This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഊർധ്വവേധനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഊർധ്വവേധനം

Intrusion

ഭൂമിയുടെ അന്തർഭാഗത്തുനിന്ന്‌ സാന്ദ്രത കുറഞ്ഞ ശിലാദ്രവ്യങ്ങള്‍, വിവർത്തനിക പ്രക്രിയ, ഗുരുത്വാകർഷണം എന്നിവയുടെ വെണ്ണേറെയോ, കൂട്ടായോ ഉള്ള പ്രവർത്തനംമൂലം ഉപരിസ്ഥിതമായ പടലങ്ങളിലേക്ക്‌ തുളച്ചുകയറുന്ന പ്രതിഭാസം. ഡോം (dome), ഡൈക്ക്‌ (dyke), കൂണ്‍, നീർത്തുള്ളി തുടങ്ങിയ സവിശേഷ ആകൃതികളാണ്‌ ഊർധ്വവേധനത്തിലൂടെ ഉദ്‌ഭൂതമാകുന്ന ശിലാദ്രവ്യങ്ങള്‍ക്കുള്ളത്‌. ഗതിശീലതയുള്ള അധഃസ്ഥിതദ്രവ്യം ഭംഗുരമായ ഉപരിശിലകളിലേക്ക്‌ ഊർധ്വവേധനം നടത്തിയുണ്ടാകുന്ന ഘടനകളെ ഡയാപിർ എന്നു വിശേഷിപ്പിക്കുന്നു. സാള്‍ട്ട്‌ഡോം ഇതിന്‌ ഉത്തമദൃഷ്‌ടാന്തമാണ്‌.

ഹാലൈറ്റ്‌, സിൽവൈറ്റ്‌, ജിപ്‌സം തുടങ്ങിയ ലവണങ്ങള്‍ (evaporites), ഉന്നത മർദാവസ്ഥയിലുള്ള ഷെയ്‌ൽ, പൈറോലൈറ്റ്‌, ഗ്രാനിറ്റിക ദ്രവ്യം തുടങ്ങിയവയാണ്‌ സാധാരണയായി ഊർധ്വവേധനത്തിനു വിധേയമാവുന്ന ഗതിശീലതയുള്ള പ്ലാസ്റ്റികദ്രവ്യങ്ങള്‍. ഇത്തരം ശിലാദ്രവ്യത്തിന്റെയും ഉപരിശിലകളുടെയും സാന്ദ്രത വിപര്യാസം, ആപേക്ഷിക ഗതിശീലത എന്നിവയ്‌ക്കനുസൃതമായി ഒരു ക്രാന്തിക (critical) കനത്തിൽക്കൂടിയ ഉപരിപടലം ഊർധ്വവേധനപ്രക്രിയയ്‌ക്ക്‌ അനിവാര്യമാണെന്നു കാണുന്നു. ഭൂഭ്രംശം, സ്‌ഖലനം, വിച്ഛിന്നത തുടങ്ങി ഉപരിസിലകളിലുള്ള ഘടനകളാൽ ഊർധ്വവേധന പ്രക്രിയയ്‌ക്ക്‌ സ്ഥാനീകരണം(localization) സംഭവിക്കുക സാധാരണമാണ്‌. ഉന്നതമർദാവസ്ഥയിൽ ഗതിശീലത വർധിക്കുന്ന, അന്തരിത ശിലാദ്രവ്യങ്ങള്‍, ഗുരുത്വാകർഷണഫലമായി മേല്‌പറഞ്ഞ തരത്തിലുള്ള മർദം കുറഞ്ഞ ഭാഗങ്ങളിൽ കുമിഞ്ഞുകൂടി, ക്രമേണ മുകളിലേക്കുയരുന്നു. വിവർത്തനികപ്രക്രിയ ഇതിന്‌ ആക്കം വർധിപ്പിക്കുന്നു. ലഭ്യതയ്‌ക്കനുസൃതമായി വളരുന്ന ലവണസ്‌തംഭം (പ്ലഗ്ഗ്‌) പാര്യന്തികമായി ഉപരിപടലങ്ങളെല്ലാംതന്നെ തകർത്തുകൊണ്ട്‌ ഉപരിതലത്തിലെത്താം. വളരുന്ന പ്ലഗ്ഗിലേക്കുള്ള പ്രവാഹം നിലച്ചാൽ വേധനപ്രക്രിയയ്‌ക്ക്‌ സ്‌തംഭനമുണ്ടാകാം.

സമുദ്രമധ്യ-വരമ്പുകളോടനുബന്ധിച്ച്‌ മാന്റിൽ ശിലാദ്രവ്യം

(പൈറൊലൈറ്റ്‌) ഊർധ്വവേധനംമൂലം പൊങ്ങിവരാം. മാഗ്മീയ അന്തർവേധനം നടക്കുമ്പോള്‍ ഉരുകിയ സിലിക്കേറ്റ്‌ ദ്രവ്യം ഊർധ്വവേധനം വഴി ആവരണശിലകളെ വിസ്‌ഫാരണംചെയ്‌ത്‌ ഗ്രാനിറ്റിക്‌ പിണ്ഡങ്ങളായി അവസ്ഥിതമാവുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍