This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഊഷ്വായേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഊഷ്വായേ

Ushuaia

ഊഷ്വായേ നഗരം

അർജന്റീനയിലെ ടീറാ ദെൽ ഫ്യൂഗോ പ്രവിശ്യയുടെ തലസ്ഥാനം. "ലോകത്തിന്റെ അവസാനം' എന്നും ഊഷ്വായേ നഗരത്തെ വിശേഷിപ്പിക്കാറുണ്ട്‌. ഇത്‌ ലോകത്തിന്റെ ഏറ്റവും തെക്കേ അറ്റത്തെ നഗരമായി കണക്കാക്കപ്പെടുന്നു. ഐല ഗ്രാന്‍ഡീ ദ ടീറാദെൽ ഫ്യൂഗോ(Isla Grande de Tierra del Fuego)യുടെ തെക്കന്‍ തീരത്ത്‌ സ്ഥിതിചെയ്യുന്ന ഊഷ്വായേ പട്ടണത്തിന്റെ വടക്ക്‌ മാർഷൽ മലനിരകളും തെക്ക്‌ ബീഗിള്‍ ചാനലും ആണ്‌ അതിർത്തി നിർണയിക്കുന്നത്‌. മുന്‍സിപ്പാലിറ്റിയുടെ വിസ്‌തീർണം: 9,390 ച.കി.മീ. 19-ാം ശതകം വരെ യമാന(Yamana) ഇന്ത്യാക്കാരുടെ അധിവാസകേന്ദ്രമായിരുന്നു ഈ പട്ടണം. പില്‌ക്കാലത്ത്‌ അർജന്റീനിയന്‍ നേവിയുടെ നാവികത്താവളം (Naval Base), പീനൽകോളനി (Penal Colony), മിഷനറി ആസ്ഥാനം എന്നീ നിലകളിൽ പ്രശസ്‌തിയാർജിച്ചു. ഊഷ്വയേ ഇപ്പോള്‍ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്‌. ടൂറിസത്തെ പ്രാത്സാഹിപ്പിക്കുന്നതിനായി ഗവണ്‍മെന്റ്‌ പട്ടണത്തെ നികുതിരഹിതമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്‌.

നഗരത്തിലെ പ്രധാന ആകർഷണം ടീറാ ദെൽ ഫ്യൂഗോ നാഷണൽപാർക്കാണ്‌. ട്രക്കിങ്‌ അടക്കമുള്ള വിനോദസഞ്ചാരോപാധികള്‍ക്കുള്ള സൗകര്യങ്ങള്‍ പാർക്കിലുണ്ട്‌. ടീറാ ദെൽ ഫ്യൂഗോയുടെ ചരിത്രാവശിഷ്‌ടങ്ങളും ചരിത്രവും പ്രദർശിപ്പിക്കുന്ന മ്യൂസിയോ മരിടിമോ (Museo Maritimo) മ്യൂസിയവും വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്‌. ഒരു പുരാതന ജയിലായിരുന്നു മ്യൂസിയോ മരിടിമോ മ്യൂസിയം. മ്യൂസിയത്തിന്റെ ഭാഗമായ പ്രസിഡിയോ(Presido)യുടെ ഒരു ഭാഗത്ത്‌ പ്രാദേശിക കലാകാരന്മാരുടെ കലാസൃഷ്‌ടികള്‍ പ്രദർശിപ്പിച്ചിട്ടുള്ള ആർട്ട്‌ഗാലറിയുണ്ട്‌. മ്യൂസിയോഡെൽ ഫിന്‍ ഡെൽ മുണ്ഡൊ മ്യൂസിയത്തിൽ ടീറാദെൽ ഫ്യൂഗോയിലുള്ള പക്ഷികളുടെ വന്‍ശേഖരവും ടീറാ ദെൽ ഫ്യൂഗോയുടെ ചരിത്രപശ്ചാത്തലം മനസ്സിലാക്കാന്‍ ഒരു ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്‌. മ്യൂസിയോ മുണ്ഡൊ യമാന (Museo Mundo Yamana) എന്ന സ്വകാര്യമ്യൂസിയത്തിൽ യമാനന്‍ സാംസ്‌കാരിക പൈതൃകത്തെയും ചരിത്രത്തെയും കുറിച്ച്‌ അറിവു നൽകുന്ന വസ്‌തുതകളാണുള്ളത്‌. അന്റാർട്ടിക്കയിലേയ്‌ക്കുള്ള മിക്ക യാത്രകളും ആരംഭിക്കുന്നത്‌ ഊഷ്വായേയിൽ നിന്നാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8A%E0%B4%B7%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AF%E0%B5%87" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍