This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എട്ടുത്തൊകൈ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എട്ടുത്തൊകൈ

സംഘം കൃതികളില്‍ ഒരു വിഭാഗം. പത്തുപ്പാട്ടും പതിനെണ്‍കീഴ്‌ കണക്കുമാണ്‌ മറ്റുള്ളവ. ഒറ്റപ്പെട്ട ചെറിയ ഭാവഗീതങ്ങളുടെ എട്ടു സമാഹാരങ്ങളാണ്‌ എട്ടുത്തൊകൈ (തൊകൈ = സമാഹാരം). കുറുംതൊകൈ, നറ്റിണൈ, അകനാനൂറ്‌, ഐങ്കൂറുനൂറ്‌, കലിത്തൊകൈ, പരിപാടല്‍, പതിറ്റുപ്പത്ത്‌, പുറനാനൂറ്‌ എന്നിവയാണ്‌ ഈ സമാഹാരങ്ങള്‍. ഇവ എ.ഡി. രണ്ട്‌, മൂന്ന്‌ ശതകങ്ങളില്‍ സമാഹരിക്കപ്പെട്ടവയാണെന്നു പറയപ്പെടുന്നു. അതല്ല, എ.ഡി. അഞ്ചാം ശതകത്തില്‍ സമാഹരിക്കപ്പെട്ടവയാണെന്ന അഭിപ്രായവും പ്രാഫ. വയ്യാപുരിപ്പിള്ളയെപ്പോലുള്ള പണ്ഡിതന്മാര്‍ പ്രകടിപ്പിക്കുന്നുണ്ട്‌. എന്നാല്‍ കലിത്തൊകൈ, പരിപാടല്‍ എന്നീ രണ്ടു സമാഹാരങ്ങളും സംഘകാലത്തിനുശേഷം രചിക്കപ്പെട്ടവയാണെന്നു വിശ്വസിക്കപ്പെടുന്നു.

എട്ടുത്തൊകൈ കൃതികളില്‍ പുറനാനൂറ്‌, പതിറ്റുപ്പത്ത്‌ എന്നിവ പുറം വിഭാഗത്തിലും നറ്റിണൈ, കുറുന്തൊകൈ, ഐങ്കുറുനൂറ്‌, കലിത്തൊകൈ, അകനാനൂറ്‌ എന്നിവ അകം വിഭാഗത്തിലുംപ്പെടുന്നു. ഈ രണ്ടുവിഭാഗത്തിലും ഉള്‍പ്പെട്ടതാണ്‌ പരിപാടല്‍. ആസിരിയപ്പാ എന്ന വൃത്തം ഉപയോഗിച്ചാണ്‌ കലിത്തൊകൈ, പരിപാടല്‍ എന്നിവയൊഴിച്ചുള്ള സമാഹാരങ്ങള്‍ രചിച്ചിരിക്കുന്നത്‌. കലിത്തൊകൈ കലിപ്പാവൃത്തത്തിലും പരിപാടല്‍ പരിപാടല്‍ വൃത്തത്തിലും രചിച്ചിരിക്കുന്നു. കടവുള്‍ വാഴ്‌ത്തോടുകൂടിയാണ്‌ എല്ലാ സമാഹാരങ്ങളും ആരംഭിക്കുന്നത്‌. ചില സമാഹാരങ്ങളില്‍ സമാഹര്‍ത്താവിനെ സംബന്ധിച്ച പായിരവും (ആമുഖം) നല്‌കിയിരിക്കുന്നു.

കുറുംതൊകൈ. എട്ടുത്തൊകൈയില്‍ ആദ്യമായി സമാഹരിക്കപ്പെട്ടത്‌ കുറുംതൊകൈയാണെന്നു വിശ്വസിക്കപ്പെടുന്നു. കുറുംതൊകൈ എന്നതിന്‌ കുറുകിയ അഥവാ ഹ്രസ്വഗാനങ്ങളുടെ സമാഹാരം എന്നര്‍ഥം. പതിനഞ്ചു കവയിത്രികള്‍ ഉള്‍പ്പെടെ 205 കവികളുടെ 401 കവിതകളാണ്‌ ഈ സമാഹാരത്തിലുള്ളത്‌. 10 കവിതകളുടെ കര്‍ത്താക്കള്‍ ആരെന്നു പറയുന്നില്ല. അതിസുന്ദരങ്ങളായ പല പ്രമകവിതകളും കുറുംതൊകൈയിലുണ്ട്‌. ചടുലവികാരസ്‌ഫുരണങ്ങള്‍, ഭാവോദ്ദീപകങ്ങളായ ബിംബങ്ങള്‍, മൂര്‍ത്തവാങ്‌മയ ചിത്രങ്ങള്‍, മനോഹരമായ ഗ്രാമീണ പശ്ചാത്തലം, ഭാവസുന്ദരമായ സംവിധാനം എന്നിവ കുറുംതൊകൈയിലെ കവിതകളുടെ സവിശേഷതകളാണ്‌. തമിഴ്‌ സാഹിത്യ ലക്ഷണഗ്രന്ഥങ്ങളില്‍ കുറുംതൊകൈയില്‍ നിന്നുള്ള ഉദ്ധരണികള്‍ ധാരാളമായി കാണാം. അജ്ഞാതനാമാവായ ഒരു പാണ്ഡ്യരാജാവിന്റെ ആജ്ഞയനുസരിച്ച്‌ പൂരിക്കോ എന്ന ആളാണ്‌ ഗ്രന്ഥം സമാഹരിച്ചിരിക്കുന്നത്‌. ശൗരിപ്പെരുമാള്‍ അരങ്കന്‍ ആണ്‌ കുറുംതൊകൈ ആദ്യമായി അച്ചടിച്ചു പ്രകാശിപ്പിച്ചത്‌. നോ. കുറുംതൊകൈ

നറ്റിണൈ. നറ്റിണൈയാണ്‌ എട്ടുത്തൊകൈ വിഭാഗത്തിലെ രണ്ടാമത്തെ കൃതി. നാല്‌+തിണൈ നറ്റിണൈ. 192 കവികളുടെ 401 കവിതകള്‍ ഇതില്‍ ചേര്‍ത്തിരിക്കുന്നു. ഇതില്‍ 234-ാമത്തെ പാട്ടുപൂര്‍ണമായും 385-ാം പാട്ടിന്റെ ഉത്തരാര്‍ധവും നഷ്‌ടപ്പെട്ടിരിക്കുന്നു. പന്താടുതന്ത പാണ്ഡ്യന്‍ മാറന്‍ വഴുതിയാണ്‌ അജ്ഞാതനാമാവായ ഒരു പണ്ഡിതനെക്കൊണ്ട്‌ നറ്റിണൈ സമാഹരിച്ചിരിക്കുന്നത്‌. ചെറിയ സന്ദേശകാവ്യങ്ങളാണ്‌ ഇതിലെ കവിതകള്‍. കുരുക്‌, കിളി, ഞാറ തുടങ്ങിയ പക്ഷികളാണ്‌ സന്ദേശവാഹകര്‍, മാങ്കുടികിഴാര്‍, ഇളന്തിരയനാര്‍, പെരിങ്കടുങ്കോ, തനിമകനാര്‍, കണ്ണന്‍കൊറ്റനാര്‍, പരണര്‍ എന്നിവരാണ്‌ പ്രമുഖ കവികള്‍. നറ്റിണൈ ആദ്യമായി അച്ചടിച്ചു പ്രകാശിപ്പിച്ചത്‌ പിന്നത്തൂര്‍ നാരായണസ്വാമി അയ്യരാണ്‌. നോ. നറ്റിണൈ

അകനാനൂറ്‌. നെടുംതൊകൈ എന്നു കൂടി അറിയപ്പെടുന്ന ഈ സമാഹാരത്തില്‍ 13 മുതല്‍ 31 വരെ വരികളുള്ള 400 പാട്ടുകള്‍ ഉണ്ട്‌. 145 കവികളാണ്‌ ഇവ രചിച്ചിരിക്കുന്നത്‌. മൂന്നു ഭാഗങ്ങളിലായുള്ള അകനാനൂറിലെ ഒന്നാമത്തെ ഭാഗത്തെ കളറ്റിയാനൈനിരൈ (കൊമ്പനാനകളുടെ നിര) എന്നും രണ്ടാമത്തെ ഭാഗത്തെ മണിമിടൈപവളം (ഇന്ദ്രനീലക്കല്ലുകള്‍ക്കിടയില്‍ പവിഴം) എന്നും മൂന്നാമത്തെ ഭാഗത്തെ നിത്തിലക്കോവൈ (മുത്തുമാല) എന്നും പറയുന്നു. തിണകളെ സംബന്ധിച്ച്‌ ഈ സമാഹാരത്തില്‍ ഒരു പ്രത്യേകക്രമം പാലിച്ചിട്ടുണ്ട്‌. 1, 3, 5, 7 എന്നിങ്ങനെ ഒറ്റ സംഖ്യയില്‍ വരുന്ന കവിതകള്‍ പാലൈതിണൈയിലും 2, 8 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്നവ കുറിഞ്ചിത്തിണൈയിലും 6-ല്‍ അവസാനിക്കുന്നവ മരുതത്തിണൈയിലും എല്ലാ പത്തുകളും നെയ്‌തല്‍തിണൈയിലും ഉള്‍പ്പെടുന്നു. ഇപ്രകാരം പാലൈക്ക്‌ 200, കുറുഞ്ചിക്ക്‌ 80 മുല്ലൈ, മരുതം, നെയ്‌തല്‍ ഇവയ്‌ക്ക്‌ 40 വീതം പാട്ടുകള്‍ ഉണ്ട്‌. പാണ്ഡ്യന്‍ ഉക്കിരപെരുവഴുതി എന്ന രാജാവിന്റെ പ്രരണയാല്‍ മതുരൈ ഉപ്പുരിക്കുടി കിഴാര്‍ മകന്‍ രുദ്രശര്‍മന്‍ ആണ്‌ ഈ മൂന്നു വാല്യങ്ങളും സമാഹരിച്ചിരിക്കന്നത്‌. നോ. അകനാനൂറ്‌

ഐങ്കുറുനൂറ്‌. കുറുതായ അഞ്ചു നൂറുകളാണ്‌ ഐങ്കൂറുനൂറ്‌. മൂന്നു മുതല്‍ ആറുവരെ വരികളുള്ള 500 പാട്ടുകള്‍ ഇതിലുണ്ട്‌. ഓരം പോകിയാര്‍ (മരുതം), അമ്മുവനാര്‍ (നെയ്‌തല്‍), കപിലര്‍ (കുറുഞ്ചി), ഓതലാന്തയാര്‍ (പാല), പേയനാര്‍ (മുല്ല) എന്നിവരാണ്‌ ഇതിലെ ഓരോ നൂറും രചിച്ചിരിക്കുന്നത്‌ ഭാവസാന്ദ്രതയും രചനാമാധുരിയും തുളുമ്പുന്ന കവിതാശകലങ്ങളാണീ കവിതകള്‍. പ്രമം, വിരഹം, പരസ്‌ത്രീഗമനം, പുത്രവാത്സല്യം തുടങ്ങിയ കുടുംബജീവിതരംഗങ്ങള്‍ വളരെ ഹൃദ്യമായി പ്രതിപാദിച്ചിരിക്കുന്നു. പ്രമാവസ്ഥയുടെ വിവിധഭാവങ്ങള്‍ അവതരിപ്പിക്കുന്ന 100 കവിതകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. മാന്തരന്‍ ചേരല്‍ ഇരുമ്പൊറൈ എന്ന ചേരരാജാവിന്റെ ആജ്ഞപ്രകാരം പുലത്തുറൈ മുറ്റിയ കൂടലൂര്‍ കിഴാര്‍ ആണ്‌ ഈ ഗ്രന്ഥം സമാഹരിച്ചിരിക്കുന്നത്‌. നോ. ഐങ്കുറുനൂറ്‌

കലിത്തൊകൈ. കലിപ്പാ-വൃത്തത്തില്‍ രചിച്ചിട്ടുള്ള 150 കവിതകളാണ്‌ കലിത്തൊകൈ, പെരുകേടുങ്കോ (പാലൈ-35), കപിലര്‍ (കുറുഞ്ചി-29), മരുതന്‍ ഇളനാകനാര്‍ (മരുതം-35), ചോഴന്‍ നല്ലുരുത്തിരനാര്‍ (മുലൈ-17), നല്ലന്തുവനാര്‍ (നെയ്‌തന്‍-33) എന്നീ കവികളാണ്‌ കലിത്തൊകൈ രചിച്ചിരിക്കുന്നത്‌. ഇതിലെ ഓരോ പദ്യവും ഓരോ ഏകാങ്കം പോലെയാണ്‌. ഒന്നിലധികം കഥാപാത്രങ്ങള്‍ പങ്കെടുക്കുന്ന ഈ നാടകങ്ങള്‍ക്ക്‌ ആരംഭവും വളര്‍ച്ചയും മൂര്‍ധന്യവും ഉണ്ട്‌. സംഘട്ടനവും അതിന്റെ അവിഭാജ്യഘടകമാണ്‌. നിറപ്പകിട്ടാര്‍ന്ന ജീവിതരംഗങ്ങള്‍ ഈ കവിതകളെ ആകര്‍ഷകമാക്കുന്നു. ഈ ഗ്രന്ഥം സമാഹരിച്ചതാരെന്നോ ആരുടെ നിര്‍ദേശപ്രകാരമെന്നോ പറഞ്ഞിട്ടില്ല. നോ. കലിത്തൊകൈ പരിപാടല്‍. ഗാനപ്രധാനങ്ങളായ കവിതകളാണ്‌ പരിപാടല്‍. വൃത്തത്തെ ആസ്‌പദമാക്കിയാണീ പേരു നല്‌കിയിരിക്കുന്നത്‌. നിര്‍ദിഷ്‌ടങ്ങളായ രാഗവും താളവും ഇവയുടെ പ്രത്യേകതകളാണ്‌. ഒരു പരിപാടലില്‍ 25 മുതല്‍ 400 വരെ അടികള്‍ കാണും. ഈ സമാഹാരത്തില്‍ 70 ഗാനങ്ങള്‍ ഉണ്ടായിരുന്നു എന്നു വിശ്വസിക്കുന്നു. എന്നാല്‍ 22 പരിപാടലുകള്‍ മാത്രമേ ഇന്നു ലഭിച്ചിട്ടുള്ളൂ. ഇവയില്‍ ആറ്‌ എണ്ണം വിഷ്‌ണുവിനെ വാഴ്‌ത്തുന്നവയും ഒമ്പത്‌ എണ്ണം മുരുകനെ വാഴ്‌ത്തുന്നവയും ഏഴ്‌ എണ്ണം വൈഗാനദിയെ വാഴ്‌ത്തുന്നവയും ആണ്‌. ഓരോ പദ്യത്തിന്റെയും അവസാനം ഗാനരചയിതാവിന്റെ പേരും ഗാനരീതിയും അവ ചിട്ടപ്പെടുത്തിയ സംഗീതജ്ഞന്റെ പേരും കൊടുത്തിട്ടുണ്ട്‌. നോ. പരിപാടല്‍ പതിറ്റുപ്പത്ത്‌. പത്തു വീതമുള്ള പത്തു പദ്യസമാഹാരങ്ങളാണ്‌ പതിറ്റുപ്പത്ത്‌. പുറം വിഭാഗത്തില്‍പ്പെടുന്ന ഈ കൃതിയില്‍ സംഘകാലത്തു ചേരരാജ്യം വാണിരുന്ന പത്തു രാജാക്കന്മാരുടെ അപദാനങ്ങള്‍ വാഴ്‌ത്തിയിരിക്കുന്നു. ഓരോ പത്തും ഓരോ കവിയാണു രചിച്ചിരിക്കുന്നത്‌. ഓരോ പത്തിനും ഓരോ പതികവും (ആമുഖം) ഉണ്ട്‌. കടവുള്‍ വാഴ്‌ത്തും ഒന്നാമത്തെയും പത്താമത്തെയും പത്തുകളും നഷ്‌ടപ്പെട്ടിരിക്കുന്നു. കുമ്മട്ടൂര്‍ കണ്ണനാര്‍, പാലൈ ഗൗതമനാര്‍, കാപ്പിയാറ്റു കാപ്പിയനാര്‍, പരണര്‍, കാക്കൈപ്പാടിയനാര്‍, കപിലര്‍, അരിയില്‍ കിഴാര്‍, പെരുംകുന്റൂര്‍ പെരുംകിഴാര്‍ എന്നിവരാണ്‌ കവികള്‍. സംഘകാല ജീവിതരീതി പ്രതിഫലിപ്പിച്ചുകൊണ്ടു പാടപ്പെട്ടതാണ്‌ ഇതിലെ ഓരോ പാട്ടും. യുദ്ധവും സമാധാനവും ധര്‍മോപദേശങ്ങളും ജീവിതവീക്ഷണങ്ങളും ഇതില്‍ കാണാം. നോ. പതിറ്റുപ്പത്ത്‌

പുറനാനൂറ്‌. സംഘം കവിതകളില്‍ അത്യന്തം പ്രാധാന്യമുള്ള കൃതിയാണ്‌ പുറനാനൂറ്‌. പുറം, പുറപ്പാട്‌, പുറനാനൂറ്‌ എന്നീ പേരുകളിലും അറിയപ്പെടുന്നു. 157 കവികള്‍ രചിച്ച ഈ ഗ്രന്ഥത്തില്‍ കടവുള്‍ വാഴ്‌ത്ത്‌ അടക്കം 400 പാട്ടുകളാണുള്ളത്‌. സ്‌ത്രീകളും രാജാക്കന്മാരും ആസ്ഥാനകവികളും ധനികരും പാവപ്പെട്ടവരും വൃദ്ധന്മാരും യുവജനങ്ങളും ഈ കവികളുടെ കൂട്ടത്തില്‍പ്പെടുന്നു. 130 രാജാക്കന്മാരും പ്രഭുക്കന്മാരും നാടുവാഴികളും ദാനശീലരും ഈ കൃതിയില്‍ പ്രതിനിധാനം ചെയ്യുന്നു. വീരപരാക്രമങ്ങളെയും സ്വഭാവമേന്മകളെയും പ്രകീര്‍ത്തിക്കുന്ന അനേകം കവിതകള്‍ പുറനാനൂറിലുണ്ട്‌. തമിഴരുടെ ചരിത്രവും സംസ്‌കാരവും ഗണ്യമായൊരളവില്‍ ഇതില്‍ പ്രതിഫലിപ്പിക്കുന്നു. ഈ ഗ്രന്ഥം സമാഹരിച്ചത്‌ ആരെന്നറിയില്ല. നോ. പുറനാനൂറ്‌

(വി.എസ്‌.എം.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍