This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌

Employment Exchange

ഉദ്യോഗാര്‍ഥികളെയും തൊഴില്‍ദായകരെയും പരസ്‌പരം ബന്ധിപ്പിക്കുന്ന സ്ഥാപനം. ലേബര്‍ എക്‌സ്‌ചേഞ്ച്‌, ലേബര്‍ ബ്യൂറോ, എംപ്ലോയ്‌മെന്റ്‌ ഏജന്‍സി എന്നീ പേരുകളിലും അറിയപ്പെടുന്നു. മിക്കരാജ്യങ്ങളിലും എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളെ സംബന്ധിക്കുന്ന നിയമങ്ങളും പ്രവര്‍ത്തനരീതിയും ഓരോ രാജ്യത്തും ഓരോ വിധത്തിലാണ്‌. തൊഴിലൊഴിവുകള്‍ ഉണ്ടാകുമ്പോള്‍ എക്‌സ്‌ചേഞ്ചുകളെ അറിയിക്കണമെന്ന നിയമങ്ങള്‍ ചില രാജ്യങ്ങളില്‍ നിലവിലുണ്ട്‌. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിന്റെ കണ്ണികളായി പ്രാദേശികതലത്തിലും ജില്ലാതലത്തിലും ഇപ്പോള്‍ എക്‌സ്‌ചേഞ്ചുകള്‍ ഉണ്ട്‌. ഇവ തമ്മില്‍ ബന്ധം പുലര്‍ത്തുന്നതുവഴി രാജ്യത്തൊട്ടാകെയുള്ള തൊഴിലാളികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ബന്ധപ്പെടാന്‍ അവസരം ലഭിക്കുന്നു.

തൊഴിലാളികളുടെ സംഖ്യയും തൊഴിലവസരങ്ങളുടെ അപര്യാപ്‌തതയും തമ്മിലുള്ള അസന്തുലിതത്വം അവസാനിപ്പിക്കാന്‍ എക്‌സ്‌ചേഞ്ചുകള്‍ ശ്രമിച്ചുവരുന്നു. ഓരോ തൊഴില്‍മേഖലയിലും കാലാകാലങ്ങളില്‍ ആവശ്യമായിവരുന്ന തൊഴിലവസരങ്ങള്‍ നേരത്തേ കണക്കാക്കി ആവശ്യമായ പരിശീലനപരിപാടി ആസൂത്രണം ചെയ്യുന്നതിനുവേണ്ട ഒത്താശകള്‍ ചെയ്യുന്നതും എക്‌സ്‌ചേഞ്ചുകളാണ്‌. സാമ്പത്തിക വികസനത്തിന്റെ ഭാഗമായി യന്ത്രവത്‌കരണം ഏര്‍പ്പെടുത്തുന്നതോടെ തൊഴിലവസരങ്ങള്‍ ഇല്ലാതാവുകയും പുതിയതരം തൊഴിലുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. തൊഴില്‍ ഇല്ലാതായവര്‍ക്ക്‌ പുതിയ തൊഴില്‍ കണ്ടെത്താനും പുതിയ തൊഴിലുകള്‍ക്ക്‌ ആളുകളെ കണ്ടെത്താനും ഇന്ന്‌ എക്‌സ്‌ചേഞ്ചുകള്‍ ശ്രദ്ധിക്കുന്നുണ്ട്‌.

19-ാം ശതകത്തിന്റെ ആരംഭം മുതല്‌ക്കാണ്‌ ഇത്തരം എക്‌സ്‌ചേഞ്ചുകള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത രാഷ്‌ട്രങ്ങള്‍ക്കു ബോധ്യപ്പെട്ടുതുടങ്ങിയത്‌. അറിയപ്പെട്ടിടത്തോളം ഗവണ്‍മെന്റുടമയില്‍ ആദ്യമായി എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ സ്ഥാപിച്ചത്‌ യു.എസ്സിലാണ്‌. 1813-ല്‍ ഓഹിയോ സംസ്ഥാനത്തു ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ ഒരു എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ രൂപംകൊണ്ടു. ഒരു നൂറ്റാണ്ടിനകം 40-ഓളം എക്‌സ്‌ചേഞ്ചുകള്‍ സ്ഥാപിതമായി. 1913-ല്‍ ദേശീയതലത്തില്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകള്‍ ആരംഭിക്കുകയും അതുവരെ നിലവിലിരുന്ന എക്‌സ്‌ചേഞ്ചുകളുടെ ഭരണം ഗവണ്‍മെന്റ്‌ ഏറ്റെടുക്കുകയും ചെയ്‌തു. 1919-ല്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളുടെ ഭരണച്ചുമതല സംസ്ഥാനങ്ങളില്‍ നിക്ഷിപ്‌തമായി. ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള എക്‌സ്‌ചേഞ്ചുകളോടൊപ്പം സ്വകാര്യ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളും പ്രവര്‍ത്തിച്ചുവരുന്നു.

1905-ല്‍ പാസ്സാക്കിയ ഒരു നിയമം മുഖേന ഇംഗ്ലണ്ടിലും എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ നിലവില്‍വന്നു. ലണ്ടനിലും മറ്റു ചില വന്‍നഗരങ്ങളിലുമാണ്‌ ആദ്യമായി എക്‌സ്‌ചേഞ്ചുകള്‍ സ്ഥാപിച്ചത്‌. ദുരിത നിവാരണസ്ഥാപനങ്ങളായി പ്രവര്‍ത്തനമാരംഭിച്ച ഈ എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനമേഖല പിന്നീട്‌ കൂടുതല്‍ വികാസം പ്രാപിച്ചു. 1905-ല്‍ തൊഴിലില്ലായ്‌മ ഇന്‍ഷ്വറന്‍സ്‌ ഏര്‍പ്പെടുത്തിയതോടെ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനപരിധി കൂടുതല്‍ വിപുലമായി. 1917-ല്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ തൊഴില്‍മന്ത്രികാര്യാലയത്തിന്റെ നിയന്ത്രണത്തില്‍ വന്നു.

ഡെന്മാര്‍ക്കില്‍ 1900-ലാണ്‌ ആദ്യത്തെ എംപ്ലോയ്‌മെന്റ്‌ എക്‌ചേഞ്ച്‌ സ്ഥാപിച്ചത്‌. 1913-ല്‍ പാസ്സായ ഒരു നിയമത്തോടെ എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനം വിപുലമായി. മുന്‍സോവിയറ്റ്‌ യൂണിയനില്‍ പ്രവര്‍ത്തിച്ചുവന്ന എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകള്‍ 1930-ല്‍ അടച്ചുപൂട്ടി.

അന്താരാഷ്‌ട്ര തൊഴില്‍സംഘടന എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളുടെ കാര്യം ചര്‍ച്ചാവിധേയമാക്കി. 1948 ജൂണ്‍ 17-ന്‌ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടത്തിയ സമ്മേളനത്തിലാണ്‌ എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ആവശ്യകത പ്രകടമാക്കിയത്‌.

എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു ഏകീകൃതരൂപം നല്‌കാന്‍ ഈ സമ്മേളനം സഹായിച്ചു. ഉദ്യോഗാര്‍ഥികളുടെ പരീക്ഷായോഗ്യതകള്‍, തൊഴില്‍ പരിചയം എന്നിവ രേഖപ്പെടുത്തുക, തൊഴില്‍പരിശീലനം നേടുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കുക, ആവശ്യത്തിലധികം തൊഴിലാളികളുള്ള സംരംഭങ്ങളിലും പ്രദേശങ്ങളിലും നിന്ന്‌ തൊഴിലാളികളെ ആവശ്യത്തിനു മതിയാകാത്ത സംരംഭങ്ങളിലേക്കും പ്രദേശങ്ങളിലേക്കും തിരിച്ചുവിടുക, ഒരു രാജ്യത്ത്‌ ആവശ്യത്തിലധികം തൊഴിലാളികള്‍ ഉണ്ടെങ്കില്‍ അവരെ മറ്റു രാജ്യങ്ങളിലേക്ക്‌ അയയ്‌ക്കുക, തൊഴില്‍വിപണി സംബന്ധിച്ച എല്ലാ വിവരങ്ങളും ശേഖരിച്ച്‌ ഗവണ്‍മെന്റിനെയും തൊഴിലുടമകളെയും തൊഴിലാളികളെയും ഉദ്യോഗാര്‍ഥികളെയും അറിയിക്കുക, തൊഴിലില്ലായ്‌മ ഇന്‍ഷ്വറന്‍സ്‌ ഏര്‍പ്പെടുത്താന്‍ സഹായിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനു പൊതു-സ്വകാര്യമേഖലകള്‍ ആസൂത്രണം ചെയ്യുന്ന പരിപാടികളെ സഹായിക്കുക എന്നിവ എക്‌സ്‌ചേഞ്ചുകളുടെ പ്രധാന കര്‍ത്തവ്യങ്ങളാണെന്ന്‌ ഈ സമ്മേളനത്തില്‍ തീരുമാനിക്കപ്പെട്ടു.

ഇന്ത്യയില്‍. 1943-ലാണ്‌ ഇന്ത്യയില്‍ ആദ്യമായി എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ തുറന്നത്‌. പത്ത്‌ പ്രധാന വ്യവസായ നഗരങ്ങളിലെ സാങ്കേതികത്തൊഴിലാളികളെ ഉദ്ദേശിച്ചുകൊണ്ടാണ്‌ ഇത്‌ രൂപവത്‌കരിച്ചത്‌. രണ്ടാം ലോകയുദ്ധത്തിനുശേഷം വിമുക്തഭടന്മാരുടെ ഇടയിലുണ്ടായ തൊഴിലില്ലായ്‌മ പരിഹരിക്കാന്‍വേണ്ടി 1945 ജൂലായില്‍ ഡയറക്‌ടറേറ്റ്‌ ജനറല്‍ ഒഫ്‌ എംപ്ലോയ്‌മെന്റ്‌ ആന്‍ഡ്‌ റീ സെറ്റില്‍മെന്റ്‌ എന്നൊരോഫീസ്‌ തുറന്നു. ഇന്ത്യയുടെ വിഭജനത്തോടെ അഭയാര്‍ഥികളുടെ പുനരധിവാസം ഒരു പ്രശ്‌നമായി. തുടര്‍ന്ന്‌ വിമുക്തഭടന്മാര്‍ക്കുവേണ്ടി സേവനമനുഷ്‌ഠിച്ചിരുന്ന എക്‌സ്‌ചേഞ്ചുകള്‍ എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തു. ഈ സ്ഥാപനത്തിന്റെ പേര്‌ പിന്നീട്‌ "ഡയറക്‌ടറേറ്റ്‌ ജനറല്‍ ഒഫ്‌ എംപ്ലോയ്‌മെന്റ്‌ ആന്‍ഡ്‌ ട്രയിനിങ്‌' എന്നാക്കി മാറ്റി.

1959-ല്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിനെ സംബന്ധിക്കുന്ന എംപ്ലോയ്‌മെന്റ്‌എക്‌സ്‌ചേഞ്ചസ്‌ (കംപല്‍സറി നോട്ടിഫിക്കേഷന്‍ ഒഫ്‌ വേക്കന്‍സീസ്‌) ആക്‌റ്റ്‌ പാസ്സാക്കി. ഈ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച്‌ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും 25-ലധികം തൊഴിലാളികള്‍ പ്രവൃത്തിയെടുക്കുന്ന സ്വകാര്യസ്ഥാപനങ്ങളും നിയമനം നടത്തുന്നതതിനുമുമ്പ്‌ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിനെ അറിയിക്കേണ്ടതാണ്‌. പ്രസ്‌തുത സ്ഥാപനങ്ങളിലെ തൊഴിലാളികളെയും തൊഴിലവസരങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ മൂന്നുമാസത്തിലൊരിക്കല്‍ വീതവും രണ്ടുവര്‍ഷം കൂടുമ്പോഴും എക്‌സ്‌ചേഞ്ചുകള്‍ക്കു സമര്‍പ്പിക്കേണ്ടതാണ്‌. 1969 ഏ. 1 മുതല്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനം സംസ്ഥാനഗവണ്‍മെന്റുകളുടെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ്‌. ഉദ്യോഗാര്‍ഥികള്‍ക്ക്‌ അനുയോജ്യമായ തൊഴില്‍ ലഭിക്കുന്നതിനും തൊഴില്‍ദായകന്‌ ആവശ്യമായ തൊഴിലാളികളെ ലഭിക്കുന്നതിനും സഹായിക്കുന്ന ഒരു വേദിയായി ഇന്ത്യയിലെ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ പൗരന്മാരായ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രായഭേദമെന്യേ എക്‌സ്‌ചേഞ്ചില്‍ പേരു രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. തൊഴിലാളികളെ ആവശ്യമുള്ളവര്‍ സാങ്കേതിക വിദ്യാഭ്യാസയോഗ്യതകള്‍, തൊഴില്‍ പരിചയം, തുടങ്ങിയ യോഗ്യതകള്‍, തൊഴില്‍സ്ഥലം, വേതനം എന്നീ വിവരങ്ങള്‍ എക്‌സ്‌ചേഞ്ചുകളെ അറിയിക്കുന്നു. അര്‍ഹരായ തൊഴിലാളികളെ കണ്ടെത്തി, തൊഴില്‍ സ്വീകരിക്കുന്നതിനു തയ്യാറുള്ളവരെ തൊഴില്‍ദായകര്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുകയാണ്‌ എക്‌സ്‌ചേഞ്ചുകള്‍ ചെയ്യുന്നത്‌. ഈ സേവനം സൗജന്യമാണ്‌. പാകിസ്‌താന്‍, മ്യാന്‍മര്‍, ശ്രീലങ്ക, കെനിയ, ഉഗാണ്ട, താന്‍സാനിയ എന്നിവിടങ്ങളില്‍നിന്നു കുടിയേറിപ്പാര്‍ത്തവര്‍ക്കും ചില വ്യവസ്ഥകള്‍ക്കു വിധേയമായി ഇന്ത്യയില്‍ താമസമുറപ്പിച്ചിട്ടുള്ള വിദേശീയര്‍ക്കും എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളില്‍ രജിസ്‌റ്റര്‍ ചെയ്യാവുന്നതാണ്‌.

തൊഴില്‍-ഉടമകളില്‍നിന്നും ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു തൊഴില്‍വിതരണം (occupational distribution) തൊഴിലാളികളുടെ വിദ്യാഭ്യാസ നിലവാരം എന്നിവയെ സംബന്ധിച്ച പഠനങ്ങള്‍ നടത്തുന്നതിലും എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകള്‍ ശ്രദ്ധിച്ചുവരുന്നു.

ഭാവിയില്‍ ഉണ്ടാകാനിടയുള്ള തൊഴിലവസരങ്ങള്‍ മുന്‍കൂട്ടി കണക്കിലെടുത്ത്‌ ഉദ്യോഗാര്‍ഥികള്‍ക്ക്‌ അവരുടെ വിദ്യാഭ്യാസയോഗ്യത, താത്‌പര്യങ്ങള്‍ എന്നിവയ്‌ക്കനുസൃതമായ തൊഴില്‍ കണ്ടെത്തുന്നതിനു സഹായിക്കുന്ന പരിപാടികളും ഇപ്പോള്‍ എക്‌സ്‌ചേഞ്ചുകള്‍ക്കുണ്ട്‌. ഇതിനുവേണ്ടി സ്റ്റേറ്റ്‌ അടിസ്ഥാനത്തില്‍ സ്റ്റേറ്റ്‌ വൊക്കേഷണല്‍ ഗൈഡന്‍സ്‌ യൂണിറ്റും ജില്ലാടിസ്ഥാനത്തില്‍ ജില്ലാ വൊക്കേഷണല്‍ ഗൈഡന്‍സ്‌ യൂണിറ്റുകളുമുണ്ട്‌.

പുതുതായി ഉണ്ടാകുന്ന തൊഴിലവസരങ്ങള്‍ കണ്ടെത്താനും ഉദ്യോഗാര്‍ഥികളെയും തൊഴിലവസരങ്ങളെയും വിവിധകോഡുകള്‍വഴി തരംതിരിക്കാനും മറ്റുമായി "ഓക്കുപേഷണല്‍ റിസര്‍ച്ച്‌ ആന്‍ഡ്‌ അനാലിസിസ്‌' എന്ന ഒരുവിഭാഗം ഉണ്ട്‌. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ എക്‌സ്‌ചേഞ്ചുകള്‍ക്കു പുറമേ ബിരുദധാരികള്‍, ഗ്രാമീണ-ഉദ്യോഗാര്‍ഥികള്‍, വികലാംഗര്‍, പദ്ധതി-ഉദ്യോഗാര്‍ഥികള്‍, ഖനിത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ എന്നിങ്ങനെ വിവിധവിഭാഗങ്ങള്‍ക്കുവേണ്ടി പ്രത്യേകം എക്‌സ്‌ചേഞ്ചുകളുണ്ട്‌.

കേരളത്തില്‍ 1957 ഏ. 1-ന്‌ നാഷണല്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ നിലവില്‍വന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ എന്നീ മൂന്നു മേഖലകളിലായി 84 എക്‌സ്‌ചേഞ്ചുക(2011)കളാണ്‌ ഉള്ളത്‌. വിവിധ സര്‍വകലാശാലകളോട്‌ അനുബന്ധിച്ച്‌ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ ബ്യൂറോകള്‍ ജില്ലാ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളോട്‌ അനുബന്ധിച്ചുള്ള വൊക്കേഷണല്‍ ഗൈഡന്‍സ്‌ യൂണിറ്റുകള്‍, സെല്‍ഫ്‌ എംപ്ലോയ്‌മെന്റ്‌ ഗൈഡന്‍സ്‌ യൂണിറ്റുകള്‍, പട്ടികജാതി പട്ടികവര്‍ഗ വിമുക്തഭടന്മാര്‍ക്കുവേണ്ടിയുള്ള പ്രത്യേകസെല്‍, അംഗവൈകല്യം ബാധിച്ച ഉദ്യോഗാര്‍ഥികള്‍ക്കായുള്ള സ്‌പെഷ്യല്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകള്‍, പ്രാഫഷണല്‍ ആന്‍ഡ്‌ എക്‌സിക്യൂട്ടീവ്‌ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകള്‍ മുതലായവ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. 2009-2010 കാലയളവില്‍ പുതുതായി രജിസ്റ്റര്‍ ചെയ്‌ത ഉദ്യോഗാര്‍ഥികള്‍ 3,63,715 ആണ്‌. ആകെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികളുടെ എണ്ണം 41,90,887 ആണ്‌. 1982 മുതല്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക്‌ തൊഴില്‍രഹിത വേതനം നല്‍കിവരുന്നു. മൂന്നുവര്‍ഷം തുടര്‍ച്ചയായി തൊഴില്‍ ലഭിക്കാതെ രജിസ്‌ട്രഷന്‍ നിലനിര്‍ത്തുന്നവര്‍ക്കാണ്‌ നിബന്ധനകള്‍ക്കുവിധേയമായി ഇതു നല്‍കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍