This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഊരകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഊരകം

കേരളത്തിൽ തൃശൂർ ജില്ലയിലെ ഒരു ഗ്രാമം. തൃശൂർ നഗരത്തിന്‌ 13 കി.മീ. തെക്ക്‌ പെരുമനം ഗ്രാമത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഊരകം, ഇവിടെയുള്ള അമ്മതിരുവടി ക്ഷേത്രംകൊണ്ട്‌ പ്രസിദ്ധമായ ഒരു തീർഥാടനകേന്ദ്രമായിത്തീർന്നിരിക്കുന്നു. ആറാട്ടുപുഴപ്പൂരത്തിൽ പങ്കെടുക്കുന്ന മൂർത്തികളിൽ ഊരകത്തമ്മ തിരുവടികള്‍ക്ക്‌ പ്രത്യേക പ്രാധാന്യമുണ്ട്‌. മണ്‍പാത്രനിർമാണം, ഓടുനിർമാണം എന്നിവ ഇവിടെ അഭിവൃദ്ധിപ്പെട്ടിട്ടുള്ള വ്യവസായങ്ങളാണ്‌. കൊച്ചി, കോഴിക്കോട്‌ എന്നീ രാജ്യങ്ങള്‍ തമ്മിലുണ്ടായ മാത്സര്യങ്ങള്‍ക്കിടയിൽ 17-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തോടെ ഊരകം സാമൂതിരിപ്പാടിന്റെ കൈവശത്തിലായി. 18-ാം ശതകത്തിന്റെ ആരംഭത്തിൽ ലന്തക്കാരുടെ സഹായത്തോടെ കൊച്ചിരാജാവ്‌ സാമൂതിരിയുടെ സൈന്യത്തെ നിശ്ശേഷം തുരത്തി, ഊരകം വീണ്ടെടുത്തു.

അമ്മതിരുവടി ക്ഷേത്രം

പ്രസിദ്ധമായ പെരുമനം ശിവക്ഷേത്രത്തിനു സമീപമായി ഊരകത്തമ്മ തിരുവടികളുടെ ക്ഷേത്രം സ്ഥിതിചെയ്യുന്നു. കൊച്ചിയും കോഴിക്കോടും തമ്മിൽ 18-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇവിടെ നടന്ന യുദ്ധങ്ങളിൽ കൊച്ചിയെ സഹായിക്കാന്‍ ബാലിദ്വീപിൽനിന്ന്‌ ഡച്ചുകാർ കൊണ്ടുവന്ന പടയാളികള്‍ ഈ ക്ഷേത്രത്തെ നിശ്ശേഷം നശിപ്പിച്ചു; പിന്നീട്‌ പുതുക്കിപ്പണിഞ്ഞത്‌ ശക്തന്‍തമ്പുരാന്റെ കാലത്താണ്‌ (1790-1805). തിരുവലയന്നൂർ ഭട്ടതിരി കാഞ്ചീപുരത്തു കാമാക്ഷീ ദേവിയെ ഭജിച്ച്‌ തന്റെ ഇല്ലത്തുകൊണ്ടുവന്നു പ്രതിഷ്‌ഠിച്ചുവെന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി, ഊരകത്തമ്മ തിരുവടികളെ "തിരുവലയന്നൂർ ഭഗവതി' എന്നും പറഞ്ഞുവരാറുണ്ട്‌. അങ്ങനെയാണ്‌ മഴമംഗലം നമ്പൂതിരി തന്റെ നൈഷധംചമ്പുവിൽ ദേവിയെ "വലയാധീശ്വരി വിശ്വനാഥേ' എന്ന്‌ സംബോധന ചെയ്യാനിടയായത്‌. ഇവിടത്തെ ദേവിയെക്കുറിച്ചുള്ള ഒരു പഴയ പാട്ടിൽ ഇങ്ങനെ കാണുന്നു:

 ""ഒരുവരുണ്ടേ ഭഗവതിമാർ
	  ഒരുവരിലുമഴകിയതോ;
	  അഴകിയതോ ഞാനറിവേന്‍
 	ഊരകത്തെബ്‌ഭഗവതിപോൽ!''
 

"അന്നമനട, ഊരകം, പെരുമനം, തൃശൂർ, തൃപ്രയാർ, തിരുവില്വാമല തുടങ്ങിയ വലിയ ക്ഷേത്രങ്ങളെല്ലാം ഗ്രാമക്ഷേത്രങ്ങളും സങ്കേതഭരണം നിർവഹിച്ചിരുന്ന സ്വതന്ത്രസ്ഥാപനങ്ങളും ആയിരുന്നു'വെന്ന്‌ ശക്തന്‍ തമ്പുരാന്‍ (Sakthan Thampuran) എന്ന കൃതിയിൽ പുത്തേഴത്ത്‌ രാമമേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8A%E0%B4%B0%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍