This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉർവശി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉർവശി

ഒരു പുരാണേതിഹാസ കഥാപാത്രം. അപ്‌സരസ്സായ ഉർവശിയെ കേന്ദ്രമാക്കി മഹാഭാരതം, ഭാഗവതം, വാമനപുരാണം തുടങ്ങിയ പ്രാചീന കൃതികളിലും കഥാസരിത്‌ സാഗരം തുടങ്ങിയ പില്‌ക്കാലനിബന്ധങ്ങളിലും നിരവധി ആഖ്യോനാപാഖ്യാനങ്ങളുണ്ട്‌. നരനാരായണന്മാരെന്ന മുനിമാരുടെ തപസ്സ്‌ മുടക്കാന്‍വേണ്ടി ഇന്ദ്രന്‍ അയച്ച അപ്‌സരസുന്ദരിമാരുടെ വിലാസലാസ്യങ്ങളിൽ ചഞ്ചലമനസ്‌കനായ നാരായണമുനി കച്ചു തുറന്ന്‌ ചുറ്റുപാടും നോക്കുകയും തപോവിഘ്‌നം വന്നതിൽ കുപിതനായി തന്റെ തുടമേൽ അടിക്കുകയും ചെയ്‌തപ്പോള്‍ അവിടെനിന്ന്‌ ഉർവശി ജാതയായി എന്ന്‌ ദേവീഭാഗവതത്തിൽ പറയുന്നു. ഊരുവിൽനിന്ന്‌ ഉദ്‌ഭവിച്ചതിനാലാണ്‌ ഉർവശി എന്ന നാമം ഇവള്‍ക്കു കൈവന്നത്‌. "ഊരൂന്‍ മഹത്യോപി അശ്‌നുതേ വശീകരോതി'-"മഹാന്മാരെപ്പോലും വശീകരിക്കുമ്പോള്‍' എന്നൊരു നിഷ്‌പാദനവും ഈ സംജ്ഞയ്‌ക്കു കാണുന്നു. മേനക, രംഭ, തിലോത്തമ, ഘൃതാചി തുടങ്ങിയ സൗന്ദര്യധാമങ്ങളെ കൊണ്ടുവന്ന്‌ തപോഭംഗത്തിനു ശ്രമിച്ച ഇന്ദ്രനെ അപഹസിക്കാന്‍ കൂടിയാണ്‌ മുനി ഇങ്ങനെയൊരു സർവലോകലാവണ്യവതിയെ ജനിപ്പിച്ചതെന്ന്‌ കവികള്‍ വിശദീകരണം നൽകുന്നു. "ഊരുദ്‌ഭവാനരസഖസ്യമുനേഃ സുരസ്‌ത്രീ' എന്ന്‌ കാളിദാസന്റെ വിക്രമോർവശീയത്തിൽ പരാമർശിച്ചുകാണുന്നു.

കഥാനായിക എന്ന നിലയിലോ ഒരു പ്രധാനകഥാപാത്രമെന്ന നിലയിലോ ഉർവശി സംസ്‌കൃതത്തിലും മറ്റു പല ഭാരതീയഭാഷകളിലുമുള്ള എച്ചമറ്റ സാഹിത്യസൃഷ്‌ടികളിൽ പ്രത്യക്ഷപ്പെടുന്നു. ഇവയിൽ സർവോത്തമമായത്‌ ദേവീഭാഗവതത്തിലെ ആഖ്യാനങ്ങളിൽനിന്ന്‌ കാളിദാസന്‍ എടുത്തു തേച്ചുമിനുക്കി രൂപംകൊടുത്ത വിക്രമോർവശീയം നാടകം തന്നെയാണ്‌.

ഉർവശിയെക്കണ്ട്‌ മോഹപരവശരായി ദ്വാദശാദിത്യന്മാരിൽ ഉള്‍പ്പെടുന്ന മിത്രാവരുണന്മാർക്ക്‌ രേതഃസ്‌ഖലനം ഉണ്ടായെന്നും അതിൽനിന്നാണ്‌ അഗസ്‌ത്യനും വസിഷ്‌ഠനും ജാതരായതെന്നും ദേവീഭാഗവതം പറയുന്നു. മിത്രാവരുണന്മാരുടെ ശാപംകൊണ്ടാണ്‌ ഉർവശി സ്‌ത്രീയായി ഭൂമിയിൽ ജനിച്ച്‌ പുരൂരവസ്സിന്റെ ഭാര്യയായി തീർന്നതെന്ന്‌ ഭാഗവതത്തിൽ സൂചിപ്പിച്ചിട്ടുണ്ട്‌. ഇന്ദ്രസദസ്സിൽവച്ച്‌ നർത്തനം ചെയ്‌തുകൊണ്ടിരുന്നപ്പോള്‍ ഇന്ദ്രപുത്രനായ ജയന്തന്റെ സൗന്ദര്യത്തിൽ മയങ്ങിപ്പോയ ഉർവശിക്ക്‌ ചുവടുപിഴച്ചുവെന്നും അതുകണ്ട്‌ കുപിതനായ അഗസ്‌ത്യമുനി അവളെ മനുഷ്യസ്‌ത്രീയായിപ്പോകട്ടെയെന്നു ശപിച്ചുവെന്നും തത്‌ഫലമായി ഉർവശി കുറേക്കാലം മാധവി എന്ന പേരിൽ ഭൂമിയിൽ കഴിച്ചുകൂട്ടുകയുണ്ടായെന്നും ഒരു കഥ പ്രചാരത്തിലുണ്ട്‌. സ്വപിതാവിന്റെ ആവശ്യപ്രകാരം ശത്രുസംഹാരത്തിന്‌ സ്വർഗലോകത്തു ചെന്ന അർജുനനെ കണ്ട്‌ കാമാവിഷ്‌ടയായി രതിപ്രാർഥന നടത്തിയ "സ്വർവധൂജനമണിഞ്ഞിടുന്ന മണിമൗലിയിൽ ഖചിതരത്‌നമാമുർവശി' തന്റെ യത്‌നം പരാജയപ്പെട്ടപ്പോള്‍ അർജുനന്‍ നപുംസകമാകട്ടെയെന്ന്‌ ശപിച്ചുവെന്ന കഥ പല സാഹിത്യസൃഷ്‌ടികള്‍ക്കു വിഷയമായിട്ടുണ്ട്‌. ഇങ്ങനെ കിട്ടിയ ഷണ്ഡത്വം അജ്ഞാതവാസത്തിന്‌ അർജുനന്‌ സഹായകമായതുകൊണ്ടാണ്‌ "ഉർവശീകൃതശാപമുപകാരമായ്‌ വരും' എന്ന ആഭാണകംതന്നെ ഉദ്‌ഭവിച്ചിട്ടുള്ളത്‌. ഉർവശി ഇടയ്‌ക്കിടയ്‌ക്ക്‌ കുബേരന്റെ കാമുകിയായിരുന്നുവെന്ന്‌ ഒരു സൂചന മഹാഭാരതം സഭാപർവത്തിൽ (10-ാം അധ്യായം) കാണാനുണ്ട്‌.

പുരൂരവസ്സുമായുള്ള ദാമ്പത്യത്തിൽ ഉർവശിക്ക്‌ ജനിച്ച പുത്രന്മാരാണ്‌ ആയുസ്‌, ശ്രുതായുസ്‌, സത്യായുസ്‌, നയന്‍, ജയന്‍, വിജയന്‍ എന്നിവർ. ഈ പേരുകള്‍ ആഗ്നേയപുരാണത്തിൽ ആയുസ്‌, ദൃഢായുസ്‌, അസ്വായുസ്‌, ഘനായുസ്‌, ധൃതിമാന്‍, വസു, ദിവിജാതന്‍, ശതായുസ്‌ എന്നീ പ്രകാരം കാണുന്നു; മഹാഭാരതം ആദിപർവത്തിൽ കൊടുത്തിരിക്കുന്നത്‌ ആയുസ്‌, ധീവാന്‍, അമാവസു, ദൃഢായുസ്‌, വനായുസ്‌, ശതായുസ്‌ എന്ന ക്രമത്തിലാണ്‌. എന്നാൽ അതിൽത്തന്നെ സംഭവപർവത്തിൽ-

""ആരവാർമുലയാളാമുർവശി പെറ്റിട്ടവ-
	നാറു പുത്രന്മാരുണ്ടായ്‌ വന്നിതെന്നറിഞ്ഞാലും
	ആയുസ്സും ധീമാനനും വസുവും ഗ്രഹായുസ്സു-
	മഞ്ചാമന്‍ വനായുസുമാറാമന്‍ ശ്രുതായുസും.''
 

എന്നു കാണുന്നു. മറ്റുചില പരാമർശങ്ങളിൽ ഇതിന്‌ വേറെയും പല പാഠാന്തരങ്ങളുണ്ട്‌. ഋഗ്വേദത്തിലെ 10-ാം മണ്ഡലം 8-ാം അനുവാകം 95-ാം സൂക്തം മുഴുവന്‍ ഉർവശീപുരൂരവസ്സംവാദമാണ്‌. അതിൽ 9 ഋക്കുകള്‍ പുരൂരവസ്സിന്റെ അഭ്യർഥനയുടെ രൂപത്തിലും ബാക്കി 9 എച്ചം ഉർവശിയുടെ മറുപടിയെന്ന രീതിയിലുമാണ്‌ നിബന്ധിക്കപ്പെട്ടിരിക്കുന്നത്‌. ഒരിക്കൽ വന്നു മറഞ്ഞുപോയ ഉഷസ്‌ വീണ്ടും തിരിച്ചുവരാത്തതുപോലെ തന്നെ ഉപേക്ഷിച്ച്‌ സ്വർഗത്തിലേക്കു മടങ്ങാന്‍ ഒരുങ്ങിയ ഉർവശിയെ പുരൂരവസ്‌ പ്രമാഭ്യർഥനകള്‍ കൊണ്ട്‌ പിടിച്ചുനിർത്താന്‍ ശ്രമിക്കുന്നതും അതിനെതിരായി ഉർവശി വാദങ്ങളുന്നയിക്കുന്നതുമാണ്‌ ഈ സംഭാഷണത്തിന്റെ ഉള്ളടക്കം. അകൃത്രിമകാവ്യഭംഗി തുളുമ്പുന്ന ഇതിലെ ഒരു ഭാഗത്തിനുദാഹരണമായി പുരൂരവസ്സിന്റെ ഒരു വാക്യമുദ്ധരിക്കാം:

""വിദ്യുന്നയാ പതന്തീ ദവി ദ്യോത്‌
	ഭരന്തീ മേ അപ്യാ കാമ്യാനി
	ജനിഷ്‌ഠോ അപോ നര്യഃ സുജാതഃ
	പ്രാർവശീ തീരത ദീർഘമായുഃ''
 

(എന്റെ സ്വപ്‌നകാമിതങ്ങളെ പൂർണമായി നിറവേറ്റിക്കൊണ്ട്‌ അവള്‍ വിദ്യുല്ലതപോലെ ഒളിചിന്തി നിലകൊള്ളുന്നു; തന്നിൽ കർമകുശലനും മനുഷ്യസ്‌നേഹിയുമായ പുത്രനെ ജനിപ്പിച്ചുകൊണ്ട്‌ ആ ഉർവശി എന്റെ ആയുസ്സിന്റെ ദൈർഘ്യം വർധിപ്പിച്ചു.) ബ്രാഹ്മണർ സ്വയം ശുദ്ധിവരുത്താന്‍ ഉപയോഗിക്കുന്ന പുണ്യാഹകർമം ഈ ഋക്കോടുകൂടി അവസാനിക്കുന്നത്‌ ഗൃഹ്യശ്രൗതകർമങ്ങളുടെ ഏത്‌ വിധി അനുസരിച്ചാണെന്നുള്ളതു വ്യക്തമല്ല. ശതപഥബ്രാഹ്മണത്തിൽ ഉർവശീപുരൂരവസ്സുകളുടെ കഥ പൂർണരൂപത്തിൽ കൊടുത്തിട്ടുണ്ട്‌.

പ്രസിദ്ധ ഹിന്ദികവിയായ രാമ്‌ധാരീസിങ്‌ ദിന്‍കർ ഉർവശിയെ നായികയാക്കിക്കൊണ്ടു രചിച്ച ഉർവശി എന്ന വിഖ്യാതഖണ്ഡകാവ്യവും ഇവിടെ സ്‌മരണീയമാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B5%BC%E0%B4%B5%E0%B4%B6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍