This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഊടുകൂർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:02, 9 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഊടുകൂർ

പഴയ തിരുവിതാംകൂർ സംസ്ഥാനത്ത്‌ 1947 വരെ നിലവിലുണ്ടായിരുന്ന ഒരു പ്രത്യേക ഭൂവുടമാസമ്പ്രദായം. അക്കാലത്തെ റവന്യൂ രജിസ്റ്ററും കണക്കുകളും അനുസരിച്ചു ചില പുരയിടങ്ങളിലോ നിലങ്ങളിലോ ഒന്നിലധികം ആളുകള്‍ക്ക്‌ അവകാശമുണ്ടായിരുന്നു; എന്നാൽ അവരിൽ ഓരോരുത്തരുടെയും ഓഹരി എവിടെയെന്നു നിശ്ചയിച്ചിരുന്നില്ല. അതുപോലെ ഓരോരുത്തർക്ക്‌ നിർദിഷ്‌ട വസ്‌തുക്കളിന്മേൽ ഉണ്ടാകാവുന്ന ഏതുതരം അവകാശവും ആകാം. അതുകൂടാതെ, വസ്‌തുവിന്മേൽ ഒരാള്‍ക്ക്‌ വിവിധതരത്തിലുള്ള അവകാശങ്ങളുണ്ടാകാം; അതിന്റെ ഇന്ന ഭാഗം സംബന്ധിച്ച്‌ ഇന്നതരത്തിലുള്ള അവകാശമാണുള്ളതെന്നു നിശ്ചയിച്ചിരിക്കുകയില്ല. ഒരു പറമ്പിൽ നിൽക്കുന്ന ചില വൃക്ഷങ്ങളെ സംബന്ധിച്ച്‌ അതിന്റെ ഉടമയ്‌ക്കുതന്നെ വേറിട്ടു സബ്‌-ഡിവിഷന്‍ പട്ടയം ഉണ്ടായിരിക്കും. ചിലപ്പോള്‍ വേറെ ഒരാള്‍ക്കായിരിക്കും അത്തരം പട്ടയമുള്ളത്‌. കൂടാതെ നിലത്തിന്റെ വരമ്പിൽ നിൽക്കുന്ന വൃക്ഷങ്ങളെ സംബന്ധിച്ച്‌ നിലമുടമയ്‌ക്കു വേറെ പട്ടയം ഉണ്ടായെന്നു വരും; ചിലപ്പോള്‍ അന്യനായിരിക്കും അതുണ്ടായിരിക്കുക. അതുമല്ല, പുറമ്പോക്കിൽ നിൽക്കുന്ന വൃക്ഷങ്ങള്‍ക്ക്‌ ഒരു സബ്‌-ഡിവിഷന്‍ നല്‌കിയിരിക്കുകയും അവയിന്മേൽ ഒന്നിൽക്കൂടുതലാളുകള്‍ക്ക്‌, ഇന്ന വൃക്ഷം ഇന്നയാള്‍ക്കെന്നു പറയാതെ അവകാശം നല്‌കുകയും ചെയ്‌തിരിക്കും. ഇത്തരം അവകാശങ്ങള്‍ വളരെ പ്രയാസങ്ങള്‍ക്കു കാരണമായിത്തീർന്നു. കാർഷികവികസനത്തിന്‌ ഈ സമ്പ്രദായം തടസ്സം സൃഷ്‌ടിച്ചു. ജനങ്ങളിൽ ഒരു വലിയ വിഭാഗത്തെ, പ്രത്യേകിച്ച്‌ തിരുവിതാംകൂറിന്റെ തെക്കന്‍ഭാഗത്തുള്ള ജനങ്ങളെ ഇത്‌ ഹാനികരമായി ബാധിച്ചു. അക്കാലത്ത്‌ ഊടുകൂർ അവകാശങ്ങളുടെ പേരിൽ ഒട്ടേറെ വ്യവഹാരങ്ങള്‍ കോടതികളിൽ നടന്നിരുന്നു. മാത്രമല്ല, 1946-ലെ ഒരു രാജകീയവിളംബരം അനുസരിച്ച്‌ തിരുവിതാംകൂറിൽ വൃക്ഷക്കരം നിർത്തലാക്കുകയും രാജ്യത്തെ എല്ലാ വസ്‌തുക്കളെയും സംബന്ധിച്ച്‌ ഏകരൂപമായ അടിസ്ഥാനനികുതി ഏർപ്പെടുത്തുകയും ചെയ്‌തപ്പോള്‍ ഊടുകൂർവ്യവസ്ഥ നിലനിൽക്കത്തക്കതല്ലെന്നു വന്നു. 1947-ൽ തിരുവിതാംകൂർ ഊടുകൂർ സെറ്റിൽമെന്റ്‌ വിളംബരം പുറപ്പെടുവിക്കപ്പെട്ടു. അതനുസരിച്ച്‌ ഊടുകൂർ സമ്പ്രദായം അവസാനിപ്പിക്കാന്‍ വേണ്ട നടപടികളെടുക്കുകയുണ്ടായി. ഊടുകൂർ സമ്പ്രദായം ഇന്നു നിലവിലില്ല. ആ നിലയ്‌ക്ക്‌ അതിന്‌ ചരിത്രപരമായ പ്രാധാന്യമേയുള്ളൂ.

(എം. പ്രഭ)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8A%E0%B4%9F%E0%B5%81%E0%B4%95%E0%B5%82%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍