This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഊടുകൂർ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഊടുകൂർ
പഴയ തിരുവിതാംകൂർ സംസ്ഥാനത്ത് 1947 വരെ നിലവിലുണ്ടായിരുന്ന ഒരു പ്രത്യേക ഭൂവുടമാസമ്പ്രദായം. അക്കാലത്തെ റവന്യൂ രജിസ്റ്ററും കണക്കുകളും അനുസരിച്ചു ചില പുരയിടങ്ങളിലോ നിലങ്ങളിലോ ഒന്നിലധികം ആളുകള്‍ക്ക് അവകാശമുണ്ടായിരുന്നു; എന്നാൽ അവരിൽ ഓരോരുത്തരുടെയും ഓഹരി എവിടെയെന്നു നിശ്ചയിച്ചിരുന്നില്ല. അതുപോലെ ഓരോരുത്തർക്ക് നിർദിഷ്‌ട വസ്‌തുക്കളിന്മേൽ ഉണ്ടാകാവുന്ന ഏതുതരം അവകാശവും ആകാം. അതുകൂടാതെ, വസ്‌തുവിന്മേൽ ഒരാള്‍ക്ക് വിവിധതരത്തിലുള്ള അവകാശങ്ങളുണ്ടാകാം; അതിന്റെ ഇന്ന ഭാഗം സംബന്ധിച്ച് ഇന്നതരത്തിലുള്ള അവകാശമാണുള്ളതെന്നു നിശ്ചയിച്ചിരിക്കുകയില്ല. ഒരു പറമ്പിൽ നിൽക്കുന്ന ചില വൃക്ഷങ്ങളെ സംബന്ധിച്ച് അതിന്റെ ഉടമയ്‌ക്കുതന്നെ വേറിട്ടു സബ്-ഡിവിഷന്‍ പട്ടയം ഉണ്ടായിരിക്കും. ചിലപ്പോള്‍ വേറെ ഒരാള്‍ക്കായിരിക്കും അത്തരം പട്ടയമുള്ളത്. കൂടാതെ നിലത്തിന്റെ വരമ്പിൽ നിൽക്കുന്ന വൃക്ഷങ്ങളെ സംബന്ധിച്ച് നിലമുടമയ്‌ക്കു വേറെ പട്ടയം ഉണ്ടായെന്നു വരും; ചിലപ്പോള്‍ അന്യനായിരിക്കും അതുണ്ടായിരിക്കുക. അതുമല്ല, പുറമ്പോക്കിൽ നിൽക്കുന്ന വൃക്ഷങ്ങള്‍ക്ക് ഒരു സബ്-ഡിവിഷന്‍ നല്‌കിയിരിക്കുകയും അവയിന്മേൽ ഒന്നിൽക്കൂടുതലാളുകള്‍ക്ക്, ഇന്ന വൃക്ഷം ഇന്നയാള്‍ക്കെന്നു പറയാതെ അവകാശം നല്‌കുകയും ചെയ്‌തിരിക്കും. ഇത്തരം അവകാശങ്ങള്‍ വളരെ പ്രയാസങ്ങള്‍ക്കു കാരണമായിത്തീർന്നു. കാർഷികവികസനത്തിന് ഈ സമ്പ്രദായം തടസ്സം സൃഷ്‌ടിച്ചു. ജനങ്ങളിൽ ഒരു വലിയ വിഭാഗത്തെ, പ്രത്യേകിച്ച് തിരുവിതാംകൂറിന്റെ തെക്കന്‍ഭാഗത്തുള്ള ജനങ്ങളെ ഇത് ഹാനികരമായി ബാധിച്ചു. അക്കാലത്ത് ഊടുകൂർ അവകാശങ്ങളുടെ പേരിൽ ഒട്ടേറെ വ്യവഹാരങ്ങള്‍ കോടതികളിൽ നടന്നിരുന്നു. മാത്രമല്ല, 1946-ലെ ഒരു രാജകീയവിളംബരം അനുസരിച്ച് തിരുവിതാംകൂറിൽ വൃക്ഷക്കരം നിർത്തലാക്കുകയും രാജ്യത്തെ എല്ലാ വസ്‌തുക്കളെയും സംബന്ധിച്ച് ഏകരൂപമായ അടിസ്ഥാനനികുതി ഏർപ്പെടുത്തുകയും ചെയ്‌തപ്പോള്‍ ഊടുകൂർവ്യവസ്ഥ നിലനിൽക്കത്തക്കതല്ലെന്നു വന്നു. 1947-ൽ തിരുവിതാംകൂർ ഊടുകൂർ സെറ്റിൽമെന്റ് വിളംബരം പുറപ്പെടുവിക്കപ്പെട്ടു. അതനുസരിച്ച് ഊടുകൂർ സമ്പ്രദായം അവസാനിപ്പിക്കാന്‍ വേണ്ട നടപടികളെടുക്കുകയുണ്ടായി. ഊടുകൂർ സമ്പ്രദായം ഇന്നു നിലവിലില്ല. ആ നിലയ്‌ക്ക് അതിന് ചരിത്രപരമായ പ്രാധാന്യമേയുള്ളൂ.
(എം. പ്രഭ)