This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഊലൈറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഊലൈറ്റ്
oolite
മീന്‍മുട്ടയോടു സാദൃശ്യമുള്ളതും ഉരുണ്ട് മണൽത്തരിപോലെ കാണപ്പെടുന്നതുമായ കണികകളെയാണ് ഊലൈറ്റ് എന്ന പദംകൊണ്ട് അർഥമാക്കാറുള്ളത്. ഗോളാകാരമോ ദീർഘഗോളാകാരമോ ആയ സഹവർധിത കണികകളാണിവ; 0.25 മി.മീ മുതൽ 2.0 മി.മീ. വരെ വ്യാസമുണ്ടാകാം. കണികകളെയും അവ ഉള്‍ക്കൊള്ളുന്ന ശിലകളെയും ഊലൈറ്റ് എന്ന പദംകൊണ്ട് വിവക്ഷിച്ചുകാണാറുണ്ട്. ചുച്ചാമ്പുകല്ല്, ഡോളമൈറ്റ് എന്നീ ശിലകളിലാണ് ഇവ സാധാരണ കാണപ്പെടാറുള്ളത്. ഒരു വിശേഷണപദമായാണ് ഇപ്പോള്‍ ഇത് പ്രയോഗിച്ചുവരുന്നത്. ഉദാ. ഊലിറ്റിക ചുണ്ണാമ്പുകല്ല്, ഊലിറ്റിക ഘടന. മുട്ട, ശില എന്നീ അർഥങ്ങളുള്ള ഗ്രീക്കുപദങ്ങള്‍ ചേർന്നാണ് ഊലൈറ്റ് എന്ന പദം നിഷ്‌പന്നമായിട്ടുള്ളത്.
കാൽസൈറ്റ് ആധാത്രിയിൽ ഊലൈറ്റുകള്‍ ക്രമീകരിക്കപ്പെട്ടു രൂപംകൊള്ളുന്ന ശിലയാണ് ഊലിറ്റിക് - ചുച്ചാമ്പുകല്ല്. അയിർക്കല്ലിലും ഊലിറ്റികഘടന സാധാരണമാണ്. ലിമൊണൈറ്റ്, ചാമസൈറ്റ് തുടങ്ങിയവയ്‌ക്കും നൈസർഗികപ്രകൃതിയിൽ ഊലിറ്റിക ഘടന കാണാറുണ്ട്. ഏതെങ്കിലുമൊരു അന്യവസ്‌തുവിന്റെ സൂക്ഷ്‌മകണികയെ കേന്ദ്രീകരിച്ച് സകേന്ദ്രീയവും ആരീയവും തന്തുരൂപവുമായ ഘടനയാണ് ഊലൈറ്റുകള്‍ക്ക് പൊതുവെ ഉള്ളത്. അനുകൂലപരിതഃസ്ഥിതികളിൽ സിലിക്ക, ഡോളമൈറ്റ് തുടങ്ങിയവയായി പരിവർത്തിതമാകാം. ഊലൈറ്റിന്റെ അവസ്ഥിതിയെ സംബന്ധിച്ചു ഭിന്നാഭിപ്രായങ്ങളാണ് നിലവിലുള്ളത്. ജൈവവും അജൈവവുമായ പലേ നിദാനങ്ങളും നിർദേശിക്കപ്പെട്ടിട്ടുണ്ട്. ആൽഗ പോലുള്ള സൂക്ഷ്‌മ സസ്യങ്ങളും കൊളോയ്‌ഡുകളുമായുള്ള അന്യോന്യപ്രക്രിയകളാണ് ഊലൈറ്റുകള്‍ ഉദ്‌പാദിപ്പിക്കുന്നതെന്നാണ് ഒരഭിപ്രായം. ഏതെങ്കിലുമൊരു സൂക്ഷ്‌മകണികയെ കേന്ദ്രീകരിച്ചുള്ള അവക്ഷേപണം ഏറിയകൂറും ഊലൈറ്റുകളിൽ പ്രസ്‌പഷ്‌ടമാണ്. ആവർത്തിച്ചുള്ള അവക്ഷേപണവും വ്യക്തമാണ്. തിരമാലകളിലോ ഓളങ്ങളിലോ പെട്ട് മുന്നുംപിന്നുമായി നീങ്ങുന്നതുമൂലമാണ് ഗോളാകൃതി കൈവന്നിരിക്കുന്നതെന്ന് അജൈവാവിർഭാവസിദ്ധാന്തം സൂചിപ്പിക്കുന്നു. താപജലീയനിക്ഷേപങ്ങളിൽ ഊലിറ്റിക ചുച്ചാമ്പുകല്ല് രൂപംകൊള്ളുന്നുവെന്നതിനു തെളിവുകളുണ്ട്.
ഭൗമായുസ്സിലെ മിക്ക ഘട്ടങ്ങളിലും ഊലിറ്റികഘടനയുള്ള ശിലകള്‍ ഉണ്ടായിട്ടുണ്ട്. ജൂറാസിക് യുഗത്തിന്റെ മധ്യ, ഉത്തരഘട്ടങ്ങളിലെ ശിലാപ്രസ്‌തരങ്ങളിലാണ് വ്യാപകമായതോതിൽ ഊലൈറ്റുകള്‍ അവസ്ഥിതമായിക്കാണുന്നത്. ഊലൈറ്റിനോടു രൂപസാദൃശ്യമുള്ള മറ്റൊരിനം ശിലകളാണ് പീസൊലൈറ്റ്. പയർമണികളെപ്പോലെ ഘടനയുള്ള ഇവ കണികകളുടെ വലുപ്പംകൊണ്ട് ഊലൈറ്റുകളിൽനിന്നു വ്യതിരിക്തങ്ങളായിരിക്കുന്നു.
(ആർ. ഗോപി; സ.പ)