This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഊരുഭംഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഊരുഭംഗം

ഭാസന്‍ സംസ്‌കൃതഭാഷയിൽ രചിച്ച വ്യായോഗരൂപത്തിലുള്ള ഒരു ദൃശ്യകാവ്യം. എ.ഡി. 3-ാം ശതകത്തിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ഭാസകവി 23 നാടകങ്ങള്‍ രചിച്ചിട്ടുള്ളതായി രേഖപ്പെടുത്തിക്കാണുന്നുണ്ടെങ്കിലും ഊരുഭംഗം ഉള്‍പ്പെടെ 13 എച്ചം മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ.

മഹാഭാരതത്തിലെ ശല്യപർവത്തിൽ വിവരിക്കുന്ന ദുര്യോധനന്റെ അന്ത്യമാണ്‌ നാടകത്തിലെ കഥാവസ്‌തു. ഭാവപൂർണവും രചനാഭംഗി നിറഞ്ഞതുമായ ഈ കൃതി ഒരു ശോകാന്തനാടകമാണ്‌. തുടയിൽ തല്ലേറ്റ്‌ രണഭൂമിയിൽ അവശനായി വീണ ദുര്യോധനന്റെ അന്ത്യം കലാചാതുരിയോടെ കവി കൈകാര്യം ചെയ്‌തിരിക്കുന്നു. പ്രഖ്യാതമാണ്‌ ഇതിവൃത്തമെങ്കിലും നാടകീയതയ്‌ക്കുവേണ്ടി കഥാഗതിയിൽ സമുചിതമായ വ്യതിയാനങ്ങള്‍ കവി വരുത്തിയിട്ടുണ്ട്‌.

ഭീമന്റെ ഗദകൊണ്ടുള്ള തല്ലേറ്റ്‌ തുടചതഞ്ഞ്‌ രണാങ്കണത്തിൽ വിവശനായി വീണ ദുര്യോധനന്റെ സമീപത്ത്‌ ബലരാമന്‍ എത്തുന്നു. ഗദായുദ്ധമുറ തെറ്റിച്ച്‌ ചതിചെയ്‌ത ഭീമന്റെ പ്രവൃത്തിയിൽ ബലരാമന്‍ കഠിനമായി കോപിക്കുന്നു. എന്നാൽ ശ്രീകൃഷ്‌ണനാണ്‌ അതിന്‌ കാരണക്കാരനെന്ന്‌ ദുര്യോധനന്‍ പറഞ്ഞു. അപ്പോള്‍ അവിടെ എത്തിയ ധൃതരാഷ്‌ട്രരെയും ഗാന്ധാരിയെയും ഉപചരിക്കുവാന്‍ എഴുന്നേൽക്കാനാവാതെയും മടിയിലിരിക്കുവാന്‍ ശ്രമിച്ച പുത്രന്‍ ദുർജയനെ ഓമനിക്കുവാനാവാതെയും ദുര്യോധനന്‍ ദയനീയമായി വിലപിക്കുന്നു. സമീപത്തെത്തിയ രാജ്ഞിമാരെ സമാശ്വസിപ്പിച്ചിട്ട്‌ ദുർജയനോട്‌ ഇനി പാണ്ഡവരെ പിതൃതുല്യം കരുതണമെന്നും സുഭദ്ര, ദ്രൗപദി എന്നിവരെ മാതൃതുല്യം ആദരിക്കണമെന്നും ആവശ്യപ്പെടുന്നു. ദുര്യോധനന്റെ ഈ ദയനീയമായ അന്ത്യംകണ്ട്‌ കുപിതനായ അശ്വത്ഥാമാവ്‌ പാണ്ഡവരെ മുഴുവന്‍ താന്‍ വധിക്കുമെന്ന്‌ പ്രതിജ്ഞചെയ്യുന്നു. സ്വർഗസ്ഥരായ ശന്തനു മുതല്‌ക്കുള്ള പലരെയും സ്‌മരിച്ചുകൊണ്ട്‌ ദുര്യോധനന്‍ ഇഹലോകവാസം വെടിയുന്നു. ഇത്രയും കഥയാണ്‌ ഒരങ്കം മാത്രമുള്ള ഈ നാടകത്തിലുള്ളത്‌.

സംസ്‌കൃതനാടകങ്ങളിലെ കീഴ്‌വഴക്കങ്ങളെ ലംഘിച്ച്‌ രംഗത്ത്‌ മരണദൃശ്യം അവതരിപ്പിക്കുന്ന ഊരുഭംഗം അക്കാലത്ത്‌ ഒരു ധീരമായ പരീക്ഷണമായിരുന്നു. മറ്റു നാടകകൃത്തുക്കളെപ്പോലെ കവിയുടെ പേര്‌ നാടകാരംഭത്തിൽ സൂചിപ്പിച്ചിട്ടില്ല. ഊരുഭംഗത്തിൽ ദുര്യോധനന്‍ മുഖ്യകഥാപാത്രമാണെങ്കിലും നായകനല്ലെന്നും, കൃഷ്‌ണഭക്തന്മാർക്കു ശ്രീകൃഷ്‌ണന്റെ മഹിമാതിശയങ്ങളാണ്‌ വ്യക്തമാക്കുന്നതെന്നും, അതിനാൽ പാശ്ചാത്യമതപ്രകാരം ദുരന്തമായ ഈ കൃതി ഭാരതീയദൃഷ്‌ട്യാ ശുഭാന്തമാണെന്നും പ്രാഫ. കീത്ത്‌ അഭിപ്രായപ്പെട്ടിരിക്കുന്നു. വള്ളത്തോള്‍ നാരായണമേനോന്‍ ഊരുഭംഗം മലയാളത്തിൽ വിവർത്തനം ചെയ്‌തിട്ടുണ്ട്‌ (1919).

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8A%E0%B4%B0%E0%B5%81%E0%B4%AD%E0%B4%82%E0%B4%97%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍