്‌ തോമസ്‌ മത പ്രചാരണാര്‍ഥം ഇന്ത്യയിലേക്കു തിരിച്ചത്‌ ഇവിടെ നിന്നാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. 216-ല്‍ എഡേസ റോമന്‍ സാമ്രാജ്യത്തില്‍ ലയിച്ചു. മൂന്നാം ശതകത്തില്‍ ഇത്‌ പൗരസ്‌ത്യറോമാസമ്രാജ്യത്തിന്റെ ആത്മീയതലസ്ഥാനമായിരുന്നു. ആറാം ശതകത്തിലെ എഡേസന്‍ ക്രാണിക്കിളില്‍ ഇവിടത്തെ പള്ളി 201-ല്‍ വെള്ളപ്പൊക്കത്തില്‍ നശിച്ചുപോയതായി പരാമര്‍ശമുണ്ട്‌. ഗ്രീക്‌ പുതിയ നിയമം സിറിയക്കിലേക്ക്‌ പരിഭാഷപ്പെടുത്തിയതും എഡേസയില്‍ വച്ചാണ്‌. സിറിയന്‍ ക്രിസ്‌തുമതത്തിന്റെ ആസ്ഥാനമെന്ന നിലയില്‍ എഡേസയ്‌ക്ക്‌ മതചരിത്രതതില്‍ സ്ഥാനമുണ്ട്‌.

പുരാതന വൊഡേണയിലെ ഒരു തെരുവ്‌ അവശിഷ്‌ടങ്ങള്‍

2. ഗ്രീക്ക്‌ മാസിഡോണിയയുടെ തലസ്ഥാനം. പുരാതനകാലത്ത്‌ എയ്‌ഗാ എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. വൊഡേണ എന്നും ഇതിനു പേരുണ്ടായിരുന്നു. ബി.സി. അഞ്ചാം ശതകത്തില്‍ ആര്‍ക്കെലസ്‌ രാജാവ്‌ തലസ്ഥാനം പെല്ലായിലേക്കു മാറ്റി.

ബി.സി. 336-ല്‍ രാജാവായ ഫിലിപ്പ്‌ കക ഇവിടെ വച്ച്‌ വധിക്കപ്പെട്ടു. മാസിഡോണിയന്‍ രാജാക്കന്മാരുടെ ശവസംസ്‌കാരം ഇവിടെയാണ്‌ നടത്തിയിരുന്നത്‌. പില്‌ക്കാലത്ത്‌ ബള്‍ഗേറിയരും ബൈസാന്റിയരും തമ്മില്‍ ഇതിന്റെ ഉടമാവകാശത്തെപ്പറ്റി തര്‍ക്കമുണ്ടായി. എ.ഡി. 13-ാം ശതകത്തില്‍ രണ്ടു ബൈസാന്റിയന്‍ രാജ്യങ്ങളായ തെസ്സലോണിക്ക, നിക്കേയിയ എന്നിവ തമ്മിലും ഇതിനായി കലഹിച്ചു. ലിഡിയാസ്‌ നദിയിലേക്കു തൂങ്ങിനില്‍ക്കുന്ന ഒരു പാറമേലുള്ള ഇതിന്റെ സ്ഥാനം, ചുറ്റുപാടുമുള്ള മനോഹര ദൃശ്യങ്ങള്‍, ജലസമൃദ്ധി, താഴ്‌വരകളുടെ ഫലഭൂയിഷ്‌ഠത. ആരോഗ്യകരമായ അന്തരീക്ഷം, തെസ്സ്‌ലോണിക്കയും അക്രിഡായും തമ്മിലുള്ള റോഡ്‌ബന്ധത്തെ പ്രതിബന്ധപ്പെടുത്തിക്കൊണ്ടുള്ള നില എന്നിവ വൊഡേണയുടെ കൈയടക്കലിനായി ബൈസാന്റിയക്കാരെ പ്രരിപ്പിച്ച ഘടകങ്ങളാണ്‌, എന്ന്‌ ചരിത്രകാരനായ ഫിന്‍ലെ രേഖപ്പെടുത്തുന്നു.

14-ാം ശതകത്തില്‍ ഇത്‌ സെര്‍ബിയയുടെ കൈവശമായി; 1912-ല്‍ ഗ്രീസിന്റെ അധീനതയിലും. രണ്ടാം ലോകയുദ്ധകാലത്ത്‌ ജര്‍മനി ഇവിടെ ആധിപത്യം സ്ഥാപിച്ചു. പില്‌ക്കാലത്ത്‌ ടിറ്റോയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റുകള്‍ അധികാരത്തിലേറിയെങ്കിലും 1991-ല്‍ മാസിഡോണിയ സ്വതന്ത്ര രാഷ്‌ട്രമായി പ്രഖ്യാപിക്കപ്പെട്ടു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%A1%E0%B5%87%E0%B4%B8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍