This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഋണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഋണം

Debt

പണശാസ്‌ത്രത്തിലും ബജറ്റ്‌ശാസ്‌ത്രത്തിലും ഋണം എന്ന പദത്തിനു രണ്ടുതരത്തിലുള്ള അർഥം കല്‌പിച്ചിരിക്കുന്നു. പണശാസ്‌ത്രത്തിൽ പണംതന്നെ ഒരു ഋണമാണ്‌. "ഐ.ഒ.യു.' (I owe you)എന്നാൽ എനിക്കു നിങ്ങളോട്‌ ബാധ്യതയുണ്ടെന്ന്‌ പറയുകയാണ്‌. അതായത്‌ വ്യക്തികള്‍ തമ്മിലുണ്ടാകുന്ന ക്രയവിക്രയങ്ങളുടെ ഫലമായി ഏതെങ്കിലും ഒരു വ്യക്തിക്ക്‌ മറ്റൊരുവനോട്‌ ബാധ്യത ബാക്കി നിന്നേക്കാം. പണവും ഒരു ബാധ്യതയാണ്‌. പണമാകുന്ന കറന്‍സി ഒരു ഉപാധിമാത്രം. പണക്കമ്പോളത്തിൽ കറന്‍സിക്കു പുറമേ മറ്റു പല ഉപാധികളെയും ഋണമായി കരുതുന്നുണ്ട്‌. ബാങ്ക്‌ ചെക്ക്‌, ബാങ്ക്‌ ഡ്രാഫ്‌റ്റ്‌, ഗവണ്‍മെന്റ്‌ സെക്യൂരിറ്റികള്‍, പലതരം ബോണ്ടുകള്‍ എന്നിവ ഋണത്തിന്റെ പ്രതീകങ്ങളാണ്‌. വികസിതരാഷ്‌ട്രങ്ങളിൽ ക്രയവിക്രയങ്ങള്‍ക്ക്‌ കറന്‍സിയെക്കാള്‍ കൂടുതൽ കറന്‍സിക്കു സദൃശമായ ഋണ-ഉപാധികള്‍ (instruments of debt) ഇന്ന്‌ ഉപയോഗിക്കപ്പെടുന്നു. കറന്‍സിയെ എളുപ്പത്തിൽ നിയന്ത്രിക്കാമെങ്കിലും മറ്റ്‌ ഋണ-ഉപാധികളെ നിയന്ത്രിക്കുക വിഷമമാണ്‌. പണനയം കൊണ്ടുദ്ദേശിക്കുന്നത്‌ കറന്‍സി ഉള്‍പ്പെടെയുള്ള എല്ലാ ഋണോപാധികളെയും നിയന്ത്രിക്കുക എന്നതാണ്‌. അപ്പോഴേ പൂർണതൊഴിൽ സ്ഥിതിയും (full employment) വിലസ്ഥിരതയും അടച്ചു ബാക്കിസ്ഥിരതയും മറ്റും കൈവരുത്താന്‍ സാധിക്കുകയുള്ളൂ.

ബജറ്റ്‌ ശാസ്‌ത്രത്തിൽ ഋണം എന്ന പദംകൊണ്ടുദ്ദേശിക്കുന്നത്‌ പൊതുക്കടത്തെയാണ്‌. വരുമാനത്തെക്കാള്‍ കൂടുതൽ ചെലവുവന്നാൽ ബജറ്റ്‌ കമ്മിയാകും. കമ്മിനികത്താന്‍ നികുതിവർധനവോ കമ്മിപ്പണവിനിയോഗമോ വേണ്ടിവരും. കമ്മിപ്പണവിനിയോഗം രണ്ടുതരത്തിലാകാം. പുതിയപണം നിർമിച്ച്‌ ബജറ്റ്‌കമ്മി നികത്തുകയാണ്‌ ഒരു മാർഗം. ചെലവഴിക്കാതെ ജനങ്ങള്‍ കൈയിൽവച്ചിരിക്കുന്ന പണം പൊതുക്കടംവഴി സർക്കാർ സ്വരൂപിച്ച്‌ ചെലവുകള്‍ നടത്തുകയാണ്‌ രണ്ടാമത്തെ മാർഗം. ഇതിൽ രണ്ടാമത്തെ നടപടി സ്വീകരിച്ചാൽ സർക്കാരിന്‌ ഋണബാധ്യതയുണ്ടാകുന്നു. ജനങ്ങളിൽനിന്നു കടം വാങ്ങുന്നതുപോലെതന്നെ, കേന്ദ്രബാങ്കിൽനിന്നും മറ്റു ബാങ്കിങ്‌ സ്ഥാപനങ്ങളിൽനിന്നും സർക്കാരിന്‌ കടം എടുക്കാം. ഹ്രസ്വകാലത്തേക്കാണെങ്കിൽ ട്രഷറി ബില്ലുകള്‍ വഴി കടമെടുക്കാം. ദീർഘകാലത്തേക്കാണെങ്കിൽ ബോണ്ടുകളും ചെറുകിട-ദീർഘകാല മിച്ച സമ്പാദ്യപദ്ധതികളും മറ്റും വേണ്ടിവരും. ഇന്ത്യയിൽ ബജറ്റ്‌ ശാസ്‌ത്രമനുസരിച്ച്‌ ഋണം എന്ന പദത്തിന്റെ വിവക്ഷയിൽ ട്രഷറി ബില്ലുകള്‍, ലഘുസമ്പാദ്യം, സ്റ്റേറ്റ്‌ പ്രാവിഡന്റ്‌ ഫണ്ട്‌, പബ്ലിക്‌ പ്രാവിഡന്റ്‌ഫണ്ട്‌, ആനുയിറ്റി നിക്ഷേപങ്ങള്‍, വിവിധതരം കരുതൽ നിധികള്‍, നിക്ഷേപനിധികള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവയെ എല്ലാംകൂടി സർക്കാരിന്റെ ഋണബാധ്യതകള്‍ (debt liabilities) െഎന്നുവിളിക്കാം. ആഭ്യന്തര ഋണബാധ്യതകള്‍ കൂടാതെ ഒരോ രാഷ്‌ട്രത്തിനും വിദേശ ഋണബാധ്യതയും ഉണ്ടാകും. വിദേശക്കടം വാങ്ങുമ്പോഴാണ്‌ ഇതുണ്ടാകുന്നത്‌. സാമ്പത്തികാസൂത്രണം തുടങ്ങിയതിൽപ്പിന്നെ ഭാരതത്തിന്റെ വിദേശ ഋണബാധ്യത അഭൂതപൂർവമായി വർധിച്ചു. 1951-ൽ ആഭ്യന്തര ഋണം (inetrnal debt) 2,022 കോടി രൂപയായിരുന്നത്‌ 2012-ൽ 41,81,542 കോടി രൂപയായി. അതേസമയം വിദേശ ഋണം (external debt) 1951-ൽ 32 കോടി രൂപയായിരുന്നത്‌ 2012-ൽ 1,70,846 കോടി രൂപയായി. ആകെ ഋണം 2,054 കോടി രൂപയായിരുന്നത്‌ 43,52,389 കോടി രൂപയായി വർധിച്ചു; റിസർവ്‌ ബാങ്ക്‌, ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ്‌ കമ്പനികള്‍, പ്രാവിഡന്റ്‌ ഫണ്ട്‌ എന്നീ ഏജന്‍സികളാണ്‌ ആഭ്യന്തരഋണത്തിന്റെ ഉത്തമർണർ. റിസർവ്‌ ബാങ്ക്‌ മാത്രം ഋണത്തിന്റെ 35 ശതമാനവും കൈക്കലാക്കിയിരിക്കുന്നു; ബാങ്കിങ്‌ സ്ഥാപനങ്ങള്‍ ഏതാണ്ട്‌ 25 ശതമാനവും ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കോർപ്പറേഷന്‍ ഏകദേശം 15 ശതമാനവും.

ആഭ്യന്തര ഋണത്തെ അതിന്റെ കാലാവധി അനുസരിച്ച്‌ വിഭജിക്കാം. ഭാരതത്തിൽ 60 ശതമാനവും ഉറുപ്പിക ഋണവും ഹ്രസ്വകാലത്തേക്കുള്ളതാണ്‌. കാലാവധി ഇല്ലാത്ത ഋണവും ഉണ്ട്‌; പക്ഷേ അത്‌ ഏതാണ്ട്‌ 10 ശതമാനം മാത്രമേയുള്ളൂ. ദേശീയവരുമാനത്തിന്റെ 45-50 ശതമാനം വരുന്ന ഇന്ത്യയുടെ ഋണം അത്ര വലുതല്ല. ബ്രിട്ടനിൽ ദേശീയവരുമാനത്തിന്റെ 170 ശതമാനം വരെ വന്നു ഋണം; യു.എസ്സിലേത്‌ 68 ശതമാനവും.

പൊതുഋണത്തിന്റെയും(public debt) നേികുതിയുടെയും ലക്ഷ്യം ഒന്നുതന്നെ-വർധിച്ചുവരുന്ന പൊതുച്ചെലവുകള്‍ക്കു പണമുണ്ടാക്കുക. ഒരു വ്യക്തിയിൽനിന്നു മറ്റൊരു വ്യക്തിയിലേക്കു വിഭവങ്ങള്‍ കൈമാറ്റം ചെയ്യുകയാണ്‌ രണ്ടും ചെയ്യുന്നത്‌. ഒരു വ്യത്യാസംമാത്രം. നികുതി കൊടുക്കുന്ന വ്യക്തി അയാളുടെ ഉപഭോഗം കുറയ്‌ക്കാന്‍ നിർബന്ധിതനാകുന്നു. അതിനുപകരം അയാള്‍ക്ക്‌ എന്തെങ്കിലും നഷ്‌ടപരിഹാരം കിട്ടുമോ എന്നു തീർച്ചയില്ല. സർക്കാരിന്‌ കടം കൊടുക്കുന്ന വ്യക്തി അയാള്‍ ഭൂതകാലത്ത്‌ മിച്ചംവച്ചു സമ്പാദിച്ച തുകയാണ്‌ നല്‌കുന്നത്‌. ഉപഭോഗം കുറയ്‌ക്കേണ്ട ഒരു കാര്യവുമില്ല. കൂടാതെ കുറച്ചുകാലത്തിനുശേഷം സർക്കാർ ഋണബാധ്യത തീർക്കുമ്പോള്‍ ആ വ്യക്തിക്ക്‌ കടം കൊടുത്ത പണത്തിനുപുറമേ പലിശയും കിട്ടുന്നു. ഋണബാധ്യത തീർക്കാന്‍ സർക്കാരിന്‌ അഞ്ചു നടപടികളെടുക്കാം: (i) നികുതി വർധിപ്പിച്ച്‌ കടം തിരിച്ചുകൊടുക്കാനുള്ള വരുമാനമുണ്ടാക്കുക; (ii)പുതിയ കടം എടുത്ത്‌ പഴയതു വീട്ടുക; (iii) വർഷന്തോറും നികുതിവരുമാനത്തിൽനിന്നും ഒരു നിശ്ചിത തുക മാറ്റിവച്ച്‌ ഒരു സിങ്കിങ്‌ ഫണ്ട്‌ ഉണ്ടാക്കി അതിൽനിന്നു കടം കാലാവധിയാകുമ്പോള്‍ വീട്ടുക; (iv) കടം വാങ്ങിയ തുക മടക്കിക്കൊടുക്കുകയില്ലെന്നു വ്യക്തമാക്കുക (repudiation). ഈ നടപടി തീർച്ചയായും സർക്കാരിന്റെ സത്‌പേരിനെ ബാധിക്കും. യുദ്ധകാലത്തുണ്ടായ കടങ്ങളുടെ കാര്യത്തിൽ ഈ നടപടി പല രാഷ്‌ട്രങ്ങളും കൈക്കൊണ്ടിട്ടുണ്ട്‌. വിദേശ ഋണത്തിന്റെ കാര്യത്തിൽ ഇത്തരം നടപടികള്‍ സ്വീകരിച്ചാൽ രാഷ്‌ട്രീയമായ കോളിളക്കങ്ങള്‍ ഉണ്ടാകും; (v)കരുതിക്കൂട്ടി പണപ്പെരുപ്പമുണ്ടാക്കി അതിൽനിന്നു ഋണബാധ്യത തീർക്കാനുള്ള പണമുണ്ടാക്കുക. ഈ നടപടി വാണിജ്യത്തിനും വ്യവസായത്തിനും ക്ഷതമേല്‌പിക്കും.

പൊതുഋണത്തിന്റെ ഭാരം ആരിലാണ്‌ പതിക്കുന്നത്‌? പുറംകാഴ്‌ചയിൽ ആഭ്യന്തരഋണത്തിന്റെ ഭാരം ഒട്ടുംതന്നെയില്ല എന്നു പറയാം. മിച്ച സമ്പാദ്യമുള്ളവരിൽനിന്നും കടമെടുത്ത്‌ പാവപ്പെട്ടവരുടെ ക്ഷേമത്തിനുവേണ്ടി ചെലവഴിക്കുകയാണ്‌ സർക്കാർ സാധാരണ ചെയ്യുന്നത്‌. കടവും അതിലുള്ള പലിശയും ഒരു വിഭാഗക്കാരിൽനിന്നും മറ്റൊരു വിഭാഗക്കാരോടുള്ള കൈമാറ്റം മാത്രം. എന്നാൽ ഋണം ഭാരിച്ചതായാൽ പലിശയടവുകളും ഭാരിച്ചതാകും. ഋണബാധ്യത കൂടിയാൽ നികുതിനിരക്കുകള്‍ വർധിപ്പിക്കേണ്ടിവരും. അങ്ങനെയുണ്ടാകുന്ന നികുതിഭാരം ഋണഭാരം തന്നെ. ആരിൽനിന്നാണ്‌ നികുതി പിരിക്കുന്നത്‌, ആരാണ്‌ ബോണ്ടുകളും സെക്യൂരിറ്റികളും വാങ്ങി പൊതുക്കടത്തിൽ നിക്ഷേപിക്കുന്നത്‌ എന്നതിനെ ആശ്രയിച്ചിരിക്കും ഋണഭാരത്തിന്റെ വിതരണം. വിദേശഋണത്തിന്റെ ഭാരം അന്താരാഷ്‌ട്രവാണിജ്യത്തിലുണ്ടാകുന്ന "ടേംസ്‌ ഒഫ്‌ ട്രഡ്‌' മാറ്റങ്ങളിൽ നിഴലിക്കുന്നു.

ഋണം കൈകാര്യം ചെയ്യുന്നത്‌ എളുപ്പമല്ല. കാലദൈർഘ്യം, പലിശനിരക്ക്‌, വില്‌പനയോഗ്യതയും സാധ്യതയും (marketability), വില്‌പനക്കുള്ള വില (issue price)എന്നിവ ശ്രദ്ധാപൂർവം നിർണയിക്കണം. പണനയം, നികുതിചെലവുനയം, ഋണനയം എന്നിവ സംയോജിപ്പിച്ച്‌ നടപ്പാക്കണം. വികസിത രാഷ്‌ട്രങ്ങളിൽ പൂർണ തൊഴിൽസ്ഥിതിയും വിലസ്ഥിരതയും സ്ഥാപിക്കാനും ആകെ ചോദനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ തടയാനും ഋണമാനേജ്‌മെന്റ്‌ ശ്രദ്ധിക്കുന്നു. വികസ്വര രാഷ്‌ട്രങ്ങളിൽ വികസന പ്രവർത്തനങ്ങള്‍ക്കു പണമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രമാണ്‌ ഋണമാനേജ്‌മെന്റിനുള്ളത്‌.

ആദായകരവും ക്ഷേമകരവുമായ ആസ്‌തികള്‍ക്കുവേണ്ടി ഉണ്ടാക്കുന്ന ഋണത്തെ സജീവഋണം(living debt)എന്നുപറയുന്നു. ആസ്‌തികളുമായി ഒരു ബന്ധവുമില്ലാത്ത ഋണവുമുണ്ട്‌ (dead-weight debt). ഹ്രസ്വകാലത്തിനുശേഷം (സാധാരണ മൂന്നുമാസം) ട്രഷറിബില്ലുകള്‍, ആറാംമാസം തിരിച്ചുകൊടുക്കേണ്ട ട്രഷറി ഡെപ്പോസിറ്റ്‌ രസീതുകള്‍, സർക്കാരിനു കൊടുക്കുന്ന വേയ്‌സ്‌ ആന്‍ഡ്‌ മീന്‍സ്‌ അഡ്വാന്‍സ്‌ എന്നിവ മൂന്നും കൂടിച്ചേർന്നാൽ ഫ്‌ളോട്ടിങ്‌ ഡെറ്റ്‌ ആകും. ബ്രിട്ടനിൽ ഇവയ്‌ക്കു പുറമേ ഒരിക്കലും കാലാവധിയെത്താത്ത കണ്‍സോള്‍സും വിവിധ കാലദൈർഘ്യമുള്ള പലതരം ബോണ്ടുകളും ഫ്‌ളോട്ടിങ്‌ ഡെറ്റിൽപ്പെടും.

1919-ലെ ഗവണ്‍മെന്റ്‌ ഒഫ്‌ ഇന്ത്യാ നിയമമാണ്‌ പ്രാവിഷ്യന്‍ ഗവണ്‍മെന്റുകള്‍ക്ക്‌ പൊതുഋണത്തിൽ ഏർപ്പെടാന്‍ നിയമാനുവാദം നല്‌കിയത്‌. കേന്ദ്രത്തിൽ നിന്നു പ്രാവിന്‍ഷ്യൽ ഗവണ്‍മെന്റുകള്‍ കടം എടുത്തിരുന്നു. അങ്ങനെയുണ്ടായ ഋണഭാരം പില്‌ക്കാലത്ത്‌ സർ ഓട്ടോ നീമെയെർ സമിതിയുടെ നിർദേശപ്രകാരം കേന്ദ്രഗവണ്‍മെന്റ്‌ റദ്ദാക്കി. 1950-ലെ ഭരണഘടനയിലെ 292, 293 വകുപ്പുകളനുസരിച്ച്‌ പാർലമെന്റ്‌ നിശ്ചയിക്കുന്ന പരിധിക്കകത്ത്‌ കണ്‍സോളിഡേറ്റഡ്‌ ഫണ്ടിന്റെ ഉറപ്പിന്മേൽ യൂണിയന്‍ ഗവണ്‍മെന്റിന്‌ പൊതുക്കടമെടുക്കാം. സംസ്ഥാന ഗവണ്‍മെന്റുകളുടെ കാര്യത്തിൽ ഈ പരിധി നിശ്ചയിക്കുന്നത്‌ നിയമസഭകളാണ്‌. 293-ാം വകുപ്പനുസരിച്ച്‌ യൂണിയന്‍ ഗവണ്‍മെന്റ്‌ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക്‌ വായ്‌പ നല്‌കുന്നു. 1991-ലെ സാമ്പത്തിക പരിഷ്‌കാരങ്ങളെത്തുടർന്ന്‌ കേന്ദ്രഗവണ്‍മെന്റിന്റെ അനുമതിയോടെ, സംസ്ഥാന സർക്കാരുകള്‍ക്ക്‌ വിദേശവായ്‌പ സ്വീകരിക്കാവുന്നതാണ്‌. സമീപകാലത്ത്‌ "ഏഷ്യന്‍ വികസന ബാങ്കിൽ' നിന്നും കേരളാസർക്കാർ സ്വീകരിച്ച വായ്‌പ ഇതിനുദാഹരണമാണ്‌. യൂണിയന്‍ ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റുകളും ഒരേ സമയത്ത് പൊതുക്കടം എടുക്കാന്‍ നടപടികളെടുത്താൽ അത്‌ അനാരോഗ്യകരമായ കിടമത്സരം ഉണ്ടാക്കും. ഇതു തടയുന്നതിനുവേണ്ടി റിസർവ്‌ ബാങ്ക്‌ ഋണത്തിന്റെ മാനേജ്‌മെന്റ്‌ പൂർണമായും ഏറ്റെടുത്തിരിക്കുന്നു.

(ഡോ. കെ. രാമചന്ദ്രന്‍ നായർ)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8B%E0%B4%A3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍