This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എംപ്ലോയീസ്‌ സ്റ്റേറ്റ്‌ ഇന്‍ഷ്വറന്‍സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എംപ്ലോയീസ്‌ സ്റ്റേറ്റ്‌ ഇന്‍ഷ്വറന്‍സ്‌

സംഘടിതമേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി ഗവണ്‍മെന്റ്‌ ഏര്‍പ്പെടുത്തിയ വിവിധോദ്ദേശ്യ സാമൂഹിക സുരക്ഷാപദ്ധതി. 1948-ല്‍ പാസ്സാക്കിയ നിയമപ്രകാരം 1952-ല്‍ ഇതിന്റെ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യയുടെ വിസ്‌തൃതിയും വിഭവശേഷിയും കണക്കിലെടുത്ത്‌ ഈ പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കിയാല്‍ മതിയെന്ന്‌ നിയമം അനുശാസിക്കുന്നു.

10,000 രൂപയില്‍ കവിയാത്ത പ്രതിമാസ വരുമാനമുള്ള എല്ലാ തൊഴിലാളികളെയും ഈ പദ്ധതിയുടെ പരിധിയില്‍പ്പെടുത്തിയിരിക്കുന്നു. 10 തൊഴിലാളികളില്‍ കൂടുതല്‍ അംഗങ്ങളുള്ള സ്ഥാപനങ്ങള്‍ (ചില സംസ്ഥാനങ്ങളില്‍ ഇത്‌ 20-ല്‍ കൂടുതല്‍ എന്നാണ്‌. ഇത്‌ 10 ആയി കുറവുചെയ്യുന്നതിനുള്ള നിയമനിര്‍മാണങ്ങള്‍ സ്വീകരിച്ചുവരുന്നു.)-വ്യാപാരം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, പത്രം, പരസ്യം, ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, റോഡ്‌-മോട്ടോര്‍ ഗതാഗതസ്ഥാപനങ്ങള്‍, പ്രിവ്യൂതിയെറ്റര്‍ ഉള്‍പ്പെടെയുള്ള സിനിമാസ്ഥാപനങ്ങള്‍-ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. ഇ.എസ്‌.ഐ.സി. ആക്‌റ്റിലെ 15(5) വകുപ്പനുസരിച്ചാണ്‌ ഈ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. ക്ലെറിക്കല്‍ ജോലിചെയ്യുന്നവരും മേല്‍നോട്ടം വഹിക്കുന്നവരും സാധാരണ തൊഴിലാളികളും കോണ്‍ട്രാക്‌ടരുടെ ഇടപാടില്‍ പ്രവര്‍ത്തിക്കുന്നവരും "തൊഴിലാളി' എന്ന നിര്‍വചനത്തില്‍പ്പെടുന്നു. ഇവരെക്കൂടാതെ "രാഷ്‌ട്രീയ സ്വാസ്ഥ്യ ബീമാ യോജന' പദ്ധതിയിലുള്‍പ്പെട്ട നിര്‍ധനര്‍ക്കും ഇതിന്റെ ആനുകൂല്യം അനുവദിക്കപ്പെട്ടിരിക്കുന്നു. നിലവില്‍ ഒരു കോടി രണ്ടുലക്ഷം കുടുംബങ്ങളിലെ ആറുകോടി രണ്ടുലക്ഷം അംഗങ്ങള്‍ ഇതിന്റെ ഗുണഭോക്താക്കളായിട്ടുണ്ട്‌. രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഒരു കോടി അമ്പത്തിനാലുലക്ഷത്തി നാല്‌പത്തിമൂവായിരം തൊഴില്‍ദാതാക്കളും ഇതില്‍ അംഗങ്ങളാണ്‌.

എംപ്ലോയീസ്‌ സ്റ്റേറ്റ്‌ ഇന്‍ഷുറന്‍സിന്റെ ഭരണച്ചുമതല എംപ്ലോയീസ്‌ സ്റ്റേറ്റ്‌ ഇന്‍ഷ്വറന്‍സ്‌ കോര്‍പ്പറേഷനില്‍ നിക്ഷിപ്‌തമായിരിക്കുന്നു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുടെയും പ്രതിനിധികള്‍ അടങ്ങിയ ഒരു സമിതിയാണിത്‌. ഇതിനുപുറമേ പാര്‍ലമെന്റിന്റെ പ്രതിനിധികളും ഡോക്‌ടര്‍മാരും ഇതില്‍ അംഗങ്ങളാണ്‌. കോര്‍പ്പറേഷന്റെ അംഗങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഒരു സ്റ്റാന്‍ഡിങ്‌ കമ്മിറ്റിയാണ്‌ ഭരണസമിതി. യൂണിയന്‍ തൊഴില്‍മന്ത്രി കോര്‍പ്പറേഷന്റെ ചെയര്‍മാനും, യൂണിയന്‍ ഡെപ്യൂട്ടി തൊഴില്‍ മന്ത്രി സ്റ്റാന്‍ഡിങ്‌ കമ്മറ്റിയുടെ ചെയര്‍മാനുമാണ്‌. വൈദ്യശുശ്രൂഷയെ സംബന്ധിച്ച സാങ്കേതിക കാര്യങ്ങളെക്കുറിച്ച്‌ കോര്‍പ്പറേഷനെ ഉപദേശിക്കുന്നതിന്‌ ഒരു മെഡിക്കല്‍ ബെനിഫിറ്റ്‌ കൗണ്‍സിലും രൂപവത്‌കരിച്ചിട്ടുണ്ട്‌. അഖിലേന്ത്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സമിതിക്കുപുറമേ സംസ്ഥാനതലത്തിലും തദ്ദേശസ്വയംഭരണപ്രദേശങ്ങളിലും സമിതികളുണ്ട്‌. സീനിയര്‍ ഐ.എ.എസ്‌. ഉദേ്യാഗസ്ഥനായ ഡയറക്‌ടര്‍ ജനറല്‍ ആണ്‌ ഈ കോര്‍പ്പറേഷന്റെ ഭരണത്തലവന്‍. ഇദ്ദേഹത്തെ സഹായിക്കാനായി ഫൈനാന്‍ഷ്യല്‍ കമ്മീഷണല്‍, മെഡിക്കല്‍ കമ്മീഷണര്‍, ഇന്‍ഷ്വറന്‍സ്‌ കമ്മീഷണല്‍ എന്നീ ഉന്നതോദേ്യാഗസ്ഥ വൃന്ദവുമുണ്ട്‌. കോര്‍പ്പറേഷന്റെ വിഹിതം പിരിക്കുന്നതിനും ധനസഹായങ്ങള്‍ നല്‌കുന്നതിനും കോര്‍പ്പറേഷന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുംവേണ്ടി പ്രത്യേകം ആഫീസുകളുണ്ട്‌. ഓരോ സംസ്ഥാനത്തുമുള്ള ആഫീസുകളുടെ നിയന്ത്രണത്തില്‍ ലോക്കല്‍ ആഫീസുകളുടെ ഒരു ശൃംഖല തന്നെയുണ്ടായിരിക്കും. കോര്‍പ്പറേഷന്റെ വിവിധ ആഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും തൊഴിലുടമകളുമായി ബന്ധപ്പെടുന്നതിനും പരിശോധനാ ഓഫീസുകളുണ്ട്‌.

തൊഴിലാളികളില്‍നിന്നും തൊഴിലുടമകളില്‍നിന്നും ഒരു നിശ്ചിതവിഹിതം വീതം പിരിച്ചാണ്‌ പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ പണം സമാഹരിക്കുന്നത്‌. സ്‌കീമിന്റെ പരിരക്ഷയുള്ള ഒരു ജീവനക്കാരന്‍ വേതനത്തിന്റെ 1.75 ശതമാനവും തൊഴിലുടമ ആ ജീവനക്കാരനു നല്‌കുന്ന വേതനത്തിന്റെ 4.75 ശതമാനവുമാണ്‌ വിഹിതം നല്‌കേണ്ടത്‌. ദിവസം 100 രൂപവരെ സമ്പാദിക്കുന്ന ജീവനക്കാരെ വിഹിതം നല്‌കുന്നതില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. എന്നാല്‍ തൊഴില്‍ ഉടമയുടെ വിഹിതം നല്‌കേണ്ടതാണ്‌. മുഴുവന്‍ വിഹിതവും അടയ്‌ക്കേണ്ട ചുമതല തൊഴില്‍ ഉടമയുടേതാണ്‌. ജീവനക്കാരന്റെ വിഹിതത്തുക ജീവനക്കാരന്റെ വേതനത്തില്‍നിന്ന്‌ കുറയ്‌ക്കാനുള്ള അവകാശം തൊഴിലുടമയ്‌ക്കുണ്ട്‌. സ്‌കീമിലേക്കുള്ള വിഹിതം മാസാടിസ്ഥാനത്തില്‍ അടയ്‌ക്കേണ്ടതാണ്‌. വര്‍ഷത്തില്‍ രണ്ടു വിഹിതകാലയളവുകളാണുള്ളത്‌. വിഹിതകാലയളവെന്നാല്‍ ഏപ്രില്‍ 1 മുതല്‍ സെപ്‌തംബര്‍ 30 വരെയും ഒക്‌ടോബര്‍ 1 മുതല്‍ മാര്‍ച്ച്‌ 31 വരെയുമാണ്‌. സ്‌കീമിനു കീഴിലെ കാഷ്‌ ആനുകൂല്യം സാധാരണഗതിയില്‍ നല്‌കുന്ന വിഹിതവുമായി ബന്ധപ്പെട്ടിരിക്കും. ഒരു വിഹിതകാലയളവ്‌ അവസാനിച്ച്‌ മൂന്നു മാസത്തിനുശേഷമാണ്‌ ആനുകൂല്യകാലയളവ്‌ ആരംഭിക്കുന്നത്‌.

രോഗം, പ്രസവം, തൊഴിലപകടങ്ങള്‍ കൊണ്ടുണ്ടാകുന്ന മരണം, അംഗവൈകല്യം, ശവസംസ്‌കാരച്ചെലവ്‌, വൈദ്യശുശ്രൂഷ എന്നിവയ്‌ക്കാണ്‌ ഈ പദ്ധതിയില്‍നിന്ന്‌ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്‌.

സിക്ക്‌നസ്‌ ബെനിഫിറ്റ്‌. ഒരു തൊഴിലാളിക്കു രോഗമുണ്ടെന്ന്‌ ഡോക്‌ടര്‍ സാക്ഷ്യപ്പെടുത്തിയാല്‍ അയാള്‍ക്ക്‌ കാലികവേതനം നല്‌കുന്ന പദ്ധതിയാണ്‌ "സിക്ക്‌നസ്‌ ബെനിഫിറ്റ്‌'. സര്‍വീസ്‌ മേഖലകളില്‍ ഇതിനായി ഇന്‍ഷ്വറന്‍സ്‌ മെഡിക്കല്‍ ആഫീസര്‍ പ്രാക്‌ടീഷണര്‍മാരെ നിയമിച്ചിട്ടുണ്ട്‌. അനുവദനീയ ദിവസവേതനത്തിന്റെ 70 ശതമാനമാണ്‌ ആണ്‌ ഇതിന്റെ നിരക്ക്‌.

ഏതെങ്കിലും ഒരു ആനുകൂല്യകാലയളവില്‍ രോഗാനുകൂല്യം അര്‍ഹമാക്കുന്നതിന്‌ നിറവേറ്റേണ്ട വിഹിതവ്യവസ്ഥ ഇന്‍ഷ്വേഡ്‌ വ്യക്തിയുടെ ബന്ധപ്പെട്ട കാലയളവിലെ 78 ദിവസത്തില്‍ കുറയാത്ത കാലയളവിലേക്കുള്ള വിഹിതം അടച്ചിട്ടുണ്ടായിരിക്കണം എന്നതാണ്‌. ഒന്‍പത്‌ മാസത്തെ സേവനകാലയളവ്‌ പൂര്‍ത്തിയാക്കുകയും വേണം. തുടര്‍ച്ചയായുള്ള രണ്ട്‌ ആനുകൂല്യകാലയളവിലെ പരമാവധി 91 ദിവസകാലയളവിലേക്കാണ്‌ രോഗാനുകൂല്യം നല്‌കുക. എയ്‌ഡ്‌സ്‌, ക്ഷയം, കുഷ്‌ഠം തുടങ്ങിയ 34 രോഗങ്ങളില്‍ ഏതെങ്കിലും സാഹചര്യത്തില്‍ ദീര്‍ഘിപ്പിച്ച കാഷ്‌ ആനുകൂല്യം നല്‌കാറുണ്ട്‌. വൈകല്യസാഹചര്യം ഒഴികെ ഇന്‍ഷ്വേഡ്‌ വ്യക്തി രണ്ടുവര്‍ഷം തുടര്‍ച്ചയായി ജോലിയില്‍ ആയിരുന്നിരിക്കണം. തൊട്ടുമുമ്പുള്ള നാല്‌ ആനുകൂല്യകാലയളവില്‍ കുറഞ്ഞത്‌ 156 ദിവസത്തെ വിഹിതം നല്‌കിയിട്ടുണ്ടാവണം. അനുവദനീയമായ ദിവസ വേതനനിരക്കിന്റെ 80 ശ. എന്ന കണക്കിലായിരിക്കും ദീര്‍ഘിപ്പിച്ച രോഗാനുകൂല്യത്തിന്റെ ദിവസനിരക്ക്‌. 91 ദിവസത്തേക്ക്‌ നല്‌കുന്ന രോഗാനുകൂല്യം അവസാനിച്ചാല്‍ ദീര്‍ഘിപ്പിച്ച രോഗാനുകൂല്യം പ്രത്യേകസാഹചര്യത്തില്‍ രണ്ടുവര്‍ഷംവരെ നീട്ടാവുന്നതുമാണ്‌.

കുടുംബാസൂത്രണശസ്‌ത്രക്രിയയ്‌ക്കു വിധേയരാകുന്നവര്‍ക്ക്‌ 1976 ആഗസ്റ്റുമുതല്‍ പ്രത്യേകം ആനുകൂല്യങ്ങള്‍ നല്‌കിവരുന്നു. വാസക്‌ടമിക്കു വിധേയരാകുന്നവര്‍ക്ക്‌ ഏഴു ദിവസവും ട്യൂബക്‌ടമിക്കു വിധേയരാകുന്നവര്‍ക്ക്‌ 14 ദിവസവും അവധി നല്‌കുന്നു. ഇക്കാലത്തു മുഴുവന്‍ വേതനവും ലഭിക്കും. പ്രസവാനുകൂല്യം. പ്രസവാനുകൂല്യത്തിന്‌ തുടര്‍ച്ചയായി രണ്ടു വിഹിതകാലയളവില്‍ 70 ദിവസത്തെ വിഹിതത്തുക ഒടുക്കുവരുത്തിയിട്ടുണ്ടാകണം. 12 ആഴ്‌ചയാണ്‌ സാധാരണയായി അനുവദിക്കുന്നത്‌. പ്രസവത്തിനുമുമ്പ്‌ ആറ്‌ ആഴ്‌ചയില്‍ക്കൂടുതല്‍ ഈ ആനുകൂല്യം നല്‌കുന്നതല്ല. പ്രസവാനുകൂല്യകാലത്തു മുഴുവന്‍ വേതനവും ലഭിക്കും. ഗര്‍ഭം അലസിപ്പോകുന്ന ഘട്ടങ്ങളില്‍ ആറ്‌ ആഴ്‌ചത്തെ ആനുകൂല്യം നല്‌കാറുണ്ട്‌. ഗര്‍ഭധാരണം, പ്രസവം, ഗര്‍ഭം അലസിപ്പോകല്‍, അകാലജനനം എന്നിവമൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്കു സാധാരണ ആനുകൂല്യങ്ങള്‍ക്കു പുറമേ ഒരു മാസത്തില്‍ കവിയാത്ത കാലത്തെ അവധിയും അനുവദിക്കുന്നു.

ഡിസേബിള്‍മെന്റ്‌ ബെനിഫിറ്റ്‌. തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍മൂലം സംഭവിക്കുന്ന അവശതകള്‍ക്കു നല്‌കുന്ന ആനുകൂല്യമാണിത്‌. സ്ഥിരമായ പൂര്‍ണവൈകല്യത്തിനും താത്‌ക്കാലികവൈകല്യത്തിനുമുള്ള ദിവസാനുകൂല്യം സ്റ്റാന്‍ഡേര്‍ഡ്‌ രോഗാനുകൂല്യ നിരക്കിനെക്കാള്‍ 40 ശതമാനം കൂടുതലായിരിക്കും. അത്‌ വേതനനിരക്കിന്റെ ഏകദേശം 90 ശതമാനമായിരിക്കും, സ്ഥിരമായ ഭാഗികവൈകല്യത്തിന്‌ ആനുകൂല്യനിരക്ക്‌ സമ്പാദ്യശേഷി നഷ്‌ടപ്പെട്ട ശതമാനത്തിന്‌ ആനുപാതികമായിരിക്കും. ഞായറാഴ്‌ചകള്‍ക്കും ആനുകൂല്യം ലഭിക്കുന്നതാണ്‌. വൈകല്യം നിലനില്‍ക്കുന്നിടത്തോളം താത്‌ക്കാലിക വൈകല്യാനുകൂല്യം നല്‍കുന്നതാണ്‌. പൂര്‍ണവൈകല്യാനുകൂല്യം ഗുണഭോക്താവിന്‌ ആജീവനാന്തം നല്‌കുന്നതാണ്‌. തൊഴില്‍ക്ഷതം സ്ഥിരമായ വൈകല്യത്തില്‍ കലാശിച്ചോ എന്നു തീരുമാനിക്കുന്നതും ആ തൊഴില്‍ക്ഷതം മൂലമുണ്ടായ സ്ഥിരമായ നഷ്‌ടത്തിന്റെ തോത്‌ വിലയിരുത്തുന്നതും ഒരു മെഡിക്കല്‍ ബോര്‍ഡായിരിക്കും. അതിന്റെ തീരുമാനത്തിനെതിരെ മെഡിക്കല്‍ ആഫീസ്‌ ട്രബൂണലില്‍ അപ്പീല്‍ നല്‍കാവുന്നതാണ്‌.

ആശ്രിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍. ഇന്‍ഷ്വര്‍ ചെയ്‌ത വ്യക്തി തൊഴില്‍-അപകടം മൂലം നിര്യാതനാവുകയാണെങ്കില്‍ അയാളുടെ ആശ്രിതര്‍ക്കു പെന്‍ഷന്‍ നല്‌കുന്നുണ്ട്‌. ആശ്രിതരുടെ ഒന്നാമത്തെ വിഭാഗത്തില്‍പ്പെട്ടവരാണ്‌ വിധവ, പുത്രന്‍, ദത്തുപുത്രന്‍, വിവാഹം കഴിക്കാത്ത പുത്രി, വിവാഹം കഴിക്കാത്ത ദത്തുപുത്രി എന്നിവര്‍. ഇവരുടെ അഭാവത്തില്‍ മറ്റുള്ള ആശ്രിതര്‍ക്ക്‌ ആനുകൂല്യങ്ങള്‍ നല്‌കിവരുന്നു. പുത്രന്‌ 25 വയസ്സുവരെയും പെണ്‍മക്കള്‍ വിവാഹിതരാവുന്നതുവരെയും ആനുകൂല്യങ്ങള്‍ നല്‌കുന്നുണ്ട്‌. മരിച്ചുപോയ വ്യക്തിയെ ആശ്രയിച്ചുമാത്രം കഴിയുന്നവര്‍ക്കും മറ്റു ഉപജീവനമാര്‍ഗങ്ങള്‍ക്കു കഴിവില്ലാത്തവര്‍ക്കും കഴിവില്ലായ്‌മ നിലനില്‌ക്കുന്നിടത്തോളം കാലം പെന്‍ഷന്‍ നല്‌കിവരുന്നു. അനുവദനീയമായ ദിവസേവതനത്തുകയുടെ 90 ശതമാനമാണ്‌ നല്‌കുക. ഇത്‌ ഓരോ മാസവും ലഭ്യമാക്കുന്നതാണ്‌.

മരിച്ചുപോയ തൊഴിലാളിയുടെ ശവസംസ്‌കാരച്ചെലവു വഹിക്കുന്നതിന്‌ 10,000 രൂപയില്‍ കവിയാത്ത ഒരു തുക നല്‌കുന്നതിനും വ്യവസ്ഥയുണ്ട്‌. സാമൂഹിക സുരക്ഷിതത്വ നടപടിയുടെ കാതലായ വൈദ്യാനുകൂല്യങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ടെന്നതു എംപ്ലോയീസ്‌ സ്റ്റേറ്റ്‌ ഇന്‍ഷ്വറന്‍സിന്റെ ഒരു സവിശേഷതയാണ്‌. സര്‍വീസ്‌ സിസ്റ്റം വഴിയായും പാനല്‍സിസ്റ്റം വഴിയായും ഔട്ട്‌ പേഷ്യന്റുകള്‍ക്ക്‌ വൈദ്യസഹായം നല്‌കുന്നു. കോര്‍പ്പറേഷന്റെ ശമ്പളം പറ്റുന്ന ഇന്‍ഷുറന്‍സ്‌ മെഡിക്കല്‍ ഓഫീസര്‍മാരുടെ സേവനങ്ങളാണ്‌ സര്‍വീസ്‌ സിസ്റ്റം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. സ്വകാര്യമെഡിക്കല്‍ പ്രാക്‌ടീഷണര്‍മാരുടെ ക്ലിനിക്കുകളിലൂടെ വൈദ്യസഹായം നല്‌കുന്നതു പാനല്‍ സിസ്റ്റത്തില്‍പ്പെടുന്നു. 1678 പാനല്‍ ക്ലിനിക്കുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്‌.

കോര്‍പ്പറേഷന്റെ നിയന്ത്രണത്തില്‍ ഇന്‍ഷ്വര്‍ ചെയ്‌തിട്ടുള്ളവര്‍ക്കുമാത്രമായി ആശുപത്രികള്‍ നിര്‍മിച്ചിട്ടുണ്ട്‌. പൊതു ആശുപത്രികളില്‍ ഈ പദ്ധതിയില്‍ അംഗത്വമുള്ള തൊഴിലാളികള്‍ക്കു കിടക്കകള്‍ സംവരണം ചെയ്യുന്നുമുണ്ട്‌. വൈദ്യശുശ്രൂഷയുടെ ഭാഗമായി കൃത്രിമാവയവങ്ങളും നല്‌കിവരുന്നു. ഇതോടൊപ്പം തൊഴിലാളികള്‍ക്കും മറ്റാനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹരാണ്‌. കണ്‍ഫൈന്‍മെന്റ്‌ ആനുകൂല്യം 2500 രൂപ. ഇത്‌ രണ്ടു പ്രസവങ്ങള്‍ക്ക്‌ നല്‌കുന്നതാണ്‌. അംഗവൈകല്യം കൊണ്ടുള്ള അവശതമൂലം (40 ശ. അവശത), ജോലിചെയ്യാന്‍ കഴിയാതെ വരുകിലോ തന്റേതല്ലാത്ത കാരണത്താല്‍ ജോലി നഷ്‌ടപ്പെടുകയോ ചെയ്‌താലും ആനുകൂല്യം അനുവദിക്കുന്നതാണ്‌. ഇതിന്‌ അനുവദനീയ വേതനത്തുകയുടെ 50 ശതമാനം ആണ്‌ നിരക്കായി നിശ്ചയിച്ചിരിക്കുന്നത്‌. ഈ പദ്ധതിയെ രാജീവ്‌ഗാന്ധി ശ്രമിക്‌ കല്യാണ്‍യോജന എന്നറിയപ്പെടുന്നു.

ഇന്‍ഷ്വര്‍ ചെയ്‌തിട്ടുള്ളവരുടെ ആശ്രിതര്‍ക്കും വൈദ്യാനുകൂല്യങ്ങള്‍ നല്‌കിവരുന്നു. ചില പ്രദേശങ്ങളില്‍ തൊഴിലാളികളുടെ കുടുംബാംഗങ്ങളെ കിടത്തി ചികിത്സിക്കുന്നതിനും സൗകര്യങ്ങളുണ്ട്‌. റിട്ടയര്‍ ചെയ്‌തവര്‍ 120 രൂപാ വാര്‍ഷികവിഹിതം ഒടുക്കുകയാണെങ്കില്‍ ഇവര്‍ക്കും ഇണയ്‌ക്കും വൈദ്യസഹായം നല്‌കുന്നതാണ്‌. ഡല്‍ഹി ഒഴിച്ചുള്ള പ്രദേശങ്ങളില്‍ തൊഴിലാളികള്‍ക്കു വൈദ്യസഹായം നല്‌കുന്നതിനുള്ള ചുമതല സംസ്ഥാനഗവണ്‍മെന്റില്‍ നിക്ഷിപ്‌തമാക്കിയിരിക്കുന്നു. ഡല്‍ഹിയില്‍ കോര്‍പ്പറേഷന്‍ നേരിട്ടാണ്‌ ഇതു നിര്‍വഹിക്കുന്നത്‌. വൈദ്യസഹായം നല്‌കുന്നതിനുള്ള ചെലവ്‌ കോര്‍പ്പറേഷനും സംസ്ഥാനഗവണ്‍മെന്റുകളും 7:1 എന്ന അനുപാതത്തില്‍ വഹിക്കുന്നു. ഒരു പരിധിയില്‍ കൂടുതലുള്ള ചെലവുകള്‍ സംസ്ഥാനഗവണ്‍മെന്റുകള്‍ നേരിട്ടു വഹിക്കണമെന്നുണ്ട്‌.

വൈദ്യസഹായവും ധനസഹായവും നല്‌കുന്നതിനു പുറമേ മറ്റുചില പുനരധിവാസ പ്രവര്‍ത്തനങ്ങളും കോര്‍പ്പറേഷന്‍ ഏറ്റെടുത്തിട്ടുണ്ട്‌. തൊഴില്‍ അപകടങ്ങള്‍മൂലം അംഗവൈകല്യം നേരിട്ടിട്ടുള്ളവര്‍ക്കു കൃത്രിമ അവയവങ്ങള്‍ നല്‌കുക; കണ്ണട, ശ്രവണസഹായികള്‍ എന്നിവ നല്‌കുക, സാമ്പത്തികാനുകൂല്യങ്ങള്‍ കോര്‍പ്പറേഷന്റെ ചെലവില്‍ മണി ഓര്‍ഡറായി അയയ്‌ക്കുക, വിദഗ്‌ധവൈദ്യപരിശോധനാകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനും മെഡിക്കല്‍ ബോര്‍ഡിനു മുമ്പില്‍ ഹാജരാകുന്നതിനും മറ്റും യാത്രാച്ചെലവുകള്‍ നല്‌കുക എന്നിവ ഇതില്‍പ്പെട്ട ഇനങ്ങളാണ്‌. കൂടാതെ തൊഴിലാളികള്‍ക്കു കുടുംബാസൂത്രണമാര്‍ഗങ്ങളെപ്പറ്റിയുള്ള ഉപദേശങ്ങളും നല്‌കിവരുന്നു. കോര്‍പ്പറേഷന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്കുവേണ്ടി കോര്‍പ്പറേഷന്‍ ഒരു കുടുംബക്ഷേമപരിപാടി അടുത്തകാലത്തായി ആരംഭിച്ചിട്ടുണ്ട്‌. ജനസംഖ്യാപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള യു.എന്‍. ഫണ്ടിന്റെ സാമ്പത്തികസഹായത്തോടെയാണ്‌ ഇത്‌ നടപ്പിലാക്കിയിട്ടുള്ളത്‌.

ഇ.എസ്‌.ഐ. പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച തര്‍ക്കങ്ങള്‍കേട്ടു തീരുമാനിക്കുന്നതിന്‌ പ്രത്യേകം എംപ്ലോയീസ്‌ ഇന്‍ഷ്വറന്‍സ്‌ കോടതികളുണ്ട്‌. നിയമപ്രശ്‌നം സംബന്ധിച്ച തര്‍ക്കങ്ങളില്‍ ഹൈക്കോടതിയാണ്‌ അവസാനതീരുമാനമെടുക്കുന്നത്‌.

സാമ്പത്തികാനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനും മറ്റുമായി 57 റീജിയണല്‍/സബ്‌റീജിയണല്‍/ഡിവിഷണല്‍ ഓഫീസുകളും 619 ബ്രാഞ്ച്‌ ഓഫീസുകളും 180 പേ ആഫീസുകളുമുണ്ട്‌. കോര്‍പ്പറേഷന്‍ പുതുതായി വൈദ്യസുരക്ഷാച്ചെലവ്‌ ആരംഭിച്ചിട്ടുണ്ട്‌. സൂപ്പര്‍സ്‌പെഷ്യാലിറ്റി ചികിത്സാച്ചെലവുകള്‍ കോര്‍പ്പറേഷന്‍ നേരിട്ടുവഹിക്കുന്നു. ഇതിനായി രാജ്യത്തെ പ്രശസ്‌തമായ 800 സ്വകാര്യ ആശുപത്രികളുമായി കോര്‍പ്പറേഷന്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നു. ഐ.വി.എഫ്‌. ചികിത്സാസഹായം, ആയുഷ്‌-ആയുര്‍ വേദ, യുനാനി, സിദ്ധ, ഹോമിയോ & യോഗ-എന്ന ചികിത്സാ സൗകര്യങ്ങളും കോര്‍പ്പറേഷന്‍ ഒരുക്കിയിട്ടുണ്ട്‌. അടുത്തകാലത്തായി മെഡിക്കല്‍/നഴ്‌സിങ്‌ കോളജുകളും തുടങ്ങുന്നതിന്‌ കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്‌. കൊല്ലം ജില്ലയിലെ പാരിപ്പള്ളിയില്‍ കോര്‍പ്പറേഷന്റെ ആദ്യ മെഡിക്കല്‍ കോളജ്‌ പ്രവര്‍ത്തനസജ്ജമായി വരുന്നു. നേരിട്ടുള്ള ചികിത്സയുടെ ഭാഗമായി ഇന്ത്യയൊട്ടാകെ 790 സെന്ററുകളിലായി 7983 ഐ.എം.ഒ./ഐ.എം.പി. യൂണിറ്റുകള്‍, 1403 ഡിസ്‌പെന്‍സറികള്‍, 93 ഐ.എസ്‌.എം. യൂണിറ്റുകള്‍, 148 ആശുപത്രികളെക്കൂടാതെ ഇവയോടു ചേര്‍ക്കപ്പെട്ടിരിക്കുന്ന 42 ചികിത്സാലയങ്ങളിലുള്‍പ്പെടെ 22,325 കിടക്കാ സൗകര്യം കോര്‍പ്പറേഷന്‍ ഒരുക്കിയിരിക്കുന്നു. സ്വകാര്യാശുപത്രിയിലെ കിടക്കകള്‍കൂടി കണക്കിലെടുത്താല്‍ ഇവയുടെ എണ്ണം 27,339 ആയി വര്‍ധിക്കും. ഈ കോര്‍പ്പറേഷന്റെ ചികിത്സാവിഭാഗത്തില്‍ മാത്രമായി 50,000-ത്തില്‍ ഏറെ ജീവനക്കാര്‍ (മെഡിക്കല്‍ ആന്‍ഡ്‌ പാരാമെഡിക്കല്‍) പ്രവര്‍ത്തിക്കുന്നു.

(എസ്‌. സാബു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍