This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഋചീകന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഋചീകന്‍

1. പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ഋഷി. ഔർവന്റെ പുത്രനും ജമദഗ്നിയുടെ പിതാവും പരശുരാമന്റെ പിതാമഹനുമായിരുന്നു. ചന്ദ്രവംശജരാജാവായ ഗാഥിയുടെ മകള്‍ സത്യവതിയെ ഋചീകന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. വൃദ്ധനായ ഋചീകന്‌ തന്റെ മകളെ വിവാഹം ചെയ്‌തുകൊടുക്കുന്നതിന്‌ ഗാഥീരാജാവിന്‌ ഇഷ്‌ടമില്ലായിരുന്നു; എന്നാൽ ബ്രാഹ്മണനെ നിരാശപ്പെടുത്തുന്നതിനും അദ്ദേഹത്തിനു വൈമനസ്യമുണ്ടായിരുന്നു. ചെവിമാത്രം കറുത്ത ആയിരം വെളുത്ത കുതിരകളെ നല്‌കുന്നപക്ഷം തന്റെ മകളെ ഋചീകന്‌ കല്യാണം ചെയ്‌തുകൊടുക്കാമെന്ന്‌ രാജാവ്‌ സമ്മതിച്ചു. ഋചീകന്‍ വരുണനെ പ്രസാദിപ്പിച്ചതിന്റെ ഫലമായി ഗംഗാനദിയിൽനിന്ന്‌ ആയിരം കുതിരകള്‍ പൊങ്ങിവന്നു. ഈ കുതിരകളെ കൊടുത്ത്‌ ഋചീകന്‍ സത്യവതിയെ വിവാഹം ചെയ്‌തു. ഒരിക്കൽ സത്യവതി ഋചീകന്റെ അടുക്കൽച്ചെന്ന്‌ തനിക്കൊരു പുത്രനുണ്ടാകണമെന്ന്‌ അപേക്ഷിച്ചു. സത്യവതിയുടെ അമ്മയ്‌ക്കും ഒരു പുത്രന്‍ ഉണ്ടാകണമെന്ന്‌ അവർ ആഗ്രഹിച്ചു. ഋചീകന്റെ ഹോമത്തിനുശേഷം രണ്ടു ചോറുരുളകളുണ്ടാക്കി ഒന്ന്‌ സത്യവതിക്കും മറ്റേത്‌ അമ്മയ്‌ക്കും കൊടുത്തു. ഉരുള ഭക്ഷിച്ചതിന്റെ ഫലമായി സത്യവതിക്ക്‌ ജമദഗ്നിയും മാതാവിനു വിശ്വാമിത്രനും ജനിച്ചു; ഋചീകന്‌ പിന്നീട്‌ മൂന്നു പുത്രന്മാർ കൂടിയുണ്ടായി: ശുനഃപുച്ഛന്‍, ശുനശ്ശേഫന്‍, ശുനോപാംഗുലന്‍. ശിവനും വിഷ്‌ണുവും തമ്മിലുണ്ടായ യുദ്ധത്തിനുശേഷം ശിവന്‍ തന്റെ വില്ല്‌ വിദേഹരാജാവായ ദേവരാതനും വിഷ്‌ണു തന്റേത്‌ ഋചീകനും കൊടുത്തു. ഋചീകനിൽനിന്ന്‌ അത്‌ ജമദഗ്നിക്കും അദ്ദേഹത്തിൽനിന്നു പരശുരാമനും ലഭിച്ചു. ഋചീകന്‍ സ്വർഗാരോഹണം ചെയ്‌തുവെന്നും സത്യവതി അദ്ദേഹത്തെ പിന്തുടർന്നുവെന്നും സത്യവതി കൗശികി എന്ന പേരിൽ ഒരു നദിയായി മാറി ഉത്തരഭാരതത്തിൽക്കൂടി ഒഴുകി എന്നും പറയപ്പെടുന്നു (വാല്‌മീകീരാമായണം ബാലകാണ്ഡം 34-ാം സർഗം).

2. പന്ത്രണ്ട്‌ ആദിത്യന്മാരിലൊരാള്‍ക്കും ഋചീകന്‍ എന്നുപേരുണ്ട്‌. ഭരതചക്രവർത്തിയുടെ പൗത്രനും ദ്യ്രുമന്യുവിന്റെ പുത്രനുമായ ഒരു രാജാവും ഈ പേരിൽ അറിയപ്പെട്ടിരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8B%E0%B4%9A%E0%B5%80%E0%B4%95%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍