This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഋതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഋതം

വേദസങ്കല്‌പമനുസരിച്ച്‌ പ്രപഞ്ചത്തിന്റെ കെട്ടുറപ്പിന്‌ ആധാരമായി വർത്തിക്കുന്ന നിയമം. ഏകാക്ഷരമായ ബ്രഹ്മം, സത്യാചാരം, കർമഫലം, യജ്ഞം, വീണുകിടക്കുന്ന ധാന്യാദികള്‍ പെറുക്കിയെടുത്തുകൊണ്ടുള്ള ഉപജീവനം എന്നൊക്കെ അർഥമുള്ള ഈ പദം ദൈവികവും അദൃശ്യവുമായ ഒരു ധർമനിയമത്തെയാണ്‌ പ്രധാനമായി കുറിക്കുന്നത്‌. മുറതെറ്റാതെ രാത്രിയും പകലും, മാറിമാറിവരുന്ന സൂര്യനും ചന്ദ്രനും ഗ്രഹങ്ങളുമെല്ലാം നിശ്ചിതമായ ഒരു ഗതി അവലംബിക്കുന്നു. അവ പരസ്‌പരം കൂട്ടിമുട്ടുകയോ അകലുകയോ ചെയ്യുന്നില്ല. നദിയും പർവതവും സമുദ്രവും മറ്റും ഉള്‍ക്കൊള്ളുന്ന ഭൂമിയെയും മറ്റനേകം ഗ്രഹങ്ങളെയും ഒരു നിശ്ചിതരീതിയിൽ ഘടിപ്പിച്ചുകൊണ്ടുള്ള പ്രപഞ്ചസംവിധാനത്തിന്‌ ആധാരമായി അദൃശ്യമായ ഒരു നിയമവിശേഷമുണ്ടെന്ന്‌ ഇതിൽനിന്ന്‌ അനുമാനിക്കപ്പെടുന്നു. അനശ്വരമായ ഈ നിയമത്തെ-ഋതത്തെ-"പരബ്രഹ്മ'മായി സങ്കല്‌പിക്കാറുണ്ട്‌ (ഋതമേകാക്ഷരം ബ്രഹ്മ); ദൈവികമായ ഒരു സത്യമാണിതെന്ന്‌ പറയപ്പെടുന്നു (ഋതായ സത്യാചാരായ). വേദമന്ത്രങ്ങളിൽ പരാമർശിച്ചുകാണുന്നത്‌ ഈശ്വരന്മാർ ഋതപരിപാലകരാണെന്നാണ്‌ (ഗോപാഋതസ്യ). അദൃശ്യമായ ഈ ധർമം പാലിക്കുന്നത്‌ ഐശ്വര്യമായ ഒരു ശക്തിയാണെന്നാണ്‌ സങ്കല്‌പം. ആ ശക്തിയാകട്ടെ ഒരിക്കലും നശിക്കാത്തതുമാകണം; അതിന്‌ ആദിയുമന്തവും നിശ്ചയിക്കുക വയ്യ.

കർമഫലത്തെയും ഋതം എന്ന്‌ വിശേഷിപ്പിക്കാറുണ്ട്‌. എല്ലാ പ്രവൃത്തികള്‍ക്കും ഒരു ഫലമുണ്ടെന്നാണ്‌ ഭാരതീയസങ്കല്‌പം. ഈ ഫലമാകട്ടെ പ്രവൃത്തി ചെയ്യുന്നവന്‍ അവശ്യം അനുഭവിച്ചേതീരൂ. പ്രവൃത്തിയുമായി അഭേദ്യമായ ബന്ധമുള്ള ഈ ഫലമനുഭവിക്കാതെ വയ്യ; എന്നാൽ ഇതു കർമം ചെയ്‌ത ഉടനെ അനുഭവിക്കാവുന്നതല്ല; ഈ ജന്മത്തിൽതന്നെയൊ ജന്മാന്തരങ്ങളിലോ അനുവദിക്കേണ്ടതാണ്‌. ഇതിനെയാണ്‌ ഋതമെന്ന്‌ പറയുന്നത്‌ (ഋതം പിബന്തൗസുകൃതസ്യ ലോകേ). കർമത്തിനും അതിന്റെ ഫലത്തിനും തമ്മിലുള്ള ബന്ധം അഭേദ്യമായതിനാൽ സത്‌കർമങ്ങള്‍ക്ക്‌ സത്‌ഫലവും ദുഷ്‌കർമങ്ങള്‍ക്ക്‌ അതിനനുസരിച്ചഫലവും ഉണ്ടാകുന്നു; അതിനെത്തന്നെ പുണ്യപാപങ്ങളെന്നും വ്യവഹരിക്കാവുന്നതാണ്‌.

മനുസ്‌മൃതിയനുസരിച്ച്‌ വീണുകിടക്കുന്ന ധാന്യങ്ങള്‍ പെറുക്കിയെടുത്ത്‌ ഉപജീവിക്കുക എന്ന ജീവിതചര്യയാണ്‌ ഋതം (ഋതമുഞ്‌ഛശിലം ജ്ഞേയം). നെല്ല്‌ കുത്തുമ്പോള്‍ ഉരലിനു ചുറ്റുമായി തെറിച്ചുവീഴുന്നതും ഉടമസ്ഥന്‍ എടുത്തതിനുശേഷമുള്ളതുമായ അരിമണി പെറുക്കിയെടുത്ത്‌ ഉപജീവിക്കുകയാണ്‌ ഉഞ്‌ഛവൃത്തി. കൊയ്‌ത്തുകഴിഞ്ഞ്‌ ഉടമസ്ഥന്‍ പോയതിനുശേഷം കണ്ടത്തിൽ കൊഴിഞ്ഞുകിടക്കുന്ന കതിരും നെന്‍മണിയും ശേഖരിച്ചു ജീവിതം കഴിക്കുകയാണ്‌ ശിലം. ദാനം വാങ്ങി ജീവിക്കുന്നതിനെക്കാള്‍ ഇത്‌ ശ്രഷ്‌ഠമെന്ന കരുതപ്പെടുന്നു. "ഋതാമൃതാഭ്യ ജീവേത' എന്ന വചനപ്രകാരം ഉഞ്‌ഛശിലംകൊണ്ടോ ചോദിക്കാതെതന്നെ യാദൃച്ഛികമായി ലഭിക്കുന്നതുകൊണ്ടോ ഉപജീവിക്കുന്നത്‌ ഉത്തമമെന്നു കരുതപ്പെടുന്നു; പ്രതേ്യകിച്ചും ബ്രാഹ്മണർക്കാണ്‌ ഈ വിധത്തിലുള്ള ജീവിതരീതി വിധിക്കപ്പെട്ടിരിക്കുന്നത്‌. കർഷകവൃത്തിയിലോ വ്യാപാരത്തിലോ ഏർപ്പെട്ടുള്ള ജീവിതം അവർക്കു പാടില്ല. ദാനം, പ്രതിഗ്രഹം തുടങ്ങിയവയെല്ലാം താരതമേ്യന നീചമായ പ്രവൃത്തികളാണ്‌. ഉത്തമമായ രീതിയാണ്‌ പരാശ്രയംകൂടാതെയുള്ള ജീവിതം. ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന ധാന്യങ്ങള്‍ പെറുക്കിയെടുത്ത്‌ അതുകൊണ്ട്‌ തൃപ്‌തിപ്പെടണം. നിഷ്‌കാമമായ ഒരു ജീവിതത്തിന്‌ ഇതത്ര നല്ലത്‌.

ഋതവും സത്യവും ജീവിതത്തോടു ബന്ധപ്പെട്ടിരിക്കുന്നു. എന്നുമാത്രമല്ല പ്രപഞ്ചത്തിന്റെ തന്നെ കെട്ടുറപ്പിന്‌ അടിസ്ഥാനമായി വർത്തിക്കുന്നു എന്നുകൂടി സങ്കല്‌പിക്കപ്പെട്ടുപോരുന്നു. (ഡോ. എന്‍.പി. ഉണ്ണി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8B%E0%B4%A4%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍