This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഊരാളികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഊരാളികള്‍

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഒരു ഗിരിവർഗജനത. കറുത്ത നിറവും പരന്ന തലയും കൂർത്ത താടിയും കറുത്ത കച്ചുകളും ഇടതൂർന്ന പുരികങ്ങളും രോമാവൃതമായ ശരീരവും ഇവരുടെ പ്രത്യേകതകളാണ്‌. മറ്റു വർഗക്കാരെ അപേക്ഷിച്ച്‌ ഇവർക്ക്‌ ഉയരം കുറവാണ്‌.

ദേശത്തിന്റെ അധിപന്മാർ എന്നാണ്‌ ഊരാളി എന്നതിന്റെ അർഥമെന്നു പറയപ്പെടുന്നു. ആര്യവംശജരായ ആദിവാസികളാണ്‌ ഊരാളികള്‍ എന്ന്‌ അവർ അവകാശപ്പെടുന്നുണ്ട്‌. തമിഴും മലയാളവും കലർന്ന മിശ്രഭാഷയാണ്‌ അവർ സംസാരിക്കുന്നത്‌. വയനാട്ടിലെ ഊരാളിക്കുറുമന്മാരുമായോ മലബാറിലെ നായന്മാരായ ഊരാളികളുമായോ ഊരാളികള്‍ക്കു ബന്ധമില്ല. കേരള ഗവണ്‍മെന്റ്‌ പട്ടികവർഗക്കാരുടെകൂട്ടത്തിൽ ഊരാളികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. തമിഴ്‌നാട്ടിൽനിന്നു കേരളത്തിലെ വനപ്രദേശങ്ങളിൽ കുടിയേറിപ്പാർത്തവരാണ്‌ ഊരാളികള്‍ എന്നു കരുതപ്പെടുന്നു. പെരിയാർ തീരത്തെ നേരിയമംഗലം സന്ദർശിച്ച മധുരാപുരിയിലെ ഒരു രാജാവ്‌ കേരളത്തിലേക്കു കൂട്ടിക്കൊണ്ടുവന്നവരാണ്‌ ഊരാളികള്‍ എന്നൊരു ഐതിഹ്യമുണ്ട്‌. പില്‌ക്കാലത്ത്‌ അവർ ദേശത്തിന്റെ അധിപരായി. അറക്കുളവും തൊടുപുഴയും ഭരിച്ചിരുന്ന രാജാവിന്റെ സാമന്തന്മാരായിരുന്നു ഊരാളികള്‍ എന്നാണ്‌ മറ്റൊരു അഭിപ്രായം. മരുമക്കത്തായമായിരുന്നു അവരുടെ ദായക്രമം. ഇപ്പോള്‍ മക്കത്തായം അംഗീകൃതമായിട്ടുണ്ട്‌.

വന്യമൃഗങ്ങളുള്ള കാടുകളിലാണ്‌ ഊരാളികള്‍ പ്രായേണ വസിച്ചിരുന്നത്‌. മൂപ്പന്‍ സമ്പ്രദായം നിലനിൽക്കുന്നു. മൂപ്പനെ കാണി എന്നും വേലന്‍ എന്നും വിളിക്കുന്നു. മൂപ്പന്‍സ്ഥാനം പരമ്പരാഗതമാണ്‌. ശവം കുളിപ്പിച്ച്‌ തൈലലേപനം നടത്തി ശവക്കോടികൊണ്ടു പൊതിഞ്ഞ്‌ ആഴമുള്ള കുഴിയിൽ മറവുചെയ്യുന്നു. ശവം മറവുചെയ്‌ത സ്ഥലം തിരിച്ചറിയാന്‍ അവിടെ ഒരു വലിയ കല്ലുസ്ഥാപിക്കുന്ന പതിവുണ്ട്‌. പരേതന്റെ ബന്ധുക്കള്‍ 12 ദിവസത്തെ പുല ആചരിക്കുന്നു. 13-ാം ദിവസം പുലകുളിയും സദ്യയും നടത്തുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍