This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഊട്ടുപുര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഊട്ടുപുര

ഊട്ടുപുര: പദ്‌മനാഭപുരം കൊട്ടാരം

ബ്രാഹ്മണർക്ക്‌ അന്നദാനം നടത്തുന്നതിനായി ക്ഷേത്രങ്ങളോടു ചേർന്ന്‌ പണികഴിപ്പിച്ചുവന്ന വിശാലങ്ങളായ നെടുംപുരകള്‍. എ.ഡി. 18-ാം ശതകത്തിൽ മാർത്താണ്ഡവർമ മഹാരാജാവ്‌ തിരുവിതാംകൂർ രാജ്യം രൂപീകരിക്കുന്നതിനു വളരെ മുമ്പു മുതല്‌ക്കേ കേരളീയ ക്ഷേത്രങ്ങളോടനുബന്ധിച്ച്‌ വിദ്യാശാല, ധർമശാല തുടങ്ങിയവ നിർമിച്ചുവന്നിരുന്നു. ഇക്കൂട്ടത്തിൽ ഊട്ടുപുരയും ഉള്‍പ്പെടും. ബൗദ്ധസംസ്‌കാരത്തിന്റെ അവശിഷ്‌ടമായി ഇതിനെ കരുതിവരുന്നു. ഓരോ പ്രദേശത്തെയും ക്ഷേത്രങ്ങളോടുചേർന്ന്‌ മടപ്പള്ളി(പാചകശാല)യും ഊട്ടുപുരകളും നിലനിന്നിരുന്നതിന്റെ ലക്ഷ്യങ്ങള്‍ ഇപ്പോഴും കാണാവുന്നതാണ്‌. വലിയ ക്ഷേത്രങ്ങളിൽ വളരെ വലിയ ഊട്ടുപുരകളായിരിക്കുമുണ്ടാവുക. പ്രത്യേകാവസരങ്ങളിൽ ബ്രാഹ്മണഭോജനം നടത്തുന്നതിനുള്ള ഈ കെട്ടിടങ്ങളിൽ അനേകം പന്തികളായി ഇലവച്ച്‌ സദ്യ നടത്താന്‍ തക്ക സൗകര്യങ്ങളുണ്ടായിരിക്കും. തിരുവനന്തപുരം, വൈക്കം, ഹരിപ്പാട്‌ തുടങ്ങിയ ക്ഷേത്രങ്ങളിലെ ഊട്ടുപുരകള്‍ പ്രസിദ്ധങ്ങളാണ്‌. ബഹുശതം ബ്രാഹ്മണർ വിശേഷാവസരങ്ങളിൽ ക്ഷേത്രപരിസരത്ത്‌ എത്തുകയും അത്താഴസദ്യയും മുത്താഴസദ്യയും ഊട്ടുപുരകളിൽ കഴിച്ച്‌ മടങ്ങുകയും ചെയ്യുമായിരുന്നു. മാർത്താണ്ഡവർമ മഹാരാജാവിന്റെ കാലത്തായിരിക്കണം ഊട്ടുപുരകള്‍ ധാരാളം ഉണ്ടായതും ക്ഷേത്രങ്ങളിലെ മാസ, ആട്ടവിശേഷങ്ങളോട്‌ അനുബന്ധിച്ച്‌ സദ്യയൊരുക്കുന്ന ഏർപ്പാട്‌ നടപ്പിലായതും. ഉദ്ദേശം രണ്ടു നൂറ്റാണ്ടുകാലമെങ്കിലും നിലവിലിരുന്ന ഊട്ടുപുരസദ്യ സ്വാതന്ത്യ്രാനന്തരഘട്ടത്തിൽ നാടുവാഴിത്തത്തിന്റെ തിരോധാനത്തോടെ നാമാവശേഷമായി. പഴയ ഊട്ടുപുരകള്‍ ഇപ്പോള്‍ പാഴായിക്കിടക്കുകയോ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നു.

(ഡോ. വി.എസ്‌. ശർമ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍