This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഋശ്യശൃംഗന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഋശ്യശൃംഗന്‍

പുരാണപ്രസിദ്ധനായ ഋഷി. മഹാഭാരതം ആരണ്യപർവത്തിൽ ഋശ്യശൃംഗന്റെ കഥ പ്രതിപാദിപ്പിക്കുന്നുണ്ട്‌. ഋശ്യശൃംഗന്‍ വിഭണ്ഡകന്‍ എന്ന മഹർഷിയുടെ പുത്രനായതിനാൽ വൈഭാണ്ഡകന്‍ എന്നും പേരുണ്ട്‌. വിഭണ്ഡകന്‍ ഒരിക്കൽ ഒരു ജലാശയത്തിൽ കുളിക്കുമ്പോള്‍ അവിടെ കുളിച്ചുകൊണ്ടുനിന്ന ഉർവശിയെ കാണുകയും മഹർഷിക്കുണ്ടായ രേതസ്രാവം ആ സരസ്സിൽ വെള്ളം കുടിക്കാനിറങ്ങിയ ഒരു മാന്‍പേട ഗർഭിണിയാവാന്‍ കാരണമാകയും ചെയ്‌തു. ഈ മാന്‍പേട പ്രസവിച്ച മനുഷ്യശിശുവാണ്‌ ഋശ്യശൃംഗന്‍ (ഋശ്യം=മാന്‍, ശൃംഗം=കൊമ്പ്‌). മാനിന്റെ കൊമ്പിന്റെ അടയാളം ഈ കുട്ടിയിൽ കണ്ടതിനാൽ ഋഷ്യശൃംഗന്‍ എന്നു പേര്‌ നല്‌കി. തനിക്കു പറ്റിയ പോലെ ഒരു തെറ്റ്‌ ഋശ്യശൃംഗനു പറ്റാതിരിക്കാന്‍ വിഭണ്ഡകന്‍ ഋശ്യശൃംഗനെ സ്‌ത്രീകള്‍ ദൃഷ്‌ടിയിൽപ്പെടാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട്‌ ആശ്രമത്തിൽ താമസിപ്പിച്ചു.

അംഗരാജ്യത്തെ രാജാവായ ലോമപാദന്‌ (രോമപാദന്‌) ബ്രാഹ്മണശാപംമൂലം തന്റെ രാജ്യത്ത്‌ മഴ ലഭിക്കാതെയായി. സ്‌ത്രീകളെ കണ്ടിട്ടില്ലാത്ത തപസ്വിയായ ഋശ്യശൃംഗനെ രാജ്യത്തു കൊണ്ടുവന്നാൽ മഴ ലഭിക്കുമെന്ന പുരോഹിതന്റെ നിർദേശപ്രകാരം രാജാവ്‌ ഋശ്യശൃംഗനെ വശീകരിച്ച്‌ കൊട്ടാരത്തിലെത്തിക്കുവാന്‍ വശ്യമാദകയായ ഒരു സ്‌ത്രീയെ നിയോഗിച്ചു. അനേകം തരുണികളോടും അനുചരന്മാരോടുമൊപ്പം ഇവർ ഋശ്യശൃംഗന്‍ വസിക്കുന്ന വനത്തിലെത്തി അവിടെ ഗൂഢമായി താമസിച്ചു. വിഭണ്ഡകന്‍ സ്ഥലത്തില്ലാതിരുന്ന സമയത്ത്‌ ആ തരുണി ഋശ്യശൃംഗനെ സമീപിക്കുകയും പലഹാരങ്ങളും പാനീയവും നല്‌കി കളഭാഷണത്താലും ആലിംഗനചുംബനാദികളാലും ഋശ്യശൃംഗനെ വശീകരിക്കുകയും ചെയ്‌തു. അന്നുവരെ സ്‌ത്രീകളെക്കുറിച്ച്‌ ഒന്നുംതന്നെ അറിയാതിരുന്ന ഋശ്യശ്യംഗന്‌ ഈ സ്‌ത്രീയെ കണ്ടപ്പോഴുണ്ടായ ഔത്സുക്യവും അവരുടെ ചേഷ്‌ടകളിൽ തനിക്കുണ്ടായ ആഹ്ലാദവും അവർ പോയപ്പോഴുണ്ടായ പാരവശ്യവും അവരോടൊത്തു താമസിക്കാന്‍ തനിക്കുള്ള ഉത്‌കടമായ ആകാംക്ഷയും വിഭണ്ഡകന്‍ വന്നപ്പോള്‍ അറിയിച്ചു. ഏതോ രാക്ഷസന്മാരുടെ തന്ത്രമാകാമെന്നു ധരിച്ച വിഭണ്ഡകന്‍ വനത്തിൽ തെരഞ്ഞെങ്കിലും ആരെയും കണ്ടില്ല.

പിന്നീടൊരിക്കിൽ വിഭണ്ഡകന്‍ ആശ്രമത്തിലില്ലാതിരുന്ന സമയത്ത്‌ സുന്ദരിയായ ആ തരുണി വീണ്ടും ഋശ്യശൃംഗനെ സമീപിച്ചു. ഋശ്യശൃംഗനെ താന്‍ താമസിക്കുന്ന സ്ഥലത്തുകൊണ്ടു പോയി. പരിചാരകരും മറ്റു സ്‌ത്രീകളുമൊപ്പം ഒരു വഞ്ചിയിൽ അംഗരാജ്യത്തേക്ക്‌ ആനയിച്ചു. ലോമപാദനും പ്രജകളും ഋശ്യശൃംഗനെ സ്വാഗതം ചെയ്‌തു. ഋശ്യശൃംഗന്‍ വന്നപ്പോള്‍ രാജ്യത്തു മഴ ലഭിച്ചു. ലോമപാദന്‍ തന്റെ വളർത്തുമകളായ ശാന്തയെ ഋശ്യശൃംഗനു വിവാഹം ചെയ്‌തുകൊടുക്കുകയും ഋശ്യശൃംഗനെ അംഗരാജാവാക്കി പ്രഖ്യാപിക്കുകയും ചെയ്‌തു. ആശ്രമത്തിൽ തിരിച്ചെത്തിയ വിഭണ്ഡകന്‍ തന്റെ മകന്റെ കഥ അറിഞ്ഞ്‌ ആദ്യം കുപിതനായെങ്കിലും പിന്നീട്‌ അംഗരാജ്യത്തെത്തി മകനെ അനുഗ്രഹിച്ചു. ഒരു പുത്രനുണ്ടായശേഷം ഋശ്യശൃംഗന്‍ വീണ്ടും വനത്തിലെത്തി വിഭണ്ഡകന്റെ ശുശ്രൂഷ സ്വയം ഏറ്റെടുത്തു.

(അമ്പലത്തറ ഉണ്ണിക്കൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍