This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഊർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഊർ

Ur

ദക്ഷിണ മെസൊപ്പൊട്ടേമിയയിലെ ചരിത്രപ്രധാനമായ നഗരം. ബാഗ്‌ദാദിന്‌ 185 മൈൽ തെക്കു കിഴക്കായാണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്‌. ടെന്‍-അന്‍ മുഖ്‌യർ- എന്നാണ്‌ നഗരം ഇന്ന്‌ അറിയപ്പെടുന്നത്‌. പ്രാചീന കാലങ്ങളിൽ യൂഫ്രട്ടീസ്‌ നദിയുടെ ഗതി ഈ നഗരത്തിന്‌ വളരെ അടുത്തുകൂടിയായിരുന്നു.

ഈ നഗരത്തെ സംബന്ധിച്ച ഉത്‌ഖനനങ്ങള്‍ ആദ്യമായി നടത്തിയത്‌ ബ്രിട്ടീഷ്‌ മ്യൂസിയത്തിലെ എച്ച്‌.ആർ. ഹാള്‍ എന്ന പുരാവസ്‌തുഗവേഷകനായിരുന്നു. പിന്നീട്‌ 1922-നും 34-നും ഇടയ്‌ക്കുള്ള കാലത്ത്‌ ബ്രിട്ടീഷ്‌ മ്യൂസിയവും പെന്‍സിൽവേനിയ സർവകലാശാലയും ചേർന്ന്‌ ഉത്‌ഖനനപ്രവർത്തനങ്ങള്‍ തുടർന്നു. ലിയോനാർഡ്‌ വൂളിയാണ്‌ രണ്ടാമത്തെ സംരംഭത്തിന്‌ നേതൃത്വം നൽകിയത്‌. ഈ ഉത്‌ഖനനങ്ങളുടെ ഫലമായി മെസൊപ്പൊട്ടേമിയന്‍ ചരിത്രത്തെ സംബന്ധിച്ചു കൂടുതൽ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌. തെക്കന്‍ മെസൊപ്പൊട്ടേമിയയിൽ ഉബൈദന്‍ ഗോത്രക്കാർ സ്ഥാപിച്ച ആദ്യത്തെ അധിനിവേശ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഊർ. ഒരു വെള്ളപ്പൊക്കത്തെത്തുടർന്ന്‌ ഗോത്രങ്ങള്‍ ഛിന്നഭിന്നമായി. ഉത്‌പത്തി പുസ്‌തകത്തിൽ പരാമൃഷ്‌ടമായ ജലപ്രളയം ഇതായിരിക്കാമെന്ന്‌ കരുതപ്പെടുന്നു. തുടർന്നുവന്ന ജമ്‌ദത്ത നസ്‌ർ കാലഘട്ടത്തിൽ നിർമിച്ചെതെന്നു കരുതപ്പെടുന്ന ഒരു സെമിത്തേരിയുടെ അവശിഷ്‌ടങ്ങള്‍ ഊർ നഗരത്തെ സംബന്ധിച്ച വിലപ്പെട്ട വിവരങ്ങള്‍ നല്‌കുന്നുണ്ട്‌.

ബി.സി. 25-ാം ശതകത്തിൽ സുമേറിയന്‍ രാജവംശത്തിന്റെ ഭരണകാലത്ത്‌ ഊർ ദക്ഷിണ മെസൊപ്പൊട്ടേമിയയുടെ തലസ്ഥാനമായിരുന്നു. ഈ രാജവംശത്തിനു മുമ്പുള്ള കാലത്ത്‌ നിർമിച്ചതെന്നു കരുതപ്പെടുന്ന ഒരു സെമിത്തേരിയുടെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഊർ ജനതയുടെ സമ്പന്നതയെയും കലാസംസ്‌കാരിക പാരമ്പര്യത്തെയും വിളിച്ചറിയിക്കുന്നവയാണ്‌ ഇവിടെനിന്നു ലഭിച്ച വസ്‌തുക്കള്‍. അക്കാലത്ത്‌ രാജപദവിയിലുള്ളവർ നിര്യാതരാകുമ്പോള്‍ ഒരു പ്രത്യേക ആചാരം നിലവിലിരുന്നു; മരണശേഷം പരലോകത്തിൽ രാജാവിനുവേണ്ടി സേവനം അനുഷ്‌ഠിക്കുന്നതിന്‌ രാജാവിനോടൊപ്പം കൊട്ടാരം ഉദ്യോഗസ്ഥന്മാരെയും ഭൃത്യവർഗത്തെയും സ്‌ത്രീകളെയും സംസ്‌കരിച്ചിരുന്നു. രാജാക്കന്മാരുടെ ശവകുടീരങ്ങളിൽനിന്നു കണ്ടെത്തിയിട്ടുള്ള സംഗീതോപകരണങ്ങളും ആയുധങ്ങളും ഫലകങ്ങളും സവിശേഷ ശ്രദ്ധയാകർഷിക്കുന്നുണ്ട്‌. ഒരു പ്രാചീന നാഗരികതയുടെ സംസ്‌കാരികോന്നമനത്തിനു സാക്ഷ്യംവഹിക്കുന്നവയാണ്‌ ഇവയെല്ലാം. ഊറിനു സമീപമുള്ള അൽ-ഉബായ്‌ദ്‌ എന്ന സ്ഥലത്തു നടത്തിയ ഉത്‌ഖനനത്തിൽ ആദ്യത്തെ ഊർവംശത്തിന്റെ കാലത്തു വിരചിതമായ ഒരു ചിത്രത്തിന്റെ അവശിഷ്‌ടങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. ബി.സി.-24-ാം നൂറ്റാണ്ടിൽ അക്കാദ്‌ ഭരിച്ചിരുന്ന സാർഗോണ്‍ എന്ന രാജാവിന്റേതെന്നു കരുതപ്പെടുന്ന ചില ശിലാലിഖിതങ്ങളും ഉത്‌ഖനനം ചെയ്യപ്പെട്ട കൂട്ടത്തിൽപ്പെടുന്നു. ബി.സി. 22-21 നൂറ്റാണ്ടുകളിലാണ്‌ മൂന്നാം ഊർ രാജവംശം പ്രാബല്യത്തിലിരുന്നത്‌. ഇക്കാലത്തെ മികച്ച വാസ്‌തുശില്‌പങ്ങളിൽ പ്രധാനം മൂന്നുനിലകളായി പണിയിക്കപ്പെട്ട സിഗുറത്ത്‌ ആണ്‌. ഇഷ്‌ടികകൊണ്ട്‌ പണിത ഈ കെട്ടിടത്തിന്റെ ഏറ്റവും മുകള്‍ഭാഗത്താണ്‌ ചാന്ദ്രദേവതയായ "നാന്നാ'യുടെ കിടപ്പറ സ്ഥാപിച്ചിട്ടുള്ളത്‌. ഈ സൗധത്തിന്റെ കീഴ്‌ഭാഗത്തിന്‌ 64 മീ. നീളവും 46 മീ. വീതിയുമുണ്ട്‌. ഇതിന്റെ ഉയരം 12 മീ.ആണ്‌. ഈ സൗധത്തിന്റെ വടക്കുകിഴക്കേ മുഖപ്പിൽ നൂറു പടികള്‍ വീതമുള്ള മൂന്നു വലിയ പടിക്കെട്ടുകള്‍ കാണപ്പെടുന്നു. ഊർ രാജവംശത്തിന്റെ സ്ഥാപകനായ ഊർ-നാമ്മു പണികഴിപ്പിച്ചതെന്നു കരുതപ്പെടുന്ന കിടപ്പറയുടെ താഴത്തെ ഭാഗം ഇപ്പോഴും സംരക്ഷിച്ചുവരുന്നുണ്ട്‌.

ബി.സി. 3,000-ത്തിനു ശേഷം പണികഴിപ്പിച്ചതെന്നു കരുതപ്പെടുന്ന കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. ഈ വാസ്‌തുശില്‌പങ്ങളിൽ വാസ്‌തുവിദ്യയുടെ സകല ലക്ഷണങ്ങളും പ്രകടമാണ്‌. തൂണുകളും കമാനങ്ങളും കുംഭകങ്ങളും ഒക്കെ ഈ രചനകളിലുമുണ്ട്‌. മൂന്നാം ഊർ രാജവംശകാലത്ത്‌ (ബി.സി. 21-6 നൂറ്റാണ്ടുകള്‍) നിർമിക്കപ്പെട്ട ശവകുടീരങ്ങളും ക്ഷേത്രങ്ങളും എലാമൈറ്റുകള്‍ നശിപ്പിച്ചുകളഞ്ഞു. ഇവയിൽ ചിലതൊക്കെ ഇസിന്‍, ലാർസാ രാജവംശങ്ങള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്‌. പേർഷ്യന്‍ ഉള്‍ക്കടലുമായി നദീമാർഗം ബന്ധപ്പെട്ടിരുന്ന ഊർ വിദേശവാണിജ്യത്തിന്റെ കേന്ദ്രവുമായിരുന്നു. അക്കാദിലെ സാർഗോണ്‍ രാജാവിന്റെ കാലംമുതല്‌ക്കേ ഇന്ത്യയുമായി ബന്ധപ്പെട്ടിരുന്നതായും തെളിവുകളുണ്ട്‌. ഊറിലെ രാജാക്കന്മാർ കയറ്റുമതി ചെയ്യുന്നതിനുവേണ്ടി ചരക്കുകള്‍ ബഹ്‌റയിനിലെ ദിൽമണിൽ എത്തിച്ചിരുന്നുവത്ര.

ഊറിലെ വാസകേന്ദ്രങ്ങളിൽനിന്ന്‌ ചില പ്രാചീന കളിമണ്‍ ഫലകങ്ങള്‍ കിട്ടിയിട്ടുണ്ട്‌. ലാർസാ കാലഘട്ടത്തിലും ബാബിലോണിലെ ഹമ്മുറാബിയുടെ കാലത്തും ഊറിലുണ്ടായിരുന്ന സ്വകാര്യവസതികള്‍ കുടുംബാംഗങ്ങള്‍ക്കു സൗകര്യമായി വസിക്കത്തക്കവച്ചം മെച്ചപ്പെട്ടതായിരുന്നു. ചില വസതികളിൽ പ്രാർഥനാമന്ദിരങ്ങളും ഉണ്ടായിരുന്നു. ഭരദേവതയെ പ്രതിഷ്‌ഠിച്ചിരുന്ന മന്ദിരങ്ങളിലാണ്‌ കുടുംബാംഗങ്ങളെ സംസ്‌കരിച്ചിരുന്നത്‌.

കുറേക്കാലത്തോളം ഊർ ശ്രദ്ധിക്കപ്പെടാതെ കിടന്നു. നവബാബിലോണിയന്‍ കാലഘട്ടത്തിൽ നെബുഖഡ്‌ നെസ്സാർ ക (604-562)ന്റെ ഭരണകാലത്ത്‌ ഈ നഗരം പുതിക്കിപ്പണിഞ്ഞു. ബാബിലോണിയന്‍ രാജാക്കന്മാരിൽ അവസാനത്തെയാളായ നബോനിഡസ്‌ സിഗുറത്ത്‌ ഇതു വീണ്ടും നവീകരിച്ചു. ഊർ പരിഷ്‌കരിക്കുന്നതിൽ പ്രത്യേകം ശ്രദ്ധചെലുത്തിയ അവസാനത്തെ രാജാവ്‌ അക്കമീനിയനായ "മഹാനാസ്‌ സൈറസ്‌' ആയിരുന്നു. അർട്ടാസെർക്‌സിസ്‌ കക-ന്റെ കാലത്തും ഊർ പുനരുദ്ധരിക്കാന്‍വേണ്ട ശ്രമങ്ങള്‍ നടത്തി. ഇക്കാലത്താണ്‌ യൂഫ്രട്ടീസ്‌ നദിയുടെ ഗതി മാറിയത്‌. ജലസേചനപദ്ധതികള്‍ പരാജയപ്പെട്ടതോടെ ഊർ മരുഭൂമിയായിത്തീരുകയും അവിടെ അധിവാസമുറപ്പിച്ചിരുന്നർ ഊർ വിട്ടുപോവുകയും ചെയ്‌തു. പുരാവസ്‌തുഗവേഷണങ്ങളുടെ ഫലമായി ഊറിന്റെ ചരിത്രത്തെയും ഊർ അധിവസിച്ചിരുന്ന ജനതയുടെ സാമൂഹിക-സാംസ്‌കാരിക ജീവിതത്തെയും കുറിച്ച്‌ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8A%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍