This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉർദുഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉർദുഭാഷയും സാഹിത്യവും

ഉർദുഭാഷയുടെ മുദ്രണലിപി മാതൃക

ഹൈന്ദവ-ഇസ്‌ലാമിക സംസ്‌കാരങ്ങളുടെ സംഗമരംഗമാണ്‌ ഉർദുഭാഷയും സാഹിത്യവും. ഇന്ത്യയിൽ മതനിരപേക്ഷതയുടെ ചിഹ്നമായും ഇത്‌ നിലനിന്നുപോരുന്നു. ഇന്ത്യന്‍ഭരണഘടന അംഗീകരിച്ചിട്ടുള്ള ആധുനികഭാരതീയഭാഷകളിൽ ഉർദുവിനു ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനമാണുള്ളത്‌.

ഉർദുഭാഷ. ആധുനികഭാരതീയ ആര്യഭാഷകളിൽ പ്രചാരവൈപുല്യംകൊണ്ടും സാഹിത്യസമൃദ്ധികൊണ്ടും മുന്‍പന്തിയിൽ നിൽക്കുന്ന ഒരു ഭാഷയാണ്‌ ഉർദു. 66 മില്യണ്‍ (ഇന്ത്യയിലും പാകിസ്‌താനിലുംകൂടി) ജനങ്ങളുടെ മാതൃഭാഷയായ ഇതിന്‌ ജനസംഖ്യയുടെ തോതുവച്ചുനോക്കുമ്പോള്‍ ലോകഭാഷകളിൽ 21-ാമത്തെ സ്ഥാനമുണ്ട്‌. അറബി-പേർഷ്യന്‍ ലിപിയിൽ എഴുതപ്പെടുന്ന ഉർദു പൊതുവേ മുസ്‌ലിങ്ങളുടെ മാതൃഭാഷയാണെങ്കിലും അന്യമതസ്ഥരായ പതിനായിരക്കണക്കിനാളുകള്‍ക്ക്‌ ഈ ഭാഷ എഴുതാനും വായിക്കാനും കഴിയുന്നുണ്ട്‌. അമ്പതു ശതമാനത്തിലേറെ വാക്കുകളും അതുപോലെതന്നെ വാക്യഘടനയും ക്രിയാരൂപങ്ങളും ഹിന്ദിയിൽനിന്നു വ്യത്യസ്‌തമല്ലാത്തതാകയാൽ ഹിന്ദി അറിയാവുന്നവർക്കൊക്കെ ഈ ഭാഷ സാമാന്യേന മനസ്സിലാക്കാനും സംസാരിക്കാനും പ്രയാസമില്ല. ഉർദുഭാഷ എന്ന്‌, എവിടെ ഉണ്ടായി എന്നതിനെസംബന്ധിച്ച്‌ ഭാഷാപണ്ഡിതന്മാർ നാലു വാദമുഖങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്‌: 1. മുഹമ്മദ്‌ ബിന്‍ കാസിമിന്റെ സിന്ധാക്രമണത്തിനുശേഷം (എ.ഡി. 8-ാം ശ.) അറബികളും സിന്ധിലെ ജനങ്ങളും തമ്മിലുണ്ടായ സമ്പർക്കഫലമായി ഈ ഭാഷ ഉടലെടുത്തു; 2. മുഹമ്മദു ഗോറിയുടെ ആക്രമണത്തോടുകൂടി (എ.ഡി.1192) മുസ്‌ലിങ്ങള്‍ രാജ്യാധികാരം പിടിച്ചെടുക്കുകയും പഞ്ചാബിൽ പാർപ്പുറപ്പിക്കുകയും ചെയ്‌തപ്പോള്‍ തദ്ദേശവാസികളുടെയും മുസ്‌ലിങ്ങളുടെയും മാതൃഭാഷകള്‍ തമ്മിലുള്ള ഗാഢമായ മേളനഫലമായി പുതിയൊരു ഭാഷാശൈലി രൂപംകൊള്ളുകയും അത്‌ കാലാന്തരത്തിൽ ഉർദു എന്ന പേരിൽ അറിയപ്പെടുകയും ചെയ്‌തു; 3. മുഹമ്മദ്‌ബിന്‍ തുഗ്ലക്ക്‌ ഡൽഹിയിൽനിന്നു ദേവഗിരി (ദൗലത്താബാദ്‌)യിലേക്ക്‌ രാജധാനി മാറ്റിസ്ഥാപിക്കാന്‍ ശ്രമിച്ചതിനെത്തുടർന്ന്‌ ഉത്തരേന്ത്യയിൽനിന്നു ഡക്കാണിൽവന്ന്‌ സ്ഥിരവാസം ആരംഭിച്ച മുസ്‌ലിങ്ങള്‍ ഈ ഭാഷയ്‌ക്ക്‌ രൂപംകൊടുത്തു; 4. ഡൽഹിയിലും പരിസരപ്രദേശത്തും താവളമടിച്ച മുസ്‌ലിം സൈനികർ നാട്ടുകാരായ വ്യാപാരികളും മറ്റുമായി സമ്പർക്കം പുലർത്തിത്തുടങ്ങിയതോടെ, ഡൽഹി-മീററ്റ്‌ പ്രദേശങ്ങളിലെ ഭാഷയായ ഖഡീബോലി (ഇന്നത്തെ ഹിന്ദി)യിൽ തുർക്കി-അറബി-പേർഷ്യന്‍ വാക്കുകളും പ്രയോഗങ്ങളും ധാരാളമായി കടന്നുകൂടാനിടയാവുകയും അങ്ങനെ എ.ഡി. 13-ാം ശതകത്തോടുകൂടി ഖഡീബോലിയിൽ പുതിയൊരു ഭാഷാശൈലി ഉരുത്തിരിഞ്ഞുവരികയും ഇത്‌ ക്രമേണ ആദ്യം ഒരു പുതിയ ഭാഷാരൂപമായും പിന്നീട്‌ ഒരു സ്വതന്ത്രഭാഷയായും വികസിക്കുകയും ചെയ്‌തു. ഈ നൂതന ഭാഷ ഉർദു എന്ന പേരിൽ വിഖ്യാതമായി.

ഇവയിൽ ഒടുവിൽപ്പറഞ്ഞ വാദഗതിക്കാണ്‌ പരക്കെ അംഗീകാരം ലഭിച്ചിട്ടുള്ളത്‌. ഒരു ഭാഷയുടെ ഉദ്‌ഗമം ഏതു ഭാഷയിൽ നിന്നാണെന്നു നിർണയിക്കുന്ന മുഖ്യഘടകം പ്രസ്‌തുത ഭാഷയ്‌ക്കും മൂലഭാഷയ്‌ക്കും തമ്മിൽ സർവനാമങ്ങള്‍, ക്രിയാരൂപങ്ങള്‍, വാക്യഘടന എന്നിവയിലുള്ള സാദൃശ്യമാണ്‌. അങ്ങനെ നോക്കുമ്പോള്‍ ശൗരസേനീ അപഭ്രംശഭാഷയിൽ നിന്ന്‌ പഞ്ചാബി, രാജസ്ഥാനി, ഗുജറാത്തി എന്നീ ഭാഷകള്‍ക്കൊപ്പം ഉരുത്തിരിഞ്ഞ ഖഡീബോലിയാണ്‌ ആധുനിക ഹിന്ദിയുടേതെന്നപോലെ ഉർദുവിന്റെയും ഉറവിടം എന്നു കാണാം. സാഹിത്യാന്തരീക്ഷം, ശബ്‌ദസമൂഹം, ലിപി എന്നിവയിൽ മാത്രമേ ഇന്നത്തെ ഹിന്ദിയും ഉർദുവും തമ്മിൽ അന്തരമുള്ളൂ. ഹിന്ദിഭാഷാ കാ ഇതിഹാസ്‌ എന്ന വിശ്രുതമായ ഗവേഷണഗ്രന്ഥത്തിൽ ഡോക്‌ടർ ധീരേന്ദ്രവർമ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു-ഉത്‌പത്തിയുടെ വീക്ഷണബിന്ദുവിലൂടെ നോക്കുമ്പോള്‍ ഉർദുവും ഇന്നത്തെ സാഹിത്യഭാഷയായ ഹിന്ദിയും നേർ സഹോദരിമാരാണ്‌. വളർച്ച പ്രാപിച്ചപ്പോള്‍ ഇരുവർക്കും പരസ്‌പരമുണ്ടായ അന്തരം അലങ്കാരഭാഷയിൽ ഇങ്ങനെ വ്യക്തമാക്കാം: ഒരുവള്‍ ഹിന്ദുവായിത്തന്നെ കഴിഞ്ഞു, മറ്റവളാകട്ടെ ഇസ്‌ലാംമതം സ്വീകരിച്ചു.' ഈ രണ്ടുഭാഷകളും പ്രാരംഭദിശയിൽ ഒരുപോലെതന്നെയായിരുന്നുഎന്നതിനു തെളിവാണ്‌ എ.ഡി. 13-ാം ശതകത്തിൽ ജീവിച്ചിരുന്ന അമീർ ഖുസ്രാ ഉഭയഭാഷകളിലെയും ആദികവിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്‌തുത. അമീർ ഖുസ്രായുടെ കൃതികളെല്ലാം "ഖഡീബോലി'യിലാണ്‌ രചിക്കപ്പെട്ടിട്ടുള്ളത്‌. ഏട്ട്‌ ശതകത്തോളം പഴക്കമുള്ള ഈ ഭാഷ പലപ്പോഴും പലപേരിൽ അറിയപ്പെട്ടുപോന്നു. ആദി കവിയായ അമീർഖുസ്രാ ഇതിനെ "ഹിന്ദി'യെന്നും "ഹിന്ദവി'യെന്നും "സബാനേ ദഹൽവി' (ഡൽഹിയിലെ ഭാഷ)യെന്നും പറഞ്ഞുകാണുന്നു. ബിജാപ്പൂർ, ഗോൽക്കൊണ്ട തുടങ്ങിയ ദക്ഷിണേന്ത്യന്‍ മുസ്‌ലിം രാജ്യങ്ങളിൽ സാഹിത്യഭാഷയായി വളർന്നുവികസിച്ച ഈ ഭാഷ ആദ്യം "ദക്‌ഖിനി'(ദാക്ഷിണാത്യ) ഭാഷ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ഗുജറാത്തിൽ ഇതിനെ "ഗുജരി'(ഗുജറാത്തി ഉർദു) എന്നു വിളിച്ചിരുന്നു. വടക്കേ ഇന്ത്യയിൽനിന്നു വന്ന ഭാഷയായതുകൊണ്ട്‌ തെക്കേ ഇന്ത്യയിലെ എഴുത്തുകാർ ഇതിനെ "സബാനേ അഹലേ-ഹിന്ദുസ്ഥാന്‍' (ഉത്തരഭാരതത്തിലെ ജനങ്ങളുടെ ഭാഷ) എന്നും പറഞ്ഞിരുന്നു. പല ഭാഷകളുടെ മിശ്രരൂപം എന്നർഥംവരുന്ന "രേഖ്‌ത' എന്നൊരു പേരും ഇതിനുണ്ട്‌. എന്നാൽ ഏറ്റവുമധികം പ്രചാരമുള്ളതും ഭാഷോത്‌പത്തിയുമായി ബന്ധമുള്ളതുമായ പേര്‌ "സബാനേ ഉർദു' അഥവാ അതിന്റെ സംക്ഷിപ്‌തരൂപമായ ഉർദു ആണ്‌. തുർക്കിഭാഷയിലെ "ഉർദു' എന്ന പദത്തിന്‌ പട്ടാളം, പാളയം, ചക്രവർത്തിയുടെ സൈന്യത്തോടൊപ്പം തങ്ങുകയോ സഞ്ചരിക്കുകയോ ചെയ്യുന്ന അങ്ങാടി എന്നൊക്കെ അർഥമുണ്ട്‌. സൈനികരും അങ്ങാടിയിലെ വ്യാപാരികളും പരസ്‌പരസമ്പർക്കത്തിനുവേണ്ടി ഉപയോഗിച്ചിരുന്ന ഭാഷ എന്ന അർഥത്തിനാണ്‌ കൂടുതൽ പ്രചാരം ലഭിച്ചിട്ടുള്ളത്‌. (സി.ജി.രാജഗോപാൽ) ഉർദുസാഹിത്യം. ഏകദേശം എട്ട്‌ നൂറ്റാണ്ടുകാലത്തെ ചരിത്രം ഉർദുസാഹിത്യത്തിനുണ്ട്‌. ഉർദുവിലെ ആദ്യത്തെ അറിയപ്പെടുന്ന കവി അമീർ ഖുസ്രാ(1253-1325) ആണ്‌. ബഹുഭാഷാപണ്ഡിതന്‍, ചരിത്രകാരന്‍, ദാർശനികന്‍, സംഗീതജ്ഞന്‍, യോദ്ധാവ്‌ എന്നീ നിലകളിൽ പ്രശസ്‌തനായിരുന്നു ഇദ്ദേഹം. ഉർദുവിൽ ഗസലുകളിലൂടെയാണ്‌ ഇദ്ദേഹം ശ്രദ്ധനേടിയത്‌. ഇസ്‌ലാമിക-ഹൈന്ദവ സംസ്‌കാരങ്ങളുടെ സംഗമമാണ്‌ ഖുസ്രായുടെ കവനങ്ങള്‍. ആദ്യത്തെ ഗദ്യകാരന്‍ സൂഫി സന്ന്യാസിയായ സയ്യദ്‌ ഗേസൂദരാസ്സാണ്‌. അദ്ദേഹത്തിന്റെ കൃതിയായ മേരാജുൽ-ആഷിക്കീന്‍ 1421-നു മുമ്പാണ്‌ രചിക്കപ്പെട്ടത്‌. പേർഷ്യന്‍-അറബി ലിപിയിലാണ്‌ ഇത്‌ എഴുതിയിരിക്കുന്നത്‌. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കൊത്ത ശബ്‌ദസംബന്ധമായ മാറ്റങ്ങള്‍ ഈ ലിപിയിൽ വരുത്തിയിട്ടുണ്ടായിരുന്നു.

അമീർ ഖുസ്രാ

ദക്ഷിണേന്ത്യന്‍ കവികള്‍. ഉർദുവിലെ ഏറ്റവും സമ്പന്നമായ സാഹിത്യവിഭാഗം കവിതയാണ്‌. കവിതയ്‌ക്ക്‌ മൊത്തത്തിലുള്ള പേരാണ്‌ നസം. വൃത്തമില്ലാത്ത കവിതയ്‌ക്ക്‌ "ആസാദ്‌നസം' എന്നും പറയുന്നു. പേർഷ്യന്‍ഭാഷയെ ഏറെ ഉപജീവിച്ച ഉർദു ഗസലിനെ സ്വീകരിച്ചത്‌ പേർഷ്യനിൽ നിന്നാണ്‌. ആധുനിക കാലത്തും ജനപ്രീതിയാർജിച്ച കാവ്യരൂപം ഗസലാണ്‌. ഉന്മേഷത്തിന്റെയും ഉല്ലാസത്തിന്റെയും ഭാവങ്ങള്‍ പുല്‌കുന്ന കവിതയാണ്‌ ഗസലെങ്കിലും കാവ്യപരമായ ആഢ്യത്വം മസ്‌നവി, കസീദ, മർസിയ, രേഖ്‌തി റുബായി തുടങ്ങിയ മറ്റു കാവ്യരൂപങ്ങള്‍ക്കാണ്‌. ഖണ്ഡകാവ്യങ്ങളെയാണ്‌ മസ്‌നവി എന്നു പറയുന്നത്‌. ആദ്യകാലത്തെ പ്രമുഖ മസ്‌നവി കവി മുഹമ്മദ്‌ബിന്‍ അഹമ്മദ്‌ അസീസ്‌ എഴുതിയതാണ്‌ ലൈലാമജ്‌നു (1636). ഖവർനാമാ എന്ന ബൃഹത്‌കൃതി രചിച്ച മസ്‌നവി കവിയാണ്‌ മുഹമ്മദ്‌ ആദിൽഷായുടെ കാലത്ത്‌ ജീവിച്ച കമൽഖാന്‍ റസ്റ്റമി ബിജാപുരി. മർസിയ ഒരു തരം വിലാപ കാവ്യങ്ങളാണ്‌; കസീദ പ്രശസ്‌ത കാവ്യവും രേഖ്‌തി സ്‌ത്രീ വിഷയമാകുന്ന കവിതയുമാണ്‌. പതിനാറാം നൂറ്റാണ്ടിൽ ബഹ്മനിരാജ്യം അധഃപതിച്ചതോടുകൂടി തത്‌സ്ഥാനത്ത്‌ നിലവിൽവന്ന അഞ്ചു രാജ്യങ്ങളിൽ ഗോൽക്കൊണ്ഡയിലെയും ബിജാപ്പൂരിലെയും ജനങ്ങളിൽ നല്ലൊരുഭാഗം ഉർദു സംസാരിച്ചിരുന്നു. ഗോൽക്കൊണ്ഡയിലെ പ്രസിദ്ധനായ രാജാവ്‌ കുലീ കുതുബ്‌ഷാ(1580-1611) ഉർദുവിലും തെലുഗുവിലും ഒരുപോലെ പ്രസിദ്ധനായ ഒരു കവിയായിരുന്നു. ബീജാപ്പൂരിലെ ഇബ്രാഹിം ആദിൽഷാ (1535-58) രചിച്ച നൗരസ്സ്‌ എന്ന കൃതി സംഗീതപ്രധാനമായ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ അതിശ്രഷ്‌ഠമാണ്‌. ഗോൽക്കൊണ്ഡയിലെ ഒടുവിലത്തെ രാജാവായ അബുള്‍ഹസന്‍ താനാഷായും ഉർദുകവിയായിരുന്നു. അദ്ദേഹം നിരവധി ഗസലുകള്‍ എഴുതിയിട്ടുണ്ട്‌. അലീആദിൽ ഷാ, യൂസഫ്‌ ആദിൽഷാ എന്നിവരും പ്രസിദ്ധ ഉർദുകവികളാണ്‌. കുതുബ്‌ഷായുടെ സദസ്യനായിരുന്ന മുല്ലാ ആസാദുള്ളാ വജഹിയുടെ മസ്‌നവി കുതുബ്‌ മുശ്‌ത്തരീ ഉർദുകവിതയിലെ ശ്രഷ്‌ഠകൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു. വജഹിക്കും അതുപോലുള്ള മറ്റനേകം പേർക്കും കുതുബ്‌ഷാഹീ രാജാക്കന്മാരുടെ രക്ഷാധികാരത്തിൽ കഴിയാന്‍ സാധിച്ചു. അങ്ങനെ മഹത്തായൊരു സാഹിത്യം ക്രമേണ ഉർദുവിൽ രൂപംകൊണ്ടു. ബിജാപ്പൂരിലെ ആദിൽഷാഹീ രാജാക്കന്മാരുടെ കഥയും ഭിന്നമല്ല. അവരും ഉർദുസാഹിത്യത്തെ പ്രാത്സാഹിപ്പിച്ചതോടൊപ്പം സ്വയം അനേകം കൃതികള്‍ രചിക്കുകയും ചെയ്‌തു. അവരുടെ കൃതികളുടെ വിഷയം ഇസ്‌ലാമിക സാമൂഹിക ജീവിതം മാത്രമായിരുന്നില്ല; വസന്തം, ഹോളി, ദീപാവലി തുടങ്ങിയ ഹൈന്ദവാഘോഷങ്ങളും അവരുടെ കവിതയ്‌ക്കു വിഷയീഭവിച്ചിരുന്നു.

വലി മുഹമ്മദ്‌ വലി

വലി. 1686-87-ൽ അറംഗസേബ്‌ ഗോൽക്കൊണ്ഡ പിടിച്ചടക്കിയതോടെ ഉർദുവിന്‌ പുതിയ ഉണർവും ഉന്മേഷവും ലഭിച്ചു. അറംഗസേബിന്റെ അന്ത്യകാലത്ത്‌ വലി (1667-1707) ഡൽഹി സന്ദർശിക്കുകയും തന്റെ അതിമനോഹരങ്ങളായ ഗസലുകള്‍ അവിടെ അവതരിപ്പിക്കുകയും ചെയ്‌തു. അദ്ദേഹം ജനിച്ചത്‌ അഹമ്മദാബാദിലായിരുന്നെങ്കിലും ജീവിതം നയിച്ചത്‌ ഔറംഗാബാദിലും ബർഹാന്‍പൂരിലും ആയിരുന്നു. അദ്ദേഹത്തിന്റെ കൃതികളിൽ ഗുജറാത്തി, മറാഠി, തെലുഗു എന്നീ ഭാഷകളുടെ സ്വാധീനത കാണാം. പക്ഷേ, അദ്ദേഹം തന്റെ ഈരടികള്‍ മിക്കതും ശുദ്ധ ഉർദുവിൽത്തന്നെയാണ്‌ രചിച്ചത്‌. ഉർദുഭാഷയുടെ ഇന്നത്തെ മാനദണ്ഡങ്ങള്‍ക്ക്‌ ഒത്ത കൃതികള്‍ തന്നെയായിരുന്നു അവ. വലി വർണനാത്മകകാവ്യങ്ങള്‍ (മസ്‌നവി) രചിച്ചിട്ടുണ്ട്‌; എങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സംഭാവന ഉർദു ഗസലുകള്‍തന്നെയാണ്‌. ഉർദുകവിതയിലെ ഏറ്റവുമധികം ഭാവഭംഗിയുള്ള കലാരൂപമാണിത്‌. പൊതുവേ പറഞ്ഞാൽ ദക്‌ഖനി സാഹിത്യത്തിന്റെ മുഖമുദ്ര നിഗൂഢാത്മകതയാണ്‌. കുലീ കുതുബ്‌ ഷായെപ്പോലെ വലിയും അതിമനോഹരങ്ങളായ പ്രമഗാനങ്ങള്‍ എഴുതിയിട്ടുണ്ട്‌. മുള്ളാ വജഹിയുടെ സബ്‌രസ്‌ എന്ന കൃതിയും സ്‌നേഹത്തെക്കുറിച്ചുതന്നെയാണ്‌ പ്രതിപാദിക്കുന്നത്‌. സൗന്ദര്യം, ഹൃദയം എന്നിവ തമ്മിലുള്ള ബന്ധമാണ്‌ അതിലെ പ്രമേയം. പതിനെട്ടാം നൂറ്റാണ്ടിൽ അതിപ്രസിദ്ധരായ കുറെ കവികള്‍ രംഗത്തുവന്നു. അവരിൽക്കൂടി വിവിധ കാവ്യരൂപങ്ങള്‍ ഉടലെടുത്തു.

വലിക്കുശേഷം ഒരു പുതിയശൈലി പ്രചാരത്തിലായി. അമീർ ഖുസ്രാവിനുശേഷം ഉത്തരേന്ത്യയിൽ ഉർദുകവിത രചിക്കുന്നതിനുള്ള ആദ്യശ്രമം നടത്തിയത്‌ അഫ്‌സൽ ഝന്‍ഝാനവിയാണ്‌. അദ്ദേഹം രചിച്ച വിക്‌ട്‌ കഹാനി എന്ന കൃതിയിൽ ഭർത്താവിനെപ്പിരിഞ്ഞ ഒരു സ്‌ത്രീയുടെ വികാരവായ്‌പും വിരഹവേദയുമാണ്‌ ആവിഷ്‌കരിച്ചിട്ടുള്ളത്‌. സ്വതന്ത്രമായ ഒരാവിഷ്‌കരണരീതി പ്രചാരത്തിൽവന്നതോടുകൂടി മീർ, സൗദ, കായിം, ദർദ്‌, ആതിഷ്‌, മുസ്‌ഹഫി, ഇന്‍ഷാ എന്നിങ്ങനെ ഒട്ടേറെ കവികള്‍ ഡൽഹിയിലും ലഖ്‌നൗവിലും മറ്റു പല കേന്ദ്രങ്ങളിലും പുതിയൊരു ശൈലിക്ക്‌ രൂപം നൽകിക്കൊണ്ട്‌ സാഹിത്യരംഗത്തു പ്രത്യക്ഷപ്പെട്ടു.

സർ സയ്യദ്‌ അഹമ്മദ്‌ഖാന്‍

ചില പ്രസിദ്ധകവികള്‍. ഡൽഹിവിഭാഗത്തിൽപ്പെട്ട ഉർദുകവികള്‍ പ്രത്യേക പരാമർശമർഹിക്കുന്നു. മിർസാ മസ്‌ഹർ ജാന്‍-ഏ-ജനാന്‍ (1699-1770), സൗദാ (?-1780), മീർ (1722-1810), ദർദ്‌ (1719-85) എന്നിവർ അവരിൽ പ്രമുഖരാണ്‌. ഇവരിൽ മിർസാ മസ്‌ഹർ വാസ്‌തവത്തിൽ പേർഷ്യന്‍ കവിയാണ്‌; എന്നാൽ അദ്ദേഹം ഉർദുവിൽ ഒരു ഗസലും കുറെ ഈരടികളും രചിച്ചിട്ടുണ്ട്‌. മറ്റൊരു പ്രമുഖന്‍ സൗദയാണ്‌. ഉത്സാഹശാലിയും ജനപ്രിയനുമായിരുന്ന സൗദ ജീവിതം ശരിക്കും അനുഭവിക്കുക തന്നെ ചെയ്‌തു. തന്റേതായ ഒരു ശൈലിയും ഭാവനാലോകവും അദ്ദേഹത്തിനുണ്ടായിരുന്നു. ഗസലുകളും കസീദകളും മസ്‌നവികളും വാസോഖ്‌തുകളും ഹാസ്യകവനങ്ങളും അദ്ദേഹം എഴുതി. കസീദയുടെ രചനയിൽ അദ്ദേഹം പേർഷ്യന്‍ സാഹിത്യത്തിലെ അതിപ്രഗല്‌ഭരായ കസീദാകാരന്മാരെപ്പോലും അതിശയിക്കുന്നു. സൗദയുടെ സമകാലികനാണ്‌ മീർ. അദ്ദേഹം ഉർദുവിലെ ഗസൽ രചയിതാക്കളിൽ പ്രമുഖനാണ്‌. ദുരിതപൂർണമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കുടുംബസാഹചര്യങ്ങളും അദ്ദേഹത്തിന്റെ പ്രത്യേകമായ സ്വഭാവരീതിയുമാണ്‌ അതിനു കാരണം. വളരെ പെട്ടെന്നാണ്‌ അദ്ദേഹം പ്രസിദ്ധനായത്‌. സ്വജീവിതകാലത്ത്‌ രാജ്യത്തുണ്ടായ രാഷ്‌ട്രീയകുഴപ്പങ്ങള്‍ മീറിനെ വല്ലാതെ ബാധിച്ചു; സ്വാഭാവികമായും അദ്ദേഹം തന്റെ ഗസലുകളിൽ അവയെ അതിശക്തമായി ആവിഷ്‌കരിക്കുകയും ചെയ്‌തു. ലഖ്‌നൗവിലെ നവാബ്‌ ആസഫുദൗള(മ. 1792)യുടെ സദസ്യനായിരുന്നു അദ്ദേഹം. പക്ഷേ ഒരു ആസ്ഥാനകവിയെക്കാള്‍ സ്ഥാനമുണ്ടായിരുന്നു അദ്ദേഹത്തിന്‌. അദ്ദേഹം രചിച്ചതുപോലുള്ള പ്രമകവിതകള്‍ അതിനു മുമ്പോ പിമ്പോ ആരുംതന്നെ എഴുതിയിട്ടില്ല. അതിശ്രഷ്‌ഠമായ മസ്‌നവികളും അദ്ദേഹം രചിച്ചിട്ടുണ്ട്‌.ഉർദുവിൽ അദ്ദേഹം "കവീശ്വരന്‍' എന്ന ബിരുദം നേടി. തന്റെ കാലഘട്ടത്തിലെ രാഷ്‌ട്രീയവും സാമൂഹികവുമായ കാര്യങ്ങള്‍ അദ്ദേഹം കവിതയിൽക്കൂടി കലാത്മകമായി രേഖപ്പെടുത്തി. ആക്രമണകാരിയായ അബ്‌ദാലി ഡൽഹിയിൽ നടത്തിയ സംഹാരതാണ്ഡവത്തിന്‌ സാക്ഷ്യം വഹിച്ച ഒരാളായിരുന്നു അദ്ദേഹം. ഇതിന്റെ പ്രതിഫലനം മീറിന്റെ കവിതകളിൽ കാണാം. മേല്‌പറഞ്ഞ നാലു കവികളിൽ ഒടുവിലത്തെയാളാണ്‌ ദർദ്‌. തന്റെ ദീവാന്‍ എന്ന ഗസൽ സമാഹാരത്തിലൂടെ അദ്ദേഹം ഉർദുസാഹിത്യത്തിൽ ചിരപ്രതിഷ്‌ഠ നേടിയിരിക്കുന്നു. ഉർദുവിൽ ആദ്യമായി ആധ്യാത്മികഭാവരസം കലർന്ന ഗസൽ എഴുതിയ കവി ദർദ്‌ ആണ്‌. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള പ്രമബന്ധത്തെ ഭവ്യമായും ഭാവോഷ്‌മളമായും അഭിവ്യഞ്‌ജിപ്പിക്കുന്ന കലയിൽ അദ്ദേഹത്തെ അതിശയിക്കുന്നവരാരും ഇല്ല. ഇവിടെ എടുത്തുപറയേണ്ട മറ്റൊരു പേരാണ്‌ മീർ ഹസന്റേത്‌ (മ. 1787); സഹ്‌രൂൽ ബയാന്‍ എന്ന മസ്‌നവി എഴുതി കീർത്തി നേടിയ ആളാണ്‌ അദ്ദേഹം. ശില്‌പവൈഭവം പൂണ്ട ആ കൃതി ഒരു ക്ലാസ്സിക്‌ തന്നെയാണ്‌. അതിൽ മാനുഷികവികാരങ്ങളുടെ യഥാതഥമായ ചിത്രീകരണത്തോടൊപ്പം ചുറ്റുപാടുമുള്ള പ്രകൃതിയുടെ മനോഹരമായ വർണനയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

നസീർ അക്‌ബരാബാദി
ഗാലിബ്‌

ലഖ്‌നൗ വിഭാഗം. അക്കാലത്ത്‌ ഡൽഹി കവികളുടെയും സാഹിത്യകാരന്മാരുടെയും കേന്ദ്രമായിരുന്നു. ബുദ്ധിപരവും സാഹിത്യപരവുമായ പ്രവർത്തനങ്ങളുടെ ഉറവിടംതന്നെയായിരുന്നു അവിടം എന്നു പറയുന്നതിലും തെറ്റില്ല; എന്നാൽ നാദിർഷാ 1742-ൽ ഡൽഹി നശിപ്പിച്ചതോടുകൂടി സാഹിത്യകാരന്മാരെല്ലാം ആസഫുദൗളയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട്‌ ലഖ്‌നൗവിലേക്കു യാത്രയായി. ഇങ്ങനെ ഡൽഹിയിൽനിന്ന്‌ ലഖ്‌നൗവിലെത്തിയ കവികളാണ്‌ ഉർദുകവിതയിലെ ലഖ്‌നൗ വിഭാഗം രൂപപ്പെടുത്തിയത്‌. ഉർദുകവിതയിലെ ഡൽഹിവിഭാഗവും ലഖ്‌നൗവിഭാഗവും പരസ്‌പരം കെട്ടുപിണഞ്ഞുകിടക്കുകയാണ്‌. ലഖ്‌നൗ വിഭാഗത്തിലെ പ്രമുഖർ മുസ്‌ഹഫി (1750-1824), ആതിഷ്‌ (1772-1847), ഇന്‍ഷാ (1756-1816) എന്നിവരാണ്‌. അവർ ഒട്ടേറെ ഗസലുകള്‍ എഴുതി. ഡൽഹി വിഭാഗക്കാരെ അപേക്ഷിച്ച്‌ ലഖ്‌നൗ വിഭാഗക്കാർ ഉർദുഭാഷയുടെ ശില്‌പഭംഗി വർധിപ്പിക്കുന്നതിൽ തത്‌പരരായിരുന്നു. ഈ കവികള്‍ പദങ്ങള്‍കൊണ്ടുള്ള വിദ്യകളിൽ താത്‌പര്യം പ്രകടിപ്പിച്ചു. കാഫിയ, റാദിഫ്‌ തുടങ്ങിയ ശബ്‌ദാലങ്കാരങ്ങള്‍ പ്രയോഗിക്കുന്നതിൽ അവർ നിപുണരായിരുന്നു. ഭാഷാപരമായ വിദ്യകള്‍ പ്രയോഗിക്കുന്നതിൽ കൂടുതൽ ശ്രദ്ധപതിപ്പിച്ചതുകൊണ്ട്‌ ലഖ്‌നൗ കവികള്‍ വികാരവിചാരങ്ങളുടെയും ഭാവനയുടെയും സൂക്ഷ്‌മഭംഗികള്‍ ആവിഷ്‌കരിക്കുന്നതിൽ പരാജയപ്പെട്ടു. ഷേഖ്‌ഗുലാം ഹംദാനി മുസ്‌ഹഫി, ഇന്‍ഷാ അള്ളാഖാന്‍ ഇന്‍ഷാ, ഖ്വാജാ, ഹൈദരാലി ആതിഷ്‌ എന്നിവർ ഇപ്പറഞ്ഞതിന്‌ ഒരപവാദമാണ്‌. ഇവരും മറ്റു ചില കവികളും ഭാഷാശില്‌പത്തിൽ എന്നപോലെ വികാരവിചാരങ്ങളുടെ സുന്ദരമായ ആവിഷ്‌കരണത്തിലും ശ്രദ്ധിച്ചു. ഇന്‍ഷാ അള്ളാഖാന്‍ ഇന്‍ഷാ ഒരു അപൂർവ പ്രതിഭാശാലിയായിരുന്നു. കവിതയ്‌ക്കു പുറമേ ഹിന്ദുസ്ഥാനി ഗദ്യത്തിൽ റാണികേതകീ കീ കഹാനി എന്നൊരു കഥയും ദരിയ-ഏ-ലതാഫത്‌ എന്ന പേരിൽ ഒരു ഉർദുവ്യാകരണഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഇവ രണ്ടും ഉർദു സാഹിത്യത്തിലെ ക്ലാസ്സിക്‌ കൃതികളാണ്‌. ഉർദുവിൽ മർസിയാ (വിലാപകാവ്യം) എഴുതുന്നതിൽ പ്രസിദ്ധി നേടിയവരാണ്‌ ആനീസ്‌ (1803-74), ദബീർ (1803-75) എന്നിവർ. മാർസിയാ, മഹാകാവ്യത്തിന്റെയും നാടകത്തിന്റെയും അംശങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു സമ്പ്രദായമാണ്‌. ഉർദുവിലെ പ്രശസ്‌തരായ നാലു മഹാകവികളിൽ ഒരാളാണ്‌ ആനീസ്‌.

പുതിയ പ്രസ്ഥാനങ്ങള്‍. ഉർദുകവിത ആരംഭിച്ച നാള്‍മുതൽ തന്നെ ഗസൽ, മസ്‌നവി തുടങ്ങിയ രൂപങ്ങള്‍ കവികള്‍ക്ക്‌ വളരെ പഥ്യമായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ കുലീ കുതുബ്‌ ഷായാണ്‌ മറ്റു വിഷയങ്ങളെക്കുറിച്ചും കവിത രചിക്കാന്‍ ഒരുങ്ങിയത്‌. ആഗ്രയിലെ കവിയായ നസീർ അക്‌ബരാബാദി(1740-1830) ഈ രീതി പിന്തുടർന്നു. സമകാലികനിരൂപകന്മാർ നസീറിനെ വേണ്ടത്ര മാനിച്ചില്ല; കാരണം അദ്ദേഹം ജനസാമാന്യത്തിന്റെ ജീവിതം ചിത്രീകരിച്ചതാണ്‌; എന്നാൽ സാഹിത്യസിദ്ധാന്തങ്ങളുടെ വികാസത്തോടുകൂടി ഉർദുവിലെ ശ്രഷ്‌ഠരായ കവികളുടെ കൂട്ടത്തിൽ അദ്ദേഹത്തെയും പരിഗണിച്ചു തുടങ്ങി. ചിട്ടപ്പടിയൊത്ത പഴയ കാവ്യരചനാസമ്പ്രദായത്തിന്റെ സ്ഥാനത്ത്‌ പല പുതുമകളും ആവിഷ്‌കരിച്ചത്‌ അദ്ദേഹമാണ്‌. പ്രകൃതിയുടെ ഭിന്നഭാവങ്ങള്‍, ഭാരതീയ പുരാണകഥകള്‍, പ്രമം, വ്യത്യസ്‌ത ജീവിതസമ്പ്രദായങ്ങള്‍ തുടങ്ങിയവയൊക്കെ അദ്ദേഹം കവിതയ്‌ക്കു വിഷയമാക്കി. കുലീ കുതുബ്‌ ഷായ്‌ക്കും നസീറിനും സമാനസ്വഭാവങ്ങള്‍ പലതുമുണ്ട്‌. രണ്ടുപേരും അവരവരുടെ കാലത്തെ സാമൂഹികജീവിതം സ്വരചനകളിൽ അവതരിപ്പിച്ചു. ഹിന്ദുക്കളുടെയും മുസ്‌ലിങ്ങളുടെയും സാമുദായികവും മതപരവുമായ ചിട്ടകള്‍ക്കും ചട്ടങ്ങള്‍ക്കും അവർ തുല്യ പ്രാധാന്യം നൽകി.

അൽതാഫ്‌ ഹുസൈന്‍ ഹാലി

ഗദ്യശാഖ. ബ്രിട്ടീഷ്‌ ഭരണത്തിന്റെ ആവിർഭാവത്തോടുകൂടി 1801-ൽ കൽക്കത്തയ്‌ക്കടുത്ത്‌ ഫോർട്ട്‌ വില്യം കോളജ്‌ സ്ഥാപിതമായി. ഡോ. ജോണ്‍ ഗിൽക്രിസ്റ്റിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ വ്യത്യസ്‌തവിഭാഗങ്ങളിൽപ്പെട്ടവരും വിഭിന്നഭാഷകള്‍ സംസാരിക്കുന്നവരുമായ പണ്ഡിതന്മാർ അവിടെ സമ്മേളിച്ചു. അവർ ഹിന്ദുസ്ഥാനിഗദ്യത്തിൽ പുസ്‌തകങ്ങള്‍ എഴുതാന്‍ നിയുക്തരായി. അക്കൂട്ടത്തിൽ പ്രമുഖരാണ്‌ മീർ അമ്മന്‍, ലല്ലൂലാൽ, കാസിം അലീ ജവാന്‍, സയ്യദ്‌ ഹൈദർ ബഖ്‌ഷ്‌ ഹൈദരി തുടങ്ങിയവർ. അവർ രചിച്ച ഗദ്യകൃതികളിൽ പലതും പേർഷ്യന്‍ കൃതികളുടെയും സംസ്‌കൃതകൃതികളുടെയും വിവർത്തനങ്ങളായിരുന്നു. ഇക്കൂട്ടത്തിൽപ്പെടാത്ത ഇന്‍ഷാ രജബ്‌ അലീബേഗ്‌ സരൂർ, നിഹാൽചന്ദ്‌ ലാഹൗരി, ഗാലിബ്‌ തുടങ്ങിയവരും ഉർദുഗദ്യത്തെ സമ്പന്നമാക്കി. അലീഗഡ്‌ മുസ്‌ലിം സർവകലാശാലാ സ്ഥാപകനായ സർ സയ്യദ്‌ അഹമ്മദ്‌ഖാന്‍ (1817-98) ഒരു ബഹുമുഖപ്രതിഭാശാലിയായിരുന്നു. സാമൂഹികവും വിദ്യാഭ്യാസപരവുമായ പരിഷ്‌കരണസംരംഭങ്ങള്‍ക്ക്‌ പുറമേ ഉർദുഭാഷയെയും സാഹിത്യത്തെയും പ്രാത്സാഹിപ്പിക്കുന്നതിലും അദ്ദേഹം തത്‌പരനായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനതയിൽപ്പെട്ടാണ്‌ ഹാലി, ഷിബ്ലി, നസീർ അഹമ്മദ്‌ തുടങ്ങിയവർ ഗദ്യരചനയ്‌ക്ക്‌ ഒരുമ്പെട്ടത്‌. അവർ ഉർദുഗദ്യശൈലിയെ ആധുനികമാക്കി. സർ സയ്യദ്‌ സ്ഥാപിച്ച ശാസ്‌ത്രസമിതി ശാസ്‌ത്രവിഷയകരമായ ഗ്രന്ഥരചനയെ പ്രാത്സാഹിപ്പിച്ചു.

ശാസ്‌ത്രസാഹിത്യം. ഗാലിബിന്റെ കാലം (1797-1869) ഉർദുസാഹിത്യത്തിലെ സുവർണദശയാണ്‌. ഗദ്യത്തിലും പദ്യത്തിലും ഇക്കാലത്ത്‌ ഉർദു വളരെ സമ്പന്നമായി; അത്‌ എല്ലാ ജീവിതഘടകങ്ങളെയും ഉള്‍ക്കൊണ്ടു. ചരിത്രം, ഭാഷാശാസ്‌ത്രം, പ്രകൃതിശാസ്‌ത്രം, മതം, തത്ത്വചിന്ത, ഗണിതം, വൈദ്യം, ധനശാസ്‌ത്രം, വൈദ്യശാസ്‌ത്രം, ജീവചരിത്രം, നോവൽ, ഉപന്യാസം, സാഹിത്യനിരൂപണം എന്നിങ്ങനെ എല്ലാ വിഷയങ്ങളും ഇക്കാലത്ത്‌ ഉർദുവിൽ ആവിർഭവിച്ചു. ശാസ്‌ത്രവിഷയങ്ങളിൽ 1824-ൽ സ്ഥാപിച്ച ഡൽഹി കോളജിന്റെ സംഭാവന സുപ്രധാനമാണ്‌. ഇക്കാലത്ത്‌ ശാസ്‌ത്രീയവിഷയങ്ങള്‍ക്ക്‌ യോജിച്ച പദാവലി ഉർദുവിൽ രൂപപ്പെട്ടു. ആധുനികാവശ്യങ്ങള്‍ക്ക്‌ പര്യാപ്‌തമായ രീതിയിൽ ഭാഷാശാസ്‌ത്ര തത്ത്വങ്ങള്‍ക്കൊത്ത്‌ ഉർദുവിൽ പുതിയ പദങ്ങളുണ്ടായി; അതിനു പറ്റാത്തിടത്ത്‌ ശാസ്‌ത്രവിഷയങ്ങള്‍ക്കു യോജിച്ച ഇംഗ്ലീഷ്‌ പദങ്ങള്‍ തന്നെ സ്വീകരിച്ചു. ഇത്‌ ഒരു വമ്പിച്ച പുരോഗതിയായിരുന്നു.

ഡോ. മുഹമ്മദ്‌ ഇക്‌ബാൽ
പ്രേംചന്ദ്‌

ഇരുപതാം ശതകമായപ്പോള്‍ ഹൈദരാബാദിലെ ഉസ്‌മാനിയാ സർവകലാശാല വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി ഉർദുവിൽ പാഠ്യപുസ്‌തകങ്ങള്‍ നിർമിച്ചുതുടങ്ങി. ഉർദുവിൽ സാങ്കേതികപദാവലി നിർമിക്കുന്നതിന്‌ പ്രത്യേകം പദ്ധതികളുണ്ടാക്കി പ്രവർത്തനമാരംഭിച്ചു. ഉർദുവിലെ ശാസ്‌ത്രസാങ്കേതികപദാവലിയെ സംബന്ധിച്ച്‌ ഡൽഹി കോളജ്‌ അവതരിപ്പിച്ച നിർദേശങ്ങള്‍ ശാസ്‌ത്രവിഷയങ്ങളുടെ ആവിഷ്‌കരണത്തിന്‌ അടിസ്ഥാനമായി വർത്തിച്ചു.

ആധുനികകാലം. മിർസാ അസദുള്ളാ ഗാലിബ്‌ ഉർദുകവിതയിലെ ഒരു അതികായനാണ്‌. അദ്ദേഹവും റോമിന്‍(1800-51), ഹാലി (1837-1914), ഷേഫ്‌താ(1806-69), മുഹമ്മദ്‌ ഹുസേന്‍ ആസാദ്‌ (1833-1910), നസീർ അഹമ്മദ്‌ (1836-1912), ഷിബ്‌ലി (1857-1914) തുടങ്ങിയവരും ഏതാണ്ട്‌ സമകാലികരാണ്‌. അവർ ഈ ഭാഷയിൽ വളരെയധികം വിഷയങ്ങള്‍ കൈകാര്യം ചെയ്‌തു. പണ്ഡിത്‌ രത്തന്‍നാഥ്‌ ശർഷാർ (1835-1903) തന്റെ ക്ലാസ്സിക്‌ കൃതിയായ ഫസാന ഏ ആസാദ്‌ രചിച്ചു; അബ്‌ദുൽ ഹലിം ഷരർ (1860-1926; ശരാർ ലഖ്‌നവി എന്നു തൂലികാനാമം) അനേകം നോവലുകള്‍ എഴുതി. മുഹമ്മദ്‌ ഹുസേന്‍ ആസാദും ഹാലിയും ആധുനികകവിതയ്‌ക്ക്‌ ആരംഭമിട്ടു. 1876-ൽ കേണൽ ഹോള്‍റിയ്‌ഡിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ്‌ കാവ്യപ്രസ്ഥാനങ്ങള്‍ അവർ അനുകരിച്ചുതുടങ്ങി. ഉർദുകവിതയിലെ പരിവർത്തനത്തിന്റെ തുടക്കമായിരുന്നു അത്‌. 1857 മുതൽ ഉർദുസാഹിത്യത്തിലെ ആധുനികഘട്ടം ആരംഭിക്കുന്നു. അതിന്‌ അടിത്തറ പാകിയത്‌ ഷിബ്‌ലിയും ഹാലിയുമാണ്‌. അവർതന്നെയാണ്‌ ജീവചരിത്രരചനാപ്രസ്ഥാനത്തിന്റെയും തുടക്കം കുറിച്ചത്‌.


ഇക്‌ബാൽ. ഡോ. മുഹമ്മദ്‌ ഇക്‌ബാൽ (1877-1938) ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭഘട്ടത്തിൽത്തന്നെ ഉർദുവിലെ പ്രമുഖസാഹിത്യകാരനായി അംഗീകരിക്കപ്പെട്ടു. അദ്ദേഹം ഇംഗ്ലണ്ടിൽപ്പോയി ആംഗലവിദ്യാഭ്യാസം നേടിയ വ്യക്തിയാണ്‌. പാശ്ചാത്യസാഹിത്യത്തിലും ദർശനത്തിലും ഗാഢസമ്പർക്കമുണ്ടായിരുന്നതുമൂലം ഉർദുസാഹിത്യത്തിൽ പൊതുവേയും കവിതയിൽ പ്രത്യേകിച്ചും പുതിയൊരു വഴിത്തിരിവു സൃഷ്‌ടിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ പ്രതിധ്വനികള്‍ അദ്ദേഹത്തിന്റെ കൃതികളിൽ മുഴങ്ങിക്കേള്‍ക്കാം. ഗുരുനാനാക്‌, സ്വാമി രാമതീർഥന്‍, ഷെയ്‌ക്‌സ്‌പിയർ, ഗാലിബ്‌ തുടങ്ങി ദേശീയരും വിദേശീയരുമായ ഒട്ടനേകം മഹാപുരുഷന്മാരെയും മതാചാര്യന്മാരെയും സാമൂഹികചിന്തകന്മാരെയും കുറിച്ച്‌ അദ്ദേഹം ഉത്‌കൃഷ്‌ണകവനങ്ങള്‍ രചിച്ചു. എല്ലാവർക്കും തുല്യമായ സ്‌നേഹാദരങ്ങളാണ്‌ ഇക്‌ബാൽ നൽകിയത്‌. റാവീനദിയുടെ ഗാംഭീര്യവും പരഭാഗഭംഗിയും ഹിമാലയത്തിന്റെ ഔന്നത്യവും കലാസൗകുമാര്യത്തോടെ ഇക്‌ബാലിന്റെ കവിതയിൽ പ്രത്യക്ഷപ്പെട്ടു. ഇക്‌ബാലിനെ മഹാനായ ഉർദുകവി എന്നല്ല റൂമിയുടെയും ദാന്തെയുടെയും ഗൊയ്‌ഥെയുടെയും ശ്രണിയിൽപ്പെട്ട ഒരു വിശ്വകവി എന്നു പറയുകയായിരിക്കും ശരി. അദ്ദേഹത്തിന്റെ തത്ത്വചിന്ത മനുഷ്യന്റെ സർഗശക്തിക്ക്‌ പ്രാധാന്യം നൽകുന്നു. ഇന്ത്യന്‍ സ്വാതന്ത്യ്രപ്രസ്ഥാനത്തിന്റെയെന്നപോലെ മനുഷ്യരാശിയുടെ ആശയാഭിലാഷങ്ങളുടെയും കവിയാണ്‌ ഇദ്ദേഹം. പ്രധാന ലോകഭാഷകളിലേക്കെല്ലാം ഇദ്ദേഹത്തിന്റെ കൃതികള്‍ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

നോവൽ. ഉർദുവിൽ നോവലെഴുത്താരംഭിച്ചത്‌ നസീർ അഹമ്മദാണ്‌. സർഷാറും ഷരറും അദ്ദേഹത്തെ പിന്തുടർന്നു; എന്നാൽ എല്ലാവരിലുംവച്ച്‌ പ്രധാനി മിർസാ രുസ്വ(1858-1931) ആണ്‌. അവധിയിലെ ഒരു വേശ്യയുടെ ജീവിതകഥ കലാത്മകമായി ചിത്രീകരിക്കുന്ന കൃതിയാണ്‌ ഉമ്‌രാ ഓ ജാന്‍. രുസ്വായ്‌ക്കുശേഷം പ്രംചന്ദിന്റെ കാലമാകുമ്പോള്‍ ഉർദുനോവൽ അതിന്റെ അത്യുച്ചാവസ്ഥയിൽ എത്തുന്നു. പ്രംചന്ദ്‌ ചെറുകഥാകൃത്തും കൂടിയായിരുന്നു. ഉർദുസാഹിത്യത്തിൽ പ്രംചന്ദിന്റെ നാമധേയം ചിരസ്‌മരണീയമാണ്‌. പ്രംചന്ദ്‌ രംഗപ്രവേശം ചെയ്‌തത്‌ ഉർദുസാഹിത്യകാരനായിട്ടാണെങ്കിലും പിന്നീട്‌ അദ്ദേഹം ഹിന്ദിയിലും എഴുതാനാരംഭിച്ചു. ഏതാണ്ട്‌ ഇരുപത്‌ കൊല്ലത്തെ വിടവിനുശേഷം ഉർദുകഥാസാഹിത്യത്തിനു പുനരുജ്ജീവനം നൽകിയത്‌ പ്രംചന്ദാണ്‌. ഉർദുസാഹിത്യത്തിൽ ചെറുകഥയ്‌ക്ക്‌ സ്ഥിരപ്രതിഷ്‌ഠ നേടിക്കൊടുത്തതും അദ്ദേഹംതന്നെ. പ്രംചന്ദ്‌ ഗാന്ധിവാദിയാണ്‌; എങ്കിലും റഷ്യന്‍ വിപ്ലവം അദ്ദേഹത്തെ പ്രചോദിപ്പിച്ചിരുന്നു. കർഷകന്റെ ജീവിതം തികഞ്ഞ സഹാനുഭൂതിയോടെ അദ്ദേഹം ചിത്രീകരിച്ചു. അദ്ദേഹത്തിന്റെ നോവലുകളിൽ ബാസാർ-ഏ-ഹുസ്‌ന്‌, ചൗഗാന്‍-ഏ-ഹസ്‌തി, ഗോഷാ-ഏ-അഫീയത്‌, ഗോദാന്‍ തുടങ്ങിയവ കലാസൗകുമാര്യംകൊണ്ടും സാമൂഹ്യ പരിഷ്‌കരണവാഞ്‌ഛകൊണ്ടും ശ്രദ്ധേയങ്ങളാണ്‌.

പുരോഗമനസാഹിത്യം. 1936-ൽ ആരംഭിച്ച പുരോഗമനസാഹിത്യപ്രസ്ഥാനം ഉർദുകവിതയ്‌ക്കും ഗദ്യത്തിനും പുതിയൊരുണർവുണ്ടാക്കി. ആ പ്രസ്ഥാനത്തിന്‌ പ്രംചന്ദ്‌, ഡോ. മൗലവി അബ്‌ദുൽ ഹക്ക്‌, ജോഷ്‌ മലീഹാബാദി, പണ്ഡിത്‌ ജവാഹർലാൽ നെഹ്‌റു തുടങ്ങിയവരുടെ അനുഗ്രഹവുമുണ്ടായിരുന്നു. ആധുനിക ഉർദു നോവലുകളിലൂടെ പുതിയ ആശയങ്ങളും പുതിയ ജീവിത സമീപനങ്ങളും അവതരിപ്പിക്കുവാന്‍ പുരോഗമനപ്രസ്ഥാനം വഴിതെളിച്ചു. പ്രംചന്ദ്‌ തന്നെയാണ്‌ അതിലെ ഉജ്ജ്വല നക്ഷത്രം. കഥാകൃത്തുക്കളുടെ കൂട്ടത്തിൽ പ്രമുഖരാണ്‌ അഹമ്മദാലി, റഷീദ്‌ ജഹാന്‍, സാദത്‌ ഹസ്സന്‍ മന്‍ടോ, കിഷന്‍ ചന്ദർ, കെ.എ. അബ്ബാസ്‌, ഇസ്‌മത്‌ ചുഗ്‌തായീ, രാജേന്ദർ സിങ്‌ബേദി, ഖുറത്തുലൈന്‍ഹൈദർ, റഷീദ്‌ സജ്ജാജ്‌ സാഹീർ, മുമ്‌താജ്‌ മുഫ്‌തി, ഷഫീക്‌-ഉർ-റഹ്മാന്‍, ഇബ്രാഹിം ജലീസ്‌, കഹ്നൈലാൽ കപൂർ, രാമാനന്ദസാഗർ, ഗുലാം അബ്ബാസ്‌, ബൽവന്ത്‌സിങ്‌, അഹമ്മദ്‌ നദീം കാസ്‌മി, ഹാജറാ മസ്‌രൂർ, പ്രകാശ്‌പണ്ഡിത്‌, സൽമാ സിദ്ദിക്കി തുടങ്ങിയവർ. പുതിയൊരു ശൈലിയും സ്വന്തമായൊരു വീക്ഷണബോധവുമുള്ള കാഥിക എന്ന നിലയിൽ സൽമാ സിദ്ദിക്കിക്ക്‌ വലിയൊരു സ്ഥാനമാണ്‌ ഉർദു കഥാരംഗത്തുള്ളത്‌. കവിതാരംഗവും സജീവമാണ്‌. അലീ സർദാർ ജാഫ്‌റി, മഖ്‌ദൂം, ഫൈസ്‌ അഹമ്മദ്‌ ഫൈസ്‌, ജസ്‌ബി, ജാന്‍നി സാർ അഖ്‌തർ, മജ്‌നദ, സഹീർ, കൈഫി തുടങ്ങിയവരാണ്‌ ഈ രംഗത്തെ പ്രമുഖർ.

ജനപ്രീതി നേടിയ ഗസൽ എന്ന കാവ്യശാഖ ഇന്നും സജീവമായിത്തന്നെ നിലനിൽക്കുന്നു. പുരോഗമന സാഹിത്യകാരന്മാർക്കു പുറമേ ഹസ്‌റത്‌, ഫാനി, അസ്‌ഗർ, ജിഗർ, ഫിറാക്‌ ഗോരഖ്‌പുരി, മജ്‌നു ഗോരഖ്‌പുരി തുടങ്ങിയവർ ഭാവഗാനങ്ങള്‍ രചിക്കുന്നതിൽ സവിശേഷ വൈദഗ്‌ധ്യം പ്രദർശിപ്പിച്ചിട്ടുണ്ട്‌. അവരുടെ കൃതികള്‍ക്ക്‌ സാംസ്‌കാരികവും പ്രതീകാത്മകവുമായ പ്രാധാന്യമുണ്ട്‌. ആധുനിക ഉർദു സാഹിത്യത്തിലെ ഏറ്റവും മികച്ച പേര്‌ സജ്ജാദ്‌ സാഹീറിന്റേതാണ്‌; ഇന്ത്യയിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ സ്ഥാപകനാണ്‌ ഇദ്ദേഹം. ഒരു ചെറിയ നോവൽ, ഒരു നാടകം, കുറേ ചെറുകഥകള്‍, ഒട്ടേറെ നിരൂപണങ്ങള്‍, ഏതാനും ഗദ്യകാവ്യങ്ങള്‍ ഇത്രയുമേ ഇദ്ദേഹം എഴുതിയിട്ടുള്ളൂ; എങ്കിലും ഭാവഗാംഭീര്യത്തിൽ ഇവ മുന്‍പന്തിയിൽ നിൽക്കുന്നു. അദ്ദേഹം തുടങ്ങിവച്ച ദേശീയപ്രസ്ഥാനം ഇന്ത്യയിലെ എല്ലാ ഭാഷകളിലുമുള്ള എഴുത്തുകാരെ പ്രചോദിപ്പിക്കുകയുണ്ടായി. ആ പ്രസ്ഥാനത്തെ അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ രവീന്ദ്രനാഥ ടാഗൂർ, സുബ്രഹ്മണ്യഭാരതി, വള്ളത്തോള്‍ നാരായണമേനോന്‍ തുടങ്ങിയ മഹാപ്രതിഭാശാലികളും ഉള്‍പ്പെടുന്നു.

ഉർദുവിലെ പല എഴുത്തുകാരെയും മാർക്‌സിസം ശക്തിയായി സ്വാധീനിച്ചിട്ടുണ്ട്‌. ഇത്‌ ഒരു പുതിയ ധാരയായി വളർന്നിരിക്കുന്നു. ഹാലിയും ഷിബ്‌ലിയും തുടങ്ങിവച്ച സാഹിത്യനിരൂപണം പാശ്ചാത്യനിരൂപണ സാഹിത്യത്തിൽനിന്ന്‌ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട്‌ വളർച്ച പ്രാപിച്ചത്‌ 1936-നുശേഷമാണ്‌. നിരൂപണസാഹിത്യരംഗത്തെ പ്രശസ്‌ത വ്യക്തികളാണ്‌ മുഹമ്മദ്‌ ഹുസൈന്‍ ആസാദ്‌, മൗലവി നസീർ അഹമ്മദ്‌, മൗലാനാ അത്‌ ലഫ്‌ ഷിബ്‌ലി, നുവാമനി, പ്രാഫ. എഹ്‌ത്തേഷാം ഹുസേന്‍, പ്രാഫ. ആലേ അഹമ്മദ്‌ സുരൂർ, ഡോ. മുഹമ്മദ്‌ ഹസന്‍, ഡോ. കമർ റയിസ്‌ തുടങ്ങിയവർ. ഇന്നത്തെ ഉർദുസാഹിത്യം സമ്പന്നമാണ്‌; വൈവിധ്യപൂർണവുമാണ്‌. വിശ്വസാഹിത്യത്തിലെ പ്രവണതകള്‍ അതിൽ പ്രതിഫലിക്കുന്നു. 21-ാം ശതകത്തിലെ എഴുത്തുകാരിൽ പ്രധാനികളാണ്‌ വഹീദ്‌ അഖ്‌തർ, അമീക്‌ ഹൽഫി, ഷാസ്‌തം കിന്നത്‌, റഷീദ്‌ അസർ തുടങ്ങിയ കവികളും കാസി അബ്‌ദുസ്സത്താർ, അന്‍വർ അസീം ജിലാനി ബാനു, വജീദാ തബസ്സും തുടങ്ങിയ കഥാകൃത്തുക്കളും. ഇതരഭാരതീയ ഭാഷാസാഹിത്യങ്ങളിലെപ്പോലെ ഉർദുവിലും ആധുനിക പശ്ചാത്തല സാഹിത്യങ്ങളിലെ മിക്ക പ്രസ്ഥാനങ്ങളും നാമ്പെടുത്തു കഴിഞ്ഞിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ വികസിതഭാഷാസാഹിത്യങ്ങളിൽ ഒന്നായി ഉർദുവും അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌.

(അലീ സർദാർ ജാഫ്‌റി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍