This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എംപെഡോക്ലിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:22, 18 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എംപെഡോക്ലിസ്‌

Empedocles

ഗ്രീക്ക്‌ ദാർശനികകവി. ക്രി.മു. അഞ്ചാം ശതകത്തിന്റെ ആദ്യപാദത്തിൽ സിസിലിയിലെ അക്രാഗസിൽ ഒരു അഭിജാതകുടുംബത്തിൽ ജനിച്ചു. നഗരത്തിന്റെ രാജപദം വാഗ്‌ദാനം ചെയ്യപ്പെട്ടെങ്കിലും അതു നിരസിച്ചതായി പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ അന്ത്യത്തെപ്പറ്റി വ്യത്യസ്‌ത കഥകളുണ്ട്‌. "എറ്റ്‌നാ' എന്ന അഗ്നിപർവതത്തിലേക്ക്‌ എടുത്തുചാടി ആത്മഹത്യ ചെയ്‌തു എന്ന കഥയ്‌ക്കാണു പ്രചാരം കൂടുതൽ. ഈ കഥയെ ആസ്‌പദമാക്കി ആംഗലേയകവിയായ മാത്യു ആർണോള്‍ഡ്‌ ഒരു കവിത രചിച്ചിട്ടുണ്ട്‌-എംപെഡോക്ലിസ്‌ ഓണ്‍ എറ്റ്‌നാ.

പ്രപഞ്ചവസ്‌തുക്കളുടെ മൂലകാരണത്തെക്കുറിച്ചുള്ള സിദ്ധാന്തമാണ്‌ എംപെഡോക്ലിസിനെ പ്രശസ്‌തനാക്കിയത്‌. പരിവർത്തനാത്മകമായ പ്രകൃതിപ്രതിഭാസങ്ങള്‍ക്കുള്ളിൽ മാറ്റത്തിനതീതമായ ചില ഘടകങ്ങള്‍ വർത്തിക്കുന്നുണ്ടെന്ന്‌ ഇദ്ദേഹം സിദ്ധാന്തിച്ചു. ഭൂമി, അഗ്നി, വായു, ജലം എന്നീ മൂലകങ്ങള്‍ പരസ്‌പര സംയോജനത്തിലൂടെയും വിയോജനത്തിലൂടെയും വിവിധവസ്‌തുക്കളുടെ രൂപം കൈക്കൊള്ളുന്നു. സ്‌നേഹം, വിരോധം എന്നീ പരസ്‌പരവിരുദ്ധമായ ശക്തികളുടെ പ്രവർത്തനത്തിലൂടെയാണ്‌ ഇതു സംഭവിക്കുന്നത്‌. എംപെഡോക്ലിസിന്റെ ഈ ചതുർഭൂതസിദ്ധാന്തത്തിന്‌ ഭാരതീയരുടെ പഞ്ചഭൂതസിദ്ധാന്തവുമായുള്ള സാദൃശ്യം ശ്രദ്ധേയമാണ്‌.

ഈ ദർശനത്തെ കലാസുഭഗമായി ആവിഷ്‌കരിക്കുന്ന ഒരു കവിത ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഷഡ്‌പദി(Hexameter)യിൽ രചിക്കപ്പെട്ട ഈ കവിത ഓണ്‍ നേച്ചർ എന്ന ശീർഷകത്തിലറിയപ്പെടുന്നു. കവി തന്നെ നല്‌കിയതാണോ ഈ ശീർഷകം എന്നു നിശ്ചയമില്ല. ആദിമ പ്രഹർഷ(Primal bliss)ത്തിൽ നിന്നുള്ള മനുഷ്യാത്മാവിന്റെ പതനത്തെയും മോചനത്തെയും വിഷയീകരിച്ച്‌ "കഥർമോയി' എന്നൊരു കവിതകൂടി ഇദ്ദേഹം രചിച്ചു. ജീവിതം ഒടുങ്ങുന്നതോടുകൂടി സ്വർഗീയാനന്ദത്തിൽ നിന്നകലുന്ന ആത്മാവ്‌ വിഭിന്നരൂപങ്ങളിൽ വീണ്ടുംവീണ്ടും ജനിക്കുകയും അവസാനം നഷ്‌ടപ്പെട്ട പരിശുദ്ധി വീണ്ടെടുക്കുകയും ചെയ്യുന്നതായി കവി വിഭാവനം ചെയ്യുന്നു. ക്രി.മു. നാലാം ശ. മുതൽ നിലവിലിരുന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്‌ എംപെഡോക്ലിസ്‌ തന്റെ സിദ്ധാന്തം ആവിഷ്‌കരിച്ചിരിക്കുന്നത്‌. പൈഥഗോറസിന്റെ ദേഹാന്തരപ്രാപ്‌തി സിദ്ധാന്തത്തെയും കവി പരാമർശിക്കുന്നുണ്ട്‌.

കാവ്യശൈലിയിലും ഭാഷയിലും എംപെഡോക്ലിസ്‌ ഹോമറോടു കടപ്പെട്ടിരിക്കുന്നു. ഭാവവ്യഞ്‌ജകമായ വിശേഷണങ്ങളും ഉപമകളുംകൊണ്ട്‌ പ്രതിപാദനത്തെ മോടിപിടിപ്പിക്കുന്ന രീതി ഹോമറിന്റെ സ്വാധീനത്തെ സൂചിപ്പിക്കുന്നു. ചതുർഭൂതങ്ങളെ ചിത്രങ്ങളിൽ കാണുന്ന ജന്തുക്കളോടും ശ്വാസോച്ഛ്വാസപ്രക്രിയയെ ജലപാത്രംകൊണ്ടു കളിക്കുന്ന പെണ്‍കുട്ടിയോടും ഉപമിക്കുന്നതിന്‌ ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. എംപെഡോക്ലിസിന്റെ സൂക്ഷ്‌മമായ ജീവിതനിരീക്ഷണവും ജീവത്തായ കാവ്യബിംബങ്ങളും റോമന്‍ കവിയായ ലുക്രീഷ്യസിനെ ആകർഷിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ കവിതകളുടെ മാഹാത്മ്യം വർണിച്ചുകൊണ്ടുള്ള ഒരു സ്‌തുതികാവ്യം ലുക്രീഷ്യസ്‌ രചിച്ചിച്ചിട്ടുണ്ട്‌.

(ആർ.എൽ.വി.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍