This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എട്ടരയോഗം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എട്ടരയോഗം
ദിവാകരമുനിയെന്ന തുളുസന്ന്യാസിയോ വില്വമംഗലത്തു സ്വാമിയാരോ അതിപുരാതനകാലത്ത് സ്ഥാപിച്ചതായി വിശ്വസിച്ചുവരുന്ന തിരുവനന്തപുരം ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണനിര്‍വഹണസഭ. ഓരോ യോഗം (വോട്ടവകാശം) ഉള്ള എട്ട് അംഗങ്ങളും അരയോഗമുള്ള രാജാവും ചേര്‍ന്ന യോഗം എന്ന അര്‍ഥത്തിലാണ് ഇതിനെ "എട്ടരയോഗം' എന്നു പറഞ്ഞുവരുന്നത്.
പഴയകാലത്ത് ദേവാലയങ്ങളുടെ ഭരണം നടത്താന്‍ ഇത്തരം സഭകള്‍ സാധാരണമായിരുന്നു. ഊരാണ്മ എന്നായിരുന്നു അതിനു മലയാളത്തില്‍ പറഞ്ഞുവന്നത്. ഊരിലെ പ്രമാണികളുടെ ഭരണം എന്നര്‍ഥം. എട്ടരയോഗം ഇന്ന് നാമമാത്രമായ ഒരു സമിതിയാണെങ്കിലും മുന്‍കാലങ്ങളില്‍ അത് സുശക്തമായ ഒരു സ്ഥാപനമായിരുന്നു.
എട്ടരയോഗത്തിന്റെ ആദികാലചരിത്രം അജ്ഞാതമാണ്. എട്ടരയോഗം എന്ന പേരിന്റെ ഉദ്‌ഭവമോ അതിന്റെ അര്‍ഥമോ നിശ്ചയമായി അറിവില്ല. പഴയ രേഖകളില്‍ അധികമായും കാണുന്നത് "തിരുവനന്തപുരത്ത് സഭൈയും ചമഞ്ചിതനും' (സഭയും സഭഞ്‌ജിതനും) എന്നാണ്. എ.ഡി. 1209 (കൊ.വ. 384)-ലെ തിരുവാമ്പാടി ശിലാരേഖ (T.A.S., IV 66-68) നോക്കുക. തിരുവനന്തപുരം (തിരുആനന്ദപുരം) എന്ന് ദീര്‍ഘമായിട്ടായിരുന്നു ആദികാലത്തെ രൂപം. അനന്തശയനം എന്നും തിരുവനന്തപുരത്തിന് അക്കാലത്തു പേരു പ്രചാരത്തിലിരുന്നു. സഭ ഊരാളരുടെ കൂട്ടമാണ്. സഭഞ്‌ജിതന്‍ കാര്യദര്‍ശിയോ അധ്യക്ഷനോ എന്നു നിശ്ചയമില്ല ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസ് (Vol IV, 67), (T.A.S.IV 67).
എട്ടംഗങ്ങളും രാജാവും ആരംഭകാലം മുതല്‍തന്നെ ഉണ്ടായിരുന്നോ എന്ന് നിശ്ചയമില്ല; ഉണ്ടായിരുന്നു എന്ന തരത്തിലാണ് ചരിത്രകാരന്മാര്‍ പറഞ്ഞുകാണുന്നത് (വി. നാഗമയ്യ, തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍ ക, 303-304, ടി.കെ. വേലുപ്പിള്ള, തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍ ii, 205-206). എട്ടും അരയും (പകുതി) ചേര്‍ന്ന സഭയെന്ന് പലരും വ്യാഖ്യാനിക്കുമ്പോള്‍, എട്ടര എന്നതിന്റെയര്‍ഥം അങ്ങനെയല്ലെന്നു പറയുന്നവരുമുണ്ട്. എട്ടുപേരും അരചനും (അര) ചേര്‍ന്ന യോഗമെന്നാണ് വ്യാഖ്യാനിക്കേണ്ടതെന്ന അഭിപ്രായമുണ്ട്.
സഭാധ്യക്ഷനായ പുഷ്‌പാഞ്‌ജലി സ്വാമിയാരും രാജാവും ഒഴികെയുള്ള എട്ട് അംഗങ്ങളില്‍ ഏഴുപേര്‍ പോറ്റിമാരും ഒരാള്‍ നായര്‍പ്രഭുവുമാണ്. നെയ്‌തശ്ശേരി, കൊല്ലൂര്‍ അത്തിയറ, വഞ്ചിയൂര്‍, അത്തിയറ, മുട്ടവിള, കൂവക്കര, കരുവാ, ശ്രീകാര്യം പൊന്‍കണ്ണന്‍കുഴി എന്നീ കുടുംബക്കാരാണ് പോറ്റിമാര്‍. ശ്രീകരണം പള്ളിയാടി എന്ന നായര്‍ സ്ഥാനിയാണ് എട്ടാമത്തെ അംഗം. ഇവരില്‍ ശ്രീകാര്യം പൊന്‍കണ്ണന്‍കുഴിയെയും ശ്രീകരണം പള്ളിയാടിയെയും ചില ചരിത്രകാരന്മാര്‍ ഉള്‍പ്പെടുത്താന്‍ മടിക്കുകയോ, അവര്‍ പില്‌ക്കാലത്തുവന്നവരായിരിക്കാമെന്നു പറയുകയോ ചെയ്യുന്നു. എന്നാല്‍ ശ്രീപദ്‌മനാഭസ്വാമിക്ഷേത്രംവക പഴയ രേഖകളില്‍ ഈ രണ്ടുപേര്‍ ഉള്‍പ്പെടെ എട്ടുപേരെയും രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം (എ.ഡി. 1469 കൊ.വ. 644-ലെ യോഗവിവരക്കുറിപ്പ്, ടി.കെ. വേലുപ്പിള്ള കക, അനുബന്ധം 5-6). ശ്രീകാര്യം പോറ്റിയെയും ശ്രീകരണം പള്ളിയാടിയെയും ചേര്‍ക്കാതെയുള്ള മുന്‍രേഖ ഒന്നും കാണുന്നുമില്ല.
ശ്രീകാര്യം പോറ്റി ഭണ്ഡാരം ചുമതലക്കാരനും ശ്രീകരണം പള്ളിയാടിക്കുറുപ്പ് ക്ഷേത്രരേഖാസംരക്ഷകനുമാണ്. ശ്രീകാര്യമെന്നാല്‍ ക്ഷേത്രകാര്യം എന്നും ശ്രീകരണം എന്നാല്‍ ക്ഷേത്രത്തിലെ രേഖ എന്നുമാണ് അര്‍ഥം. ശ്രീകരണംകുറുപ്പിന്റെ ജോലി ക്ഷേത്രം സൂക്ഷിപ്പാണെന്നു ചിലര്‍ പറയുന്നതു ശരിയല്ല. കുറുപ്പിന്റെ കുടുംബം കൊല്ലത്തിനു വടക്ക് ചവറ തെക്കുംഭാഗത്ത് അഴകത്തുഭവനമാണ്. അവരുടെ പേരിനോട് പള്ളിയാടി എന്നു ചേര്‍ന്നത് എങ്ങനെയെന്നറിയുന്നില്ല. അവര്‍ക്ക് പദ്‌മനാഭസ്വാമി ക്ഷേത്രത്തിലുള്ള സ്ഥാനത്തെപ്പറ്റി മഹാകവി ഉള്ളൂര്‍ സാന്ദര്‍ഭികമായി പ്രസ്‌താവിച്ചിട്ടുള്ളത് പ്രകൃതത്തില്‍ തെളിവാണ്. "തിരുവനന്തപുരത്ത് ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ എട്ടരയോഗം എന്ന സുപ്രസിദ്ധ ഭരണസമിതിയില്‍ ആ കുടുംബത്തിലെ (അഴകത്തെ) കാരണവന്മാര്‍ക്ക് ഒരു സ്ഥാനവും, ശ്രീകരണം പള്ളിയാടി അഥവാ കരണത്താക്കുറുപ്പ് എന്ന് ഒരു ഔദ്യോഗിക നാമധേയവുമുണ്ട്. കരണത്താന്‍ എന്നാല്‍ കണക്കപ്പിള്ള എന്നര്‍ഥം' (കേ.സാ.ച., IV 213).
പദ്‌മനാഭസ്വാമിക്ഷേത്രത്തിലെ പുഷ്‌പാഞ്‌ജലി സ്വാമിയാരാണ് യോഗത്തിന്റെ അധ്യക്ഷന്‍ എന്നു മുകളില്‍ സൂചിപ്പിച്ചുവല്ലോ. തൃശൂരുള്ള നടുവിലെ മഠത്തില്‍ നിന്ന് ഒരു സ്വാമിയാരെയും തെക്കു വിളവങ്കോടുതാലൂക്കില്‍ മുഞ്ചിറമഠത്തില്‍നിന്ന് വേറൊരു സ്വാമിയാരെയും കൊണ്ടുവന്ന് അവരോധിക്കുകയാണു പതിവ്. ഒരേസമയം രണ്ടു സ്വാമിയാരന്മാരുള്ളത് പുഷ്‌പാഞ്‌ജലിക്ക് ഒരു തരത്തിലും മുടക്കം വരാതെയിരിക്കുവാന്‍ വേണ്ടിയാണ്. ആറാറുമാസം മുറവച്ചാണ് ഈ സ്വാമിയാരന്മാര്‍ പുഷ്‌പാഞ്‌ജലി നടത്തുന്നത്. ഇവര്‍ നമ്പൂതിരിസന്ന്യാസിമാരാണ്. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. പദ്‌മനാഭസ്വാമിക്ഷേത്രത്തിന് അടുത്ത് പടിഞ്ഞാറുഭാഗത്തുള്ള മിത്രാനന്ദപുരം മഠങ്ങളിലാണ് സ്വാമിയാരന്മാര്‍ താമസിക്കുന്നത്. തൃശൂര്‍ നിന്നും വരുന്ന സ്വാമിയാര്‍ പടിഞ്ഞാറേ മഠത്തിലും മുഞ്ചിറ സ്വാമിയാര്‍ കിഴക്കേമഠത്തിലുമാണ് താമസം.
പുഷ്‌പാഞ്‌ജലി സ്ഥാനത്ത് ഒഴിവുവന്നാല്‍ മഹാരാജാവിന്റെ നീട്ടനുസരിച്ചാണ് യോഗക്കാര്‍ സ്വാമിയാരെ അവരോധിക്കുന്നത്. അവരോധക്രമത്തെപ്പറ്റി ശ്രീപദ്‌മനാഭസ്വാമിക്ഷേത്രം-പൂജാക്രമങ്ങളും അനുഷ്‌ഠാനവിധികളും എന്ന കൃതിയില്‍ സവിസ്‌തരം പ്രതിപാദിക്കുന്നു. തിരുവാമ്പാടിയില്‍ യോഗത്തില്‍ പോറ്റിമാരും മറ്റുംചേര്‍ന്നിരിക്കുമ്പോള്‍ മഹാരാജാവിന്റെ നീട്ട് തേയാരിപ്പോറ്റി കൊണ്ടുച്ചെന്നു കൊടുക്കുകയും യോഗക്കാര്‍ അത് മുറപ്രകാരം വായിച്ചിട്ട് മിത്രാനന്ദപുരത്ത് ഇരട്ടപ്പടിക്കല്‍ ഇരിക്കുന്ന സ്വാമിയാരെ കൂട്ടിക്കൊണ്ടുവരുവാന്‍ ദേശിയെയും ക്ഷേത്രകാര്യം പോറ്റിയെയും അയയ്‌ക്കുകയും, അവര്‍ സ്വാമിയാരെ കൂട്ടിക്കൊണ്ടുവന്ന് പുഷ്‌പാഞ്‌ജലി നടത്തിക്കുകയും ചെയ്യുകയാണ് അവരോധപരിപാടി. ഇതിനായി പല ചടങ്ങുകള്‍ അനുഷ്‌ഠിക്കേണ്ടതുണ്ട്. സാധാരണയായി യോഗം കൂടുന്നത് പദ്‌മനാഭ സ്വാമിക്ഷേത്രത്തിലെ ഏറ്റവും പഴയ കോവിലായ തിരുവാമ്പാടി ക്ഷേത്രത്തിന്റെ ശ്രീമുഖമണ്ഡപത്തില്‍ തെക്കേ തിരുവറയിലോ ശ്രീമഹാഭാരതകോണത്തോ ആണ് (ടി.കെ. വേലുപ്പിള്ള, II അനുബന്ധം 7). സഭ ചേരുമ്പോള്‍ സ്വാമിയാരും എല്ലാ അംഗങ്ങളും സന്നിഹിതരായിരിക്കണം. സ്വാമിയാരുടെയും രാജാവിന്റെയും സാന്നിധ്യം പ്രത്യേകിച്ചും അനുപേക്ഷണീയമാണ്. വരാത്ത മറ്റ് അംഗങ്ങള്‍ക്കുപകരം യോഗത്തിലുള്ള വേറെ അംഗങ്ങളെ ചുമതലപ്പെടുത്തി കൂട്ടക്കുറ തീര്‍ക്കണം. കൊ.വ. 644 കന്നി 31-ലെ യോഗസമ്മേളനത്തില്‍ "അത്തിയറ കുമാരന്‍ ചുവാകര'നെ ചുമതലപ്പെടുത്തിയ രേഖ ഇതിനുദാഹരണമാണ്. (ടി.കെ. വേലുപ്പിള്ള II, അനുബന്ധം 6). രാജാവ് യോഗസ്ഥലത്തോ സമീപത്തു കൊട്ടാരത്തിലോ ഉണ്ടായിരിക്കണം.
യോഗം കൂടുമ്പോള്‍ അംഗങ്ങള്‍ക്കുപുറമേ മറ്റു പ്രധാന ജീവനക്കാരും സംബന്ധിക്കുക പതിവാണ്. അധികാരപദാര്‍ഥം, പണ്ടാരക്കണക്ക് (ശ്രീ ഭണ്ഡാരപ്പിള്ള), കീഴ് കണക്ക്, തിരുമേനികാവല്‍, കരണക്കണക്ക്, മനിച്ചുകണക്ക് എന്നിങ്ങനെ പലരെയും പല രേഖകളിലും കാണാം. സഭാനടപടികള്‍ വളരെ ചിട്ടയായിട്ടാണ് നടത്തുക. അതിനെല്ലാം വിവരക്കുറിപ്പും സൂക്ഷിക്കുന്നു. ഈ രേഖകളെല്ലാം ഇപ്പോള്‍ ആര്‍ക്കൈവ്‌സില്‍ (പുരാരേഖാലയം) സൂക്ഷിച്ചിരിക്കുന്നു. സഭയുടെ നിശ്ചയമനുസരിച്ച് കാര്യങ്ങള്‍ നടത്താന്‍ യോഗത്തിലെ രണ്ടു പോറ്റിമാരെ വാരിയമായി (ഉപസമിതി) നിയമിച്ചിരുന്നു. ആണ്ടുതോറുമോ ആറുമാസത്തിലൊരിക്കലോ വാരിയം മാറുമെന്നു തോന്നുന്നു. യോഗസമ്മേളനരേഖകളില്‍ വാരിയത്തെപ്പറ്റി പ്രത്യേകം സൂചിപ്പിച്ചുകാണുന്നു.
സഭയുടെ ഘടന പരിശോധിച്ചാല്‍ ചില ചരിത്രവസ്‌തുതകള്‍ മനസ്സിലാക്കാവുന്നതാണ്. തിരുവനന്തപുരത്തെ ഈ സഭയിലെ അധ്യക്ഷനും അംഗങ്ങളും ദൂരദേശത്തുള്ളവരാണ്. സ്വാമിയാര്‍ തൃശൂരോ മുഞ്ചിറയോ ഉള്ള സന്ന്യാസി, ശാന്തിപോറ്റിമാര്‍ തുളുനാട്ടുകാരാണ്. തുളുസന്ന്യാസിയായ ദിവാകരമുനി പ്രതിഷ്‌ഠിച്ചു എന്നുള്ള ഐതിഹ്യവും തുളു പോറ്റിമാരുടെ ശാന്തിയും തമ്മില്‍ ബന്ധമുണ്ടായിരിക്കാം. എന്നാല്‍ കേരളത്തിലെ ശാന്തിക്കാരിലധികവും തുളു പോറ്റിമാരാണെന്ന വസ്‌തുതയും ഓര്‍മിക്കണം. സ്ഥാനിപോറ്റിമാരും വടക്കുനിന്നു വന്നവരാണെന്നേ കല്‌പിക്കാന്‍ കഴിയൂ. ചെങ്ങന്നൂരിനു തെക്ക് പണ്ട് നമ്പൂരിഗ്രാമങ്ങള്‍ ഉണ്ടായിരുന്നില്ല. ആദികാലത്ത് ശാന്തിക്കായി വടക്കുനിന്നു വന്നുചേര്‍ന്ന കുടുംബങ്ങളായിരിക്കാം പിന്നീട് യോഗത്തില്‍ സ്ഥാനികളായത്. നായര്‍സ്ഥാനി കരണത്താക്കുറുപ്പ് വടക്ക് ചവറ തെക്കുംഭാഗത്തുകാരനാണെന്നു മുമ്പു പറഞ്ഞല്ലോ. കുറുപ്പിന് ക്ഷേത്രത്തില്‍ സ്ഥാനം കിട്ടിയതിനെപ്പറ്റിയുള്ള ഐതിഹ്യം ശ്രദ്ധേയമാണ്. ക്ഷേത്രപ്രതിഷ്‌ഠ നടത്തിയ ദിവാകരമുനിയോട് (വില്വമംഗലത്തു സ്വാമിയാരോട്?) ബന്ധപ്പെടുത്തിയിട്ടുള്ളതാണ് കഥ. ആ സന്ന്യാസിയുടെ പൂജാസമയത്ത് ലീലാകുതുകിയായ ഒരു ബാലന്‍ പ്രത്യക്ഷപ്പെട്ട് പൂജയിലിടപെടുക പതിവായിരുന്നു. ഒരു ദിവസം ഈ ശല്യത്തില്‍ കുപിതനായ സന്ന്യാസി ബാലനെ ഇടംകൈകൊണ്ടു മാറ്റി നിര്‍ത്തി. അതില്‍ പരിഭവിച്ച ആ ബാലകൃഷ്‌ണന്‍ നാടുവിട്ട് തെക്കോട്ടുപോന്നു. യാത്രയില്‍ ഈ ബാലനെ അഷ്‌ടമുടിക്കായല്‍ കടത്തി തെക്കേക്കര കൊല്ലത്തുവിട്ടത് അഴകത്തു കുറുപ്പ് ആയിരുന്നു. ബാലനെ തിരക്കി പുറപ്പെട്ട സ്വാമിയാര്‍ തിരുവനന്തപുരത്ത് അനന്തന്‍ കാട്ടില്‍ ആ ബാലഗോപാലനെക്കണ്ട് അവിടെ പ്രതിഷ്‌ഠ നടത്തി. കുറുപ്പ് ബാലകൃഷ്‌ണനു ചെയ്‌ത സേവനത്തെ അനുസ്‌മരിച്ച് കുറുപ്പിനും ക്ഷേത്രത്തില്‍ സ്ഥാനം കൊടുത്തു എന്നാണ് കഥ.
ഇനി അരയോഗം മാത്രമുള്ള രാജാവിനെപ്പറ്റിയാണ്. മറ്റു ക്ഷേത്രങ്ങളിലൊന്നിലും രാജാവ് അംഗമായിട്ടുള്ള സഭയില്ല. ചില പുരാതനക്ഷേത്രങ്ങളില്‍ രാജാക്കന്മാരെ മേല്‌ക്കോയ്‌മയാക്കിയിരുന്നെങ്കിലും, പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെപ്പോലെ രാജാവിന് അരയോഗം മാത്രം കൊടുത്ത വേറൊരു ക്ഷേത്രം അറിവില്‍ പെട്ടിട്ടില്ല.
ശ്രീ പദ്‌മനാഭനെ കുലദൈവമായി പൂജിച്ച വേണാട്ടു രാജകുടുംബം ഈ ക്ഷേത്രത്തിന്റെ ആദികാലം മുതല്‍ക്ക് ഇതില്‍ താത്‌പര്യം പ്രകടിപ്പിച്ചിരുന്നിരിക്കാം. ക്ഷേത്ര നിര്‍മിതിയുടെ കാലം നിശ്ചയമില്ല. കലിവര്‍ഷാരംഭത്തില്‍ ആയിരുന്നുവെന്നും, കലി തൊള്ളായിരത്തി അമ്പതാം(950) ആണ്ടായിരുന്നുവെന്നും പല തരത്തില്‍ ഐതിഹ്യമുണ്ട്. ഏതായാലും കൊല്ലവര്‍ഷാരംഭത്തിനു (എ.ഡി. 825) മുമ്പുതന്നെ ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുമെന്നു വിശ്വസിക്കാം.
കൊ.വ. 1-ാമാണ്ട് ചിങ്ങം 5-നു വേണാട്ടു രാജാവായി ഉദയമാര്‍ത്താണ്ഡവര്‍മയും യോഗക്കാരും പദ്‌മനാഭസ്വാമിക്ഷേത്രത്തില്‍ ചേര്‍ന്ന് ചില വ്യവസ്ഥകള്‍ ഉണ്ടാക്കിയതായി പി. ശങ്കുണ്ണിമേനോന്‍ പ്രസ്‌താവിച്ചിട്ടുണ്ട് എ ഹിസ്റ്ററി ഒഫ് ട്രാവന്‍കൂര്‍. അന്നും പിന്നീട് കുറേ നൂറ്റാണ്ടുകളിലേക്കും വേണാട്ടു രാജാക്കന്മാരുടെ രാജധാനി കൊല്ലത്ത് ആയിരുന്നുവെങ്കിലും, അവര്‍ തിരുവനന്തപുരത്തിനടുത്ത് തൃപ്പാപ്പൂര്‍ കൊട്ടാരമുണ്ടാക്കുകയും ശ്രീപദ്‌മനാഭസ്വാമിക്ഷേത്രകാര്യങ്ങള്‍ നടത്തിക്കുകയും ചെയ്‌തിരുന്നു.
കൊ.വ. 5-ാം നൂറ്റാണ്ടായപ്പോഴും രാജധാനി കൊല്ലത്തുതന്നെ തുടര്‍ന്നെങ്കിലും വേണാട്ടു രാജാക്കന്മാര്‍ പദ്‌മനാഭസ്വാമി ക്ഷേത്രത്തില്‍ വിശേഷതാത്‌പര്യം കാണിച്ചിരുന്നു. കേരള-പാണ്ഡ്യ-ചോള ദേശങ്ങള്‍ ജയിച്ച് എ.ഡി. 1313 (കൊ.വ. 488)ല്‍ കാഞ്ചീപുരത്തുവച്ച് ദക്ഷിണഭാരത ചക്രവര്‍ത്തിയായി കിരീടധാരണം ചെയ്‌ത വേണാട്ടു തിരുവടി സംഗ്രാമധീര രവിവര്‍മ "ശ്രീപദ്‌മനാഭ പദകമല പരമാരാധകന്‍' എന്ന് സ്വയം അഭിമാനിച്ചിരുന്നു. കൊല്ലം രാജധാനിയാക്കി വാണിരുന്ന രവിവര്‍മയുടെ ഒരു ശിലാരേഖ തിരുവനന്തപുരം വലിയശാല ശിവക്ഷേത്രത്തില്‍ ഉള്ളതിലാണ് ഈ ബിരുദം കാണുന്നതെന്ന വസ്‌തുതയും ശ്രദ്ധേയമാണ്. (ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസ്, II, 58) രവിവര്‍മ കാഞ്ചീപുരം ജയിച്ചതിന്റെ സ്‌മരണയ്‌ക്കായി പദ്‌മനാഭക്ഷേത്രത്തില്‍ കാഞ്ചീപുരം മഠം സ്ഥാപിച്ചതും, കാഞ്ചി കൊണ്ടാന്‍പൂജ ഏര്‍പ്പെടുത്തിയതും, ക്ഷേത്രത്തിനു വലിയ ഒരു സ്വര്‍ണവാര്‍പ്പ് കാണിക്കയായിവച്ചതും സ്‌മരണീയമാണ്. (ടി.കെ.വേലുപ്പിള്ള, II അനുബന്ധം 9) രവിവര്‍മയുടെ പദ്‌മനാഭ ഭക്തിക്ക് ഏറ്റവുംവലിയ നിദര്‍ശനം അദ്ദേഹത്തിന്റെ പ്രദ്യുമ്‌നാഭ്യുദയം എന്ന സംസ്‌കൃതനാടകമാണ്. ശ്രീ പദ്‌മനാഭ സ്വാമിക്ഷേത്രത്തിലെ യാത്രാത്സവ(ആറാട്ട്)ത്തിന് അഭിനയിക്കാന്‍ വേണ്ടി രചിച്ചതായിരുന്നു ഈ കൃതി. (ട്രിവാന്‍ഡ്രം സാന്‍സ്‌ക്രിറ്റ് സീരീസ് നമ്പര്‍ 8).
സംഗ്രാമധീര രവിവര്‍മയുടെ കാലത്തോ അതിനടുത്തോ രചിച്ച ഉണ്ണുനീലിസന്ദേശത്തില്‍ നിന്ന് വേണാടിന്റെ രാജധാനി കൊല്ലം ആയിരുന്നതായി മനസ്സിലാക്കാം. അപ്പോഴും രാജാക്കന്മാര്‍ ശ്രീ പദ്‌മനാഭക്ഷേത്രകാര്യത്തില്‍ വിശേഷ ശ്രദ്ധ കാണിച്ചിരുന്നതായി സൂചനയുണ്ട്. കൊല്ലത്ത് പനങ്കാവു കോയിക്കലെ ഭൈരവിയായിരുന്നു വേണാട്ടു രാജകുടുംബത്തിന്റെ കുലദേവത (ഉണ്ണുനീലിസന്ദേശം I, 74). വേണാട്ട് ഇളമുറയും തൃപ്പാപ്പൂര്‍ മൂപ്പും ആയിരുന്ന ആദിത്യവര്‍മ പദ്‌മനാഭസ്വാമിക്ഷേത്രത്തില്‍ തൊഴാന്‍ വന്നപ്പോളായിരുന്നല്ലോ അദ്ദേഹത്തെ സന്ദേശഹരനാക്കി പറഞ്ഞയച്ചത്. ഈ വസ്‌തുതകളില്‍നിന്ന് ഒരു നിഗമനത്തില്‍ എത്തിച്ചേരാം. പദ്‌മനാഭസ്വാമിക്ഷേത്രത്തില്‍ യോഗം ഏര്‍പ്പെടുത്തിയത് രാജാവു തന്നെയായിരിക്കണം. അല്ലെങ്കില്‍ രാജാവിന്റെ അനുമതിയോടുകൂടിയായിരിക്കാം.
ബ്രാഹ്മണ പ്രാധാന്യമുണ്ടായിരുന്ന അക്കാലത്തെ രീതിയനുസരിച്ച് ബ്രാഹ്മണര്‍ക്കാധിപത്യം കൊടുക്കുന്ന തരത്തിലാണ് സഭയുടെ ഘടന. അന്നത്തെ നിലയ്‌ക്ക് ഒരു നായര്‍സ്ഥാനിയെയും ഉള്‍പ്പെടുത്തി. എന്നാല്‍ രാജകുടുംബത്തിന്റെ പരദേവതാക്ഷേത്രത്തിലെ കാര്യങ്ങള്‍ ഒന്നും രാജാവറിയാതെ ചെയ്യാന്‍ പാടില്ലെന്ന നിശ്ചയത്തിലായിരിക്കും രാജാവുകൂടെ യോഗത്തില്‍ അംഗമായതും, യോഗസമ്മേളനങ്ങളിലും ക്ഷേത്രകാര്യങ്ങളിലും എല്ലാം സംബന്ധിക്കണമെന്നുവന്നതും. ശ്രീപദ്‌മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ടിനു മാത്രമാണ് രാജാവ് ദേവീവിഗ്രഹത്തെ അകമ്പടി സേവിക്കാറുള്ളത് എന്നകാര്യം പ്രത്യേകം ശ്രദ്ധേയമാണ്. തിരുവനന്തപുരം രാജധാനിയാകുന്നതിനുമുമ്പും രാജാവുതന്നെ ആറാട്ടിന് അകമ്പടി സേവിച്ചിരുന്നു. കൊ.വ. 763-ല്‍ അല്‌പശി ഉത്സവത്തിലെ ആറാട്ടിന് ശ്രീ വീരഉദയ മാര്‍ത്താണ്ഡവര്‍മയും രാജകുടുംബാംഗങ്ങളും അകമ്പടി സേവിച്ച രേഖ പ്രാധാന്യമര്‍ഹിക്കുന്നതാണ് (ടി.കെ.വേലുപ്പിള്ള II അനുബന്ധം 63-68). ഏതായാലും എട്ടരയോഗവും രാജാവും തമ്മിലുള്ള ബന്ധത്തില്‍ ഒരു പ്രത്യേകത ഉള്ളതു ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ക്ഷേത്രസംബന്ധമായി രാജാവിന്റെ ആള്‍ക്കാരുടെ അക്രമങ്ങള്‍ക്ക് അദ്ദേഹത്തില്‍നിന്നും ഉത്തരപ്പാട് (പിഴ) ഈടാക്കാന്‍ യോഗത്തിന് അവകാശമുണ്ടായിരുന്നു. കൊ.വ. 557 മുതല്‍ 911-ാമാണ്ടുവരെ രാജാക്കന്മാര്‍ ക്ഷേത്രത്തിലേക്കു കൊടുത്ത ഉത്തപ്പാടുകളുടെ കണക്ക് ലഭ്യമാണ് (ടി.കെ.വേലുപ്പിള്ള II അനുബന്ധം 106-114).
യോഗത്തിനു വകവച്ചുകൊടുത്തിരുന്ന ഈ അധികാരത്തെ മതാധിപത്യ സൂചകമായേ കരുതേണ്ടതുള്ളൂ. ഇതേ വസ്‌തുതതന്നെയാണ് യോഗം ചേര്‍ന്നിരിക്കുമ്പോള്‍ രാജാവ് സ്വാമിയാരെ നമസ്‌കരിക്കുന്ന ആചാരത്തിലും തെളിയുന്നത്. മുന്‍കാലങ്ങളില്‍ രാജാക്കന്മാര്‍ ഋഷിമാരെ നമസ്‌കരിക്കുക പതിവായിരുന്നു എന്നുള്ളതും അനുസ്‌മരിക്കുക. കോടതികള്‍ ഗവണ്‍മെന്റിന് എതിരെ വിധി പുറപ്പെടുവിക്കുന്നതുപോലെയാണ് യോഗം രാജാവില്‍ നിന്ന് ഉത്തരപ്പാട് ഈടാക്കുന്നതെന്നു പറയാം.
യോഗവും രാജാവും തമ്മിലുള്ള പരസ്‌പരബന്ധം വ്യക്തമാക്കുന്ന ചില വസ്‌തുതകള്‍കൂടി ചൂണ്ടിക്കാണിക്കാം. ഒരു യോഗാംഗം മരിച്ചുപോയാല്‍ അയാളുടെ പിന്തുടര്‍ച്ചക്കാരനെ അംഗീകരിക്കുന്നതും സ്വാമിയാരെ നിയമിക്കുന്നതും വേണ്ടിവന്നാല്‍ അദ്ദേഹത്തെ പരിച്ചുവിടുന്നതും രാജാവുതന്നെ (ശ്രീ പദ്‌മനാഭ സ്വാമിക്ഷേത്രം-പൂജാക്രമവും അനുഷ്‌ഠാനങ്ങളും 82-86).
ക്ഷേത്രസങ്കേതങ്ങളില്‍ രാജാവിന്റെ "മനുഷ്യങ്ങള്‍; (പൊലീസ്) അക്രമമായി പ്രവേശിക്കുന്നതിനും ക്ഷേത്രജീവനക്കാരെ കൈയേറ്റം ചെയ്യുന്നതിനും എതിരെയാണ് യോഗം രാജാവിനോട് ഉത്തരപ്പാട് ആവശ്യപ്പെടുന്നത്. അദ്ദേഹം അതു സ്വമനസ്സാലെ കൊടുക്കാഞ്ഞാല്‍ യോഗത്തിന് അത് ഈടാക്കാന്‍ ഒരേയൊരു ഉപായമേ ഉണ്ടായിരിക്കയുള്ളൂ; ദേവാലയത്തിലെ പൂജയും ഉത്സവവും മുടക്കുക. അതില്‍നിന്നുള്ള പാപം രാജാവിലാണു ചെന്നുചേരുന്നത് എന്ന പാപഭീതികൊണ്ടും പൊതുജനാഭിപ്രായത്തെ ആദരിച്ചുമാണ് രാജാവ് ഉത്തരപ്പാടു കൊടുത്തിരുന്നതെന്നു കരുതാം.
ക്രമേണ പദ്‌മനാഭസ്വാമിക്ഷേത്രം രാജകുടുംബത്തിന്റെ പരദേവതാമന്ദിരമെന്ന നിലയ്‌ക്ക് കൂടുതല്‍ പ്രശസ്‌തിനേടുകയും അതിനു വമ്പിച്ച സമ്പത്തും ഭൂസ്വത്തുക്കളുമുണ്ടാകുകയും ചെയ്‌തു. ക്ഷേത്രത്തിലെ ഏറ്റവും പഴക്കമുള്ള ശിലാരേഖ എ.ഡി. 1190 (കൊ.വ. 365)-ാമാണ്ട് ഉള്ളതാണ്. കോളംബാധീശനായ (കൊല്ലത്തെ രാജാവായിരിന്ന) കോതമാര്‍ത്താണ്ഡവര്‍മയുടെ ഛത്രവാഹി (വെണ്‍കൊറ്റക്കുട പിടിപ്പുകാരന്‍) ആദിത്യരാമന്‍ ഒരു വെള്ളിപ്പെരുമ്പറ (രജത ഡിംഡിമം) നടയ്‌ക്ക് കാഴ്‌ചവച്ചതാണ്. ആ രേഖയുടെ വിഷയം. അക്കാലത്ത് ക്ഷേത്രത്തിന് ഉണ്ടായിരുന്ന പ്രാധാന്യവും രാജാവിന് അവിടെയുണ്ടായിരുന്ന താത്‌പര്യം സൂചിപ്പിക്കുന്നതാണല്ലോ രാജസേവകന്റെ ഈ വിലപിടിച്ച കാണിക്ക. തിരുവനന്തപുരത്തെ സഭയെപ്പറ്റി കിട്ടിയിട്ടുള്ള ഏറ്റവും പഴയരേഖ എ.ഡി. 1209 (കൊല്ലവര്‍ഷം 384)-ാമാണ്ടത്തെ ശിലാലിഖിതമാണ്. പദ്‌മനാഭസ്വാമിക്ഷേത്രത്തില്‍ ശ്രീകോവിലിന്റെ മുമ്പിലുള്ള അടിത്തറയുടെ ഭിത്തിയിലാണ് ഈ രേഖ കാണുന്നത് (ട്രിവാന്‍ഡ്രം ആര്‍ക്കിയോളജിക്കല്‍ സീരീസ് IV, 6668). പ്രാഫ. പി. സുന്ദരംപിള്ളയാണ് ആദ്യമായി ഇതു കണ്ടുപിടിച്ചു പ്രസിദ്ധപ്പെടുത്തിയത്. സം ഏര്‍ളി സോവറീന്‍സ് ഒഫ് ട്രാവന്‍കൂര്‍ 4651; 12425). വേണാട്ടടികളായിരുന്ന രാമകേരളവര്‍മയുടെ സേവകന്‍ തൊങ്ങപ്പല്ലവരായന്‍ ക്ഷേത്രത്തില്‍ പുജയ്‌ക്കും ബ്രാഹ്മണഭോജനത്തിനുംവേണ്ടി വസ്‌തുക്കള്‍ വിട്ടുകൊടുത്ത രേഖയാണ് അത്. സഭയും സഭഞ്‌ജിതനും മിത്രാനന്ദപുരത്ത് കൂടിയിരുന്നപ്പോഴായിരുന്നു ഈ ദാനം നടത്തിയതെന്നുള്ളത് പ്രകൃതത്തില്‍ പ്രധാനമാണ്. മിത്രാനന്ദപുരം മഠവും സ്വാമിയാരും സഭയും അക്കാലത്ത് ശക്തിപ്പെട്ടു കഴിഞ്ഞിരുന്നുവെന്നുവ്യക്തം.
കാണിക്കയായും മറ്റും വളരെ പണവും പൊന്‍വെള്ളിപ്പണ്ടങ്ങളും ദാനമായി വമ്പിച്ച ഭൂസ്വത്തുക്കളും കിട്ടിയതോടെ ക്ഷേത്രത്തിന്റെ ഭരണസഭയുടെ ചുമതലയും അധികാരവും വിപുലമായി.
ക്ഷേത്രത്തിലെ നിത്യപൂജ, വിശേഷപൂജകള്‍, അല്‌പശിപൈങ്കുനി (തുലാം-മീനം) മാസങ്ങളില്‍ പതുപ്പത്തുദിവസം നീണ്ടുനില്‌ക്കുന്ന ഉത്സവങ്ങള്‍, ശംഖുംമുഖം കടപ്പുറത്തേക്കുള്ള ആറാട്ട് എന്നിവ നിയതമായി നിര്‍വഹിക്കേണ്ടിയിരുന്നു. ഇതിനുപുറമേ ക്ഷേത്രത്തോട് അനുബന്ധിച്ച പല മഠങ്ങളുടെ കാര്യങ്ങളും നടത്തണം. പല രാജാക്കന്മാര്‍ പല കാലങ്ങളിലായി വിശേഷപൂജയ്‌ക്ക് മഠങ്ങള്‍ സ്ഥാപിച്ച് ഭൂസ്വത്തുക്കള്‍ വിട്ടുകൊടുത്തിരുന്നു. അത്തരത്തിലുള്ള പ്രധാന മഠങ്ങളായിരുന്നു കാഞ്ചീപുരം മഠം, പഞ്ചാണ്ഡന്‍മഠം, കുന്നാണ്ടന്‍മഠം, രാമനാമഠം (രാമവര്‍മന്‍ തിരുമഠം), മാര്‍ത്താണ്ഡമഠം, ഇരവിവര്‍മന്‍ തിരുമഠം എന്നിവ (ടി.കെ. വേലുപ്പിള്ള, II അനുബന്ധം 9, 76). ഇവയില്‍ ആദ്യത്തെ അഞ്ചും എ.ഡി. 1472 (കൊല്ലവര്‍ഷം 647)നുമുമ്പും, അവസാനത്തേത് എ.ഡി. 1606 (കൊല്ലവര്‍ഷം 781)നുമുന്‍മ്പും ഉണ്ടായതാണ്.
ഈ മഠങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല. യോഗത്തിന്റെ ഭരണവ്യാപ്‌തി സൂചിപ്പിക്കാനാണ് അവയെപ്പറ്റി ഇവിടെ പരാമര്‍ശിച്ചത്.
ക്ഷേത്രത്തിലെയും മഠങ്ങളിലെയും കാര്യങ്ങള്‍ നടത്താന്‍ യോഗക്കാര്‍ക്ക് പല ജോലിക്കാരെയും ആള്‍ക്കാരെയും നിയമിക്കേണ്ടിവന്നു. ശാന്തിക്ക് മേല്‍ശാന്തി, കീഴ്‌ശാന്തി, നമ്പിമാര്‍, കണക്കെഴുത്തിന് കരണക്കണക്ക്-കീഴ്‌ക്കണക്ക്-കീഴ്‌ക്കണക്ക് പിള്ളമാര്‍, ഊട്ടുപുരയിലേക്ക് വയ്‌പുകാര്‍, തൂത്തുതളിക്ക് അച്ചിമാര്‍ മുതലായ ഒട്ടേറെ ജോലിക്കാര്‍ യോഗത്തിന്റെ കീഴില്‍ ഉണ്ടായിരുന്നു. അവരുടെ എണ്ണം കുറഞ്ഞുവെങ്കിലും കുറേപ്പേര്‍ ഇപ്പോഴുമുണ്ട്. ഈ നിയമനങ്ങള്‍ക്കെല്ലാം രാജാവിന്റെ അനുമതി ആവശ്യമായിരുന്നു. ഈ ജോലിക്കാര്‍ക്ക് ക്ഷേത്രത്തില്‍നിന്ന് അരിപ്പടിയും ചോറും ശമ്പളവും കൊടുത്തിരുന്നു (കൊല്ലവര്‍ഷം 635 ഹുസൂര്‍ സെന്‍ട്രല്‍ റികാഡ്‌സ് സീരിസ്, III 1516).
സാധാരണ ജോലിക്കാര്‍ക്കു പുറമേ ചില പ്രധാന നിയമനങ്ങളും യോഗത്തിന്റെ കീഴില്‍ ഉണ്ടായിരുന്നു. എട്ടുവീട്ടില്‍ പിള്ളമാര്‍ എന്ന് ചരിത്രത്തില്‍ സ്ഥാനം പിടിച്ചവരായിരുന്നു അവര്‍. എട്ടുവീടര്‍ എന്ന് സാധാരണ പറഞ്ഞുവരുന്നെങ്കിലും ആറുമഠത്തില്‍ പിള്ളമാരായിരുന്നു പ്രധാനികള്‍ എന്ന് ചില രേഖകളില്‍നിന്നു സൂചന ലഭിക്കുന്നു.
ക്ഷേത്രത്തിന്റെയും മഠങ്ങളുടെയും കാര്യങ്ങള്‍ യോഗത്തിന്റെ നിശ്ചയമനുസരിച്ച് എട്ടുവീട്ടില്‍ പിള്ളമാരായിരുന്നു നടത്തിയിരുന്നത്. മാര്‍ത്താണ്ഡമഠം, രാമാനാഥമഠം, കുളത്തൂര്‍, കഴക്കൂട്ടം, വെങ്ങാനൂര്‍, ചെമ്പഴന്തി, കുടമണ്‍, പള്ളിച്ചല്‍ എന്ന പേരുകളിലുള്ള എട്ടു കുടുംബക്കാരായിരുന്നു അവര്‍. ആദ്യത്തെ രണ്ടു കുടുംബങ്ങളും രണ്ടു മഠങ്ങളുടെ പേരിലും ശേഷം കുടുംബങ്ങള്‍ അതതുദേശങ്ങളുടെ പേരിലും അറിയപ്പെട്ടിരുന്നു. കുളത്തൂര്‍ തുടങ്ങിയുള്ള ദേശങ്ങള്‍ തിരുവനന്തപുരത്തിനു ചുറ്റും 20 കി.മീറ്ററിന് അകമുള്ളവയാണ്. ആ സ്ഥലങ്ങളിലെ പ്രധാന നായര്‍ തറവാട്ടുകാരായിരുന്നിരിക്കാം ക്ഷേത്രത്തില്‍ പിള്ളമാരായിത്തീര്‍ന്നത്. യോഗക്കാരെപ്പോലെതന്നെ ഈ പിള്ളമാരും പാരമ്പര്യക്രമത്തിന് പിന്‍വാഴ്‌ചയേറ്റിരുന്നു. പിള്ളമാരുടെ കുടുംബങ്ങള്‍ ധനത്തിലും പ്രതാപത്തിലും മികച്ചുവരികയും രാജശക്തിയെത്തന്നെ വെല്ലുവിളിക്കാന്‍ ശക്തിനേടുകയും ചെയ്‌തു.
യോഗക്കാര്‍ക്കും രാജാവിനും തമ്മില്‍ കൂടെക്കൂടെ ഉണ്ടായിക്കൊണ്ടിരുന്ന സംഘര്‍ഷത്തെ പിള്ളമാര്‍ മുതലെടുക്കുകയും ഉപജാപങ്ങള്‍ നടത്തുകയും ചെയ്‌തതായി കഥകള്‍ പ്രചരിച്ചിരുന്നു. അവയില്‍ ഒട്ടേറെ കല്‌പിതാംശങ്ങള്‍ ചേര്‍ന്നിട്ടുണ്ടെങ്കിലും യോഗക്കാരും പിള്ളമാരും പലപ്പോഴും രാജശക്തിയെ വെല്ലുവിളിച്ചിരുന്നുവെന്ന് കരുതാവുന്നതാണ്. ശക്തന്മാരായ രാജാക്കന്മാരുടെ കാലത്ത് യോഗക്കാരും പിള്ളമാരും തലതാഴ്‌ത്തി കഴിച്ചുകൂട്ടും; അശക്തന്മാരുടെ കാലത്ത് അവര്‍ പത്തിവിടര്‍ത്തും.
ഈ മത്സരം എ.ഡി. 17-ാം ശതകത്തിന്റെ അന്ത്യപാദത്തോടെ രൂക്ഷതരമായി. കൊച്ചിയില്‍നിന്ന് വേണാട്ടു കുടുംബത്തിലേക്ക് ദത്തെടുക്കപ്പെട്ട ശാന്തനായ ആദിത്യവര്‍മയുടെ കാലത്ത് (കൊല്ലവര്‍ഷം 848-882) യോഗക്കാരും പിള്ളമാരും ചേര്‍ന്ന് പല കടുംകൈകളും നടത്തിയതായി പറയപ്പെടുന്നു. കൊല്ലത്തുനിന്ന് കൊല്ലവര്‍ഷം 7-ാം ശതകത്തിലോ മറ്റോ തെക്കു വീരകേരളപുരം, ഇരണിയില്‍, കല്‍ക്കുളം മുതലായ സ്ഥലങ്ങളിലേക്കു മാറിത്താമസിച്ച രാജകുടുംബം ആദിത്യവര്‍മയുടെ കാലത്തോടെ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കാന്‍ ശ്രമിച്ചത് യോഗക്കാര്‍ക്ക് നീരസമുളവാക്കി. ക്ഷേത്രകാര്യങ്ങളില്‍ രാജകുടുംബം കൂടുതല്‍ ഇടപെടാന്‍ തുടങ്ങിയപ്പോള്‍ യോഗക്കാരുടെയും എട്ടുവീട്ടരുടെയും വിദേ്വഷം വര്‍ധിച്ചു. എട്ടുവീടര്‍ ആദിത്യവര്‍മയുടെ തിരുവനന്തപുരത്തെ കൊട്ടാരത്തിനു തീവച്ചുവെന്നും വിഷംകൊടുത്ത് ആദിത്യവര്‍മയെ കൊന്നുവെന്നും ഉമയമ്മറാണിയുടെ ആറു പുത്രന്മാരില്‍ അഞ്ച് പേരെ കളിപ്പാംകുളത്തില്‍ മുക്കിക്കൊന്നുവെന്നും തിരുവിതാംകൂര്‍ ചരിത്രകാരനായ പാച്ചുമൂത്തതും അദ്ദേഹത്തെത്തുടര്‍ന്ന് പി. ശങ്കുണ്ണിമേനോന്‍, വി. നാഗമയ്യ മുതലായവരും പ്രസ്‌താവിച്ചിട്ടുണ്ട്. എന്നാല്‍ ചരിത്രവസ്‌തുതകള്‍ ഇതില്‍നിന്നു വളരെ വ്യത്യസ്‌തമാണ്. നോ. ഉമയമ്മറാണി ക്ഷേത്രകാര്യങ്ങള്‍ ശരിപ്പെടുത്തുവാന്‍ മാത്രമല്ല രാജ്യത്ത് സമാധാനം സ്ഥാപിക്കാന്‍ തന്നെയും യോഗക്കാരുടെയും അവരുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പിള്ളമാരുടെയും ശക്തി നിയന്ത്രിക്കണമെന്ന നില വന്നിരുന്നു. എട്ടു വീടരുടെ വിക്രിയകള്‍ രാജ്യത്തെ മറ്റു മാടമ്പിമാര്‍ക്കും സ്വേച്ഛാപ്രഭുത്വത്തിനു പ്രചോദനം നല്‌കി. ഈ സ്ഥിതി വേണാടിനെ അരാജകത്വത്തിന്റെ വക്കത്ത് കൊണ്ടുചെന്നെത്തിച്ചു. എ.ഡി. 1729 (കൊല്ലവര്‍ഷം 904)-ല്‍ സ്ഥാനാരോഹണംചെയ്‌ത ശ്രീ വീരബാലമാര്‍ത്താണ്ഡവര്‍മയാണ് എട്ടുവീടരെ അമര്‍ച്ച ചെയ്‌തതും എട്ടരയോഗത്തെ നിലയ്‌ക്കുനിര്‍ത്തിയതും. രാജശക്തി രൂഢമായാല്‍ തങ്ങള്‍ക്കു നിലനില്‌പില്ലെന്നു യോഗക്കാരും എട്ടുവീടരും നാട്ടുമാടമ്പിമാരും മനസ്സിലാക്കി. അതിനാല്‍ രാജശക്തിയെ എതിര്‍ക്കാന്‍ അവര്‍ ഒന്നിച്ചുകൂടി. എന്നാല്‍ ഏതു സാഹസത്തിലൂടെയും രാജശക്തി വര്‍ധിപ്പിക്കുന്നതിനും മറ്റു ചെറുരാജ്യങ്ങളുംകൂടി പിടിച്ചടക്കി വേണാട്ടിനോടു ചേര്‍ത്ത് വലിയൊരു രാജ്യം സ്ഥാപിക്കുന്നതിനും അക്രമികള്‍ക്കറുതി വരുത്തുന്നതിനും മാര്‍ത്താണ്ഡവര്‍മ നിശ്ചയിച്ചു. വര്‍ധിച്ചുവന്ന രാജശക്തിയില്‍ യോഗക്കാര്‍ക്കും പിള്ളമാര്‍ക്കും അമര്‍ഷം വളര്‍ന്നു. മാര്‍ത്താണ്ഡവര്‍മയുടെ ആക്രമണ പരിപാടിമൂലം പ്രകോപിതനായ കായംകുളം (ഓടനാട്) രാജാവ് പിള്ളമാര്‍ക്കും യോഗക്കാര്‍ക്കും സഹായം വാഗ്‌ദാനം ചെയ്‌തു. കൊല്ലവര്‍ഷം 912-ാമാണ്ടത്തെ തിരുവുത്സവത്തിന്റെ ആറാട്ടിന് മാര്‍ത്താണ്ഡവര്‍മ ശംഖുംമുഖം കടപ്പുറത്തേക്കെഴുന്നള്ളുമ്പോള്‍ അദ്ദേഹത്തെ വധിക്കണമെന്നായിരുന്നു ഗൂഢാലോചന. വെങ്ങാനൂരമ്പലത്തില്‍വച്ചു നടത്തിയ ഈ ഗൂഢാലോചന ചാരന്മാര്‍ മുഖാന്തരം മനസ്സിലാക്കിയ മഹാരാജാവ് മുന്‍കരുതലോടെ ആറാട്ടിനുപോയതുകൊണ്ട് ശത്രുക്കളുടെ യത്‌നം ഫലിച്ചില്ല. അതുകഴിഞ്ഞ് എട്ടുവീടരെയും മറ്റു രാജദ്രാഹികളെയും വധിക്കുകയും അവരുടെ സ്‌ത്രീകളെയും കുട്ടികളെയും കടല്‍പ്പുറത്തെ മുക്കുവര്‍ക്കുകൊടുക്കുകയും ചെയ്‌തതോടെ രാജശക്തി പൂര്‍ണമായി. ഇവിടെ ഒരു സംഗതി സൂചിപ്പിക്കാനുണ്ട്. ക്ഷേത്രത്തിലെ രാജ്യകാര്യചുരുണ അനുസരിച്ച് മാര്‍ത്താണ്ഡവര്‍മ പിടിച്ചു ശിക്ഷിച്ച എട്ടുവീട്ടില്‍ മാടമ്പിമാര്‍ മുകളില്‍പറഞ്ഞ എട്ടുവീടായിരുന്നില്ല. എട്ടുവീടരില്‍പ്പെട്ട കുളത്തൂര്‍ പിള്ളയെയും കഴക്കൂട്ടത്തു പിള്ളയെയുംകൂടി പിടിച്ചത് എട്ടുവീടരിലുള്‍പ്പെടുത്തിയല്ല; ആറുക്കൂട്ടത്തില്‍ പിള്ളമാരുടെ കൂടെയാണ് (ടി.കെ. വേലുപ്പിള്ള, അനുബന്ധം 122). എട്ടുവീടരും മാടമ്പിമാരും ഒതുങ്ങിയപ്പോള്‍ യോഗത്തിന്റെ ശക്തി നാമാവശേഷമായി.
പിന്നീട് ക്ഷേത്രകാര്യത്തില്‍ രാജാധികാരം പൂര്‍ത്തിയാക്കാന്‍വേണ്ടി മാര്‍ത്താണ്ഡവര്‍മ പല പരിപാടികള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ യോഗം വെറുമൊരു ഔപചാരിക സമിതിയായിത്തീര്‍ന്നു. മഹാരാജാവ് എ.ഡി. 1739 (കൊല്ലവര്‍ഷം 914)-ാമാണ്ട് ക്ഷേത്രത്തിലെ വരവുചെലവുകള്‍ ഒതുക്കി തിട്ടപ്പെടുത്തി. ആ ആണ്ടുതന്നെ ക്ഷേത്രത്തില്‍ പുതിയ പൊന്നിന്‍കൊടിമരം സ്ഥാപിക്കുകയും പാല്‌പായസമഠം ഏര്‍പ്പെടുത്തുകയും ചെയ്‌തു. രാജാവ് ക്ഷേത്രാധികാരം പിടിച്ചെടുത്തതായി ആളുകള്‍ അപവാദം പറയാതെയിരിക്കാനായി അദ്ദേഹം ഒരു നയം സ്വീകരിച്ചു. താന്‍ വെട്ടിപ്പിടിച്ച് വേണാടിനോടു ചേര്‍ത്ത വടക്കുംകൂര്‍ വരെയുള്ള നാടുകള്‍ ഉള്‍പ്പെടെയുള്ള രാജ്യം മുഴുവന്‍ എ.ഡി. 1750-ല്‍ (കൊ.വ. 925-ാമാണ്ട് മകരം 5-ന്) ശ്രീപദ്‌മനാഭന് സര്‍വസ്വാര്‍പ്പണമായി തൃപ്പടിയില്‍ ദാനംചെയ്‌തു; പദ്‌മനാഭദാസന്‍ എന്ന വിനീതനാമം സ്വയം സ്വീകരിച്ചു. ക്ഷേത്രത്തില്‍ മുറജപവും ഭദ്രദീപവും ഏര്‍പ്പെടുത്തി.
ക്ഷേത്രാധികാരം പൂര്‍ണമായി നേരിട്ട് എടുത്തെങ്കിലും മാര്‍ത്താണ്ഡവര്‍മ യോഗത്തെ പരിച്ചു വിടുകയോ യോഗസമ്മേളനത്തിനു മാറ്റം വരുത്തുകയോ ചെയ്‌തില്ല. രാജകുടുംബത്തെ സംബന്ധിച്ചുള്ള പ്രധാന സംഗതികളെപ്പറ്റി യോഗത്തോട് ആലോചിക്കുകയോ യോഗത്തെ അറിയിക്കുകയോ ചെയ്യുന്നരീതി പില്‌ക്കാലത്തും തുടര്‍ന്നു. ഉദാഹരണമായി രാജകുടുംബത്തില്‍ പെണ്‍വഴിയില്ലാതെ ദത്തെടുക്കേണ്ടിവന്നാല്‍ അത് ഇന്നപ്രകാരം വേണമെന്ന്, മഹാരാജാവും ആറ്റിങ്ങല്‍ മൂത്ത തമ്പുരാനുംകൂടെ എ.ഡി. 1748 (കൊ.വ. 923)-ാമാണ്ട് വ്യവസ്ഥ ചെയ്‌തപ്പോള്‍ അത് യോഗത്തെയുംകൂടി അറിയിക്കുകയുണ്ടായി. (ടി.കെ. വേലുപ്പിള്ള, കക അനുബന്ധം 135-136).
പഴയ പ്രാധാന്യവും പ്രൗഢിയും നഷ്‌ടപ്പെട്ടുവെങ്കിലും അനുഷ്‌ഠാനങ്ങള്‍ക്കു ഭംഗം വരാതെ എട്ടരയോഗം ഇന്നും നിലനില്‌ക്കുന്നു. ഉത്സവത്തിന് അനുജ്ഞ കൊടുക്കാനും മറ്റും തിരുവാമ്പാടി തെക്കേമുറിയില്‍ സ്വാമിയാരുടെ അധ്യക്ഷതയില്‍ ഇക്കാലത്തും യോഗം ചേരാറുണ്ട്. എട്ടരയോഗത്തിന്റെ വിചിത്രമായ ഘടനയും അതില്‍ രാജാവിനുണ്ടായിരുന്ന പദവിയും അധികാരങ്ങളും ചരിത്രവിദ്യാര്‍ഥികളുടെ ഗാഢമായ ശ്രദ്ധ അര്‍ഹിക്കുന്നു.
(ശൂരനാട്ടു കുഞ്ഞന്‍പിള്ള)