This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഊരാണ്മ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഊരാണ്മ
ക്ഷേത്രഭരണസമിതി അംഗങ്ങളുടെ അധികാരാവകാശങ്ങളാണ് ഊരാണ്മ. കേരളത്തിൽ ഇന്നത്തെ രീതിയിലുള്ള ക്ഷേത്രങ്ങളുടെ ആവിർഭാഗം എ.ഡി. 8-ാം നൂറ്റാണ്ടിലായിരുന്നു. കൊല്ലവർഷം ആദിശതകങ്ങളിൽ ഇവിടത്തെ ക്ഷേത്രങ്ങള്‍ ജനങ്ങളുടെ ആരാധനാകേന്ദ്രം മാത്രമായിരുന്നില്ല. കലാശാലകള്‍, ആതുരശാലകള്‍ മുതലായവയും ക്ഷേത്രങ്ങളോടനുബന്ധിച്ചാണ് നടത്തപ്പെട്ടിരുന്നത്. ക്ഷേത്രങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധയാകർഷിക്കാന്‍ അവിടെ സംഗീതവും നൃത്തവും മറ്റും നടത്തിവരുന്നു. ക്ഷേത്രങ്ങളുടെ പ്രവർത്തനമണ്ഡലം വളരെ വിശാലമായിരുന്നു. അവയ്‌ക്ക് വമ്പിച്ച വസ്‌തുക്കളുടെ ഉടമസ്ഥാവകാശവും ലഭിച്ചു. അതിന്റെ ഫലമായി സമർഥമായ ഒരു ഭരണരീതി ക്ഷേത്രങ്ങള്‍ക്ക് ആവശ്യമായിവന്നു; അങ്ങനെയാണ് ക്ഷേത്രങ്ങള്‍ക്ക് ഊരാളസമിതിയുണ്ടായത്. ഊരാളന്മാരെ തെരഞ്ഞെടുക്കുകയായിരുന്നു പതിവ്. അപ്രകാരമല്ലാതെയും ഉണ്ടായിട്ടുണ്ട്. ഊരാളസമിതി അംഗങ്ങള്‍ പ്രായേണ ബ്രാഹ്മണരായിരുന്നു; സഭപ്പെരുമക്കള്‍, സഭയാര്യർ, പരിടയാർ എന്നിങ്ങനെയും അവർ അറിയപ്പെട്ടിരുന്നു. ഊരാളസഭ രണ്ടുപേർ വീതമുള്ള ഒരു "വാരിയ'ത്തെ തെരഞ്ഞെടുക്കുകയും അവർ ഒരു നിശ്ചതകാലംവരെ ഭരണം നടത്തുകയുമായിരുന്നു പതിവ്. ആണ്ടുതോറും "വാരിയം' മാറാറുണ്ട്. ചില ഘട്ടങ്ങളിൽ അതിനും മാറ്റം വന്നിരുന്നു. ചില ക്ഷേത്രങ്ങളിൽ "വാരിയം' ഉണ്ടായിരുന്നില്ല. ആ സ്ഥാനം തവ (സഭ)പ്പൊതുവാള്‍, തമത്തിതന്‍ (സമഞ്‌ജിതന്‍) എന്നിവർ വഹിച്ചിരുന്നു. സമഞ്‌ജിതന്റെ ചുമതല ക്ഷേത്രങ്ങളിലെ വരവുചെലവു കണക്കുകള്‍ സൂക്ഷിക്കുകയാണ്. സമഞ്‌ജിതനെ സഹായിക്കാന്‍ ചില ക്ഷേത്രങ്ങളിൽ കീഴ്‌സമഞ്‌ജിതനും ഉണ്ടായിരുന്നു. തൃക്കാക്കര ക്ഷേത്രത്തിൽ വാരിയമോ പൊതുവാളോ ഉണ്ടായിരുന്നില്ല; ഉള്‍പ്പാടനും പെരുമുതിയനുമായിരുന്നു ആ സ്ഥാനങ്ങള്‍ വഹിച്ചത്. ഇങ്ങനെ ഊരാളസമിതി അംഗങ്ങളും അധികാരവും അവകാശവുമാണ് ഊരാണ്മ എന്ന സംവിധാനമായി പരിണമിച്ചത്. ഇതിൽനിന്നുദ്‌ഭവിച്ച "ഭജനം മൂത്ത് ഊരാണ്മ' എന്ന പഴമൊഴി ഇന്നും പ്രചാരത്തിലിരിക്കുന്നു.
""പാരാളുവാന്‍ കൊതിയൊടും ഭജനം മുഴുത്തി- ട്ടൂരാണ്മയെന്നു പറയുംമൊഴി സത്യമാക്കും
(ഉമാകേരളം) എന്ന പ്രയോഗം ഇവിടെ സ്‌മരണീയമാണ്.
(വി.ആർ. പരമേശ്വരന്‍ പിള്ള)